തിരയുക

Vatican News
File photo of the synod hall File photo of the synod hall  (ANSA)

മെത്രാന്മാരുടെ അഭൂതപൂര്‍വ്വമായ സംഗമം വത്തിക്കാനില്‍

ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷന്മാരുടെ മുന്‍പൊരിക്കലും ഇല്ലാത്ത സംഗമം പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്നു. വത്തിക്കാനില്‍ 2019 ഫെബ്രുവരി 21-മുതല്‍ 24-വരെ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പീഡനക്കേസുകള്‍ പാപ്പാ ഫ്രാന്‍സിസ് നേരിട്ട് അന്വേഷിക്കും
സഭയില്‍ പൊന്തിവന്നിട്ടുള്ള ലൈംഗിക പീഡനക്കേസുകളെക്കുറിച്ച് ദേശീയ സഭാദ്ധ്യക്ഷന്മാരുമായി പാപ്പാ നേരിട്ടു സംവദിച്ച് പ്രതിവിധികള്‍ കണ്ടെത്തും. സഭാശുശ്രൂഷകരുടെ ലൈംഗിക പീഡനങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കണമെന്നതും, സഭയില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നതും പാപ്പാ ഫ്രാന്‍സിസ് ഇന്ന് ഏറെ മുന്‍തൂക്കം നല്കുന്ന വസ്തുതയാണ്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് നവംബര്‍ 23, വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

ദേശീയ സഭാദ്ധ്യക്ഷന്മാരുടെ മുന്‍പൊരിക്കലുമില്ലാത്ത സംഗമം
2019 ഫെബ്രുവരി 21-മുതല്‍ 24-വരെ വത്തിക്കാനില്‍ ചേരുന്ന ആഗോളതലത്തിലുള്ള  സഭാദ്ധ്യക്ഷന്മാരുടെ  സംഗമം പാപ്പാ ഫ്രാന്‍സിസുമായുള്ള നേര്‍ക്കാഴ്ചയാണ്. പാപ്പാ സംഗമത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ്ണമായും പങ്കെടുക്കും. ലൈംഗിക  പീഡനങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളില്‍ ഉണ്ടാകുന്ന തിക്തഫലങ്ങളെക്കുറിച്ച് സഭാദ്ധ്യക്ഷന്മാരെയും തുടര്‍ന്ന് സഭയില്‍ ആകമാനവും അവബോധം ഉണര്‍ത്താനുള്ള സംവിധാനമാണ് ഇദംപ്രഥമമായ ഈ സംഗമത്തിന്‍റെ ലക്ഷ്യമെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

കേസുകള്‍  മെത്രാന്മാരുടെ ഉത്തരവാദിത്വം
മെത്രാന്മാരുമായുള്ള ഈ കൂടിക്കാഴ്ചയുടെ പിന്നില്‍ അവര്‍ക്ക് ഇക്കാര്യത്തിലുള്ള വലിയ ഉത്തരവാദിത്വവും, ഒപ്പം അവര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പാപ്പാ ഫ്രാന്‍സിസ് നേരിട്ടു പറയുവാനാണ് പ്രഥമദഃ ഈ നേര്‍ക്കാഴ്ചയില്‍ ആഗ്രഹിക്കുന്നത്. കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളെക്കുറിച്ചു പഠിച്ച വിദഗ്ദ്ധരും അല്‍മായരുമായ സ്ത്രീ-പുരുഷന്മാരും മെത്രാന്മാര്‍ക്കൊപ്പം സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.

23 November 2018, 16:49