തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് ഇരുപത്തിയൊന്നാം തിയതി ഞായറാഴ്ച വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ച വിശ്വാസികള്‍ 21-10-18 ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് ഇരുപത്തിയൊന്നാം തിയതി ഞായറാഴ്ച വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ച വിശ്വാസികള്‍ 21-10-18  (ANSA)

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാനന്തര അഭിവാദ്യങ്ങള്‍!

നവവാഴ്ത്തപ്പെട്ട ഈശോസഭാവൈദികന്‍ തിബാര്‍ത്സിയൊ അര്‍നായിസ് മുഞ്ഞോസ്, കാരുണ്യപ്രവര്‍ത്തകരാകാനും എല്ലാ ചുറ്റുപാടുകളിലും ധീര പ്രേഷിതരായിത്തീരാനും നമുക്ക് മാതൃകയാകട്ടെ-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നവവാഴ്ത്തപ്പെട്ട ഈശോസഭാവൈദികന്‍ തിബാര്‍ത്സിയൊ അര്‍നായിസ് മുഞ്ഞോസ്,  ഏറ്റം എളിയവരും വിസ്മൃതരുമായവരുടെ ഇടയില്‍ പ്രത്യേകിച്ച്,   അനുരഞ്ജനത്തിന്‍റെയും അക്ഷീണ സുവിശേഷപ്രഘോഷണത്തിന്‍റെയും തീക്ഷ്ണമതിയായ ശുശ്രൂഷകനായിരുന്നുവെന്ന് പാപ്പാ

ഞായറാഴ്ച(21/101/18) മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍, ആശീര്‍വ്വാദാനന്തരം, വിവിധ സമൂഹങ്ങളെയും സംഘങ്ങളെയും അഭിവാദ്യം ചെയ്യവെ, ഫ്രാന്‍സീസ് പാപ്പാ, ശനിയാഴ്ച (20/10/18) സ്പെയിനിലെ മലാഗയില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈശോസഭാവൈദികന്‍ തിബാര്‍ത്സിയൊ അര്‍നായിസ് മുഞ്ഞോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് അനുസ്മരിക്കുകയായിരുന്നു.  

ഗ്രാമീണ പ്രബോധനങ്ങളുടെ പ്രേഷിതകള്‍ എന്ന സമൂഹത്തിന്‍റെ സ്ഥാപകനായ നവവാഴ്ത്തപ്പെട്ടവന്‍ ഏകിയ സാക്ഷ്യത്തിന് പാപ്പാ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു.

നവവാഴ്ത്തപ്പെട്ട തിബാര്‍ത്സിയൊ അര്‍നായിസ് മുഞ്ഞോസിന്‍റെ മാതൃക കാരുണ്യപ്രവര്‍ത്തകരാകാനും എല്ലാ ചുറ്റുപാടുകളിലും ധീര പ്രേഷിതരായിത്തീരാനും നമുക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥ്യം നമ്മുടെ ചുവടുകള്‍ക്ക്  ശക്തിയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

ലോക പ്രേഷിതദിനാചരണം

ഇക്കഴിഞ്ഞ ഞായറാഴ്ച ലോക പ്രേഷിതദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. “നമുക്ക് യുവജനങ്ങളോടു ചേര്‍ന്നു സകലര്‍ക്കും സുവിശേഷം എത്തിച്ചുകൊടുക്കാം” എന്ന പ്രമേയം ഈ പ്രേഷിതദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ യുവജനത്തോടു ചേര്‍ന്ന് എന്നതാണ് മാര്‍ഗ്ഗം എന്ന് പ്രസ്താവിച്ചു.

യുവതയും മെത്രാന്മാരുടെ സിനഡുസമ്മേളനവും

യുവതയെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചു മെത്രാന്മാരുടെ സിനഡുസമ്മേളനം ചര്‍ച്ച  ചെയ്യുന്നതിനെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു. യേശുവില്‍ ജീവിതത്തിന്‍റെ  സാരവും സന്തോഷവും കണ്ടെത്തിയ യുവജനങ്ങളുടെ നിരവധിയായ സാക്ഷ്യങ്ങള്‍ ഈ സിനഡുസമ്മേളനത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും പാപ്പാ പറഞ്ഞു.

വിശ്വാസ പ്രഘോഷണവും സഭയുടെ ദൗത്യത്തില്‍ പങ്കുചേരാനുള്ള വിളിയും പുതിയ തലമുറകള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സ്വദേശം വിട്ട് സുവിശേഷത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അനേകരായ ക്രൈസ്തവരെ, സ്ത്രീപുരുഷന്മാരെ, അല്മായരും വൈദികരും, സമര്‍പ്പിതരും മെത്രാന്മാരുമായവരെ, പാപ്പാ അനുസ്മരിച്ചു. അവര്‍ക്കായി നന്മനിറഞ്ഞമറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വിവിധ സഘടനകളെയും പാപ്പാ അഭിവാദ്യം ചെയ്തു.

യാത്രയില്‍ പങ്കുചേരൂ- “ഷെയര്‍ ദ ജേര്‍ണി”

അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമൊത്തു ആഗോളതലത്തില്‍ പത്തുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ട് അവരെ പരസ്പരം അറിയുകയും അങ്ങനെ വിദ്വേഷത്തിന്‍റെ കളകളെ നശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ, കത്തോലിക്കാ ഉപവിപ്രവര്‍ത്തന സംഘടനയായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസ് ഈ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഈ സംഘടനയുടെ പ്രസിഡന്‍റായ കര്‍ദ്ദിനാള്‍ ലൂയിസ് തഗ്ലെയ്ക്കൊപ്പം എത്തിയിരുന്നവരെയും പാപ്പാ സംബോധനചെയ്തു. അവര്‍ക്ക് പാപ്പാ പ്രോത്സാഹനം പകരുകയും നന്ദിയര്‍പ്പിക്കുകയും ചെയ്തു.

22 October 2018, 08:19