ഫ്രാന്‍സീസ് പാപ്പാ, സ്ലൊവാക്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ സംബോധന ചെയ്യുന്നു,  വത്തിക്കാനില്‍ , പോള്‍ ആറാമന്‍ ശാലയില്‍ 06-10-18 ഫ്രാന്‍സീസ് പാപ്പാ, സ്ലൊവാക്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ സംബോധന ചെയ്യുന്നു, വത്തിക്കാനില്‍ , പോള്‍ ആറാമന്‍ ശാലയില്‍ 06-10-18 

ലൗകികതയുടെയും കാലഹരണപ്പെട്ട ശൈലീശൈലങ്ങളുടെയും പ്രലോഭനം

സഭാജീവിതത്തിന്‍റെ വൈവിധ്യങ്ങളുടെ മനോഹാരിതയുടെ ആവിഷ്ക്കാരമാണ് സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയെന്ന് മാര്‍പ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്ന് വൈദികരും വൈദികാര്‍ത്ഥികളും പരസ്പര വിരുദ്ധങ്ങളായ രണ്ടു പ്രവണതകളായ മതനിരപേക്ഷതയാലും കാലഹരണപ്പെട്ട ശൈലികളുടെ കോട്ടയാലും പ്രലോഭിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടെന്ന് മാര്‍പ്പാപ്പാ.

സഭാപരമായ സ്വന്തം ദൗത്യം ശരിയായരീതിയില്‍ മനസ്സിലാക്കാന്‍ അനുവദിക്കാത്തതും വന്ധ്യമായ ഒരു പൗരോഹിത്യത്തിലേക്കു നയിക്കുന്നതും സുവിശേഷത്തിന് അനുയോജ്യമല്ലാത്തതുമാണ് ഈ ശൈലികളെന്നും പാപ്പാ പറഞ്ഞു.

സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്ക രൂപതയായ പ്രെസോവിന്‍റെ ഇരുനൂറാം സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് എത്തിയ തീര്‍ത്ഥാടകരുടെ 1300 ഓളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (06/10/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാസഭയിലെ വിവാഹിതരും അവിവാഹിതരുമായ വൈദികരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ വിവാഹിതരായ വൈദികരുടെ കുടുംബങ്ങള്‍ ഏകുന്ന സാക്ഷ്യത്തെ ശ്ലാഘിച്ചു.

കുടുംബമെന്ന ആശയം പ്രത്യക്ഷമായി ആക്രമിക്കപ്പെട്ടില്ലെങ്കില്‍ തന്നെയും തര്‍ക്കവിഷയമായി മാറിയിരിക്കുന്ന ഇന്ന് വൈദികരുടെ കുടുംബങ്ങള്‍ സവിശേഷമായ ഒരു ദൗത്യമാണ് ജീവിക്കുന്നതെന്ന് പ്രസ്താവിച്ചു.

സഭാജീവിതത്തിന്‍റെ വൈവിധ്യങ്ങളുടെ മനോഹാരിതയുടെ ആവിഷ്ക്കാരമാണ് സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയെന്നും ഈ വൈവിധ്യങ്ങള്‍ സഭയുടെ ഐക്യത്തെ ഹനിക്കുന്നില്ല എന്നു മാത്രമല്ല അതിനെ അനാവരണം ചെയ്യുകയും ചെയ്യുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

യുറോപ്പു ഭൂഖണ്ഡത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ യൂറോപ്പിന്‍റെ തനതായ വേരുകളും വിളിയും വീണ്ടും കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

മനുഷ്യ ജീവിതത്തിന്‍റെ എല്ലാ അവസ്ഥകളിലും എല്ലാ ഘട്ടങ്ങളിലും മാനവാന്തസ്സ് പൂര്‍ണ്ണമായി ആദരിക്കുന്നതായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഉറപ്പുള്ള വൃക്ഷങ്ങള്‍ ക്രീസ്തീയ വേരുകളില്‍ നിന്ന് വളര്‍ന്നു വരാതിരിക്കാനാകില്ലയെന്നും പാപ്പാ പറഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2018, 12:49