ഫ്രാന്‍സീസ് പാപ്പാ ആരോഗ്യപ്രവര്‍ത്തനത്തിലടങ്ങിയിട്ടുള്ള ധാര്‍മ്മികതയെ അധികിരിച്ചു വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചായോഗത്തില്‍ സംബന്ധിക്കുന്നവരുമൊത്ത് 01-10-18 ഫ്രാന്‍സീസ് പാപ്പാ ആരോഗ്യപ്രവര്‍ത്തനത്തിലടങ്ങിയിട്ടുള്ള ധാര്‍മ്മികതയെ അധികിരിച്ചു വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചായോഗത്തില്‍ സംബന്ധിക്കുന്നവരുമൊത്ത് 01-10-18 

രോഗി സ്നേഹിക്കപ്പെടേണ്ട വ്യക്തി

രോഗി- സഹനത്തിന്‍റെ മുഖം, ആതുരന്‍ സ്നേഹിക്കപ്പെടുമ്പോള്‍ കാരുണ്യവധം അപ്രത്യക്ഷമാകും, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഒരു വ്യക്തി സ്നേഹിക്കപ്പെടുമ്പോള്‍ കാരുണ്യവധത്തിന്‍റെ നിഷേധാത്മക നിഴല്‍ മാഞ്ഞുപോകുമെന്ന് മാര്‍പ്പാപ്പാ.

ആരോഗ്യപരിപാലനത്തില്‍ അന്തര്‍ലീനമായിരിക്കേണ്ട ധാര്‍മ്മികതയെ അധികരിച്ച് ഈ മാസം 1-5 വരെ (01-05/10/18) വത്തിക്കാനില്‍ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പഞ്ചദിന ചര്‍ച്ചാസമ്മേളനത്തില്‍ സംബന്ധിക്കുന്ന എഴുപതോളം പേരെ പ്രസ്തുത സമ്മേളനത്തിന്‍റെ പ്രഥമ ദിനമായിരുന്ന തിങ്കളാഴ്ച (01/10/18) പൊതുവായി സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ആരോഗ്യപ്രവര്‍ത്തകരും രോഗികളും തമ്മില്‍ അഗാധമായ ഒരു മാനവിക ബന്ധം  ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം പാപ്പാ തദ്ദവസരത്തില്‍ ചൂണ്ടിക്കാട്ടി.

രോഗി അമൂര്‍ത്തമല്ല പ്രത്യുത മൂര്‍ത്തമായ ഒരു വ്യക്തിയാണ്, പലപ്പോഴും വേദനിക്കുന്ന വദനമാണ് എന്ന് പ്രസ്താവിച്ച പാപ്പാ, ഇക്കാരണത്താല്‍ത്തന്നെ, സാമ്പത്തിക-സാങ്കേതിക-ശാസ്ത്രീയ ഉപാധികളുടെ ഉപയോഗത്തില്‍ ധീരരും ഉദാരമതികളും ആയിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം പകര്‍ന്നു.

അവയുടെ ഗുണഭോക്താക്കള്‍, വിശിഷ്യ, ഏറ്റം പാവപ്പെട്ടവര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ഈ പരിശ്രമങ്ങളെയും അവരുടെ സംരംഭങ്ങളെയും വിലമതിക്കുമെന്ന് പാപ്പാ പറഞ്ഞു.

കാരുണ്യവധം നിയമാനുസൃതമാക്കപ്പെടുന്ന പ്രവണത ലോകത്തില്‍ പ്രബലമായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചു.

താന്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മാരക രോഗം ബാധിച്ച വ്യക്തിക്കോ മരണാസന്നനോ കാഠിന്യമേറിയ ഈ അവസ്ഥയിലും  തോന്നുന്ന പക്ഷം കാരുണ്യവധത്തിന്‍റെ  നിഷേധാത്മകമായ നിഴല്‍ മാഞ്ഞു പോകുമെന്നും കാരണം ആ വ്യക്തിയും അവന്‍റെ അസ്തിത്വത്തിന്‍റെ മൂല്യവും അളക്കപ്പെടുന്നത് അവന്‍റെ ഉല്പാദനക്ഷമതകൊണ്ടല്ല, പ്രത്യുത, സ്നേഹം നല്കാനും സ്വീകരിക്കാനും അവനുള്ള കഴിവുകൊണ്ടാണെന്നും പാപ്പാ വിശദീകരിച്ചു.

ചികിത്സയുടെ വിജയത്തിന്‍റെ നല്ലൊരുശതമാനവും ആശ്രയിച്ചിരിക്കുന്നത് സുഖം പ്രാപിക്കുമെന്ന രോഗിയുടെ ആത്മവിശ്വാസത്തിലാണെന്നും പാപ്പാ പ്രസ്താവിച്ചു. ആകയാല്‍ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ തങ്ങളുടെ ജോലി ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2018, 13:00