തിരയുക

ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍- വത്തിക്കാന്‍,07-10-18 ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍- വത്തിക്കാന്‍,07-10-18 

മാനുഷിക ബന്ധത്തിന്‍റെ ശക്തി-സൗഷ്ഠവങ്ങള്‍ പ്രകാശിക്കുന്ന വിവാഹ ബന്ധം

മുറിപ്പെട്ട സ്നേഹത്തെ കാരുണ്യവും മാപ്പും വഴി സൗഖ്യമാക്കാന്‍ ദൈവത്തിനു കഴിയും- പാപ്പായുടെ ത്രികാലജപസന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മഴ പ്രതികൂലാവസ്ഥ സൃഷ്ടിച്ച ഒരു ദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (07/10/18) അന്ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ഇരുപത്തിഅയ്യായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. ചിലര്‍ കുടകള്‍ ചൂ‌ടിയിരുന്നു, മറ്റു ചിലര്‍ മഴയില്‍ നനയാതിരിക്കുന്നതിന് അനുയോജ്യമായ വസ്ത്രവും തൊപ്പിയും ധരിച്ചിരുന്നു. ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ വിശ്വാസികള്‍ കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും തങ്ങളുടെ ആനന്ദം അറിയിച്ചു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(07/10/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട, വിവാഹത്തെയും വിവവാഹത്തിന്‍റെ അഭേദ്യതയെയും ദാമ്പത്യ വിശ്വസ്തതയെയും കുറിച്ചു പരാമര്‍ശിക്കുന്ന സുവിശേഷഭാഗം, മര്‍ക്കോസിന്‍റെ സുവിശേഷം, അദ്ധ്യായം 10, 2-16 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ വിചിന്തനം  :            

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഈ ഞായറാഴ്ചത്തെ സുവിശേഷം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് വിവാഹത്തെക്കുറിച്ചുള്ള യേശുവിന്‍റെ വാക്കുകളാണ്. മോശയുടെ നിയമം അനുവദിച്ചിട്ടുള്ളതു പോലെ, സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ എന്ന ഫരിസേയരുടെ പ്രകോപനപരമായ ഒരു ചോദ്യത്തോടുകൂടിയാണ് ഈ വിവരണം ആരംഭിക്കുന്നത്. പിതാവ് തനിക്കേകുന്ന ജ്ഞാനത്താലും അധികാരത്താലും യേശു, സര്‍വ്വോപരി, മോശയുടെ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. അവിടന്നു പറയുന്നു: ”നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ്, മോശ, അതായത്, പഴയ നിയമ ദാതാവ്, നിങ്ങള്‍ക്കായി ഈ നിയമം എഴുതിയത്” (മര്‍ക്കോസ് 10,5). നമ്മുടെ സ്വാര്‍ത്ഥതയുടെ ഫലമായ പതനങ്ങളെ താല്ക്കാലികമായി തടയുന്നതിനുവേണ്ടിയുള്ള ഒരു ആനുകൂല്യമാണത്, അല്ലാതെ, സ്രഷ്ടാവിന്‍റെ യഥാര്‍ത്ഥ ലക്ഷ്യമല്ല.

ഏകശരീരമായിത്തീരുന്ന സ്ത്രീപുരുഷന്മാര്‍

ഇവിടെ യേശു ഉല്പത്തിപ്പുസ്തകത്തിലെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു: സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു;  ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും (മര്‍ക്കോസ് 10,6-7) അവിടന്ന് ഇപ്രകാരം ഉപസംഹരിക്കുന്നു: ”ആകയാല്‍ ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (മര്‍ക്കോസ് 10,9). ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്പോള്‍ അവളെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു പുരുഷന്‍ ദൈവത്തിന്‍റെ മൗലിക പദ്ധതിയില്‍ ഇല്ല. മറിച്ച് വിവാഹത്തില്‍, പരസ്പരം അംഗീകരിക്കാനും പരസ്പരം പൂര്‍ണ്ണരാക്കാനും, പരസ്പരം സഹായിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് സ്ത്രീപുരുഷന്മാര്‍.

ദാമ്പത്യ വിശ്വസ്തതയും ഐക്യവും

യേശുവിന്‍റെ ഈ പ്രബോധനം സുവ്യക്തമാണ്, പരസ്പര വിശ്വസ്തത വ്യവസ്ഥചെയ്യുന്ന  സ്നേഹത്തിന്‍റെ ഐക്യമായ വിവാഹത്തിന്‍റെ ഔന്നത്യത്തെ അത് സംരക്ഷിക്കുന്നു. ക്രിസ്തുവിന്‍റെ കൃപയാല്‍ താങ്ങിനിറുത്തപ്പെട്ട പരസ്പരം ദാനം ചെയ്യുന്ന ഒരു സ്നേഹമാണ് വിവാഹത്തില്‍ ഐക്യത്തിലായിരിക്കാന്‍ ദമ്പതികളെ പ്രാപ്തരാക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥതാല്പര്യങ്ങളാണ്, സ്വന്തം സംതൃപ്തി മാത്രമാണ്  ദമ്പതികളില്‍ പ്രബലപ്പെടുന്നതെങ്കില്‍ അവരുടെ ഐക്യം നിലനില്ക്കില്ല.

തകര്‍ച്ചയുടെ കയത്തില്‍ നിന്നു കൈപിടിച്ചുയര്‍ത്തുന്ന സഭയുടെ കരങ്ങള്‍

ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുഭവം ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാര്‍ പ്രതിസന്ധികളിലേക്കു നയിക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്ന ഖേദകരമായ അവസ്ഥയുമുണ്ടാകുമെന്ന് ഈ സുവിശേഷത്താള്‍ തന്നെ നമ്മെ, വലിയ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ബന്ധങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന യാതൊന്നിനെയും യേശു അംഗികരിക്കുന്നില്ല. മാനുഷിക ബന്ധത്തിന്‍റെ ശക്തിയും സൗകുമാര്യവും തെളിഞ്ഞു നില്ക്കുന്ന ദൈവിക പദ്ധതി സ്ഥിരീകരിക്കപ്പെടുന്നതിനാണ് യേശു പ്രവര്‍ത്തിക്കുക. സഭ, ഒരു വശത്ത്, തിരുലിഖിതവും പാരമ്പര്യവും നമുക്കു കൈമാറിയിരിക്കുന്ന കുടുംബത്തിന്‍റെ  സൗഷ്ഠവം  സ്ഥിരീകരിക്കുന്നതിനായി അക്ഷീണം പരിശ്രമിക്കുന്നു, ഒപ്പം, ബന്ധത്തകര്‍ച്ചയുട‌െയൊ, ആയസകരമായും ഞെരുക്കത്തോടെയും മുന്നോട്ടുകൊണ്ടു പോകുന്ന ബന്ധങ്ങളുടെയൊ അനുഭവം ജീവിക്കുന്നവര്‍ക്ക് തന്‍റെ  മാതൃനിര്‍വ്വശേഷ സാമീപ്യം അനുഭവവേദ്യമാക്കാന്‍ അവള്‍ പരിശ്രമിക്കുന്നു.

മുറിപ്പെട്ട സ്നേഹത്തെ സൗഖ്യമാക്കുന്ന ദൈവം

അവിശ്വസ്തരായ സ്വന്തം ജനത്തോട്, അതായത്, നമ്മോടു ഉള്ള ദൈവത്തിന്‍റെ  പ്രവര്‍ത്തന ശൈലി നമ്മെ പഠിപ്പിക്കുന്നത് മുറിപ്പെട്ട സ്നേഹത്തെ കാരുണ്യവും മാപ്പും വഴി സൗഖ്യമാക്കാന്‍ ദൈവത്തിനു കഴിയും എന്നാണ്. ആകയാല്‍ ഇത്തരം അവസ്ഥകളില്‍ ഉടന്‍ ശിക്ഷവിധിക്കാനല്ല സഭ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, നിരവധിയായ വേദനാജനകമായ ദാമ്പത്യത്തകര്‍ച്ചകള്‍ക്കു മുന്നില്‍ സഭ മുറിവേറ്റതും നഷ്ടപ്പെട്ടുപോയതുമായ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് പുനരാനയിക്കുന്നതിന്  സ്നേഹത്തിന്‍റെയും, ഉപവിയുടെയും കാരുണ്യത്തിന്‍റെയുമായ സാമീപ്യം അവര്‍ക്ക്  അനുഭവവേദ്യമാക്കയാണ് വേണ്ടത്.

ദൈവത്തിന്‍റെ മൗലികദാനത്തില്‍ നിന്നു തുടങ്ങി തങ്ങളു‌ടെ ഐക്യം സദാ നവീകരിക്കുന്നതിനും ജീവിക്കുന്നതിനും ദമ്പതികളെ സഹായിക്കുന്നതിനായി നമുക്ക് കന്യകാമറിയത്തോട് അപേക്ഷിക്കാം.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ഭിന്നിപ്പിന്‍റെ ശക്തിയെ ജയിക്കാന്‍ ജപമാല പ്രാര്‍ത്ഥന

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ഈ ഞായറാഴ്ച ജപമാല നാഥയുടെ തിരുന്നാള്‍ ആചരിക്കപ്പെട്ടത് അുസ്മരിക്കുകയും തെക്കെ ഇറ്റലിയിലെ പൊംപെയിലുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍, അനുവര്‍ഷം പതിവുള്ളതു പോലെ, പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്നവര്‍ക്ക്  അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. സിറിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ഈ പ്രാര്‍ത്ഥനാ ശുശ്രൂഷയെന്നതും പാപ്പാ അുസ്മരിക്കുകയും ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും കൊന്തനമസ്ക്കാരം ചൊല്ലണമെന്ന തന്‍റെ അഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. “നിന്‍റെ സംരക്ഷണയിന്‍ കീഴില്‍” എന്ന പ്രതിവചനവും, സഭയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സാത്താന്‍റെ ആക്രമണങ്ങളെ ചെറുക്കുന്നതിന് കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ട് ആയിരിക്കണം കൊന്ത ജപം അവസാനിപ്പിക്കേണ്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

"കാറ്റക്കോമ്പു"കളുടെ പ്രഥമ ദിനം

അടുത്ത ശനിയാഴ്ച (13/10/18) കാറ്റക്കോമ്പുകളുടെ, അഥവാ, ഭൂഗര്‍ഭ കല്ലറകളുടെ പ്രഥമ ദിനം ആചരിക്കപ്പെടാന്‍ പോകുന്നതിനെക്കുറിച്ചും പാപ്പാ പറഞ്ഞു. പല കാറ്റക്കോമ്പുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കപ്പെടുമെന്നും പാപ്പാ വെളിപ്പെടുത്തി. വിശുദ്ധ പുരാവസ്തു ശാസ്ത്രവിഭാഗത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ഈ സംരംഭത്തിന് പാപ്പാ തന്‍റെ നന്ദി അറിയിക്കുകയും ചെയ്തു.

ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട വിവിധ രാജ്യക്കാരെയും ഇടവക സമൂഹങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2018, 13:00