Old is Gold - Synod for youth-wisdom of time Old is Gold - Synod for youth-wisdom of time 

പ്രായമായവര്‍ കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കുന്നവര്‍

ഒക്ടോബര്‍ 23-ന് റോമില്‍ പ്രകാശനം നടത്തിയ “കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കാം” Sharing the Wisdom of Time, എന്ന പേരില്‍ ഫാദര്‍ അന്തോണിയോ സ്പദാരോ എസ്.ജെ പത്രാധിപരായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തിനു നല്കിയ ആമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പരാമര്‍ശിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രായമായവരുടെ ശബ്ദം ഇല്ലാതാകുമ്പോള്‍
ഇന്നത്തെ സമൂഹത്തില്‍ പ്രായമായവരുടെ സാന്നിദ്ധ്യവും ശബ്ദവും ഇല്ലാതായിട്ടുണ്ട്. കുടുംബങ്ങളില്‍ മുത്തച്ഛനും മുത്തശ്ശിക്കും സ്ഥാനമില്ലാതാകുമ്പോള്‍ അവരുടെ ജീവിതകഥകളും അനുഭവങ്ങളും, അവരുടെ വിവേകവും വിജ്ഞാവുമാണ് നാം തള്ളിമാറ്റുന്നത്.
വ്രണിതഭാവത്തോടും ജീവിതക്ലേശങ്ങളോടും ഇന്നത്തെ തലമുറയ്ക്കുള്ള അനിഷ്ടവും വെറുപ്പും കുറക്കാനോ ഇല്ലാതാക്കാനോ ഉള്ള ശ്രമത്തില്‍ പ്രായമായവരെ ഒഴിവാക്കുകയും പുറംതള്ളുകയും ചെയ്യുന്ന രീതിയാണ് കുടുംബങ്ങളിലും സമൂഹങ്ങളിലും സംഭവിക്കുന്നത്.

തലമുറയ്ക്കു നഷ്ടമാകുന്ന ജീവിതാനുഭവങ്ങള്‍
ജീവിതം മുന്നോട്ടു നയിക്കുന്നതിന് പ്രായമായവരില്‍നിന്നും മനസ്സിലാക്കി എടുക്കേണ്ട ചില വിജയരഹസ്യങ്ങളുടെ വിജ്ഞാനവും, അതിനായി വ്യക്തികള്‍ അവരില്‍നിന്നും നേരിട്ടു മാതൃകയാക്കേണ്ട സാഹസികതയും പഠിക്കാനുള്ള സാദ്ധ്യതയും പ്രായമായവരെ ഒഴിവാക്കുന്ന യുവതലമുറ ഇല്ലാതാക്കുകയാണ്. കാരണവന്മാരെ ഒഴിവാക്കുമ്പോള്‍ ജീവിതത്തിന് ഉപകാരപ്രദമാകുന്ന മാതൃകകളും സാക്ഷ്യങ്ങളുമാണ് സമൂഹത്തില്‍ അല്ലെങ്കില്‍ കുടുംബങ്ങളില്‍ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നത്. ഇന്നിന്‍റെ സമൂഹവും സംസ്ക്കാരവും അതിന്‍റെ നേട്ടങ്ങളും പരിരക്ഷിച്ചു വളര്‍ത്തിയവരാണ് പഴമക്കാര്‍, അതിനാല്‍ അവര്‍ ജീവിച്ചു പോറ്റിയ സകലത്തിനും നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കേണ്ടവരാണ് യുവജനങ്ങള്‍ എന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖത്തില്‍ വ്യക്തമാക്കി.

പഴയ തലമുറക്കാരുടെ ജീവിതാനുഭവങ്ങള്‍
വത്തിക്കാനില്‍ ഒക്ടോബറില്‍ സമാപിച്ച യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ ആഗോള സിനഡു സമ്മേളനത്തിന്‍റെയും അതിന്‍റെ ചര്‍ച്ചകളുടെയും തീര്‍പ്പുകളുടെയും പശ്ചാത്തലത്തില്‍, റോമില്‍ ഈശോ സഭാവൈദികര്‍ നടത്തുന്ന പ്രസിദ്ധീകരണം, Civilta Catholica, “കത്തോലിക്കാ സംസ്ക്കാര”ത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ സ്പദാരോ എസ്.ജെ. പത്രാധിപരായി പ്രസിദ്ധപ്പെട്ടുത്തിയ മനോഹരമായ ഗ്രന്ഥമാണ് - “കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കാം”  Sharing the Wisdom of Time. പാപ്പാ ഫ്രാന്‍സിസ് ഉള്‍പ്പെടെ, വിവിധ തുറക്കാരും തരക്കാരും രാജ്യക്കാരായ പഴയ തലമുറക്കാര്‍ യുവതലമുറയോട് അവരുടെ ജീവിതകഥ പറയുന്ന ഗ്രന്ഥമാണ് ഫാദര്‍ സ്പദാരോ യുവജനങ്ങളുടെ സിനഡിനോട് അനുബന്ധിച്ച് പ്രകാശനംചെയ്തത്.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍ ഗ്രന്ഥം പുറത്തിറങ്ങിയിട്ടുണ്ട്. ഇംഗ്ലിണ്ടിലെ ലൊയോള പ്രസ്സാണ്.  ഇതിന്‍റെ പ്രസാധകര്‍ ( Antonio Spadaro sj, Ed., Sharing the Wisdom of Time, Loyola Press, Jesuit Minsitry, October 2018).    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2018, 19:43