തിരയുക

Vatican News
പൈതൃകവാത്സല്യം: ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍-17-10-18 പൈതൃകവാത്സല്യം: ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍-17-10-18  (ANSA)

നമ്മള്‍ പരസ്പരം കാവല്‍ക്കാര്‍-പാപ്പായുടെ പൊതുദര്‍‍ശനപ്രഭാഷണം

കൊല്ലരുത് എന്നാല്‍ പരിപാലനമാണ്, വിലമതിക്കലാണ്, ഉള്‍ക്കൊള്ളലാണ്. മാപ്പുനല്കലാണ്, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോമില്‍ ഈ ബുധനാഴ്ച(17/10/18) രാവിലെ പെയ്ത മഴയും കാര്‍മേഘാവൃതമായ അന്തരീക്ഷവും അല്പമൊരാശങ്ക വത്തിക്കാനിലെത്തിയ തീര്‍ത്ഥാടകരിലും സന്ദര്‍ശകരിലും ഉളവാക്കിയെങ്കിലും കാലാവസ്ഥ അനുകൂലമാകുകയും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കുകയും ചെയ്തു. വവിവധരാജ്യങ്ങളില്‍ നിന്നായി, തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനെണ്ണായിരത്തോളം പേര്‍ ഇതില്‍ പങ്കെടുത്തു. ഇറ്റലിയില്‍, രക്തസംബന്ധിയായ രോഗം ബാധിച്ചിട്ടുള്ള കുട്ടികളെ സഹായിക്കുന്ന സംഘടനയുടെ പ്രതിനിധികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പാപ്പാ, ചത്വരത്തില്‍, വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ ജനസഞ്ചയം കയ്യടിച്ചും ആരവമുയര്‍ത്തിയും അവരുടെ സന്തോഷം പ്രകടിപ്പിച്ചു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച്  പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

“21 കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നും വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും. വിഡ്ഢി എന്നും വിളിക്കുന്നവനാകട്ടെ  നരകാഗ്നിക്ക് ഇരയായിത്തീരും.23 നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന് നിന്നോ‌ട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ച് ഓര്‍ത്താല്‍,24 കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക” (മത്തായി 5:21-24)  

 

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, പത്തു “വചനങ്ങളെ” അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. കൊല്ലരുത് എന്ന പ്രമാണത്തെ കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ വിചിന്തനത്തിന്‍റെ തുടര്‍ച്ചയായി ഈ കല്പനയെക്കുറിച്ച് യേശുവിനുള്ള കാഴ്ചപ്പാട് എന്താണെന്ന് പാപ്പാ വിശദീകരിച്ചു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ  മുഖ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത് ഇപ്രകാരമായിരുന്നു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പത്തുവചനങ്ങളില്‍  അഞ്ചാമത്തെതായ “കൊല്ലരുത്” എന്ന വചനത്തെക്കുറിച്ചുള്ള വിചിന്തനം ഞാന്‍ തുടരുകയാണ്. ദൈവത്തിനു മുന്നില്‍ മനുഷ്യജീവന്‍ എത്രമാത്രം അമൂല്യവും പവിത്രവും അലംഘനീയവുമാണെന്ന് ഈ കല്പന വെളിപ്പെടുത്തുന്നത് എപ്രകാരമാണെന്ന് നാം കാണുകയുണ്ടായി. അപരന്‍റെ ജീവനെയൊ സ്വന്തം ജീവനെയൊ അവമതിക്കാന്‍ ആര്‍ക്കും അവകാശമില്ല; മനുഷ്യന്‍, വാസ്തവത്തില്‍. അവനില്‍ത്തന്നെ ദൈവത്തിന്‍റെ ഛായ പേറുന്നവനാണ്; ഒരുവന്‍ അസ്തിത്വത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നത് ഏതൊരവസ്ഥയിലാണെങ്കിലും അവന്‍ ദൈവത്തിന്‍റെ  സ്നേഹത്തിന്‍റെ വിഷയമാണ്.

കൊല്ലരുത് എന്നതിന്‍റെ പൊരുള്‍ യേശുവിന്‍റെ വീക്ഷണത്തില്‍

നാം അല്പം മുമ്പു ശ്രവിച്ച സുവിശേഷ ഭാഗത്തില്‍ യേശു ഈ കല്പനയുടെ ഉപരിയഗാധമായ പൊരുള്‍ നമുക്കു വെളിപ്പെടുത്തിത്തരുന്നു. സഹോദരനോടുള്ള കോപം പോലും, ദൈവത്തിന്‍റെ  കോടതിയില്‍ ഒരു തരം കൊലപാതകമാണെന്ന് അവിടന്ന് സമര്‍ത്ഥിക്കുന്നു. അതുകൊണ്ടു തന്നെയാണ് യോഹന്നാന്‍ ശ്ലീഹാ ഇപ്രകാരം കുറിച്ചിരിക്കുന്നത്: ”സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്” (1യോഹന്നാന്‍ 3,5). എന്നാല്‍ യേശു ഇവിടെ നിറുത്തുന്നില്ല, നിന്ദയ്ക്കും അവഹേളനത്തിനും ഒരുവനെ വധിക്കാന്‍ കഴിയുമെന്നു കൂട്ടിച്ചേര്‍ക്കുന്നു. നിന്ദിക്കുകയെന്നത് നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമായിരിക്കുന്നു, ശരിയല്ലേ?  ഒരു നിശ്വാസം പോലെ ആയിത്തീര്‍ന്നിരിക്കുന്നു അവഹേളനം. യേശു പറയുന്നു- നില്ക്കവിടെ, നിന്ദനം ദ്രോഹമാണ്, അത് കൊലപാതകം  ചെയ്യലാണ്..... മനുഷ്യവ്യക്തിയുടെ ഔന്നത്യത്തെ നിഹനിക്കലാണത്. യേശുവിന്‍റെ ഈ പ്രബോധനം നമ്മുടെ ഹൃദയമനസ്സുകളില്‍ കുടിയേറുകയും “ഞാന്‍ ആരേയും ഒരിക്കലും നിന്ദിക്കില്ല” എന്നു നമോരോരുത്തരും പറയുകയും ചെയ്യുകയാണെങ്കില്‍ അത് മനോഹരമായിരിക്കും.

കൊലപാതകസമാന പ്രവൃത്തികള്‍

ഒരു മാനുഷിക നിയമവും ഇത്രമാത്രം വത്യസ്തങ്ങളായ പ്രവര്‍ത്തികള്‍ക്ക് ഒരേ നിലവാരം കല്പിച്ച് അവയ്ക്ക് തുല്യത നല്കുന്നില്ല. സഹോദരനോട് വിരോധം ഉണ്ടെങ്കില്‍ അവനെ കണ്ടുപിടിച്ച് അവനോട് രമ്യതയിലായതിനു ശേഷം വന്ന് ബലിയര്‍പ്പിക്കാനാണ് യേശു ക്ഷണിക്കുന്നത്. നമ്മളും ദിവ്യബലിക്ക് അണയുമ്പോള്‍ ഈ ഭാവം, അതായത്, ആരെങ്കിലുമായി സ്വരച്ചേര്‍ച്ചയിലല്ലായെങ്കില്‍ ആ വ്യക്തിയുമായി സൗഹൃദത്തിലാകാനുള്ള മനോഭാവം ഉള്ളവരാകണം. നമ്മളും മറ്റുള്ളവരെക്കുറിച്ച് തെറ്റായി ചിന്തിക്കുകയും അവരെ അവഹേളിക്കുകയും ചെയ്തിട്ടുണ്ട്..... കുറ്റം പറയലിനെയും നിന്ദനത്തെയും വിദ്വേഷത്തെയും കുറിച്ചൊന്നു ചിന്തിക്കുക, യേശു അവയെ എല്ലാം കൊലപാതകത്തിന്‍റെ തട്ടിലാണ് വച്ചിരിക്കുന്നത്.

അനവസര വചസ്സുകളും അവഗണനയും നിസ്സംഗതയും

അഞ്ചാമത്തെ കല്പനയുടെ മേഖലയെ ഇത്രയധികം വിശാലമാക്കുകവഴി യേശു എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത്? മനുഷ്യന് ശ്രേഷ്ഠവും സൂക്ഷ്മവേദിയുമായ ഒരു ജീവനുണ്ട്, ശരീരത്തെപ്പോലെ തന്നെ പ്രാധാന്യമേറിയ നിഗൂഢമായ ഒരു “അഹം” ഉണ്ട്. വാസ്തവത്തില്‍ ഒരു കുഞ്ഞിന്‍റെ നിഷ്ക്കളതയെ ഹനിക്കാന്‍ അവസരോചിതമല്ലാത്ത ഒരു വാചകം മതി. ഒരു നിസ്സംഗതാഭാവം മതി ഒരു സ്ത്രീയെ മുറിവേല്പ്പിക്കാന്‍. ഒരു യുവഹൃദയത്തെ പിളര്‍ക്കാന്‍ ആ വ്യക്തിയോട് വിശ്വാസം കാണിക്കാതിരുന്നാല്‍ മാത്രം മതിയാകും. ഒരുവനെ ഇല്ലായ്മ ചെയ്യുന്നതിന് അവഗണന മാത്രം മതിയാകും. നിസ്സംഗത ആളെ കൊല്ലുന്നു. നീ എന്നെ സംബന്ധിച്ചിടത്തോളം മരിച്ചവനാണ് എന്ന് പറയുന്നതിനു തുല്യമാണിത്.

സഹോദരന്‍റെ കാവല്‍ക്കാരന്‍

ആദ്യത്തെ ഘാതകനായ കായേനോട് കര്‍ത്താവ് നിന്‍റെ സഹോദരന്‍ എവിടെ എന്നു ചോദിക്കുമ്പോള്‍ കായേന്‍റെ വായില്‍നിന്നു വരുന്ന ഭീകരമായ ഒരു വാക്യം നാം ബൈബിളില്‍, ആദ്യഭാഗത്ത് വായിക്കുന്നുണ്ട്. കായേന്‍റെ ഉത്തരമാണ് അത്: “എനിക്കറിയല്ല, സഹോദരന്‍റെ  കാവല്‍ക്കാരനാണോ ഞാന്‍?” (ഉല്‍പ്പത്തി,4,9). കൊലപാതകികളുടെ സംസാരരീതിയാണത്. “അതൊന്നും എന്നെ സ്പര്‍ശിക്കുന്നതല്ല”, “എല്ലാം നിന്‍റെ കാര്യം” ഇതാണ് ശൈലി. നമ്മുടെ സഹോദരങ്ങളുടെ കാവല്‍ക്കാരാണോ നമ്മള്‍ എന്ന ചോദ്യത്തിനു ഉത്തരമേകാന്‍ ഒന്നു ശ്രമിച്ചു നോക്കാം. അതെ നമ്മള്‍ കാവല്‍ക്കാരാണ്. നമ്മള്‍ പരസ്പരം കാവല്‍ക്കാരാണ്. ഇതാണ് ജീവന്‍റെ സരണി. അഹിംസയുടെ പാതയാണിത്.

കൊല്ലരുത് എന്നാല്‍ പരിപാലനം

മനുഷ്യ ജീവന് സ്നേഹം ആവശ്യമാണ്. ഏതാണ് അധികൃത സ്നേഹം. അത് യേശു കാണിച്ചു തന്നതാണ്, കാരുണ്യമാണ് അത്. നമ്മെ ദ്രോഹിച്ചവര്‍ക്ക് മാപ്പു നല്കുന്നതും അവരെ സ്വീകരിക്കുന്നതുമായ ഒരു സ്നേഹമാണ് നമുക്കുണ്ടായിരിക്കേണ്ടത്. കാരുണ്യം കൂടാതെ നമുക്കാര്‍ക്കും അതിജീവനം സാധ്യമല്ല, മാപ്പ് നമുക്കെല്ലാവര്‍ക്കും  ആവശ്യമായിരിക്കുന്നു. അതുകൊണ്ട്, കൊല്ലുകയെന്നാല്‍ നശിപ്പിക്കലാണ്, അടിച്ചമര്‍ത്തുകയാണ്, ആരെയെങ്കിലും ഇല്ലാതാക്കുകയാണ്. അതുകൊണ്ടുതന്നെ, കൊല്ലരുത് എന്നാല്‍ പരിപാലനമാണ്, വിലമതിക്കലാണ്, ഉള്‍ക്കൊള്ളലാണ്. മാപ്പുനല്കലുമാണ് അത്.

തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണം

ദ്രോഹം ചെയ്യുന്നില്ല എന്നതു കൊണ്ട് എല്ലാം ശുഭം എന്നു കരുതേണ്ട. ധാതുക്കള്‍, ചെടികള്‍, ഇവിടെ കിടക്കുന്ന ഈ ചെറു കല്ലുകള്‍ ഒരു ദ്രോഹവും ചെയ്യുന്നില്ല. അവയുടെ അസ്തിത്വം അങ്ങനെയാണ്. എന്നാല്‍ സ്ത്രീപുരുഷന്മാരില്‍ നിന്ന് അതിലുപരിയായവ ആവശ്യപ്പെടുന്നു. ഒരോരുത്തരും ചെയ്യേണ്ടതായ നന്മയുണ്ട്. അതാണ് നമ്മെ നാമാക്കിത്തീര്‍ക്കുന്നത്. കൊല്ലരുത് എന്നത് സ്നേഹത്തിനും കാരുണ്യത്തിനുമുള്ള അഭ്യര്‍ത്ഥനയാണ്. നമുക്കു വേണ്ടി ജീവനേകുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനുള്ള വിളിയാണ് അത്. “തിന്മ പ്രവര്‍ത്തിക്കാതിരിക്കുന്നത് നല്ലതാണ്. എന്നാല്‍ നന്മ പ്രവര്‍ത്തിക്കാതിരിക്കുന്നത് നല്ലതല്ല” എന്ന ഒരു വിശുദ്ധന്‍റെ വാക്കുകള്‍ നമ്മള്‍ ഈ ചത്വരത്തില്‍ വച്ച് ആവര്‍ത്തിച്ചിട്ടുള്ളത് ഒരു പക്ഷേ നമുക്ക് സഹായകമാകും. എന്നും നന്മ പ്രവര്‍ത്തിക്കണം.

സ്നേഹത്തിലേക്കുള്ള വിളി

കര്‍ത്താവ് മാംസം ധരിച്ച് നമ്മുടെ അസ്തിത്വത്തെ പവിത്രീകരിച്ചു. അവിടത്തെ നിണത്താല്‍ അതിനെ അമൂല്യമാക്കിത്തീര്‍ത്തു. അവിടന്നാണ് ജീവന്‍റെ കര്‍ത്താവ്. അവിടന്നില്‍, മരണത്തെ വെല്ലുന്ന അവിടത്തെ സ്നേഹത്തില്‍, പിതാവ് നമുക്കേകുന്ന പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ നമുക്ക് “കൊല്ലരുത്“ എന്ന കല്പനയെ സുപ്രധാനവും സത്താപരവുമായ അഭ്യര്‍ത്ഥനയായി സ്വീകരിക്കാം: അതായത്, കൊല്ലരുത് എന്നതിന്‍റെ അര്‍ത്ഥം സ്നേഹത്തിലേക്കുള്ള വിളി എന്നാണ്. നന്ദി.

പ്രഭാഷണാനന്തര അഭിവാദനങ്ങള്‍

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ നിണസാക്ഷിയും മെത്രാനുമായ അന്ത്യാക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ തിരുന്നാള്‍ ഒക്ടോബര്‍ 17 ന് ആചിരിക്കപ്പെടുന്നത് അനുസ്മരിക്കുകയും നമ്മു‍ടെ വിശ്വാസത്തിന് ധീരതയോടെ സാക്ഷ്യമേകാന്‍ ഈ വിശുദ്ധന്‍ പ്രചോദനമേകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ശത്രുതയുടെയും പീഢനങ്ങളുടെയും മദ്ധ്യേ സ്ഥൈര്യമുള്ളവരായിരിക്കുന്നതിനുള്ള ശക്തി ഈ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ കര്‍ത്താവു നമുക്കു നല്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

17 October 2018, 13:09