Knights of Holy Sepulchre in Vatican 16-11-18 Knights of Holy Sepulchre in Vatican 16-11-18 

ജീവിതസാക്ഷ്യംകൊണ്ടു ദൈവസ്നേഹം പങ്കുവയ്ക്കാം!

ക്രൈസ്തവ സംഘടകളുടെ ലക്ഷ്യം സാമൂഹ്യസേവനമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ ‍

നവംബര്‍ 16-Ɔο തിയതി വെള്ളിയാഴ്ച രാവിലെ ക്രിസ്തുവിന്‍റെ കല്ലറയുടെ യോദ്ധാക്കള്‍ (Knights of the Order of the Holy Sepulchre of Jerusalem) എന്ന  ഉപവി പ്രവര്‍ത്തകരുടെ കൂട്ടായ്മയിലെ ഉപദേശസമിതി അംഗങ്ങളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്‍റെ കല്ലറയുടെ യോദ്ധാക്കള്‍
ക്രിസ്തുവിന്‍റെ കല്ലറയുടെ യോദ്ധാക്കളുടേതുപോലുള്ള വളരെ പഴക്കവും പാരമ്പര്യവുമുള്ള സംഘടകളുടെ പരമായ ലക്ഷ്യം സാമൂഹ്യ സേവനമല്ല, മറിച്ച് ജീവിതസാക്ഷ്യംകൊണ്ട് സകലരെയും ദൈവം സ്നേഹിക്കുന്നുവെന്ന് പഠിപ്പിക്കുവാനും, സുവിശേഷ സ്നേഹത്തില്‍ സഹോദരങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കുവാനുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

നേതൃനിരയില്‍ അനിവാര്യമായ ജീവിതമാതൃക
ആദ്യമായി പ്രസ്ഥാനത്തിലെ തന്നെ വ്യക്തികളുടെ ആത്മീയ വളര്‍ച്ചയില്‍ ശ്രദ്ധപതിക്കുക. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന വിജയത്തെ വ്യക്തികളില്‍നിന്നും മാറ്റിനിര്‍ത്താനാവില്ല. ക്രിസ്തുവിന്‍റെ കല്ലറയുടെ ഓരോ യോദ്ധാക്കളുടെയും ആത്മീയരൂപീകരണം വളരെ വിലപ്പെട്ടതാണ്. പ്രാര്‍ത്ഥനയിലൂടെയും വചനധ്യാനത്തിലൂടെയും സഭാപ്രബോധനങ്ങളുടെ പഠനങ്ങളിലൂടെയും ക്രിസ്തുവുമായി അനിവാര്യമായൊരു ആത്മീയ ബന്ധം വളര്‍ത്തിയെടുക്കുക. അതിനാല്‍ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ നില്ക്കുന്നവര്‍ തീക്ഷ്ണമായ ആത്മീയ ജീവിതത്തിന്‍റെ മാതൃകകളും ദൈവവുമായുള്ള ഗാഢമായ ബന്ധത്തിന്‍റെ പ്രചോദനവുമായി ജീവിക്കേണ്ടതാണ്. ഇതാണ് ക്രൈസ്തവ സമര്‍പ്പണത്തില്‍ വ്യക്തികള്‍ നല്കേണ്ട ശുശ്രൂഷയുടെ ജീവിതമാതൃകയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രൈസ്തവ പീ‍ഡനങ്ങളും രക്തസാക്ഷിത്വവും
ക്രൈസ്തവര്‍ നാടകീയമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഇന്നിന്‍റെ സംസ്ക്കാര സമ്പന്നമായ ലോകത്തിന്‍റെ മറുപുറം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാവില്ല. ക്രൈസ്തവ പീഡനവും അവരുടെ കൂട്ടക്കുരുതിയും പൂര്‍വ്വോപരി വര്‍ദ്ധിച്ചൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, അതിനാല്‍ ക്രൈസ്തവരുടെ രക്തസാക്ഷ്യത്വവും, ജനാധിപത്യ രാഷ്ട്രങ്ങളില്‍ - മതസ്വാതന്ത്ര്യം പരിമിതമായിടങ്ങളില്‍ രക്തംചിന്താതെ പീഡനങ്ങളിലൂടെ ക്രൈസ്തവര്‍ നേരിടുന്ന “ധവളരക്തസാക്ഷിത്വ”വും നമുക്കിന്ന് അവഗണിക്കാനാവില്ലെന്ന് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളുടെ പാത യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രസ്ഥാനത്തിന്‍റെ ശ്രമത്തെ പാപ്പാ ഫ്രാന്‍സിസ് ശ്ലാഘിക്കുകയും, സേവനങ്ങള്‍ക്ക് പ്രത്യേകം നന്ദിപറയുകയുംചെയ്തു.

ആശംസയോടെ...!
“പലസ്തീനയിലെ നാഥ”യെന്ന്, ക്രിസ്തുവിന്‍റെ കല്ലറയുടെ യോദ്ധാക്കള്‍ വിശേഷിപ്പിക്കുന്ന പരിശുദ്ധകന്യകാനാഥ എല്ലാവരുടെയും ജീവിതവിശ്വസ്തതയെ തുണയ്ക്കുകയും കാത്തുപാലിക്കുകയും ചെയ്യട്ടെ! ഈ ആശംസയോടെയാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2018, 18:57