തിരയുക

Pope Francis invites youth of the World to Panama Youthfest Pope Francis invites youth of the World to Panama Youthfest 

പാപ്പാ യുവജനങ്ങളെ പനാമയിലേയ്ക്ക് ക്ഷണിക്കുന്നു!

ആഗോള യുവജനോത്സവം ആസന്നമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ലോകത്തെ യുവജനങ്ങള്‍ക്കായി പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 21-ന് വീഡിയോ സന്ദേശം അയച്ചത്. link to watch : https://www.youtube.com/watch?v=9tQ3Et-6L5c&feature=youtu.be

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുവജനങ്ങളെ പാപ്പാ ക്ഷണിക്കുന്നു - വീഡിയോ

പനാമ യുവജനോത്സവത്തിലേയ്ക്കുള്ള ക്ഷണം 
നവംബര്‍ 21. പരിശുദ്ധ മറിയത്തിന്‍ സമര്‍പ്പണത്തിരുനാളിന്‍റെ അരൂപിയില്‍  ജാതിമത ഭേദമെന്യേ ലോകത്തുള്ള  സകല യുവജനങ്ങള്‍ക്കുമായി പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത വീഡിയോ സന്ദേശത്തിലാണ് സ്നേഹപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ചത്. തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് 34-Ɔമത് ലോകയുവജന സംഗമം നടക്കാന്‍ പോകുന്നത്.  

നസ്രത്തിലെ യുവതിയുടെ മാതൃക
ദൈവത്തിന്‍റെ പദ്ധതി തിരിച്ചറിഞ്ഞ് പ്രതികരിച്ച നസ്രത്തിലെ യുവതിയായ മറിയത്തെപ്പോലെ   ജീവിതമേഖലകളില്‍ നമ്മുടെ കഴിവും കരുത്തും പൂര്‍ണ്ണമായി സമര്‍പ്പിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്‍റെ വിളിയോട് മറിയം സമ്പൂര്‍ണ്ണ സമ്മതം നല്കിയതില്‍പ്പിന്നെ അവള്‍ മറ്റുള്ളവര്‍ക്കായി ജീവിക്കാനും, അതിനായി അകലങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാനുള്ള  ധീരത പ്രകടമാക്കിയതും  പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തിനു കരുത്താകേണ്ട യുവശക്തി
യുവജനങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, നിങ്ങളുടെ പഠനത്തിന്‍റെ അവസാന ഭാഗത്ത് എത്തുമ്പോള്‍ മറ്റുള്ളവര്‍ക്കായി, പ്രത്യേകിച്ച് ജീവിതത്തില്‍ ക്ലേശിക്കുന്നവര്‍ക്കായി നന്മചെയ്യണമെന്നു തോന്നുന്നത് സ്വാഭാവികമാണ്. ഇത് എല്ലാ യുവജനങ്ങള്‍ക്കുമുള്ള ക്രിയാത്മകമായ കരുത്താണ്. തീര്‍ച്ചയായും ലോകത്തെ പരിവര്‍ത്തനംചെയ്യാന്‍ പോരുന്ന കരുത്താണ് യുവജനങ്ങള്‍ക്കുള്ളത്. അത് സേവനത്തിനുള്ള കരുത്താണ്. ലോകത്തെ ഏതു ശക്തിയെയും മാറ്റിമാറിക്കാന്‍ യുവശക്തിക്കു കരുത്തുണ്ട്. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

അനിവാര്യമായ  ജീവിതതിരഞ്ഞെടുപ്പ്
മറ്റുള്ളവരെ സഹായിക്കാന്‍ തുനിയുന്നവര്‍ക്ക് അതിനുള്ള സന്നദ്ധത മാത്രം പോരെ, അവര്‍ ദൈവവുമായി സംവദിക്കുകയും, ഐക്യപ്പെടുകയും, ദൈവികസ്വരം കേള്‍ക്കുകയും, ദൈവികപദ്ധതി തിരിച്ചറിഞ്ഞ് കരുത്താര്‍ജ്ജിക്കുകയും വേണം. അത് വിവാഹ ജീവിതത്തിലൂടെയോ, സന്ന്യാസ സമര്‍പ്പണത്തിലൂടെയോ, പൗരോഹിത്യത്തിലൂടെയോ ആകാമെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടാണെങ്കില്‍  മറിയത്തെപ്പോലെ യുവജനങ്ങള്‍ക്കും ജീവിതത്തില്‍ നന്മചെയ്യാനാകുമെന്ന് സമര്‍പ്പണത്തിരുനാളിന്‍റെ അനുസ്മരണയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവം എന്താണ് എന്നില്‍നിന്നും ആഗ്രഹിക്കുന്നതെന്ന് വിവേചിച്ച് അറിയുകയാണ്. ആ വിളി അല്ലെങ്കില്‍ ജീവിത തിരഞ്ഞെടുപ്പു  തിരിച്ചറിഞ്ഞു വേണം മറിയത്തെപ്പോലെ ദൈവത്തിനു പൂര്‍ണ്ണസമ്മതം നല്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ദൈവത്തില്‍ ആനന്ദം കണ്ടെത്താം!
മറിയം സന്തോഷവതിയായത് ദൈവത്തിന്‍റെ വിളിയോട് അവള്‍ ഉദാരമായി പ്രത്യുത്തരിച്ചതുകൊണ്ടും, ദൈവത്തിന്‍റെ പദ്ധതികള്‍ക്കായി ഹൃദയം തുറന്നതുകൊണ്ടുമാണ്. മറിയത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ ദൈവം നമ്മുടെയും ജീവിതങ്ങളില്‍ ഇടപെടുകയും, ചില നിര്‍ദ്ദേശങ്ങള്‍ നമുക്കായി നല്കുകയും ചെയ്യും. അതു നമ്മുടെ സ്വപ്നങ്ങള്‍ തച്ചുടയ്ക്കാനല്ല, മറിച്ച് നമ്മുടെ ആശകളെ ആളിക്കത്തിക്കാനും യാഥാര്‍ത്ഥ്യമാക്കുവാനുമാണ്. ആ ദൈവികസ്വരത്തിനും വിവേചനത്തിനും നാം ക്ഷമയോടും തുറവോടുംകൂടെ കാതോര്‍ക്കണം. ഇതുപോലുള്ള നിര്‍ദ്ദേശങ്ങള്‍ നമ്മുടെ ജീവിതങ്ങളെ ഫലവത്താക്കുകയും സന്തോഷപൂര്‍ണ്ണമാക്കുകയും ചെയ്യുന്നു.  അതിനാല്‍ നാം ദൈവത്തോടു പ്രതികരിക്കുമ്പോള്‍ അല്ലെങ്കില്‍ പ്രത്യുത്തരിക്കുമ്പോള്‍ നമ്മുടെതന്നെ സന്തോഷത്തിലേയ്ക്കും,  മറ്റുള്ളവര്‍ക്ക് ആ സന്തേഷം പകര്‍ന്നുകൊടുക്കുന്നതിലേയ്ക്കുമുള്ള  ആദ്യ ചുവടുവയ്പാണ് നാം നടത്തുന്നത്. അതിനാല്‍, പ്രിയ യുവജനങ്ങളേ, ധൈര്യം അവലംബിക്കുക! നിങ്ങളുടെ ആന്തരികതയില്‍ ദൈവത്തോടു സംവദിക്കുക! ദൈവമേ, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുക. അവിടുത്തെ സ്വരം ശ്രവിക്കുമാറു നിങ്ങള്‍ തുറവു കാണിക്കുക. അപ്പോള്‍ ദൈവം നിങ്ങളുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും, ജീവിതം സന്തോഷത്താല്‍ പൂരിതമാക്കുകയും ചെയ്യും.

ശുഭയാത്ര നേര്‍ന്നുകൊണ്ട്....!
ലോകയുവജനോത്സവം ആസന്നമായിക്കഴിഞ്ഞു! അതിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പും നന്നായി മുന്നേറട്ടെ! ഈ പ്രയാണത്തില്‍ കന്യകാനാഥ നിങ്ങളെ തുണയ്ക്കട്ടെ! ദൈവഹിതത്തോടുള്ള നസ്രത്തിലെ മേരിയുടെ ധീരമായ സമ്മതവും ചുവടുവയ്പും യുവജനങ്ങള്‍ക്കു മാതൃകയും പ്രചോദനവുമാകട്ടെ!  പനാമയിലേയ്ക്കു ഇറങ്ങിപ്പുറപ്പെടുന്ന എല്ലാ യുവതീയുവാക്കളുടെയും യാത്ര ശുഭകരമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു!

തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.   

https://www.youtube.com/watch?v=9tQ3Et-6L5c&feature=youtu.be      

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2018, 10:12