VATICAN-POPE-ANGELUS-ON 11TH NOVEMBER 2018 VATICAN-POPE-ANGELUS-ON 11TH NOVEMBER 2018 

ജീവിതം പ്രകടനപരതയുടെ മയിലാട്ടമാകരുത്!

നവംബര്‍ 11-Ɔο തിയതി ഞായറാഴ്ച വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നില്കിയ സന്ദേശത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ശബ്ദരേഖ - ത്രികാലപ്രാര്‍ത്ഥന 11-11-18

ഇറ്റലയില്‍ ശരത്ക്കാലത്തിന്‍റെ തണുപ്പ് ഊര്‍ന്നിറങ്ങിയ ദിവസമായിരുന്നെങ്കിലും സൂര്യന്‍ തെളിഞ്ഞുനിന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പാപ്പായെ ശ്രവിക്കാനുമായി പതിവിലും കൂടുതല്‍ ജനങ്ങള്‍ സമ്മേളിച്ചിരുന്നു. മദ്ധ്യാഹ്നം 12 മണി, അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു.  കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ ജനങ്ങളെ അഭിവാദ്യംചെയ്തു. എന്നിട്ട് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചു.

ഭണ്ഡാരത്തിന്നരികിലെ രണ്ടു കഥാപാത്രങ്ങള്‍
1 ഇന്നത്തെ സുവിശേഷഭാഗത്ത് വിശുദ്ധ മര്‍ക്കോസ് രണ്ടു വിപരീത സ്വഭാവങ്ങളുള്ള വ്യക്തിത്വങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ട് ക്രിസ്തുവിന്‍റെ ജരൂസലേം പ്രഭാഷണങ്ങളുടെ  നീണ്ട പരമ്പരയ്ക്ക് പരിസമാപ്തി കുറിക്കുകയാണ്. ഒരു നിയമജ്ഞനും വിധവയുമായിരുന്നു ആ രണ്ടു കഥാപാത്രങ്ങള്‍ (മത്തായി 12, 38-44). എന്തുകൊണ്ടാണ് അവര്‍ വിപരീത സ്വഭാവങ്ങളാകുന്നത്? നിയമജ്ഞന്‍ സമൂഹത്തിലെ സമ്പന്നരുടെ പ്രതിനിധിയാകുമ്പോള്‍, വിധവ നാട്ടിലെ പാവങ്ങളുടെ പ്രതീകമാണ്. യഥാര്‍ത്ഥത്തില്‍ നിയമജ്ഞരെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ നിശിതമായ വിമര്‍ശനങ്ങള്‍ സമൂഹത്തിലെ എല്ലാവരെയും സംബന്ധിക്കുന്നതല്ല. അത് ഒരു വിഭാഗത്തെ മാത്രം പ്രതിപാദിക്കുന്നതാണ്. സമൂഹത്തിലെ തങ്ങളുടെ സ്ഥാനവും അധികാരവും കെട്ടിച്ചമച്ച് നടക്കുന്നവരാണ് അവര്‍. റാബായ്, ഗുരു എന്നു വിളിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു. സമൂഹത്തിലെ പ്രമുഖ സ്ഥാനങ്ങള്‍ അവര്‍ പിടിച്ചുപറ്റുന്നു (38-39). അതായത് അവരുടെ ആത്മീയസ്ഥാനത്തെ വെല്ലുന്ന പ്രകടനങ്ങളാണ് അക്കൂട്ടര്‍ കാട്ടിക്കൂട്ടിയിരുന്നത്.

ഈശോ അത് വിശദമായി ചൂണ്ടിക്കാട്ടുന്നുണ്ട്. അവര്‍ നീണ്ടനേരം പ്രാര്‍ത്ഥിക്കുന്നു (40). പിന്നെ ദൈവത്തെ ഒരു നിയമപാലകനായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. എന്നിട്ട് ചെറുതും വലുതുമായ നിയമങ്ങള്‍ അവര്‍ ജനങ്ങള്‍ക്കായി സൃഷ്ടിച്ചെടുക്കുന്നു. ഇതിന്‍റെ മറവില്‍ പാവങ്ങളും ആശ്രിതരുമായ സാധാരണക്കാരോട് അവര്‍ പുച്ഛം നടിക്കുകയും, കാര്‍ക്കശ്യത്തോടെ പെരുമാറുകയും ചെയ്യുന്നു. അവര്‍ സ്വയം ന്യായീകരിക്കുകയും, ഒരു മേല്‍ക്കോയ്മ മനോഭാവം എപ്പോഴും വച്ചുപുലര്‍ത്തുകയും ചെയ്യുന്നു. പിന്നെ സുവിശേഷം പറയുന്ന വിധവയെപ്പോലുള്ള പാവങ്ങളെ അവര്‍ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്നു.

വഴിപിഴച്ച ജീവിതക്രമങ്ങള്‍
2. ക്രിസ്തു ഇന്നത്തെ വചനത്തിലൂടെ പുറത്തുകൊണ്ടുവരുന്നത് അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന ദേവാലയ അധികാരികളുമായി ബന്ധപ്പെട്ട ഒരു വഴിപിഴച്ച ജീവിതക്രമത്തെയാണ്. മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പട്ടിക നിരത്തി പാവങ്ങളെ ഞെരുക്കുന്ന അന്നത്തെ സാമുദായിക ചട്ടങ്ങളെ ക്രിസ്തു അപലപിക്കുന്നു. എന്നിട്ട് ദൈവം എളിയവരുടെ പക്ഷത്താണെന്ന് സ്ഥാപിക്കുന്നു. ഈ പാഠം തന്‍റെ ശിഷ്യന്മാരുടെ ജീവിതത്തില്‍ പതിപ്പിക്കാന്‍ ക്രിസ്തു വളരെ മനോഹരമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തില്‍ വരച്ചുകാട്ടുന്നത്. ഈ പാവം വിധവ... തന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭര്‍ത്താവില്ലാത്തൊരു സ്ത്രീ മനസാക്ഷിക്കുത്തില്ലാത്ത കുറെ സാമൂഹിക പ്രമാണിമാരാല്‍ വിമര്‍ശിക്കപ്പെടുന്നു. കാരണം സമുദായ പ്രമാണികള്‍ ഈ പാവങ്ങളുടെ കൈയ്യില്‍നിന്നുപോലും ദശാംശവും അക്കാലത്ത് സ്തോത്രക്കാഴ്ചകളും ഈടാക്കിയിരുന്നു.

തനിക്കുണ്ടായിരുന്ന രണ്ടു ചെറു ചെമ്പുനാണയങ്ങള്‍ നിക്ഷേപിക്കാന്‍ അതുകൊണ്ടാണ് ഒരു പാവം വിധവ ദേവാലയത്തില്‍ എത്തിയത്. തന്‍റെ കാണിക്ക തുച്ഛമായതിനാല്‍ അവള്‍ രഹസ്യമായിട്ടും, ഏറെ സങ്കോചത്തോടെയും, ആരും കാണാതെയുമാണ് അതു നിക്ഷേപിക്കാന്‍ ദേവാലയ ഭണ്ഡാരത്തെ സമീപിച്ചത്. എന്നാല്‍ ക്രിസ്തു അവളുടെ ബദ്ധപ്പാടു ശ്രദ്ധിക്കുന്നു. അവളുടെ എളിമയും ലാളിത്യവുമാര്‍ന്ന പ്രവൃത്തിയുടെ ആദ്ധ്യാത്മികത വിതുമ്പുന്ന ഉദാരതയെ ക്രിസ്തു പ്രശംസിക്കുന്നു. “അവള്‍ മറ്റാരെയും കാള്‍ അധികമായി നിക്ഷേപിച്ചിരിക്കുന്നു…” (43) തന്‍റെ ശിഷ്യരെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്വയാര്‍പ്പണത്തിന്‍റെ തിളക്കമാണ് ക്രിസ്തു  ആ പാവം വിധവയില്‍ ചൂണ്ടിക്കാട്ടിയത്.

ഉള്ളും ഉള്ളവും അറിയുന്നവന്‍
3. ജീവിതത്തില്‍ ശ്രേഷ്ഠമായത് എന്താണെന്ന പാഠം ഈശോ ഇവിടെ പകര്‍ന്നു നല്കുകയും അനുദിന ജീവിതത്തില്‍ ദൈവവുമായി ശരിയായ ബന്ധം വളര്‍ത്തിയെടുക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നമ്മുടെ മാനദണ്ഡങ്ങളില്‍നിന്നും വ്യത്യസ്ഥമാണ് ക്രിസ്തുവിന്‍റേത്! അവിടുന്നു വ്യക്തികളെയും അവരുടെ പ്രവൃത്തികളെയും വിലയിരുത്തുന്നത് ഏറെ വ്യത്യസ്തമായിട്ടാണ്. നമ്മുടെ ഹൃദയങ്ങളെ ദൈവം അറിയുന്നു, അതിന്‍റെ നിയോഗശുദ്ധിയും! പിന്നെ അവിടുന്ന് എല്ലാം കാണുന്നു!! അതിനാല്‍ നാം അന്യര്‍ക്കു ചെയ്യുന്ന ദാനവും നന്മയുമെല്ലാം അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും, കണക്കുകൂട്ടലുകളുടെ യുക്തിക്കും അതീതമായ ഔദാര്യത്തിന്‍റെ ഭാവം അണിയേണ്ടതാണ്. ഇതാണ് ക്രിസ്തു നമുക്കു കാണിച്ചു തരുന്ന ലാളിത്യമാര്‍ന്ന ഹൃദയവിശാലതയുടെ പാഠം. അവിടുന്നു സ്വയാര്‍പ്പണത്തിലൂടെ നമുക്കായി നേടിത്തന്ന രക്ഷ ദൈവികദാനമാണ്. അതിനു പ്രതിഫലമായി നാം ഒന്നും അവിടുത്തേയ്ക്കു നല്കുന്നില്ല. എന്നാല്‍ നമ്മുടെ ജീവിതങ്ങള്‍ പ്രതിനന്ദിയോടെ അവിടുത്തേയ്ക്കു സമര്‍പ്പിക്കാന്‍ കടപ്പെട്ടവരാണു മനുഷ്യരായ നാം ഓരോരുത്തരും.

ജീവിതം ഒരു മയിലാട്ടമോ?
ദരിദ്രയെങ്കിലും ഉദാരമതിയായ വിധവയെ ക്രിസ്തു ക്രൈസ്തവ ജീവിതത്തിനു മാതൃകയായി ഇന്നത്തെ സുവിശേഷഭാഗത്തു ചൂണ്ടിക്കാണിക്കുന്നു. ആര്‍ക്കും അനുകരണയീണമാണ് ആ പാവം സ്ത്രീയുടെ ജീവസമര്‍പ്പണം. തന്‍റെ ഇല്ലായ്മയില്‍ ദൈവത്തിനായി സ്വയം സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് അവള്‍ പ്രകടമാക്കിയത്! അവളുടെ പേരും ഊരുമൊന്നും ആര്‍ക്കും അറിയില്ലായിരുന്നു, എന്നിട്ടും ശുദ്ധമായ ഒരു ഹൃദയത്തിന്‍റെ ഉടമയെ അവളില്‍ ആര്‍ക്കും ദര്‍ശിക്കാം. അവള്‍ ഒരുനാള്‍ നിത്യതയില്‍ എത്തിച്ചേരുമെന്നത് ഉറപ്പാണ്. ദൈവസന്നിധിയില്‍ അവളെ കാണാന്‍ ഒരുനാള്‍ ഇടവരും. മറ്റുള്ളവരുടെ മുന്നില്‍ നാം ആളാകാനും നല്ലതു ചമയാനും ശ്രമിക്കുമ്പോള്‍, നമ്മുടെ ജീവിതം പ്രകടനപരതയുള്ളൊരു  “മൈയിലാട്ട”മായി മാറുകയാണെന്ന് പറയാന്‍ ഖേദമുണ്ട്. പാപ്പാ പ്രസ്താവിച്ചു. എന്നാല്‍ ഈ വിധവയെ ഓര്‍ത്താല്‍ നമ്മുടെ പൊള്ളയായ ജീവിതശൈലികള്‍ ഉപേക്ഷിക്കാനും, യഥാര്‍ത്ഥമായ ലാളിത്യത്തിന്‍റെയും എളിമയുടെയും ജീവിതത്തിലേയ്ക്കു തിരിയാനും നമുക്കു സാധിക്കും.

വിനയവതിയാം അംബികേ!
4 തന്നെത്തന്നെ ഒരു വിനയവതിയായി ദൈവത്തിനു സമര്‍പ്പിച്ചവളാണ് പരിശുദ്ധ കന്യകാനാഥ. അതുപോലെ ദൈവത്തിനും സഹോദരങ്ങള്‍ക്കുമായുള്ള നമ്മുടെ ജീവിതസമര്‍പ്പണത്തില്‍ എളിമയും ഉദാരതയും തരണമേയെന്ന് പരിശുദ്ധ അമ്മയോടു പ്രാര്‍ത്ഥിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2018, 18:30