തിരയുക

Vatican News
പാപ്പാ ഫ്രാന്‍സിസ് കുട്ടികളുടെ കല്ലറയില്‍ - റോമിലെ ലൗറെന്തീനോ സെമിത്തേരി പാപ്പാ ഫ്രാന്‍സിസ് കുട്ടികളുടെ കല്ലറയില്‍ - റോമിലെ ലൗറെന്തീനോ സെമിത്തേരി  (Vatican Media)

പരേതാത്മാക്കളുടെ അനുസ്മരണം പുനരുത്ഥാനത്തിലുള്ള വിശ്വാസ നവീകരണം

പരേതരുടെ കല്ലറകള്‍ ആശീര്‍വ്വദിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ഉരുവിട്ട പ്രാര്‍ത്ഥനയില്‍നിന്നും എടുത്ത ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

നവംബര്‍ 2 വെള്ളിയാഴ്ച  -   സകല പരേതാത്മാക്കളുടെയും അനുസ്മരണദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് റോമാ നഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ലൗറന്തീനോ സിമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിയുടെ അന്ത്യത്തില്‍ പരേതരുടെ കല്ലറകള്‍ ആശീര്‍വ്വദിക്കുന്ന പ്രാര്‍ത്ഥനയിലാണ് പാപ്പാ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലുള്ള വിശ്വാസ നവീകരണമായി സകല ആത്മാക്കളുടെ അനുസ്മരണത്തെ വിശേഷിപ്പിച്ചത്.

പ്രത്യാശയുള്ളവരുടെ പ്രതിസമ്മാനം
ക്രിസ്തു മരിച്ച് അടക്കപ്പെട്ടുവെങ്കിലും അവിടുന്ന് മനുഷ്യരക്ഷയ്ക്കായി ഉത്ഥാനംചെയ്തു. മനുഷ്യരുടെ ദുര്‍ബലവും നശ്വരവുമായ ശരീരങ്ങള്‍ മരണംവഴി അന്ത്യത്തില്‍ എത്തുമെങ്കിലും ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിച്ചു ജീവിക്കുന്നവര്‍ അവിടുത്തെ പുനരുത്ഥാനത്തിന്‍റെ അനശ്വരതയില്‍ പങ്കുചേരും. ഈ ഉറപ്പോടെയാണ് വിശ്വാസികള്‍ പരേതരുടെ അനുസ്മരണത്തില്‍ സ്വര്‍ഗ്ഗീയ പിതാവിങ്കല്‍ പ്രത്യാശയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതും സഹായത്തിനായി കേഴുന്നതും.

പുനര്‍ജനിക്കുന്ന പ്രത്യാശ
പിതാവായ ദൈവം തന്‍റെ കരുണാര്‍ദ്രമായ സ്നേഹത്തില്‍ മനുഷ്യഹൃദയങ്ങളില്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലുള്ള സജീവമായ പ്രത്യാശ പരേതരുടെ അനുസ്മരണനാളില്‍ പുനര്‍ജനിപ്പിക്കുന്നു.  അതുവഴി ജീര്‍ണ്ണിക്കാത്തതും അലിഞ്ഞുപോകാത്തതുമായ ജീവന്‍റെ പ്രത്യാശയാണ് ദൈവം മനഷ്യര്‍ക്കു നല്കുന്നത്. അതിനാല്‍ പരേതരായ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള മനുഷ്യമക്കളുടെ പ്രാര്‍ത്ഥന ദൈവം കാരുണ്യത്തില്‍ ശ്രവിച്ച്, സ്വര്‍ഗ്ഗീയ ജരൂസലേമിലെ മഹത്വമാര്‍ന്ന സമൂഹത്തില്‍ നമ്മുടെ പരേതരായ പ്രിയപ്പെട്ടവരെ സ്വീകരിക്കും.

മറിയം പ്രത്യാശയുടെ പ്രതീകം 
മാനിവികതയുടെ വിശ്വാസത്തിന്‍റെ ചക്രവാളത്തില്‍ പ്രത്യാശയെ പ്രോജ്ജ്വലിപ്പിക്കുന്ന പ്രകാശപൂര്‍ണ്ണമായ അടയാളവും മനുഷ്യമക്കള്‍ക്കായ് തന്‍റെ തിരുക്കുമാരനോടും സ്വര്‍ഗ്ഗീയ പിതാവിനോടും മദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്ന സ്നേഹമുള്ള അമ്മയുമാണ് പരിശുദ്ധ കന്യകാമറിയം. ഒളിമങ്ങാത്ത ആനന്ദമായ ദൈവത്തിങ്കലേയ്ക്കുള്ള സഭാമക്കളുടെ ഭൂമിയിലെ വിശ്വാസത്തിന്‍റെ പ്രയാണ പാതയില്‍നിന്നും ഒന്നും വേര്‍പെടുത്താതിരിക്കട്ടെ! പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന ഉപസംഹരിച്ചു.

തുടര്‍ന്ന് ധൂപാര്‍ച്ചന നടത്തിയും, തീര്‍ത്ഥം തളിച്ചും പരേതരുടെ കുഴിമാടങ്ങള്‍ പാപ്പാ ആശീര്‍വ്വദിച്ചു.

02 November 2018, 19:00