VATICAN-POPE- FRANCIS-AUDIENCE VATICAN-POPE- FRANCIS-AUDIENCE 

ദാഹിക്കുന്ന മനുഷ്യന്‍ ദൈവത്തിന്‍റെ പ്രതീരൂപം

“എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു” (മത്തായി 25, 42). ക്രിസ്തുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു നല്കിയ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിലെ ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുടിവെള്ളം മാനവികതയുടെ പൊതുനന്മയും സ്വത്തും
“മാനവികതയുടെ പൊതുനന്മയായ കുടിവെള്ളം” സംബന്ധിച്ച് നവംബര്‍ 8-‍Ɔο തിയതി വ്യാഴാഴ്ച റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ സമ്മേളിച്ച രാജ്യാന്തര സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Dicastery for Intergral Human Development) ഈ സമ്മേളനത്തിന്‍റെ പ്രയോക്താക്കള്‍.

കുടിവെള്ളം അടിസ്ഥാന അവകാശം
യോഗ്യമായൊരു മാനവിക വിജ്ഞാനീയവും സമഗ്രമായ പരിസ്ഥിതിയും ആര്‍ജ്ജിച്ചെടുക്കാന്‍ മനുഷ്യന്‍റെ ജീവിതരീതിയില്‍ ഐകദാര്‍ഢ്യവും അന്തസ്സും അനിവാര്യമാണ്. അതിനാല്‍ കുടുവെള്ളം മറ്റേതെങ്കിലും ഉപഭോഗവസ്തുവിനെപ്പോലെ കരുതാനാവില്ല. ഉല്പന്നമായി വിറ്റു കാശാക്കേണ്ടതല്ല. പൊതുസ്വത്തായ ജലം ജനങ്ങള്‍ക്ക് ശുദ്ധമായി ലഭ്യാമാക്കാന്‍ സര്‍ക്കാരിനും പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്ത്വമുണ്ട്. അത് മനുഷ്യാന്തസ്സില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന അടിസ്ഥാന അവകാശമാണ്. അങ്ങനെ മാനവകുടുംബം ആര്‍ജ്ജിച്ചെടുക്കേണ്ട സ്ഥായിയായ പൊതുനന്മയുടെ പ്രകടമായ പൊതുസമര്‍പ്പണത്തിലേയ്ക്കാണ് സുവിശേഷവും സുവിശേഷമൂല്യങ്ങളും നമ്മെ നയിക്കേണ്ടത്. അതിനാല്‍ കുടിവെള്ളത്തിനുള്ള സാമൂഹിക മാനത്തോടൊപ്പം, അതിന് സാംസ്ക്കാരികവും ആദ്ധ്യാത്മികവുമായ മാനവുമുണ്ട്. കാരണം സാമൂഹ്യനിര്‍മ്മിതി, മാനവികതയുടെ സഹവാസം, കെട്ടുറപ്പുള്ള സമൂഹിക ഘടന എന്നിവ യാഥാര്‍ത്ഥ്യമാകുന്നത് മാനവികതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിതമാകുമ്പോഴാണ്.  പാപ്പാ സമര്‍ത്ഥിച്ചു.

നാടകീയമാകുന്ന ഭൂമിയുടെ ജലദാഹം
വെള്ളം, വിശിഷ്യ കുടിവെള്ളം ജീവന് അനിവാര്യമാണ്. ശുദ്ധജലം ലഭിക്കാത്തതുകൊണ്ട് ഇന്ന് ലോകത്തിന്‍റെ പലേ ഭാഗങ്ങളിലും അന്തസ്സുള്ള അടിസ്ഥാന ജീവിതം അസാദ്ധ്യമല്ലാതെ വന്നിട്ടുണ്ട്. ജലത്തിനായുള്ള മനുഷ്യകുലത്തിന്‍റെയും ഭൂമിയുടെയും നാടകീയമായി വര്‍ദ്ധിക്കുന്ന ദാഹവും, കുടിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ രോഗങ്ങള്‍ പിടിപെട്ട് മരണമടയുന്ന ജനസഞ്ചയങ്ങളും പുതുസഹസ്രാബ്ദത്തിലെ മനുഷ്യസമൂഹത്തിനു അപമാനമാണ്.

ദാഹിക്കുന്ന മനുഷ്യന് വെടിക്കോപ്പോ?
എന്നാല്‍ പലേയിടങ്ങളിലും കുടിവെള്ളമില്ലെങ്കിലും അവിടങ്ങളില്‍ സുലഭമാകുന്ന ആയുധങ്ങളും വെടിക്കോപ്പുകളും ഇന്നും മനുഷ്യന്‍റെ സാമൂഹീകചുറ്റുപാടുകളെ ഹീനമാക്കുന്നുണ്ട്. കുടിവെള്ളം എവിടെയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളെ തണുപ്പിക്കുന്നതും, ചിലപ്പോള്‍ നിര്‍ജ്ജീവമാക്കുന്നതുമായ, സമൂഹത്തില്‍ ഇന്ന് പൊതുവെ കണ്ടുവരുന്ന അഴിമതി എളിവയവരെയും അവരുടെ അടിസ്ഥാന ആവശ്യങ്ങളെയും ഒഴിവാക്കുന്ന പൊതുവായ മനോഭാവമാണ്.

മനസ്സുവച്ചാല്‍ പരിഹരിക്കാം!
മനുഷ്യന്‍റെ ദാഹം ചൂണ്ടിക്കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത്, മനുഷ്യന്‍റെ വിദ്യാഭ്യാസം, സാങ്കേതികം, സാമ്പത്തികം എന്നീ സംവിധാനങ്ങള്‍ക്ക് ഇന്ന് ഉറച്ച മനസ്സും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ മാത്രം മാവികതയുടെ വിനയായി നില്ക്കുന്ന കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനാകും! ഭൂമിയിലെ ജലസ്രോതസ്സുക്കള്‍ നശിപ്പിക്കാതിരിക്കാം, അതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാം. അവ ശുദ്ധമായി സംരക്ഷിക്കുക! ജലം ജീവന്‍റെ അടയാളവും ഉറവയുമാണ്!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2018, 08:59