തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍ - സകല വിശുദ്ധരുടെ മഹോത്സവത്തില്‍ ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍ - സകല വിശുദ്ധരുടെ മഹോത്സവത്തില്‍  (Vatican Media)

തങ്ങളില്‍ത്തന്നെ വിജയം നേടിയവരാണ് വിശുദ്ധാത്മാക്കള്‍

നവംബര്‍ 1-Ɔο തിയതി വ്യാഴാഴ്ച സകലവിശുദ്ധരുടെയും മഹോത്സവത്തില്‍ വത്തിക്കാനില്‍ പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥന ശുശ്രൂഷയില്‍ നല്കിയ വചനസന്ദേശം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

റോമില്‍ നല്ല മഴ പെയ്തിറങ്ങി. തണുത്തിരുണ്ട ദിവസമായിരുന്നെങ്കിലും പാപ്പായെ കാണാനും ശ്രവിക്കാനുമായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ആയിരങ്ങള്‍ എത്തിയിരുന്നു. നവംബര്‍ ഒന്നിന് പതിവുള്ള റോം മാരത്തോണില്‍ ഓടാനുള്ള രാജ്യാന്തര കായികതാരങ്ങളും അണിഞ്ഞൊരുങ്ങി പാപ്പായുടെ മുന്നില്‍ ആശീര്‍വ്വാദങ്ങള്‍ക്കായി കാത്തുനിന്നു. മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തു. എന്നിട്ട് സന്ദേശം നല്കി:  

പരിശുദ്ധന്‍ പരിശുദ്ധന്‍... ഒരു സ്വര്‍ഗ്ഗീയഗീതം
എണ്ണിത്തിട്ടപ്പെടുത്താന്‍ ആവാത്തത്ര വിശുദ്ധാത്മക്കളുണ്ട്. വിശുദ്ധാത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷപുരസ്സരം ദൈവത്തെ പാടിസ്തുതിക്കുന്നു. അവരുടെ ഗീതം നമുക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍...! എന്നാല്‍ അതിനു സമാന്തരമായ സ്തുതിപ്പാണ് ദിവ്യബലിയില്‍ വിശ്വാസസമൂഹം ആലപിക്കുന്ന “പരിശുദ്ധന്‍, പരിശുദ്ധന്‍… പരിശുദ്ധന്‍...” എന്ന ഗീതം. ഇത് സ്വര്‍ഗ്ഗീയ ഗണത്തിന്‍റെ ഗീതമാണെന്ന് വിശുദ്ധ ഗ്രന്ഥം - വെളിപാടിന്‍റെ പുസ്തകവും ഏശയാ പ്രവാചകനും സ്ഥാപിക്കുന്നുണ്ട് (ഏശയ 6, 3..., വെളിപാട് 4, 8). അതിനാല്‍ ആരാധനസമൂഹം ഒന്നടങ്കം ഈ ഗീതം ദിവ്യബലിയില്‍ ആവര്‍ത്തിക്കുമ്പോള്‍ മനുഷ്യര്‍ എണ്ണമറ്റ സ്വഗ്ഗീയവൃന്ദത്തോട് ആത്മീയമായി ഐക്യപ്പെടുകയാണ്. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന് ആമുഖമായി സ്ഥാപിച്ചു.

കടന്നുപോയ പ്രിയപ്പെട്ടവരോടു  മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം!
അറിയപ്പെട്ട വിശുദ്ധരോടും, അത്ഭുതപ്രവര്‍ത്തകരായ പുണ്യവാന്മാരോടും മാത്രമല്ല നാം മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കേണ്ടതും സ്വര്‍ഗ്ഗീയ ഐക്യം പ്രാപിക്കേണ്ടതും. നമ്മുടെ  കുടുംബത്തില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും അയല്‍പക്കത്തുനിന്നും സ്നേഹിതരില്‍നിന്നും, മണ്‍മറഞ്ഞുപോയ സ്നേഹിതരോടുമെല്ലാം ഈ സ്തുതിപ്പിലൂടെ ആത്മീയമായി നാം ഐക്യപ്പെടേണ്ടതാണ്. അവര്‍ പണ്ടെന്നപോലെ ഇന്നും നമ്മുടെ സഹോദരങ്ങളാണ്. അവര്‍ നമ്മെ മനസ്സിലാക്കുകയും, സ്നേഹിക്കുകയും, നമ്മുടെ നന്മ അറിയുകയും, നമ്മെ സഹായിക്കുകയും നമുക്കായി കാത്തിരിക്കുകയും ചെയ്തവരാണ്. അവര്‍ അനുഭവിക്കുന്ന സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ നാമും പങ്കുകാരാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.

അഷ്ടഭാഗ്യങ്ങള്‍ തെളിയിക്കുന്ന സ്വര്‍ഗ്ഗീയവഴി
സ്വര്‍ഗ്ഗീയ ജീവനിലേയ്ക്കുള്ള മാര്‍ഗ്ഗം ഇന്നത്തെ സുവിശേഷം നമുക്കു തെളിയിച്ചു തരുന്നു. “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമി അവകാശമാക്കും. ഹൃദയ വിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും!”  (മത്തായി 5, 3-8). സുവിശേഷം പാവങ്ങളെ പ്രകീര്‍ത്തിക്കുമ്പോള്‍ ലോകം സമ്പന്നരെ സ്തുതിക്കുന്നു. സുവിശേഷം എളിയവരെ വാഴ്ത്തുമ്പോള്‍ ലോകം അഹങ്കാരികളെ പ്രശംസിക്കുന്നു. സുവിശേഷം ആത്മനാദാരിദ്രരായവരെ പ്രഘോഷിക്കുമ്പോള്‍ ലോകം ബുദ്ധിമാന്മാരെയും ആനന്ദഭരിതരെയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു.

അങ്ങനെ വിശുദ്ധിയുടെ മാര്‍ഗ്ഗം പരാചയമാണെന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. വെളിപാടു ഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്, വിശുദ്ധരുടെ കൈകളില്‍ ഒലിവുശാഖകളാണ് (വെളിപാട് 4, 9). അത് വിജയചിഹ്നമാണ്. അവര്‍ തങ്ങളെത്തന്നെ വിജയം വരിച്ചവരാണ്, ലോകത്തെയല്ല. അവര്‍ തിരഞ്ഞെടുത്ത വഴി ദൈവികപാതയാണ്. നാമും ആ വഴി തിരഞ്ഞെടുക്കേണ്ടതാണ്. അവര്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത് നാമും ആ വഴിതന്നെ തിരഞ്ഞെടുക്കണമെന്നാണ്.

ഭൂമിയെക്കാള്‍ സ്വര്‍ഗ്ഗത്തെ സ്നേഹിക്കുന്നവര്‍
ഇന്നാളില്‍ നമ്മോടുതന്നെ ചോദിക്കാം. നാം ഏതു വഴിയാണ് തേടുന്നത് - ദൈവത്തിന്‍റെയോ ലോകത്തിന്‍റെയോ? നാം ദൈവത്തിനായി ജീവിക്കുന്നോ, അതോ നമുക്കുവേണ്ടിയോ? നിത്യസൗഭാഗ്യത്തിനുവേണ്ടിയോ, അതോ താല്ക്കാലികമായ ചില നേട്ടങ്ങള്‍ക്കുവേണ്ടിയോ നാം ജീവിക്കുന്നത്? നാം ആഗ്രഹിക്കുന്നത് വിശുദ്ധിയാണോ, അതോ അപകീര്‍ത്തിയൊന്നുമില്ലാത്തതും, എല്ലാവരോടും ചിരിച്ചു കളിച്ചു നീങ്ങുന്ന ഉപരിപ്ലവമായ ജീവിതരീതിയാണോ? ദൈവം നമ്മോട് ആവശ്യപ്പെടുന്നത് സമ്പൂര്‍ണ്ണസമര്‍പ്പണമാണ്. നാം സൃഷ്ടിക്കപ്പെട്ടത് ആത്മീയ സന്തോഷത്തിന്‍റെ ജീവിത തിരഞ്ഞെടുപ്പിനാണ്. അതാണ് ദൈവം ആഗ്രഹിക്കുന്നത് (Guadete et Exultate 1). വിശുദ്ധരുടെ ഓര്‍മ്മ ഇന്ന് നമ്മെ വെല്ലുവിളിക്കുന്നത് വിശുദ്ധിക്കായുള്ള സമ്പൂര്‍ണ്ണ പാതയിലേയ്ക്കാണ്. കുറെ ഇതും, പിന്നെ അതും എന്നല്ല. കാരണം വിനയവും, കരുണയും, എളിമയും വിശുദ്ധിയുമുള്ള ദൈവം തന്നെയായ ക്രിസ്തുവിനെയാണ് നാം തിര‍ഞ്ഞെടുത്തത്. കാരണം ഭൂമിയെക്കാള്‍ സ്വര്‍ഗ്ഗത്തെ നാം ആര്‍ദ്രമായി സ്നേഹിക്കുന്നു.

ജന്മസാഫല്യത്തിന്‍റെ  തിരുനാള്‍
വീണ്ടും സുവിശേഷവചനം കേട്ടിരിക്കണം എന്നല്ല വിശുദ്ധാത്മാക്കളായ നമ്മുടെ സഹോദരങ്ങള്‍ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്. മറിച്ച്, വചനം ജീവിക്കാനും അഷ്ടഭാഗ്യങ്ങളുടെ വഴിയെ ചരിക്കാനുമാണ്. അനിതരസാധാരണമായ കാര്യങ്ങള്‍ ചെയ്യാനല്ല, മറിച്ച് അനുദിന ജീവിതത്തില്‍ നമ്മുടെ കുടുംബങ്ങളിലെയും സമൂഹത്തിലെയും പ്രവൃത്തികള്‍വഴി നാം സ്വര്‍ഗ്ഗീയ മാര്‍ഗ്ഗേ ചരിക്കണമെന്നാണ്. അങ്ങനെ ഇന്നു നാം നമ്മുടെ ഭാവിയിലേയ്ക്കുതന്നെ എത്തിനോക്കുകയാണ്. നമ്മുടെ ജന്മസാഫല്യങ്ങള്‍ക്കായുള്ള ഒരു തിരുനാളാണിത്. നാം ജനിച്ചത് ആത്മീയമായി പറഞ്ഞാല്‍, മരിക്കാതിരിക്കാനും ദൈവികാനന്ദം നിത്യമായി അനുഭവിക്കാനുമാണ്. സുവിശേഷഭാഗ്യങ്ങളുടെ വഴി സ്വീകരിക്കുന്നവരെ ദൈവം പ്രോത്സാഹിപ്പിക്കുന്നത്, “നിങ്ങള്‍ ആഹ്ലാദിച്ചാനന്ദിക്കുവന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും,” എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ്  (മത്തായി 5, 12).

ഉപസംഹാരം
ദൈവമാതാവും പുണ്യവാന്മാരുടെ രാജ്ഞിയും മോക്ഷത്തിന്‍റെ വാതിലുമായ പരിശുദ്ധ കന്യകാനാഥ വിശുദ്ധിയുടെ പാതയിലൂടെ ബോധ്യത്തോടെ ചരിക്കാന്‍ നമ്മെ സഹായിക്കട്ടെ! നമ്മുടെ പരേതരായ പ്രിയപ്പട്ടവരെ മോക്ഷരാജ്ഞി സ്വര്‍ഗ്ഗിയ കുടുംബത്തിലേയ്ക്ക് ആനയിക്കുകയും ചെയ്യട്ടെ! ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥനാസന്ദേശം ഉപസംഹരിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ കര്‍ത്താവിന്‍റെ മാലാഖ... എന്ന പ്രാര്‍ത്ഥനചൊല്ലി. എല്ലാവരെയും ആശീര്‍വ്വദിക്കുകയും ചെയ്തു.    

01 November 2018, 18:25