തിരയുക

Vatican News
കര്‍ദ്ദിനാള്‍ മാര്‍ക് ക്വേലെ വാര്‍ത്താസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ക് ക്വേലെ വാര്‍ത്താസമ്മേളനത്തില്‍ 

പാപ്പാ രാജിവയ്ക്കണമെന്ന അഭ്യര്‍ത്ഥനയ്ക്ക് ഒരു തുറന്ന മറുപടി

പാപ്പാ ഫ്രാന്‍സിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയ വിശ്രമജീവിതം നയിക്കുന്ന ഇറ്റലിക്കാരന്‍ മെത്രാപ്പോലീത്ത, കാര്‍ളോ മരിയ വിഗനോയ്ക്ക് വത്തിക്കാന്‍ അയച്ച തുറന്ന കത്ത്. ആര്‍ച്ചുബിഷപ്പ് വിഗനോ അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതിയായിട്ടാണ് വിരമിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രതികാരം പാപ്പാ ഫ്രാന്‍സിസിന് എതിരെ!
റിട്ടയര്‍ഡ് ആര്‍ച്ചുബിഷപ്പ് വിഗനോ സഭയ്ക്കും പാപ്പാ ഫ്രാന്‍സിസിനും എതിരായി പ്രസ്താവന ഇറക്കിയത് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ ആഗോളകുടുംബ സംഗമം നടക്കുകയും, പാപ്പാ ഫ്രാന്‍സിസ് അതില്‍ കുടുംബങ്ങള്‍ക്കൊപ്പം സജീവമായി പങ്കെടുക്കുകയുംചെയ്ത ആഗസ്റ്റ് 25, 26 തിയതികളിലായിരുന്നു. മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Bishops) പ്രീഫെക്ട്, കര്‍ദ്ദിനാള്‍ മാര്‍ക് ക്വേലെ അതിനു മറുപടിയായി ഒക്ടോബര്‍ 7-Ɔο തിയതി ഞായറാഴ്ച പ്രസിദ്ധപ്പെടുത്തിയ തുറന്നകത്തിന്‍റെ (An Open Letter) ഉള്ളടക്കം താഴെ ചേര്‍ക്കുന്നു.

കുട്ടികളുടെ ലൈംഗികപീഡനക്കേസില്‍ ആരോപിതനായ അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് തിയദോര്‍ മക്കാരിക്കിനെ പാപ്പാ ഫ്രാന്‍സിസ് പിന്‍തുണച്ചു എന്ന വ്യാജാരോപണവുമായിട്ടാണ് വത്തിക്കാന്‍റെ നയതന്ത്രജ്ഞനായി ന്യൂയോര്‍ക്കില്‍ സേവനംചെയ്തിരുന്ന ആര്‍ച്ചുബിഷപ്പ് വിഗനോ പാപ്പാ ഫ്രാന്‍സിസിനും വത്തിക്കാനും എതിരായി ലോകമാധ്യമങ്ങളില്‍ ആഗസ്റ്റു മാസത്തില്‍ പ്രസ്താവന ഇറക്കിയത്.

സ്വന്തം ജീവിതത്തിലെ അസംതൃപ്തിയുടെ വാള്‍...!
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ അഭ്യാന്തര കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായി സേവനംചെയ്യവെ 2009-ലാണ് അമേരിക്കയിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതിയായി മുന്‍പാപ്പാ ബെനഡിക്ട് 16-മന്‍ ആര്‍ച്ചുബിഷപ്പ് വിഗനോയെ നിയമിച്ചത്. നിയമനത്തില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു. 10 വര്‍ഷത്തോളം അമേരിക്കയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി ജോലിചെയ്ത വിഗനോ വിരമിച്ചതില്‍പ്പിന്നെ സഭയ്ക്കെതിരെ വാളെടുത്തത് വളരെ വിചിത്രമായെന്ന് മെത്രാന്മാരുടെ നിയമനത്തിന്‍റെയും മറ്റും ഉത്തരവാദിത്ത്വമുള്ള കര്‍ദ്ദിനാള്‍ മാര്‍ക് ക്വേലെ തന്‍റെ തുറന്നകത്തില്‍ പ്രസ്താവിക്കുന്നു.

സഭ ഒരിക്കലും കൂട്ടുനില്ക്കാത്ത കേസുകള്‍
ന്യൂയോര്‍ക്ക് അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും പ്രായപരിധിയെത്തി വിരമിച്ച കര്‍ദ്ദിനാള്‍ മക്കാരിക്കിന്‍റെ മോശമായ പെരുമാറ്റരീതിയെക്കുറിച്ച് അറിഞ്ഞമാത്രയില്‍ മെത്രാന്മാര്‍ക്കുള്ള വത്തിക്കാന്‍റെ വകുപ്പ് 2013-ല്‍ത്തന്നെ പ്രത്യേക അന്വേഷണം നടത്തുകയുണ്‌ടായി. അക്കാര്യങ്ങള്‍ രേഖാപരമായി പാപ്പാ ഫ്രാന്‍സിസിന്‍റെ അനുമതിയോടെ അറിയക്കേണ്ടവരെ, വത്തിക്കാന്‍റെ അമേരിക്കയിലെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് വിഗനോ ഉള്‍പ്പെടെയുള്ളവരെ തക്കസമയത്ത് അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കുട്ടികളുടെ ലൈംഗിക പീഡനം സംബന്ധിച്ച് കര്‍ദ്ദിനാള്‍ മക്കാരിക്കിന് എതിരെ ഉയര്‍ന്ന പരാതികള്‍ക്ക് വത്തിക്കാന്‍ സ്വീകരിച്ചിട്ടുള്ള ശിക്ഷണനടപടികള്‍ വത്തിക്കാന്‍റെ നയതന്ത്രജ്ഞനായിരുന്ന വിഗനോ നിഷേധിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന് എതിരെ ആരോപണം ഉന്നയിച്ചത്, പ്രായപരിധി 75 വയസ്സെത്തി വിരമിച്ച ഉടനെയാണ്. കുട്ടികളുടെ ലൈംഗിക പീഡനക്കേസില്‍ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ മക്കാരിക്കിനെ പിന്‍തുണയ്ക്കുന്നതായിട്ടാണ് വിഗനോ വളരെ സംഘടിതമായി ലോകമെമ്പാടും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. ഇത് മനസ്സിലാക്കാനാവാത്തതും ഏറെ നിന്ദ്യവുമായ കെട്ടിച്ചമച്ച വസ്തുതയാണെന്ന് ആര്‍ച്ചുബിഷപ്പ് ക്വേലെ കത്തില്‍ കുറ്റപ്പെടുത്തി. മക്കാരിക്ക് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് അതിരൂപത നടത്തിയ തുടര്‍ച്ചയായ തെളിവെടുപ്പില്‍നിന്നും സ്ഥീകരിക്കപ്പെട്ടതില്‍പ്പിന്നെ മാത്രമാണ് മറ്റു ശിക്ഷണനടപടികള്‍ സ്വീകരിക്കാന്‍ വത്തിക്കാനു സാധിച്ചത്. അതുവഴിയുണ്ടായ കാലതാമസം സാമാന്യബുദ്ധിയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. കര്‍ദ്ദിനാള്‍ ക്വേലെ വ്യക്തമാക്കി.

വിഗനോയുടെ  വ്യാജാരോപണം
കര്‍ദ്ദിനാള്‍ വിഗനോ ജോലിചെയ്തിരുന്നത് വത്തിക്കാന്‍റെ സ്ഥാനപതി മന്ദിരം അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയുടെ പരിധിയിലാണ്. അവിടത്തെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ മക്കാരിക്കിന്‍റെ ലൈംഗികപീഡനക്കേസിന്‍റെ ചുവടുപിടിച്ച്, ആഗോളസഭയുടെ പരമാദ്ധ്യക്ഷനും തന്‍റെ മേലധികാരിയുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ ധാര്‍മ്മികതയെ ചോദ്യംചെയ്യാനും, അദ്ദേഹം രാജിവയ്ക്കണം എന്നും പറയാനുള്ള കാര്‍ളോ വിഗനോയുടെ ലാഘവത്തോടെയുള്ള പ്രസ്താവന പാപ്പാ ഫ്രാന്‍സിസ് ഒരിക്കലും അര്‍ഹിക്കാത്തതും ആരും സമ്മതിക്കാത്തതും, ഏറെ അരോചകവുമായ വിധി പ്രസ്താവനയായി കര്‍ദ്ദിനാല്‍ ക്വേലെ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിഗനോയുടെ നിരാശയും വിഭ്രാന്തിയും
വ്യക്തിയുടെ സ്ഥാനനഷ്ടങ്ങളില്‍നിന്നും ഉയരുന്ന നിരാശയുടെ വേദനയും വെറുപ്പും മാനുഷികമെന്ന് മനസ്സിലാക്കാമെങ്കിലും, അത് തന്‍റെതന്നെ മേലധികാരിയും ക്രിസ്തുവിന്‍റെ വികാരിയുമായ പാപ്പായ്ക്കെതിരെ ഉപയോഗിച്ചതിനും, സഭാശരീരത്തെ മുറിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനും പിന്നിലെ ശക്തിയും ലക്ഷ്യവും ഒരിക്കലും ദൈവാത്മാവില്‍നിന്നുള്ളതല്ലെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ ആഗോള സഭാകൂട്ടായ്മയുടെ മൂര്‍ത്തരൂപവും പത്രോസിന്‍റെ പിന്‍ഗാമിയുമായ പാപ്പായോടുള്ള വിഗനോയുടെ വിധേയത്ത്വവും കൂട്ടായ്മയും പുനര്‍പരിശോധിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ക്വേലെ ഭവ്യതയോടെയും സാഹോദര്യഭാവേനയും കത്തില്‍ പറയുന്നുണ്ട്.

വിഗനോയുടെ മോഹഭംഗങ്ങള്‍
സഭാസേവന വഴികളില്‍ വിഗനോയ്ക്ക് ഉണ്ടായിട്ടുള്ള അധികാര മോഹഭംഗങ്ങള്‍ കയ്പ്പേറിയ നിരാശയും വേദനയുമായി മാറിയിട്ടുണ്ടാകാം. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ പൗരോഹിത്യത്തെപ്പോലും വെല്ലുവിളിക്കുകയും അപകടപ്പെടുത്തുകയുംചെയ്യുന്ന ഉതപ്പായൊരു പ്രതികാരമായി തലപൊക്കിയത് ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ വ്രണപ്പെടുത്തുണ്ട്. മാത്രമല്ല അത് അദ്ദേഹം നന്നായി ശുശ്രൂഷിച്ചു എന്നു സ്വയം പ്രസ്താവിക്കുന്ന സഭയിലെ ദൈവജനങ്ങളുടെ മനസ്സുകളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കിയിട്ടുണ്ട്. അനുദിനം കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ പങ്കുചേരുകയും അവിടെ പാപ്പാ ഫ്രാന്‍സിസിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുന്നൊരാള്‍ക്ക് എങ്ങനെ ഇത്രയേറെ പ്രതികാരത്തില്‍ ജീവിക്കാനാവും!? അതിനാല്‍ നിഗൂഢമായ രീതികള്‍ വെടിഞ്ഞ് തുറവിന്‍റെയും മാനസാന്തരത്തിന്‍റെയും ക്രിസ്തീയ രീതിയല്‍ അനുരജ്ഞനപ്പെടാന്‍ ശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ ക്വേലെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

പാപ്പാ ഫ്രാന്‍സിസ് ദൈവികകാരുണ്യത്തിന്‍റെ വക്താവ്
ജീവിതകാലമൊക്കെയും പാവങ്ങളുടെ പക്ഷംചേര്‍ന്നും, അവര്‍ക്കുവേണ്ടി കാരുണ്യത്തിന്‍റെ വിരുന്നൊരുക്കിയും ജീവിക്കുന്ന പ്രാര്‍ത്ഥനയുടെ ഒരു മനുഷ്യനെ അധിക്ഷേപിക്കാന്‍ പണവും അധികാരവും മോഹിക്കുന്ന ഒരു വ്യക്തി ധൈര്യപ്പെട്ടതിലുള്ള ഖേദം കര്‍ദ്ദിനാള്‍ ക്വേലെ വാക്കുകളില്‍ പ്രകടമാക്കുന്നു. പാപ്പാ ഫ്രാന്‍സിസ് ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ക്രൈസ്തവരെ മാത്രമല്ല, രാഷ്ട്രങ്ങളുടെയും മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും അതിരുകള്‍ക്ക് അതീതമാണ്. അതിനാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മേല്‍ കുറ്റമാരോപിച്ചുകൊണ്ട് സഭയ്ക്കെതിരെ പ്രതികാരമെടുക്കാനുള്ള നീക്കങ്ങള്‍ അനീതിയും ന്യായീകരിക്കാനാവാത്തതുമാണ് പ്രിയപ്പെട്ട വിഗനോ, എന്ന് സാഹോദര്യത്തിന്‍റെ ഭാഷയില്‍ നീണ്ടകത്തിന്‍റെ അവസാനഭാഗത്ത് കര്‍ദ്ദിനാള്‍ ക്വേലെ അഭിസംബോധനചെയ്യുന്നു. ഇത് സഭാക്കൂട്ടായ്മയെ ഏറെ മുറിപ്പെടുത്തുന്നതാണെന്നും കര്‍ദ്ദിനാള്‍ ക്വേലെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.

അനീതിക്ക് ദൈവത്തോടു മാപ്പിരക്കാം!
ദൈവത്തോടാണ് നാം ഈ അനീതിക്ക് മാപ്പിരക്കേണ്ടത്. ദൈവകൃപയാല്‍ പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയുടെ കാരുണ്യത്തിന്‍റെ ഇടയനായും, സ്നേഹമുള്ള പിതാവായും, കാലഘട്ടത്തിന്‍റെ സിദ്ധിയുള്ള പ്രവാചകനായും തുടരുകതന്നെ ചെയ്യും! ദൈവജനത്തിന്‍റെ അനുദിനമുള്ള മുട്ടിപ്പായ പ്രാര്‍ത്ഥനയുടെ പിന്‍തുണ അദ്ദേഹത്തിന് ഏറെ കരുത്തുനല്ക്കുകയും ചെയ്യുന്നു!

ഈ വാക്കുകളോടെയാണ് ജപമാലരാഞ്ജിയുടെ അനുസ്മരണനാളില്‍ ഒകോടോബര്‍ 7, ഞായറാഴ്ച പ്രസിദ്ധപ്പെടുത്തിയ കത്ത് കര്‍ദ്ദിനാള്‍ മാര്‍ക് ക്വേലെ ഉപസംഹരിച്ചത്.

08 October 2018, 19:51