എല്‍ സാല്‍വദേറിലെ ജനങ്ങള്‍ക്കൊപ്പം - വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ എല്‍ സാല്‍വദേറിലെ ജനങ്ങള്‍ക്കൊപ്പം - വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ 

പീഡനങ്ങളില്‍ പതറാതിരിക്കാം! വിശ്വാസം കരുത്തേക‌ട്ടെ!!

ഒക്ടോബര്‍ 14-Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന വിശുദ്ധപദ പ്രഖ്യാപന പരിപാടികളില്‍ പങ്കെടുക്കാന്‍ എല്‍ സാല്‍വദോറില്‍നിന്നും എത്തിയ അയ്യായിരത്തില്‍പ്പരം തീര്‍ത്ഥാടകരുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

എല്‍ സാല്‍വദോറിന്‍റെ പ്രസിഡന്‍റ്, സാല്‍വദോര്‍ സാഞ്ചസ് സെരേന്‍, നവവിശുദ്ധന്‍ ഓസ്ക്കര്‍ റൊമേരോയുടെ പേഴ്സണല്‍ സെക്രട്ടറി ആഞ്ചലീത്താ മൊറാലസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്‍ സാല്‍വദോറിലെ വിശിഷ്ടവ്യക്തികള്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

കലാപകാരികളുടെ വെടിയേറ്റു വീണ മെത്രാന്‍
ദൈവിക കാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമായിരുന്നു നവവിശുദ്ധനും രക്ഷസാക്ഷിയുമായ ഓസ്കര്‍ റൊമേരോ. ആടുകള്‍ക്കായ് സ്വയം ജീവനേകിയ നല്ലിടയന്‍റെ പ്രതീരൂപമായിരുന്നു അദ്ദേഹം. അജപാലകരായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും, വിശ്വാസികള്‍ക്കും ഒരുപോലെ അദ്ദേഹം ജീവസമര്‍പ്പണത്തിന്‍റെ മഹനീയ മാതൃകയായിരുന്നു. വൈവിധ്യങ്ങളില്‍ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അടയാളമായിരുന്നു  രാഷ്ട്രീയ കലാപകാരികളുടെ വെടിയേറ്റ് അള്‍ത്താരയില്‍ വീണുമരിച്ച, രക്ഷസാക്ഷി ഓസ്കര്‍ റൊമേരോ!

ദൈവത്തോടു ഐക്യപ്പെട്ടിരിക്കുന്നവര്‍ സഭയോടും...
വിഭജനത്തിന്‍റെയും പീഡനത്തിന്‍റെയും ഉതപ്പുകളുടെയും, കലാപങ്ങളുടെയും വിപത്തുകള്‍ ഇന്നത്തെ സമൂഹങ്ങളില്‍ സുലഭമാണ്. വിശ്വാസത്തിന്‍റെ ബലമാണ് ദൈവജനത്തിന്‍റെ കരുത്ത്. അതിനാല്‍ ഒരോ ക്രൈസ്തവനും രക്തസാക്ഷിയാകാന്‍ കരുത്തുള്ള വിശ്വാസസാക്ഷിയാണ്. ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷിയാകാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. ഈ ഭൂമിയില്‍ ദൈവരാജ്യത്തിന്‍റെ നീതിയും സ്വാതന്ത്ര്യവും തങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തേണ്ടവരാണ് ക്രൈസ്തവമക്കള്‍. അങ്ങനെ ദൈവത്തോടു ഐക്യപ്പെട്ടു ജീവിക്കുന്നവര്‍ അവിടുത്തെ സഭയോടും ഐക്യപ്പെട്ടിരിക്കും. അതിനാല്‍ വ്യക്തിയുടെ സാധാരണ ജീവിതപരിസരത്ത് ദൈവത്തോടും അവിടുത്തെ സഭയോടും, സഹോദരങ്ങളോടും ഐക്യപ്പെട്ടിരിക്കേണ്ടത് ക്രൈസ്തവ ജീവിതത്തിന്‍റെ അനിവാര്യതയാണ്.

ദൈവം നമ്മില്‍ വസിക്കുമ്പോള്‍ അവിടുത്തെ സ്വാതന്ത്ര്യം നാം ആസ്വദിക്കും. അവിടുന്നില്‍ മാത്രമേ നമുക്ക് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം ആസ്വദിക്കാനാവൂ! അത് പാപത്തില്‍നിന്നും, തിന്മയില്‍നിന്നും, വിദ്വേഷത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ്. തന്‍റെതന്നെ മണ്ണില്‍ നവവിശുദ്ധന്‍ ഓസ്ക്കര്‍ റോമേരോ മാനുഷിക വിദ്വേഷത്തിന്‍റെ ബലിയാടായിരുന്നു. പാപ്പാ പരാമര്‍ശിച്ചു.

മാനുഷിക ദുരതങ്ങളുടെ സമാശ്വാസകര്‍
ദൈവജനത്തിന്‍റെ ദാസനാകാനും, ദൈവത്തിന്‍റെ അനന്തമായ കാരുണ്യം അവര്‍ക്കായി വെളിപ്പെടുത്തികൊടുക്കാനുമാണ് ദൈവം അജപാലകരെ വിളിച്ചു നിയോഗിച്ചിരിക്കുന്നത്. അജാപലകര്‍ ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കണം. അതിനാല്‍ തങ്ങളുടെ കുറവുകളോര്‍ത്ത് അനുതപിക്കുന്ന മനുഷ്യരോട് അനന്തമായി ക്ഷമിക്കാനും, അങ്ങനെ ദൈവസ്നേഹത്തിന്‍റെ ലാളിത്യത്തിലേയ്ക്ക് അവരുടെ ഹൃദയങ്ങള്‍ തുറക്കാനും, ഒരു പ്രവാചകഭാവത്തോടെ ഇന്നു ലോകത്തു കാണുന്ന തിന്മകളെ ചെറുക്കാനും ഉപേക്ഷിക്കാനും അജപാലകര്‍ സന്നദ്ധരാവണം. പാപ്പാ അനുസ്മരിപ്പിച്ചു.

ദൈവത്തിന്‍ കരുണയില്‍ അഭയം തേടാം
രക്തസാക്ഷിയും നവവിശുദ്ധനുമായ ഓസ്കര്‍ റൊമേരോയുടെ സെക്രട്ടറിയും സഹായിയുമായിരുന്ന 79 വയസ്സുകാരി ആഞ്ചെലീത്ത മൊറാലായെ പാപ്പാ ഫ്രാന്‍സിസ് വേദിയിലേയ്ക്കു വിളിച്ച് അഭിനന്ദിച്ചു. ദൈവത്തിന്‍റെ കരുണകള്‍ക്ക് നമുക്കു നന്ദിപറയാം. ദൈവികനന്മകള്‍ നിര്‍ലോഭമായി വര്‍ഷിക്കപ്പെടുന്നതാണ്. അതിനാല്‍ നന്ദിയുള്ളവരായി ജീവിക്കാം! പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2018, 18:57