Students of Journalism from Catholic Media College of Germany Students of Journalism from Catholic Media College of Germany 

മാധ്യമങ്ങള്‍ കൈക്കൊള്ളേണ്ട വാസ്തവികതയുടെ ശൈലികള്‍

നവംബര്‍ 9-Ɔο തിയതി വെള്ളിയാഴ്ച ജര്‍മ്മനിയിലെ കത്തോലിക്കാ മാധ്യമ കോളെജില്‍നിന്നും (Catholic Media College of Germany) എത്തിയ വിദ്യാര്‍ത്ഥികളുമായി പാപ്പാ ഫ്രാന്‍സിസ് നടത്തിയ കൂടിക്കാഴ്ചയിലെ ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പത്രപ്രവര്‍ത്തനം, സിനിമ, ടി.വി., ശബ്ദലേഖനം എന്നീ വിഭാഗങ്ങളിലുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി 340 പേര്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തിയിരുന്നു. വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളിലാണ് യുവമാധ്യമ പ്രവര്‍ത്തകരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

മാധ്യമപ്രവര്‍ത്തനം വെറും തൊഴിലല്ല
തൊഴില്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തനം, അത് അനുദിനം പൂര്‍ത്തീകരിക്കേണ്ട ദൗത്യവും ഉത്തരവാദിത്തവുമാണ്. അതില്‍ സത്യവും ധര്‍മ്മവുമുണ്ട്. പൊതുവായ അഭിപ്രായങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും കുത്തൊഴുക്കില്‍ പെട്ടുപോകാന്‍ സാദ്ധ്യതയുള്ളൊരു മേഖലയാണിത്. ആരെയും തളര്‍ത്തുകയും അന്ധമാക്കുകയും ചെയ്യുന്ന മാധ്യമാധിപത്യത്തിന്‍റെ ദോഷൈക വീക്ഷണവും ആശയവിനിമയത്തിന്‍റെ നവമായ രീതികളില്‍ കടന്നുകൂടാം. മാധ്യമപ്രവര്‍ത്തകര്‍ എന്നാല്‍ കൈക്കൊള്ളേണ്ടത് വാസ്തവികതയുടെ സത്യസന്ധമായ പ്രവര്‍ത്തനശൈലിയാണ്.

മാധ്യമലോകത്തെ ക്രൈസ്തവവീക്ഷണം
ക്രൈസ്തവര്‍ സ്വഭാവത്തില്‍ത്തന്നെ ജീവിതത്തില്‍ തിന്മ അനുവദിക്കുന്നവരല്ല, ഉത്തരവാദിത്ത്വങ്ങളെ അലസമായി കൈവിട്ടുകളയേണ്ടവരുമല്ല (Gaudete et exsultate, 137). അവര്‍ ദോഷൈകദൃക്കുകളാകാനും പാടില്ല. നമ്മെ സ്വതന്ത്രരാക്കിയ ക്രിസ്തുവിന്‍റെ പ്രബോധന പാതയില്‍ സത്യത്തിന്‍റെ വഴിയില്‍ ഉറച്ചുനിന്നുകൊണ്ട് പ്രത്യാശയുടെ പാതിയില്‍ ചരിക്കേണ്ടവരാണ് ക്രൈസ്തവര്‍. ദൈവാരൂപിയുടെ പ്രചോദനങ്ങളോടു തുറവുള്ളവരായും, ദൈവോന്മുഖരായും പ്രവര്‍ത്തിക്കാനും ജീവിക്കാനും ക്രൈസ്തവരായ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കും. ഇന്ന് ലോകത്തു കാണുന്ന വിഷാദഭാവത്തിന്‍റെയും തിന്മയുടെ മുഖത്തെയും മറികടക്കാന്‍ ദൈവപിതാവിന്‍റെ മക്കളാണു തങ്ങളെന്ന ബോധ്യത്തില്‍ കണ്ണും ചെവിയും ഹൃദയവും തുറന്ന് സഹോദരന്‍റെ കാവല്‍ക്കാരും നന്മയുടെ പ്രയോക്താക്കളുമായി ജീവിക്കാനും കര്‍മ്മോന്മുഖരാകാനും കടപ്പെട്ടവരാണ് ആധുനിക സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍.  

തിളക്കത്തിന്‍റെ പിന്നാമ്പുറം
അനീതിക്കാരെ നോക്കി, അനീതിയെ അനീതിയെന്നു വിളിക്കാനും, അതിനെതിരെ പോടാനും കരുത്തുറ്റവരാകണം മാധ്യമപ്രവര്‍ത്തകര്‍. മാധ്യമങ്ങളുടെ ആദ്യപുറത്തു (front page) വരാത്ത പല നല്ല കാര്യങ്ങള്‍ക്കും, മനോഹരമായ വസ്തുതകള്‍ക്കുംവേണ്ടി നിലകൊള്ളേണ്ടവരാണു മാധ്യമപ്രവര്‍ത്തകര്‍. കാരണം നവസാങ്കേതികതയുടെ വര്‍ണ്ണാഭയാര്‍ന്ന ആശയവിനിമയത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കേണ്ടത് വ്യക്തിയും, മനുഷ്യരും സമൂഹവുമാണെന്ന് മറന്നുപോകരുത്. സാമൂഹിക നന്മയാണ് മാധ്യമപ്രവര്‍ത്തിനത്തിന്‍റെ അടിസ്ഥാന ലക്ഷ്യം. അതുപോലെ ക്രൈസ്തവ  രീതികള്‍കൊണ്ട് നിങ്ങള്‍ സഭയെ അനുധാവനം ചെയ്യുന്നുണ്ട്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയും അവരുടെ നന്മയ്ക്കുവേണ്ടിയും നിലകൊള്ളുന്ന മാധ്യമലോകം വളര്‍ത്തിയെടുക്കാന്‍ യുവമാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കട്ടെ!

പ്രാര്‍ത്ഥനയുടെ പല്ലവിയുമായി പാപ്പാ...!
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ, എന്ന് ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകരോട് വളരെ താഴ്മയോടെ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2018, 10:05