പാഷനിസ്റ്റ് സഭാംഗങ്ങള്‍ക്കൊപ്പം പാഷനിസ്റ്റ് സഭാംഗങ്ങള്‍ക്കൊപ്പം 

ക്രൂശിതനോടു ചേര്‍ന്നുനിന്നാല്‍ വേദനിക്കുന്ന ലോകത്തോടും...!

ആഗോള പാഷനിസ്റ്റ് വൈദിക സമൂഹത്തിന്‍റെ (Passionists Priests) പൊതുസമ്മേളനത്തെ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ ഒക്ടോബര്‍ 22-Ɔο തിയതി തിങ്കളാഴ്ച ഒരു കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് നല്കിയ ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഇന്നിന്‍റെ ആവശ്യങ്ങളോടു പ്രതികരിക്കാം
ദൈവാനുഭവം വളര്‍ത്തുന്നൊരു പ്രാര്‍ത്ഥനാ സമൂഹമാകണം “പാഷനിസ്റ്റ് പ്രേഷിതര്‍” എന്നാണ് സഭാസ്ഥാപകനായ കുരിശിന്‍റെ വിശുദ്ധ പൗലോസ് തന്‍റെ ആത്മീയ മക്കളില്‍നിന്നും ആഗ്രഹിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധി കാലത്തിന്‍റെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതായിരുന്നു. അദ്ദേഹം ക്രമപ്പെടുത്തിയ നിയമപുസ്തകത്തില്‍ പറയുന്നുണ്ട്, ദൈവസ്നേഹം സമര്‍ത്ഥവും സ്നേഹപ്രവൃത്തികള്‍ നിറഞ്ഞതുമാണ്. അത് പൊള്ളയായ വാക്കുകളല്ല (xvi).  അതിനാല്‍ സഭാസിദ്ധിയോടുള്ള കാലികമായ പ്രതികരണം ഇന്നത്തെ ലോകത്തിന്‍റെ ആവശ്യങ്ങളോടു പ്രതികരിക്കാന്‍ സഭാംഗങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്. ക്രിസ്തുവിന്‍റെ പീഡകളെ ധ്യാനിക്കുന്ന സഭയുടെ സിദ്ധിക്ക് അനുസൃതമായി പ്രേഷിതര്‍  ചേര്‍ന്നുനില്ക്കുന്നുവെങ്കില്‍ വേദനിക്കുന്ന ഇന്നിന്‍റെ സമൂഹത്തിന് ക്രൂശിതനായ ക്രിസ്തുവിന്‍റെ സാന്ത്വനംപകരാന്‍ പാഷനിസ്റ്റ് സമൂഹത്തിനു സാധിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.

കുരിശിലെ സ്നേഹം ആത്മീയ സിദ്ധിയാക്കിയവര്‍
പാഷണിസ്റ്റ് സഭയില്‍ വിശുദ്ധിയുടെ മാതൃകയായി നിരവധി സമര്‍പ്പിതരുണ്ട്. സഭയുടെ സിദ്ധിയിലേയ്ക്ക് അവര്‍ ധാരാളം യുവജനങ്ങളെ ആകര്‍ഷിച്ചിട്ടുമുണ്ട്. വ്യാകുലമാതാവിന്‍റെ വിശുദ്ധ ഗബ്രിയേല്‍ അത്തരക്കാരനായിരുന്നു. സന്തോഷത്തോടെയുള്ള അദ്ദേഹത്തിന്‍റെ ക്രിസ്ത്വാനുകരണം ധാരാളം യുവജനങ്ങളുടെ ദൈവവിളിയെ പ്രചോദിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ കുരിശില്‍ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം നിങ്ങളുടെ പ്രേഷിതസന്ദേശത്തിന്‍റെ ലാളിത്യമാര്‍ന്ന ആത്മീയശക്തിയാണ്. യുവജനങ്ങളെ ആത്മീയ ജീവിതത്തിലേയ്ക്കു പ്രചോദിപ്പിക്കാന്‍ അതിന് ഇന്നും കരുത്തുണ്ടെന്നു മനസ്സിലാക്കാം. ദൈവത്തെ അന്വേഷിക്കുന്ന യുവജനങ്ങള്‍ക്ക് ഇന്നും ക്രിസ്തുവിന്‍റെ കുരിശ് ജീവിതത്തില്‍ പ്രത്യാശയും ധൈര്യവും പകരും. ജീവിതത്തിന്‍റെ അന്ത്യനിമിഷംവരെ നിരാശരാകാതെ ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചു മുന്നേറാന്‍ സകലരെയും വ്യക്തിപരമായി ദൈവം സഹായിക്കും.

ദൈവസ്നേഹത്തിന്‍റെ അഭാവമുള്ള മേഖലകള്‍
അസ്തിത്വത്തിന്‍റെയും രാജ്യാതിര്‍ത്തികളുടെയും പരിധികള്‍ വിട്ടുപോകാനും പ്രവര്‍ത്തിക്കാനും ഇന്നത്തെ സാഹചര്യങ്ങളില്‍ സഭ നിര്‍ബന്ധിതയാകുന്നുണ്ട്. അതിനാല്‍ നവമായ പ്രവര്‍ത്തന മേഖലകള്‍ തേടുന്ന നിങ്ങളുടെ ഈ സമ്മേളനം (General Chapter), ഇന്ന് ലോകം നേരിടുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും, ഭൗതികവാദത്തിന്‍റെയും, സാങ്കേതിക ലോകത്തിന്‍റെയും ആവശ്യങ്ങളെയും പ്രതിസന്ധികളെയും കണ്ടില്ലെന്നു നടിക്കരുത്. അതായത് ദൈവത്തിന്‍റെ ആഭാവം മനുഷ്യര്‍ അനുഭവിക്കുന്ന മേഖലകളില്‍ പാഷനിസ്റ്റ് സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളും ജീവിതസാക്ഷ്യവും ഇനിയും സമ്പന്നമാക്കാന്‍ ഇടയാകട്ടെ! ക്രൂശിതനോടു ചേര്‍ന്നുനില്ക്കുന്നതുപോലെ, ലോകത്തു വേദനിക്കുന്ന മനുഷ്യരോട് പാഷനിസ്റ്റ് മക്കള്‍ കരുണയോടെ ചേര്‍ന്നുനില്ക്കുക!

അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2018, 19:21