ഫ്രാന്‍സീസ് പാപ്പാ റൊസ്മീനിയന്‍ വൈദികരെ വത്തിക്കാനില്‍ സംബോധന ചെയ്യുന്നു 01-10-18 ഫ്രാന്‍സീസ് പാപ്പാ റൊസ്മീനിയന്‍ വൈദികരെ വത്തിക്കാനില്‍ സംബോധന ചെയ്യുന്നു 01-10-18 

ആന്തരിക-ബഹ്യ മൗനങ്ങളുടെ പ്രാധാന്യം

പത്രോസിന്‍റെ സിംഹാസനത്തോടുള്ള വിശ്വസ്തത കൂട്ടായ്മയുടെ ആവിഷ്ക്കാരം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പത്രോസിന്‍റെ സിംഹാസനത്തോടുള്ള വിശ്വസ്തത, നാനാത്വത്തിലുള്ള എകത്വത്തെയും സഭാകൂട്ടായ്മയെയും ആവിഷ്ക്കരിക്കുന്നുവെന്നും ഫലദായകമായ ശുശ്രൂഷാ ദൗത്യത്തിന് അത്യന്താപേക്ഷിത ഘടകമാണെന്നും മാര്‍പ്പാപ്പാ.

ഉപവിയുടെ സ്ഥാപനത്തിന്‍റെ, അഥവാ, റൊസ്മീനിയന്‍ സന്ന്യസ്ത സമൂഹത്തിന്‍റെ പൊതുസംഘത്തില്‍ (ജനറല്‍ ചാപ്റ്ററില്‍) പങ്കെടുക്കുന്ന 30 പേരടങ്ങിയ സംഘത്തിന് തിങ്കളാഴ്ച (01/10/18) വത്തിക്കാനില്‍ അനുവദിച്ച ദര്‍ശന വേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പരിശുദ്ധസിംഹാസനത്തോട് സ്നേഹവും, ഉറ്റബന്ധവും, ആദരവും ക്രൈസ്തവന്‍ നിരുപാധികം പുലര്‍ത്തണമെന്ന് ഈ സമൂഹത്തിന്‍റെ  സ്ഥാപകനായ വാഴ്ത്തപ്പെട്ട അന്തോണിയൊ റൊസ്മീനി ആവര്‍ത്തിച്ചിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു.

ഉപവിയെന്ന പുണ്യത്തിന്‍റെ മാഹാത്മ്യം അടിവരിയിട്ടു കാട്ടുന്നതിനാണ് അദ്ദേഹം ഈ “ഉപവിയുടെ സ്ഥാപനം” (INSTITUTE OF CHARITY) എന്ന നാമം ഈ സന്ന്യാസ സമൂഹത്തിനു നല്കിയതെന്ന് പാപ്പാ  പറഞ്ഞു.

ആന്തരിക മൗനത്തിന്‍റെ ഫലദായകത്വത്തിലും ബാഹ്യമായ മൗനത്തിന്‍റെ  സാഹസികതയിലും മുന്നേറുന്നതിനുളള പ്രചോദനം വാഴ്ത്തപ്പെട്ട അന്തോണിയൊ റൊസ്മീനി നല്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

നന്മയുടെയും വിശുദ്ധിയുടെയും ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതും വിശുദ്ധര്‍ സഞ്ചരിച്ചതും സഭ വിശ്വാസികകളേവര്‍ക്കുമായി മുന്നോട്ടുവയ്ക്കുന്നതുമായ സരണിയാണിതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ വൈദികനും തത്വചിന്തകനുമായിരുന്ന, ഇറ്റലി സ്വദേശി അന്തോണിയൊ റൊസ്മീനി 1828 ലാണ്  “ഉപവിയുടെ സ്ഥാപനം” അഥവാ, റൊസ്മീനിയന്‍ സമൂഹം സ്ഥാപിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2018, 13:06