മഡഗാസ്ക്കറിലെ യുവജനങ്ങള്‍ക്കൊരു വീഡിയോ മഡഗാസ്ക്കറിലെ യുവജനങ്ങള്‍ക്കൊരു വീഡിയോ 

സഭയോടു ചേര്‍ന്നുനില്ക്കാം : അതു സമാശ്വാസത്തിന്‍റെ കുടുംബം

കിഴക്കെ ആഫ്രിക്കയിലെ ദ്വീപുരാജ്യമായ മഡഗാസ്ക്കറില്‍ സമ്മേളിച്ച ദേശീയ കത്തോലിക്കാ യുവജനസംഗമത്തിന് ഒക്ടോബര്‍ 14-Ɔο തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് അയച്ച വീഡിയോ സന്ദേശത്തിലെ ചിലചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു. മയാംഗാ നഗരത്തില്‍ ഒക്ടോബര്‍ 8-ന് ആരംഭിച്ച യുവജനങ്ങളുടെ ദേശീയ കൂട്ടായ്മ 14-Ɔο തിയതി ഞായറാഴ്ച സമാപിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സഭ സമാശ്വാസത്തിന്‍റെ കുടുംബം
സഭയോടു ചേര്‍ന്നു നില്ക്കാം. അത് സാന്ത്വനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും കുടുംബമാണ്. യുവജനങ്ങള്‍ ഒറ്റയ്ക്കാണെന്നു കരുതരുത്. വലിയ കുടുംബമായ സഭ സമാശ്വാസവും സാന്ത്വനവും സഹായവുമായി നിങ്ങളുടെ കൂടെയുണ്ടാകും. ഇടവകകളിലും യുവജന പ്രസ്ഥാനങ്ങളിലും, പ്രാര്‍ത്ഥനാക്കൂട്ടായ്മയിലും, കൂദാശകളിലും, അജപാലകരിലും സഹോദരങ്ങളിലും യുവജനങ്ങള്‍ ഒരു കൂട്ടുചേരല്‍ കണ്ടെത്തണമെന്ന് പാപ്പാ യുവജനങ്ങളോട് ആഹ്വാനംചെയ്തു.

വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനം യുവജനങ്ങളെ സംബന്ധിക്കുന്നതും അവരുടെ ജീവിത തിരഞ്ഞെടുപ്പുകളെക്കുറിച്ചു പഠിക്കുന്നതുമാണ്.  സിനഡിലെ ഓരോ പിതാക്കന്മാരുടെയും തന്‍റെയും ഹൃദയത്തില്‍ യുവജനങ്ങള്‍ നിറഞ്ഞുനില്ക്കുന്ന സമയമാണിതെന്നും പാപ്പാ പ്രസ്താവിച്ചു.

ജീവിതവ്യഥകള്‍ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം
“മറിയമേ, ഭയപ്പെടേണ്ട! ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു!” (ലൂക്ക 1, 30). ദൈവദൂതന്‍ മറിയത്തോടു പറഞ്ഞ ഈ വാക്കുകള്‍ ഓരോ യുവാവിനും യുവതിക്കുമുള്ളതാണ്. സ്നേഹത്തോടും കരുണയോടുംകൂടെ മറിയത്തെ കടാക്ഷിച്ച ദൈവം, യുവജനങ്ങളെ ഓരോരുത്തരെയും ഇന്നു കടാക്ഷിക്കുന്നു. നമ്മുടെ ഭീതിയും ആശങ്കയും ബലഹീനതകളുമെല്ലാം ദൈവത്തിന് അറിയാം. ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ല. മറിയത്തെപ്പോലെ നാമും ജീവിതവ്യഥകളും പദ്ധതികളും, അതിനാല്‍ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു ജീവിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ദൈവകൃപയോടു പ്രത്യുത്തരിക്കാം
ദൈവകൃപയെക്കുറിച്ച് മനുഷ്യന്‍ മറന്നുപോകാനും, അതിനെ അവഗണിക്കാനും സാദ്ധ്യതയുണ്ട്. മനുഷ്യര്‍ മറന്നുപോവുകയോ അവഗണിക്കുകയോ ചെയ്യുന്നൊരു നിധിയാണ് ദൈവകൃപ. ദൈവം നമ്മുടെമേല്‍ ഒന്നും അടിച്ചേല്പിക്കുന്നില്ല. മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ അല്പം സമയമെടുത്താല്‍ ദൈവിക ക്ഷണം എന്താണെന്നും എന്തിനാണെന്നും കണ്ടെത്താനും, അതിനു കാതോര്‍ക്കാനും സാധിക്കും. ഹൃദയംതുറന്ന് ഔദാര്യത്തോടെ നാം ദൈവകൃപയോടു പ്രതികരിക്കണം. പാപ്പാ വ്യക്തമാക്കി. യേശുവിന്‍റെ വിളിയോടും ദൈവകൃപയോടും പ്രതികരിക്കുന്നതില്‍ ലഭിക്കുന്ന ആനന്ദം വലുതാണ്. ക്രിസ്തുവിനെ അനുഗമിച്ചിട്ടുള്ള ധാരാളം യുവതീയുവാക്കള്‍, വൈദികരും സന്ന്യസ്തരും അതു സാക്ഷ്യപ്പെടുത്തും. ക്രിസ്തുവിന് നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്കാനാകും. തനിക്കുവേണ്ടിയും വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ മെത്രാന്മാര്‍ക്കുവേണ്ടിയും യുവജനപ്രതിനിധികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറുന്നുപോകരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

ലോക യുവജനസംഗമത്തിന് ഒരുക്കം
“മറിയമേ, ഭയപ്പെടേണ്ട! ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു!” (ലൂക്ക 1, 30).  ഈ ആപ്തവാക്യവുമായിട്ടാണ് ദേശീയ യുവജനസംഗമം, “മാഡാ 9” എന്ന പേരില്‍ മയാംഗാ നഗരത്തില്‍ സമ്മേളിച്ചത്. 2019 ജനുവരിയില്‍ തെക്കെ അമേരിക്കിയിലെ പനാമ നഗരം ആതിഥ്യം നല്കുന്ന ആഗോള യുവജനോത്സവത്തിന് ഒരുക്കമായും, വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്ന ഒരുമാസം നീളുന്ന യുവജനങ്ങള്‍ക്കായുള്ള മെത്രന്മാരുടെ സാധാരണ സിനഡു സമ്മേളനത്തിനു പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് മഡഗാസ്ക്കറിലെ യുവജനങ്ങള്‍ മയാംഗ നഗരത്തില്‍ സമ്മേളിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2018, 11:14