തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, സ്കലബ്രീനിയന്‍ സമൂഹത്തിന്‍റെ ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ 29-10-18 ഫ്രാന്‍സീസ് പാപ്പാ, സ്കലബ്രീനിയന്‍ സമൂഹത്തിന്‍റെ ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ 29-10-18  (Vatican Media)

"കുടിയേറ്റക്കാരോടൊപ്പം, കുടിയേറ്റക്കാരായി" -സ്കലബ്രീനിയന്‍ സമൂഹം

കുടിയേറ്റത്തില്‍ “സംഘാതാത്മകത” ദൃശ്യമാണെന്ന് മാര്‍പ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുസ്ഥിതിയുടെതായ ഒരു സമൂഹത്തിലേക്ക് കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുക എന്ന കടമയെക്കുറിച്ച് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

“സുസ്ഥിതിയുടെ സമൂഹം” ഇന്നു ജീവിക്കുന്നത് ജനസംഖ്യാപരമായ ശിശിരകാലത്തിന്‍റെയും വാതിലുകള്‍ അടച്ചിടലിന്‍റെയുമായ ഒരു കാലഘട്ടം ആണെന്ന് പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

സ്കലബ്രീനിയന്‍സ്, അഥവാ, വിശുദ്ധ ചാള്‍സിന്‍റെ പ്രേഷിതര്‍ എന്ന സമൂഹത്തിന്‍റെ  പൊതുസംഘത്തില്‍ (ജനറല്‍ ചാപ്റ്റര്‍) സംബന്ധിക്കുന്ന 45 പേരടങ്ങിയ സംഘത്തെ തിങ്കളാഴ്ച (29/10/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ.

ഈ കൂടിക്കാഴ്ചാവേളയില്‍ ഈ പ്രേഷിതര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു പാപ്പായുടെ വിചിന്തനം. എന്നാല്‍ താന്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയിരുന്ന പ്രഭാഷണം പാപ്പാ അവര്‍ക്ക് വരമൊഴിയായി നല്കുകയും ചെയ്തു.

കുടിയേറ്റത്തിന്‍റെ സാമൂഹ്യമാനം

കുടിയേറ്റത്തിന്‍റെ സവിശേഷതയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കുടിയേറ്റത്തില്‍ “സംഘാതാത്മകത” ദൃശ്യമാണെന്ന് വിശദീകരിച്ചു.

കുടിയേറുന്ന വ്യക്തി സദാ സംഘമായി സഞ്ചരിക്കാനാണ് ശ്രമിക്കുകയെന്നും അങ്ങനെ കുടിയേറ്റ സമൂഹം രൂപംകൊള്ളുന്നുവെന്നും പാപ്പാ പറഞ്ഞു.

തിരസ്കരണത്തിന്‍റെയും മനുഷ്യക്കടത്തിന്‍റെയും ചൂഷണത്തിന്‍റെയുമായ നിരവധിയായ അവസ്ഥകളില്‍ പരദേശിയെ സ്വാഗതംചെയ്യാന്‍ സഹായിക്കാനും പഠിപ്പിക്കാനും സ്കലബ്രീനിയന്‍ സമൂഹം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഈ സമൂഹം കുടിയേറ്റക്കാരെ സഹായിക്കുന്നതിനു നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ദൈവത്തോടു വിശ്വസ്തരായിരിക്കുകയെന്നതിനെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.

വൃദ്ധജനത്തെ സ്നേഹിക്കുക

ദൈവത്തോടു വിശ്വസ്തത പുലര്‍ത്തുന്ന ജനം മാതാപിതാക്കളെ സ്നേഹിക്കും, പ്രായാധിക്യത്തിലെത്തിയവരെ സ്നേഹിക്കും എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ പ്രായം ചെന്നവരെ വെറും പാഴ്വസ്തുക്കളായി കണക്കാക്കുന്ന സംസ്കൃതി ഇന്നത്തെ സമൂഹത്തില്‍ പ്രബലപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ചു സൂചിപ്പിച്ചു.

ഇത് ദയാവധത്തിന്‍റെ വിവിധരൂപങ്ങള്‍ സ്വീകരിക്കുന്നതും പാപ്പാ ചൂണ്ടിക്കാട്ടി. ഉചിതമായ മരുന്നു നല്കാതിരിക്കുക, ഔഷധം വിലയേറിയതാണെങ്കില്‍ അത് കുറച്ചു മാത്രം നല്കുക, അങ്ങനെ രോഗിയുടെ മരണം നേരത്തെയാക്കുക തുടങ്ങിയവ പാപ്പാ ഉദാഹരണമായി എടുത്തുകാട്ടി.

സ്കലബ്രീനിയന്‍ സമൂഹം

ഇറ്റലിയിലെ പ്യചേന്‍സ രൂപതയുടെ മെത്രാനായിരുന്ന, വാഴ്ത്തപ്പെട്ട ജൊവാന്നി ബാത്തിസ്ത സ്കലബ്രീനി 1887 നവമ്പര്‍ 28 ന് സ്ഥാപിച്ച സ്കലബ്രീനിയന്‍ സമൂഹത്തിന്‍റെ പ്രവര്‍ത്തനം പ്രധാനമായും അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സഹായിക്കുകയാണ്.

പഞ്ചഭൂഖണ്ഡങ്ങളിലായി 32 രാജ്യങ്ങളില്‍ പ്രവര്‍ത്തന നിരതമായ ഈ സമൂഹത്തിലെ അംഗങ്ങള്‍ കുടിയേറ്റക്കാരോടൊപ്പം കുടിയേറ്റക്കാരായിരിക്കുക എന്ന സവിശേഷ ശൈലി പിന്‍ചെല്ലുന്നു.

30 October 2018, 12:27