അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വം, വന്യമൃഗങ്ങള്‍ അദ്ദേഹത്തെ കടിച്ചു കീറുന്നു അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വം, വന്യമൃഗങ്ങള്‍ അദ്ദേഹത്തെ കടിച്ചു കീറുന്നു  

അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

പീഢനങ്ങളുടെ മദ്ധ്യേ സ്ഥൈര്യമുള്ളവരായിരിക്കുന്നതിന് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ മാദ്ധ്യസ്ഥ്യം തേടുക-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശ്വാസത്തിന് ധീരതയോടെ സാക്ഷ്യമേകാന്‍ അന്ത്യാക്യയിലെ വിശുദ്ധ ഇഗ്നേഷ്യസില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

വത്തിക്കാനില്‍ ബുധനാഴ്ച (17/10/18) അനുവദിച്ച പ്രതിവാരപൊതുദര്‍ശന പരിപാടിയുടെ അവസാനം പതിവുപോലെ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ നിണസാക്ഷിയും മെത്രാനുമായ അന്ത്യാക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ തിരുന്നാള്‍ ഒക്ടോബര്‍ 17 ന് ആചിരിക്കപ്പെടുന്നത് അനുസ്മരിക്കവെയാണ് ഈ ക്ഷണം നല്കിയത്.

ശത്രുതയുടെയും പീഢനങ്ങളുടെയും മദ്ധ്യേ സ്ഥൈര്യമുള്ളവരായിരിക്കുന്നതിനുള്ള ശക്തി ഈ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ കര്‍ത്താവു നമുക്കു നല്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ത്യോക്യയിലെ മെത്രാന്‍ ഇഗ്നേഷ്യസിന്‍റെ നിണസാക്ഷിത്വം

ക്രിസ്തുവര്‍ഷം 50 ല്‍ സിറിയയില്‍ ആയിരുന്നു അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ജനനം. തെയോഫോറസ് എ​ന്നും വിളിക്കപ്പെട്ടിരുന്ന അദ്ദേഹം അന്ത്യോക്യയുടെ മെത്രാനായിരുന്നു. റോമന്‍ സാമ്രാജ്യാധിപനായിരുന്ന ട്രാജന്‍ ചക്രവര്‍ത്തി താന്‍ രണ്ടു യുദ്ധങ്ങളില്‍ നേടിയ വന്‍ വജയങ്ങള്‍ക്കു കാരണം ഇഷ്ടദൈവങ്ങളുടെ കൃപയാണെന്ന് ധരിച്ചുവശാകുകയും ആ ദൈവങ്ങളെ ആരാധിക്കാത്തവരെ വകവരുത്തുകയെന്ന പരിപാടിയുമായി മുന്നോട്ടു പോകുകയും ചെയ്ത ഒരു കാലഘട്ടം. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച ബിഷപ്പ് ഇഗ്നേഷ്യസും ട്രാജന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമായി. റോമന്‍ ഉത്സവങ്ങളുടെ സമാപന വേളയില്‍ ഇഗ്നേഷ്യസിനെ വന്യമൃഗങ്ങള്‍ക്കു  ഭക്ഷണമായി നല്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. അങ്ങനെ ക്രിസ്തുവര്‍ഷം 117 ല്‍ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് ഹിംസ്രജന്തുക്കള്‍ക്കിടയിലേക്ക് വലിച്ചെറിയപ്പെട്ടു. അതിനുവേണ്ടി തന്നെ കൊണ്ടുപോകുമ്പോള്‍ ഇഗ്നേഷ്യസിന്‍റെ  ആകുലത വന്യജീവികള്‍ തന്നെ കടിച്ചുകീറാതിരുന്നാലോ എന്നായിരുന്നു. അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: “അവ എന്നെ കടിച്ചു കീറാതിരുന്നാല്‍ ഞാന്‍ അവയെ കെട്ടിപ്പിടിക്കും. അപ്പോള്‍ അവ എന്‍റെ അസ്ഥികള്‍ കടിച്ചു പൊട്ടിക്കും. അപ്പോള്‍ ഗോതമ്പുമണി പോലെ പൊടിഞ്ഞ് ഞാന്‍ കര്‍ത്താവില്‍ അപ്പമായിത്തീരും”

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2018, 13:00