തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ 28-10-18 ഫ്രാന്‍സീസ് പാപ്പാ, ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ 28-10-18  (AFP or licensors)

വിദ്വേഷാഗ്നിനാളം അണയുന്നതിന് പാപ്പാ പ്രാര്‍ത്ഥിക്കുന്നു

അമേരിക്കന്‍ ഐക്യനാടുകളിലെ പിറ്റ്സബര്‍ഗ്ഗിലെ സിനഗോഗിലുണ്ടായ മൃഗീയമായ ആക്രമണം നമുക്കെല്ലാവര്‍ക്കും ഏറ്റ മുറിവാണെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അമേരിക്കന്‍ ഐക്യനാടുകളിലെ പിറ്റ്സ്ബര്‍ഗ്ഗില്‍ യഹൂദ ആരാധനാലയമായ ഒരു സിനഗോഗിലുണ്ടായ വെടിവെയ്പ്പില്‍  പത്തിലേറെപ്പേര്‍ മരണടയുകയും ഏതാനും പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്ത ദുരന്തത്തില്‍ പാപ്പ ഖേദം രേഖപ്പെടുത്തുകയും മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഞായറാഴ്ച (28-10-18) ത്രികാലപ്രാര്‍ത്ഥനാനന്തരമാണ് ഫ്രാന്‍സീസ് പാപ്പാ ഈ ദുരന്തസംഭവം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത്.

ശനിയാഴ്ച (27/10/18) ഉണ്ടായ മൃഗീയമായ ഈ ആക്രമണം വാസ്തവത്തില്‍ നമ്മെ എല്ലാവരെയെും മുറിപ്പെടുത്തിയിരിക്കയാണെന്ന് പാപ്പാ പറഞ്ഞു.

നമ്മുടെ സമൂഹങ്ങളില്‍ വളരുന്ന വിദ്വേഷത്തിന്‍റെ അഗ്നിനാളം കെടുത്താനും  മാനവികതയെക്കുറിച്ചുള്ള അവബോധവും ജീവനോടുള്ള ആദരവും ധാര്‍മ്മിക-പൗര മൂല്യങ്ങളും, സ്നേഹവും സകലരുടെയും പിതാവും ആയ ദൈവത്തോടുള്ള പരിശുദ്ധമായ ഭയവും ശക്തിപ്പെടുത്താനും കര്‍ത്താവ് നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ സമൂഹമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ അംഗമായ വൈദികന്‍ ഹൊസേ തൂല്യൊ മറൂത്സൊ, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ അല്മായന്‍ ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ എന്നിവര്‍ മദ്ധ്യ അമേരിക്കന്‍ നാടായ ഗോട്ടിമാലയിലെ മൊറാലെസില്‍ ശനിയാഴ്ച (27/10/18) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടതും പാപ്പാ തുടര്‍ന്ന് അനുസ്മരിച്ചു.

നീതിയും സമാധാനവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പരിശ്രമിച്ച ഈ നവവാഴ്ത്തപ്പെട്ടവര്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്കെതിരെ നടന്ന പീഢനകാലത്ത്, വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണെന്നു പറഞ്ഞ പാപ്പാ, ഗോട്ടിമാലയിലെ സഭയെയും സുവിശേഷത്തിന്‍റെ സാക്ഷികളാണെന്ന കാരണത്താല്‍, ദൗര്‍ഭാഗ്യവശാല്‍, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഇന്നും പീഡിപ്പിക്കപ്പെടുന്ന സകല സഹോദരീസഹോദരന്മാരെയും നവവാഴ്ത്തപ്പെട്ടവരുടെ മാദ്ധ്യസ്ഥ്യത്തിനു സമര്‍പ്പിക്കുകയും കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്തു.

തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിവധ സംഘങ്ങളെ അഭിവാദ്യം ചെയ്തു.

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എത്തിയ ഒരു സംഘത്തെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

ലത്തീനമേരിക്കന്‍ നാടായ പെറുവില്‍, പ്രത്യേകിച്ച് ലീമ പട്ടണത്തില്‍, അത്ഭുത ചെയ്തികളുടെ കര്‍ത്താവിന്‍റെ ( സെഞ്ഞോര്‍ ദെ ലോസ് മിലഗ്രോസ്- Sseñor de los Milagros) തിരുന്നാള്‍ ഈ ഞായറാഴ്ച ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിക്കുകയും അന്നാട്ടുകാരെയും റോമില്‍ ജീവിക്കുന്ന പെറു സ്വദേശികളെയും തന്‍റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.  

29 October 2018, 13:02