Vatican News
Day's reflection of 2018.11.06 Holy Mass in  Santa Marta Day's reflection of 2018.11.06 Holy Mass in Santa Marta  (Vatican Media)

ക്രിസ്തുവിന്‍റെ നവമായ കാരുണ്യസാക്ഷ്യം...!

നവംബര്‍ 8-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് നടത്തിയ സുവിശേഷ വിചിന്തനം. (ലൂക്ക 15, 1-10).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാരുണ്യത്തിന്‍റെ അസ്തിത്വപരമായ നിലപാട്
1 നമ്മുടെ ശീലങ്ങള്‍ മാറ്റി, ബോധ്യത്തോടെ അസ്തിത്വപരമായ നിലപാടു സ്വീകരിക്കുന്നതാണ് ജീവിതസാക്ഷ്യം. നന്മയ്ക്കായി പഴയത് മാറ്റി, നവവും മെച്ചപ്പെട്ടതും പങ്കുവയ്ക്കുന്നതാണ് സാക്ഷ്യം. അങ്ങനെ സഭയും സഭാമക്കളും സുവിശേഷ സാക്ഷ്യത്തിനു വിളിക്കപ്പെട്ടിരിക്കുന്നു. പ്രബോധനവും വായ്മൊഴിയുമല്ല, പ്രവൃത്തിയും ജീവിതസാക്ഷ്യവുമാണ് ഫലപ്രദമാകുന്നത്.  “ബലിയല്ല, കരുണ്യാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” എന്നാണ് ക്രിസ്തു പഠിപ്പിച്ചത് (മത്തായി 9, 13). എന്നാല്‍ ക്രിസ്തുവിന്‍റെ ഈ കാരുണ്യത്തിന്‍റെ പ്രബോധനം അന്നത്തെ നിയമപണ്ഡിതന്മാര്‍ക്കും പ്രമാണിമാര്‍ക്കും മനസ്സിലായില്ല. അവര്‍ക്ക് സ്വീകാര്യവുമായില്ല. കാരുണ്യം എന്തെന്ന് എല്ലാവരും പഠിക്കുന്നുണ്ട്, അതിനെക്കുറിച്ച് പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അത് ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ലെന്നു മാത്രം. കരുണ എന്താണെന്ന് ക്രിസ്തു പഠിപ്പിക്കുക മാത്രമല്ല, അത് ജീവിതത്തിലൂടെ സാക്ഷ്യമായി അവിടുന്നു പ്രകടമാക്കുന്നുമുണ്ട്.

“കുറ്റംപറഞ്ഞും കരിവാരിത്തേച്ചും” ജീവിക്കുന്നവര്‍
2 “ഫരീസേയരും നിയമജ്ഞരും പിറുപിറുത്തു…” എന്നു സുവിശേഷം രേഖപ്പെടുത്തുന്നപോലെ (ലൂക്ക 15, 2), നമ്മുടെ രൂപതകളിലും, രൂപതകള്‍ തമ്മിലുമുള്ള പ്രവര്‍ത്തനങ്ങളിലും, സാമൂഹിക രാഷ്ട്രീയ തലങ്ങളിലെ ഇടപഴകലിലുമെല്ലാം കാണുന്നത് അധികവും കാരുണ്യമില്ലായ്മയാണ് – പിറുപിറുക്കലും പരാതിപ്പെടലുമാണ്. അഴിമതിയും അക്രമവും കലര്‍ന്ന ഭരണകൂടം പ്രതിപക്ഷത്തെ പഴിചാരിയും, കുറ്റംപറഞ്ഞും, കരിവാരിത്തേച്ചുമാണ് രക്ഷപെടുന്നതും പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്നതും, മുന്നോട്ടു പോകുന്നതും. ഇത് അപകീര്‍ത്തിപ്പെടുത്തലും, അപവാദം പറഞ്ഞുപരത്തലുമാണ്. സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കളും ഭരണകൂടങ്ങളും ഇന്ന് ലോകത്ത് ധാരളമുണ്ട്. അവരെന്താണ് ചെയ്യുന്നത്? അവര്‍ ഒരു മാധ്യമ കൂട്ടുകെട്ടുണ്ടാക്കുക്കയും, പിന്നെ നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാധ്യമശക്തി ഉപയോഗിച്ച് എതിരാളികളെ കുറ്റപ്പെടുത്തിയും, വ്യാജപ്രചാരം നടത്തിയും കളവു പറഞ്ഞും, മറ്റുള്ളവരെ ചെറുതാക്കിയും, മെല്ലെ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നു. സകലതും കൈക്കലാക്കുന്നു. ഇത്തരം പ്രവര്‍ത്തന ശൈലി ഏതു സര്‍ക്കാരിനും ഭരണകൂടത്തിനും നല്ലതല്ല. കുറ്റംപറയലും അപകീര്‍ത്തിപ്പെടുത്തലും “അന്നന്നത്തെ അപ്പ”മാക്കി മാറ്റുന്നവര്‍ ഇന്ന് വ്യക്തിതലത്തിലും സമൂഹിക തലങ്ങളിലും സഭാതലത്തിലുമെല്ലാം ധാരാളമുണ്ട്.

നമ്മില്‍ ആരുചെയ്യും ഇങ്ങനെ?
3 എല്ലാം മറന്നും, എന്തുകാട്ടിയും അവസാനം എനിക്കു ലാഭമുണ്ടാക്കുന്ന ഒരു “ബഡ്ജറ്റ്” സൃഷ്ടിക്കുകയാണ് പലരുടെയും ലക്ഷ്യം. എന്തു കിട്ടുമെന്നാണ് നോട്ടം, എന്തു കൊടുക്കാമെന്നല്ല. ഇത് ഫരീസേയ മനോഭാവമാണ്. ഫരീസേയരുടെയും നിയമജ്ഞരുടെയും യുക്തിയും തന്ത്രവുമാണിത്. നഷ്ടപ്പെട്ടു പോയതിനെ തേടിയും, കാണാതായതിനെ അന്വേഷിച്ചും.... നമ്മില്‍ ആര് ഇറങ്ങിപ്പുറപ്പെടും? ക്രിസ്തുവിന്‍റെ നിലപാടിന് എതിരാണ് നാം സാധാരണഗതിയില്‍ നില്ക്കുന്നത്! നാം ഇറങ്ങി പുറപ്പെടില്ല. നാം അന്വേഷിച്ചിറങ്ങാന്‍ തയ്യാറാകില്ല. പാപികളെയും പാവങ്ങളെയും പൊതുവെ നാം ഒഴിവാക്കുകയാണ്. അവരുടെ കൂടെയായിരിക്കുന്നത് കൈയ്യഴുക്കാക്കുന്ന പണിയാണ്. അതില്‍ അപകടസാദ്ധ്യതയും വെല്ലുവിളിയുമുണ്ട്.

കാണാതായതിനോട് കരുണ കാട്ടാം!
ബുദ്ധിപൂര്‍വ്വകമാണ് ക്രിസ്തുവിന്‍റെ ചോദ്യം. നൂറ് ആടുകളില്‍ ഒന്നു കാണാതായാല്‍, നിങ്ങളില്‍ നഷ്ടപ്പെട്ടുപോയ ഒന്നിനെ ആര് തേടിയിറങ്ങും...? കാണാതായ നാണയം തേടി ആര് സൂക്ഷ്മദൃഷ്ട്യാ പരിശ്രമിക്കും? സുശേഷത്തിലെ കഥാപാത്രങ്ങളില്‍ ആരും മറുപടി പറയുന്നില്ല! ഞാന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ഒരാള്‍പോലും പറയുന്നില്ല! ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ നിലപാടിന് എതിരായിരുന്നു അവരെല്ലാം. ക്ഷമിക്കാന്‍ നാമും തയ്യാറല്ല, കരുണ കാട്ടാന്‍ തയ്യാറല്ല, വഴിതെറ്റിയതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല! എന്നാല്‍ ദൈവികകാരുണ്യം ആവശ്യമായിരിക്കുന്നവരെ തേടി നാം ഇറങ്ങേണ്ടിയിരിക്കുന്നു. അവരെ രക്ഷിക്കാന്‍ നാം നമ്മെത്തന്നെ സമര്‍പ്പിക്കുക്കുയും, വെല്ലുവിളികള്‍ നേരിടുകയും ചെയ്യേണ്ടിയിരിക്കുന്നു.

നല്ലിടയനായ ക്രിസ്തുവിന്‍റെ പ്രതിരൂപം മനസ്സിലേറ്റി പ്രകാശപൂര്‍ണ്ണമായ ചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

08 November 2018, 18:52