തിരയുക

Meeting the members of the Giorgio la Pira Foundation Meeting the members of the Giorgio la Pira Foundation 

രാഷ്ട്രീയം നന്മയുടെ മാനവിക സമര്‍പ്പണമാകണം

ഇറ്റലിയുടെ സമൂഹ്യ-രാഷ്ട്രീയ പരിസരത്തു തിളങ്ങിയ ധന്യാത്മാവായ ജോര്‍ജിയോ ലാ പീറായുടെ വ്യക്തിത്വം മനസ്സിലേറ്റിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്. അദ്ദേഹം ഫ്ലോറന്‍സിന്‍റെ മേയറും, ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“തിന്മയുടെ ഘടനയെ” ചെറുത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍
ജോര്‍ജിയോ ലാ പീറാ ഫൗണ്ടേഷനിലെ (Giorgio La Pira Foundation) പ്രവര്‍ത്തകരുമായി നവംബര്‍
23-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രീയ മേഖലയില്‍ ആവശ്യമായ നന്മയുടെ മാനവിക സമര്‍പ്പണത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്. സമൂഹത്തിലെയും രാഷ്ട്രീയ മേഖലയിലെയും “തിന്മയുടെ ഘടനയെ” (Structure of evil) ചെറുക്കുകയെന്നത് ജോര്‍ജിയോ പീറായുടെ അടിസ്ഥാന ആദര്‍ശമായിരുന്നു. പൊതുനന്മയും വ്യക്തിയുടെ അടിസ്ഥാന അന്തസ്സും യാഥാര്‍ത്ഥ്യമാക്കുന്നതിന് പൊതുമേഖലയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രീയ ചുറ്റുപാടുകളിലെ “തിന്മയുടെ ഘടന”യാണെന്ന ബോധ്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ധന്യപദത്തില്‍ എത്തിയ ജോര്‍ജിയോ ലാ പീറായെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവര്‍
സമൂഹത്തിന്‍റെ അല്ലെങ്കില്‍ എല്ലാവരുടെയും നന്മയ്ക്കായി നിലനിലക്കുന്നതിനു പകരം, തികച്ചും വ്യക്തിപരമോ, അല്ലെങ്കില്‍ ഒരു ചെറുസംഘത്തിന്‍റെയോ താല്പര്യങ്ങള്‍ക്കായി ജനപ്രതിനിധി നിലകൊള്ളുന്ന ഉപഭോക്തൃമനഃസ്ഥിതിയുടെ പ്രലോഭനമുണ്ടാകുമ്പോഴാണ് പൊതുമേഖലയില്‍ അഴിമതിയും അനീതിയും പെരുകുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയും അതില്‍ അമിതാസക്തി വളര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ ഏറിവരുമ്പോള്‍ അത് തലമുറകളുടെ മാറ്റങ്ങളെ തച്ചുടയ്ക്കുകയും, പുതിയ തലമുറയ്ക്കു ലഭിക്കേണ്ട അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.  അതിനാല്‍ രാഷ്ട്രീയ സേവനം അല്ലെങ്കില്‍ രാഷ്ട്രീയത്തിലൂടെയുള്ള ജനസേവനം നന്മയുടെ മാനവിക സമര്‍പ്പണമായി കാണാനായാല്‍, അത് ഭൗമികയാഥാര്‍ത്ഥ്യങ്ങളെ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തില്‍ കൈകാര്യംചെയ്യുന്ന വെല്ലുവിളികളുള്ള മേഖലയായി മാറുമെന്ന്, ജോര്‍ജിയോ പീറായുടെ ജീവിതം വ്യക്തമാക്കുന്നെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

രാഷ്ട്രീയത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ ജോര്‍ജിയോ
ധന്യനായ ജോര്‍ജിയോ ലാ പീറാ (1904-1977) ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിന്‍റെ
മേയറും (1950-56, 1960-64), രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്‍റെ രാഷ്ട്രീയസുസ്ഥിതി നിജപ്പെടുത്തിയ ഭരണഘടന നിര്‍മ്മിതില്‍ (Making of Italian Constitution) വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള വ്യക്തിയാണ് ജോര്‍ജിയോ പീറാ. 1946-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇറ്റലിയുടെ സജീവ രാഷ്ട്രീയത്തില്‍ പങ്കാളിയായിട്ടുണ്ട്.

സമാധാനത്തിന് ഇണങ്ങുന്ന ക്രൈസ്തവസംസ്ക്കാരം
ലോകസമാധാനത്തിന് ക്രൈസ്തവ സംസ്ക്കാരവും സുവിശേഷമൂല്യങ്ങളും ഉപകാരപ്രദമാക്കാമെന്ന് അടിയുറച്ചു വിശ്വസിക്കുകയും, അത് പ്രാവര്‍ത്തികമാക്കാന്‍ ആശ്രാന്തം പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ലാ പീറാ. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ദേഹം നീതിയുടെയും സമാധാനത്തിന്‍റെയും വക്താവ് എന്ന നിലയില്‍ ഇന്നും ഉദാത്തമായ മാതൃകയും പ്രചോദനവുമാണ്.

മനുഷ്യാവകാശത്തിന്‍റെ യോദ്ധാവ്
സ്വകാര്യജീവിതത്തില്‍ പീറോ സമാധാനത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും യോദ്ധാവായിരുന്നു. തനിക്കു ചുറ്റുമുള്ള പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും സമുദ്ധാരണത്തിനായി അദ്ദേഹം മരണംവരെ പ്രവര്‍ത്തിച്ചു. സുവിശേഷമൂല്യങ്ങളുടെ പ്രയോക്താവായിരുന്ന ജോര്‍ജിയോ ലാ പീറാ വിശുദ്ധ ഡോമിനിക്കിന്‍റെ മൂന്നാം സഭാംഗവുമായിരുന്നു. അതിനാല്‍ 1934-മുതല്‍ മരണംവരെ റോമില്‍ വിശുദ്ധ മര്‍ക്കോസിന്‍റെ ബസിലിക്കയോടും ചേര്‍ന്നുള്ള ചത്വരത്തിലെ ചെറിയ വസതിയിലാണ് അദ്ദേഹം താമസിച്ചത്.

രാഷ്ട്രീയത്തില്‍ ആത്മീയത കലര്‍ത്തിയ നേതാവ്
ഇറ്റലിയുടെ സാമൂഹിക രാഷ്ട്രിയ മേഖലയില്‍ സുവിശേഷമൂല്യങ്ങളുടെ പ്രയോക്താവായി തിളങ്ങിയ ലളിതമായ ജീവിതംകൊണ്ട് സമാധാനത്തിനും നീതിക്കുമായി ലാ പീറാ മരണംവരെ പോരാടി. രാഷ്ട്രിയ മേഖലയില്‍ ആത്മീയത ശ്രദ്ധാപൂര്‍വ്വം കലര്‍ത്തി ജീവിച്ച ഈ അല്‍മായ നേതാവിന്‍റെ നാമകരണനടപടിക്രമങ്ങള്‍ സഭ 1980-ല്‍ ആരംഭിച്ചു. വീരോചിത പുണ്യങ്ങളുള്ള ജീവിതമാണ് രാഷ്ട്രിയ മേഖലയില്‍ ജോര്‍ജിയോ ലാ പീറ നയിച്ചതെന്ന് 2018 ജൂലൈ 5-ന് പാപ്പാ ഫ്രാന്‍സിസ് ഡിക്രിയിലൂടെ പ്രഖ്യാപിച്ചതോടെ അദ്ദേഹം വിശുദ്ധിയുടെ പാതയിലെ ധന്യനായി (Venerable) ആദരിക്കപ്പെടുന്നു!      

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2018, 19:38