Head of the Eastern Assyrian church, Patriarch Mar Geevarghese III Catholicos Head of the Eastern Assyrian church, Patriarch Mar Geevarghese III Catholicos 

സഭൈക്യത്തിലേയ്ക്കു നയിക്കുന്ന ചരിത്രസ്മരണകള്‍!

കിഴക്കിന്‍റെ അസ്സീറിയന്‍ സഭയുടെ കാതോലിക്കോസ് പാത്രിയര്‍ക്കീസ് മാര്‍ ഗീവര്‍ഗ്ഗീസ് ത്രിതിയന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 9-Ɔο തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍വച്ചാണ് കിഴക്കന്‍ അസ്സീറിയന്‍ സഭാതലവനും സഭയുടെ 13 സിനഡ് ഭാരവാഹികളും ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. അപ്പസ്തോലിക അരമനയിലെ   പാപ്പാമാരുടെ മനോഹരമായ ഹാളിലാണ് (The Hall of Popes) കൂടിക്കാഴ്ച നടന്നത്.

സഭൈക്യ സാഹോദര്യം 
രണ്ടു വര്‍ഷംമുന്‍പ് നടന്ന പ്രഥമ കൂടിക്കാഴ്ചയും, ജൂലൈ മാസത്തില്‍ ഇറ്റലിയിലെ ബാരിയില്‍ നടന്ന മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനുള്ള സഭൈക്യസമ്മേളനത്തില്‍വച്ച് വീണ്ടും കണ്ടുമുട്ടിയതും ആമുഖമായി പാപ്പാ ഫ്രാന്‍സിസ് സന്തോഷത്തോടെ അനുസ്മരിച്ചു. ക്രൈസ്തവര്‍ മദ്ധ്യപൂര്‍വ്വദേശത്തും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും പീഡനങ്ങള്‍ സഹിക്കുകയും ക്രൈസ്തവജീവിതം ഒരു കുരിശിന്‍റെവഴിയായി പരിണമിക്കുകയും ചെയ്യുമ്പോള്‍ ഐക്യത്തില്‍ കൈകോര്‍ത്തുനിന്ന് ക്രിസ്തുസ്നേഹത്തിന്‍റെ സാക്ഷികളാകാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിഘാതമല്ലാത്ത വ്യത്യാസങ്ങള്‍
സഭൈക്യപാതയില്‍ അസ്സീറിയന്‍ സഭയും കത്തോലിക്കാ സഭയും തമ്മില്‍ നടന്നിട്ടുള്ള കൗദാശിക ജീവിതത്തിന്‍റ മേഖലയിലെ പഠനങ്ങളെ ക്രിയാത്മകമെന്നും, എന്നാല്‍ അതിലുള്ള പ്രായോഗികമായ വ്യതിരിക്തതയുടെയും അച്ചടക്കത്തിന്‍റെയും വ്യത്യാസങ്ങള്‍ ഒരിക്കലും ഐക്യത്തിന് വിഘാതമല്ലാത്തവയെന്നും പാപ്പാ വിശേഷിപ്പിച്ചു. ദൈവശാസ്ത്രത്തിന്‍റെ മേഖലയില്‍ കാണുന്ന വ്യത്യാസങ്ങള്‍ പരസ്പരവിരുദ്ധമല്ലാത്തതും, എന്നാല്‍ പലതും പൂരകങ്ങളുമാണ്. സഭൈക്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂവണിയട്ടെ! അങ്ങനെ ഒരുനാള്‍ ക്രിസ്തുവിന്‍റെ കുരിശിലെ പരമയാഗത്തിന്‍റെ തനിയാവര്‍ത്തനമായ പരിശുദ്ധകര്‍ബ്ബാന സഭകള്‍ക്ക് ഒരുമിച്ച് അര്‍പ്പിക്കാന്‍ ഇടയാകട്ടെയെന്നും പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.

കിഴക്കിന്‍റെ ആത്മീയ സമ്പന്നന്‍ - പരിശുദ്ധ അബ്ദിഷോ ബാര്‍ ബറീക്ക
പൂര്‍വ്വകാലത്തിന്‍റെ ചരിത്രസ്മരണകള്‍ സഭൈക്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉത്തേജനവും സാക്ഷ്യവുമാകട്ടെ. കിഴക്കന്‍ സിറിയന്‍ സഭാചരിത്രത്തിന്‍റെ ഉപജ്ഞാതാവും നിസിബിസിലെ മെത്രാപ്പോലീത്തയുമായിരുന്ന അബ്ദിഷോ ബാര്‍ ബറീക്കയുടെ ചരമത്തിന്‍റെ 7-Ɔο ശതാബ്ദി വര്‍ഷമാണല്ലോ ഇത്. അസ്സീറിയന്‍ സഭയ്ക്കും കാല്‍ഡിയന്‍ സഭയ്ക്കും ഒരുപോലെ ആത്മീയ പിതാവായ അബിദിഷോ ബാര്‍ ബറീക്കയുടെ അനുസ്മരണത്തില്‍ റോമിലെ പൗരസ്ത്യ സഭാസ്ഥാപനം (Pontifical Oriental Institute) ഈ ദിവസങ്ങളില്‍ സംവിധാനംചെയ്തിട്ടുള്ള പരിശുദ്ധ ബരീക്ക രചിച്ചിട്ടുള്ള സഭാനിയമങ്ങളും സഭാപാരമ്പര്യങ്ങളും പ്രബോധനങ്ങളും വിഷയമാക്കുന്ന രാജ്യാന്തര പഠനശിബിരത്തെ പാപ്പാ ഫ്രാന്‍സിസ് ശ്ലാഘിച്ചു
(A conference commemorating the 700th anniversary of Abdisho bar Brkha, on 8, 9 November). മഹാദൈവശാസ്ത്രജ്ഞനായ അബ്ദിഷോ ബാര്‍ ബറീക്കയെ കേന്ദ്രീകരിച്ചുള്ള പഠനം കിഴക്കന്‍ പാരമ്പര്യത്തിന്‍റെ സമ്പന്നത മനസ്സിലാക്കാന്‍ സഹായകമാവട്ടെ എന്നുള്ള ആശംസയോടെയാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2018, 19:58