തിരയുക

Vatican News
ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ 29-10-18 ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ 29-10-18  (ANSA)

ഇന്തൊനേഷ്യയില്‍ വിമാനദുരന്തം -പാപ്പാ അനുശോചിച്ചു

ജക്കാര്‍ത്തയിലുണ്ടായ വിമാനാപകടത്തില്‍ ആരും രക്ഷപ്പെട്ടതായി വിവരമില്ല, വിമാനത്തില്‍ ഉണ്ടായിരുന്നത് 189 പേര്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്തൊനേഷ്യയില്‍ തിങ്കളാഴ്ചയുണ്ടായ വിമാനാപകട ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ഇന്തൊനേഷ്യയു‌ടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുണ്ടായ ഈ വിമാനാപകടം വേദനയിലാഴ്ത്തിയിരിക്കുന്ന സകലരോടും ഫ്രാന്‍സീസ് പാപ്പാ ദുഃഖം രേഖപ്പെടുത്തുകയും ഈ അപകടത്തില്‍ മരണമടഞ്ഞവര്‍ക്കും അവരുടെ വേര്‍പാടില്‍ കേഴുന്നവര്‍ക്കും പ്രാര്‍ത്ഥനാസഹായം ഉറപ്പു നല്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, താന്‍ ഒപ്പിട്ടയച്ച  അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

അന്നാടിനും രക്ഷാപ്രവര്‍ത്തിലേര്‍പ്പെട്ടവര്‍ക്കും ശക്തിയും ശാന്തിയും ലഭിക്കുന്നതിനായി പാപ്പാ സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ജക്കാര്‍ത്തയില്‍ നിന്ന് പിന്‍ഗ്വല്‍ പിനാംഗിലേക്ക് തിങ്കളാഴ്ച (29/101/18) രാവിലെ പറന്നുയര്‍ന്ന ലയണ്‍ എയര്‍ യാത്രാവിമാനമാണ് 13 മിനിറ്റുകള്‍ക്കകം കടലില്‍ തകര്‍ന്നുവീണത്.

ഒരു കുട്ടിയും രണ്ടു നവജാതശിശുക്കളുമുള്‍പ്പടെ 181 യാത്രക്കാരും എട്ടു ജീവനക്കാരുമടക്കം 189 പേരാണ് വ്യോമയാനത്തില്‍ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.

വിമാനം പറന്നുയര്‍ന്ന് 12 മൈല്‍ സഞ്ചരിച്ചതിനുശേഷം തിരിച്ചിറങ്ങാന്‍ അനുമതി തേടിയിരുന്നുവെന്നും എന്നാല്‍ നിമിഷങ്ങള്‍ക്കകം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്നും വ്യോമഗതാഗത നിയന്ത്രണച്ചുമതലയുള്ള  “എയര്‍നാവ് ഇന്തൊനേഷ്യ”യുടെ വക്താവ് യൊഹാന്നസ് സിറാത് വെളിപ്പെടുത്തിയിരുന്നു.

പ്രധാന പൈലറ്റായിരുന്ന ഇന്ത്യക്കാരനായിരുന്ന ക്യാപ്റ്റന്‍ ഭാവ്യേ സുനേജിന് 6000 മണിക്കൂര്‍ വിമാനം പറത്തി പരിചയമുണ്ടായിരുന്നവെന്നും സഹപൈലറ്റായിരുന്ന ഹാര്‍വിന്‍ 5000 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ടെന്നും ലയണ്‍ എയര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

30 October 2018, 12:14