തിരയുക

Vatican News
ജോര്‍ദ്ദാനില്‍ പേമാരിയില്‍ തകര്‍ന്ന ഒരു പാലം 25-10-18 ജോര്‍ദ്ദാനില്‍ പേമാരിയില്‍ തകര്‍ന്ന ഒരു പാലം 25-10-18  (ANSA)

ജോര്‍ദ്ദാനില്‍ വെള്ളപ്പൊക്കദുരന്തം, പാപ്പായുടെ അനുശോചനം

ജോര്‍ദ്ദാനില്‍ പ്രളയദുരന്തം മൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് പാപ്പായും പ്രാര്‍ത്ഥനാസഹായവും ഐക്യദാര്‍ഢ്യവും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജോര്‍ദ്ദാനില്‍ വ്യാഴാഴ്ച (25/10/18) ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ മാര്‍പ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനമറിയിക്കുന്ന സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ജോര്‍ദ്ദാനിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് അല്‍ബേര്‍ത്തൊ ഒര്‍ത്തേഗ മാര്‍ട്ടിന് ശനിയാഴ്ച (27/10/18) അയച്ചു.

കനത്തമഴയെ തുടര്‍ന്ന് ജോര്‍ദ്ദാനിലുണ്ടായ ജലപ്രളയം അനേകരുടെ ജീവനപഹരിക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തതില്‍ പാപ്പാ വേദനിക്കുകയും ഈ പ്രകൃതിദുരന്തം മൂലം യാതനകളനുഭവിക്കുന്ന സകലരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അനുശോചന സന്ദേശത്തില്‍ അറിയിക്കുന്നു.

ഈ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ചെറുപ്പക്കാരെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെട്ടിരിക്കുന്ന സകലര്‍ക്കും  പൗരധികാരികള്‍ക്കും പ്രചോദനം പകരുകയും എല്ലാവര്‍ക്കും ശക്തിയും ശാന്തിയും ലഭിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കനത്തമഴയെത്തുടര്‍ന്ന് ജോര്‍ദ്ദാനില്‍ ചാവുകടല്‍ തീരത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണമഞ്ഞവരില്‍ കൂടുതലും വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ്. ഇരുപതിലേറെപ്പേര്‍ക്ക് ജീവാപായമുണ്ടായതായി കണക്കാക്കപ്പെടുന്നു.

27 October 2018, 12:39