VATICAN-POPE-CHOIRS-AUDIENCE-malayalam-church-musicians-gathering VATICAN-POPE-CHOIRS-AUDIENCE-malayalam-church-musicians-gathering 

ആരാധനക്രമഗീതങ്ങള്‍ സഭയുടെ അസ്തിത്വത്തിന്‍റെ സവിശേഷഭംഗി

നവംബര്‍ 22-മുതല്‍ 25-വരെ വത്തിക്കാനില്‍ സംഗമിച്ച ദേവാലയ ഗാനശുശ്രൂഷകരുടെ ആഗോളസംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു. 7000-ല്‍ അധികം ഗായര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നായി പങ്കെടുത്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഗാനശുശ്രൂഷകരുടെ  മൂന്നാമത്  രാജ്യാന്തര സംഗമം
ദേവാലയ സംഗീതജ്ഞരുടെ മൂന്നാമത് രാജ്യാന്തര സംഗമത്തെ നവംബര്‍ 24-Ɔο തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തുകൊണ്ടാണ് വളരെ പ്രായോഗികവും ശ്രദ്ധേയവുമായ ചിന്തകള്‍ പങ്കുവച്ചത്.

സഭയുടെ അസ്തിത്വത്തിന്‍റെ സവിശേഷഭംഗി – ആരാധനക്രമഗീതങ്ങള്‍
സഭയുടെ അസ്തിത്വത്തിന്‍റെ സവിശേഷഭംഗിയാണ് ആരാധനക്രമ സംഗീതം. വ്യക്തികളുടെയും സമൂഹത്തിന്‍റെയും സംസ്കാരത്തെ വളര്‍ത്തുന്ന ഘടകമാണ് സംഗീതം. എന്നാല്‍ അത് ദൈവസ്തുതിയായി നാം ഉപയോഗിക്കുമ്പോള്‍ സഭയുടെ  അസ്തിത്വത്തിന്‍റെ  മനോഹരവും അര്‍ത്ഥസമ്പുഷ്ടവുമായ ഭാഗമായി ആരാധനക്രമ സംഗീതം പരിണമിക്കുന്നു. സന്തോഷത്തിന്‍റെയും ചിലപ്പോള്‍ ദുഃഖത്തിന്‍റെയും  വികാരങ്ങള്‍ ഉണര്‍ത്തുന്ന ആരാധനക്രമഗീതികള്‍ ക്രൈസ്തവ ജീവിതത്തിന്‍റെ വിശ്വാസപ്രയാണത്തില്‍ ഓര്‍മ്മകള്‍ വിരിയിക്കുന്ന ഘടകംതന്നെയാണ്.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിക്കുന്ന ഗായകസംഘങ്ങളുടെ (7000-ല്‍ കവിയുന്ന) കൂട്ടായ സാന്നിദ്ധ്യം സഭയുടെ സാര്‍വ്വലൗകികത വെളിപ്പെടുത്തി. ഗായകസംഘങ്ങള്‍ ദൈവജനത്തെ ഒരുമിച്ചു പാടാനും പ്രാര്‍ത്ഥിക്കാനും സഹായിക്കുമ്പോള്‍ നാം ക്രിസ്തുവില്‍ ഒന്നാവുകയും, ഏകദൈവത്തിലുള്ള ഒരേ വിശ്വാസം പ്രഘോഷിക്കുകയുമാണ് ചെയ്യുന്നത്. നാം പ്രഖ്യാപിക്കുന്ന വിശ്വാസവും, നാം കാത്തിരിക്കുന്ന ആത്മീയജീവന്‍റെ പ്രത്യാശയും ചിറകുവിരിക്കുന്നത് ആരാധനക്രമ സംഗീതത്തിലാണ്, അത് ഏതു ഭാഷയിലോ സംസ്ക്കാരത്തിലോ, ലോകത്ത് എവിടെയുമാകട്ടെ!

സഭാജീവിതത്തിന്‍റെ അമൂല്യമായ പൈതൃകം
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നവീകരിച്ച ആരാധനക്രമ സംഗീതം സഭാ ജീവിതത്തിന്‍റെ അമൂല്യമായ പൈതൃകമാണ് (SC 112). ഇന്ന് തദ്ദേശവത്ക്കരണത്തിലൂടെ  അതായത് സംസ്കാരങ്ങളില്‍ രൂഢമൂലമായ ആരാധനക്രമവും അതിന്‍റെ ഗീതികളും ജനപങ്കാളിത്തമുള്ള  യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയായി വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശരിയായ ആരാധനക്രമഗീതങ്ങളും, ദൈവജനത്തെ ഉത്തേജിപ്പിക്കുന്നതും ഐക്യപ്പെടുത്തുന്നതുമായ അവയുടെ ക്രിയാത്മകമായ ഉപയോഗവും, ക്രൈസ്തവസമൂഹത്തിന് എതിരായ ഏത് തിന്മയെയും ചെറുത്തുനില്ക്കാന്‍ കരുത്തുതരുന്ന “രോഗപ്രതിരോധ ശക്തി”യാണെന്ന് (Immune System) സംഗീതജ്ഞനായ ഒരു ഇറ്റാലിയന്‍ മെത്രാന്‍ പറഞ്ഞത് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു.

ജനങ്ങളെ ഒഴിവാക്കുന്ന ഗാനശുശ്രൂഷകര്‍

ആരാധനക്രമ ശുശ്രൂഷയില്‍ വിശ്വാസത്തോടെയും സജീവമായും പങ്കെടുക്കുന്ന സാധാരണക്കാരും ബഹുഭൂരിപക്ഷം വരുന്നവരുമായ വിശ്വാസ സമൂഹത്തെ തരംതാഴ്ത്തുകയും, അവരുടെ വിശ്വാസപ്രഘോഷണത്തെ മറികടക്കുകയും ചെയ്യുന്ന വിധത്തില്‍ ദേവാലയശുശ്രൂഷയിലെ മുഖ്യകഥാപാത്രങ്ങളാകാന്‍ ദേവാലയ ഗാനശുശ്രൂഷകര്‍ ഒരിക്കലും പരിശ്രമിക്കരുത്.

ജനങ്ങളെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട്, നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന വേറിട്ട സംഗീതസംഘങ്ങളായി ദേവാലയഗാന ശുശ്രൂഷകര്‍ മാറുന്ന അപകടം ലോകമെമ്പാടും ഇന്നു സഭയില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് ഖേദകരമായ കാര്യമാണ്. കാലക്രമത്തില്‍ കടന്നുകൂടിയ ഈ അപഭ്രംശം മാറ്റിയെടുക്കാനും തിരുത്താനും ഗായകസംഘങ്ങള്‍തന്നെയും, ഉത്തരവാദിത്ത്വപ്പെട്ട സഭാദ്ധ്യക്ഷന്മാരും ശ്രദ്ധിക്കേണ്ടതാണ്.

പ്രകടനമല്ല പ്രാര്‍ത്ഥനയാവണം
ആരാധനക്രമ ഗീതങ്ങളുടെയും ഇടവകസമൂഹത്തിന്‍റെയും ഔദ്യോഗിക പ്രാര്‍ത്ഥനാശുശ്രൂഷയുടെ പ്രായോജകരും പ്രയോക്താക്കളുമായ ഗായകസംഘങ്ങളും അതിലെ ഗായകരും അതിന് ജീവന്‍ പകരുന്നവരാകണം. പകരം, ഞാന്‍ ദേവാലയത്തില്‍ മുഖ്യഗായകനും ഗായികയുമായി ചമഞ്ഞ്, ഏകാലാപനം നടത്തുകയും, സാധാരണ ജനങ്ങളുടെ പ്രാര്‍ത്ഥനാചൈതന്യവും പ്രാര്‍ത്ഥിക്കാനുള്ള അഭിവാഞ്ഛയും കെടുത്തിക്കളയുന്ന അവസ്ഥ, യാഥാര്‍ത്ഥത്തില്‍ ആരാധനക്രമഗീതങ്ങളുടെ അരൂപിക്കു വിരുദ്ധവും സഭയിലെ നവീകരണപദ്ധതി പ്രതീക്ഷിക്കാത്ത വികലമായ രീതികളുമാണ്. ഗാനശുശ്രൂഷകര്‍ ജനങ്ങളോടു ചേര്‍ന്നു പാടിയും, അവര്‍ക്കു ചേര്‍ന്നു പാടാവുന്ന സ്വരസ്ഥാനങ്ങളിലും ശൈലിയിലുമുള്ള അംഗീകൃതഗാനങ്ങള്‍ മാത്രം ആരാധനയ്ക്ക് തിരഞ്ഞെടുത്ത്, പ്രാര്‍ത്ഥിക്കുന്ന ദൈവജനം, സഭാസമൂഹം എന്നിങ്ങനെയുള്ള ദൈവാരാധനയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ പ്രാപിക്കാന്‍ പരിശ്രമിക്കേണ്ടതാണ്.

നല്ല പാരമ്പര്യങ്ങള്‍ തകര്‍ക്കരുത്!
ദേവാലയഗീതങ്ങളുടെയും ആരാധനക്രമ ശുശ്രൂഷയുടെ ആഴവും  അര്‍ത്ഥവും മനസ്സിലാക്കിയിട്ടുള്ള ഗാനശുശ്രൂഷകര്‍ ദൈവജനത്തിന്‍റെ ആദ്ധ്യാത്മിക അരൂപിയും, സഭാചരിത്രത്തില്‍ വിശ്വാസസമൂഹത്തിന്‍റെ മനോഹര ഘടകമായ ആരാധനക്രമഗീതങ്ങളുടെ അന്തസ്സും പരിപോഷിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്.  ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ഗാനാലാപനങ്ങളും, സമൂഹമായി ആഘോഷിക്കുന്ന ഇടവക തിരുനാളുകളും, പ്രദക്ഷിണങ്ങളും, ആത്മീയഗീതങ്ങളും ജനകീയ നൃത്തങ്ങളും എന്നും സഭ മാനിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട ആത്മീയ പൈതൃകങ്ങളാണ്. സഭയുടെ ഹൃദയത്തിലെ‍ ദൈവാരൂപിയുടെ സാന്നിധ്യവും അതിന്‍റെ അടയാളവുമാകണം ആരാധനക്രമത്തിന്‍റെയും ആരാധനക്രമഗീതങ്ങളുടെയും സജീവമായ ജനപങ്കാളിത്തമുള്ള ആഘോഷങ്ങള്‍. ദേവാലയഗീതങ്ങളുടെ അല്ലെങ്കില്‍ ആരാധനക്രമഗീതങ്ങളുടെ ആത്മാവ് ദൈവരൂപിയായിരിക്കണം, മറിച്ച് വ്യക്തികളുടെ പ്രകടനമോ പ്രകടനപരതയോ ആകരുത്.

കൂട്ടായ്മയ്ക്കുള്ള ഉപകരണവും ഉപാധിയും
ഇന്നത്തെ ലോകത്ത് ആരാധനക്രമസംഗീതം സുവിശേഷപ്രഘോഷണം യാഥാര്‍ത്ഥ്യമാക്കുന്ന ഐക്യത്തിന്‍റെ ഉപകരണവും ഉപാധിയുമായി കാണണം. ഇന്നും ഏവര്‍ക്കും  ആകര്‍ഷകമാകുകയും, ആരുടെയും മനംകവരാന്‍ സൗന്ദര്യവും ചൈതന്യവുമുള്ള ആരാധനക്രമഗീതങ്ങള്‍ ദൈവപിതാവിന്‍റെ സ്നേഹത്തില്‍ ഒന്നാകാനും, ഒത്തുചേരാനും വിശ്വാസികളെ സഹായിക്കേണ്ടതാണ്. ഉത്തരവാദിത്വപൂര്‍ണ്ണമായ ഈ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന സകലരെയും ദേവാലയ സംഗീതജ്ഞരുടെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലി തുണയ്ക്കട്ടെ, പ്രചോദിപ്പിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ദേവാലയ ഗാനശുശ്രൂഷയില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കണമെന്നും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.       

22-Ɔο തിയതി വ്യാഴാഴ്ച ആരംഭിച്ച 7000-ല്‍ അധികംപേര്‍ പങ്കെടുക്കുന്ന ദേവാലയ ഗാനശുശ്രൂഷകരുടെ രാജ്യാന്തര സംഗമം ഞായറാഴ്ച നവംബര്‍ 25-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സമാപനം കുറിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2018, 17:44