മിഖായേല്‍ മാലാഖ - റോമിലെ മാലാഖയുടെ കോട്ടയില്‍ castle Sant'angelo മിഖായേല്‍ മാലാഖ - റോമിലെ മാലാഖയുടെ കോട്ടയില്‍ castle Sant'angelo 

സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! #PrayForTheChurch

ഒക്ടോബര്‍ മാസത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രാര്‍ത്ഥനാനിയോഗം : സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.
ശബ്ദരേഖ - ഒക്ടോബര്‍ പ്രാര്‍ത്ഥനാനിയോഗം

ജപമാലചൊല്ലിക്കൊണ്ടും, മിഖയേല്‍ മാലാഖയുടെ പ്രത്യേക മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചുകൊണ്ടും ആഗോളസഭയ്ക്കുവേണ്ടി  പ്രാര്‍ത്ഥിക്കാം.  
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം.

പീഡനങ്ങളി‍ല്‍ ദൈവത്തിങ്കലേയ്ക്കു തിരിയാം 
എന്തുകൊണ്ടാണ് ഇന്നാളില്‍ സഭാമക്കള്‍ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നത്. സെപ്തംബര്‍ 29-Ɔο തിയതി മിഖയേല്‍ മാലാഖയുടെ അനുസ്മരണ നാളില്‍ പാപ്പാ ഈ അഭ്യാര്‍ത്ഥന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ആവര്‍ത്തിക്കുകയുണ്ടായി. കേരളത്തിലും, ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ സഭ നേരിടുന്ന പീഡനങ്ങളും അവഹേളനങ്ങളുമാണ് ഈ പ്രത്യേക പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയ്ക്ക് പാപ്പായെ പ്രേരിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. 

തിന്മ ശക്തിയോടെ ആഞ്ഞടിക്കുന്നു!
ഒക്ടോബര്‍ മാസത്തില്‍ സഭയിലുള്ള പരമ്പരാഗത ആത്മീയ അനുഷ്ഠാനങ്ങളായ ജപമാലഭക്തി, കാവല്‍മാലാഖയുടെ ഭക്തി എന്നിവയെ കേന്ദ്രീകരിച്ച്, വളരെ പ്രായോഗികമായ പ്രാര്‍ത്ഥനാ രീതികളാണ് പാപ്പാ നിര്‍ദ്ദേശിക്കുന്നത്.   ജപമാലചൊല്ലി #OurLadyOfTheRosary പരിശുദ്ധ കന്യകാനാഥയുടെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കാം. ജപമാലയുടെ അന്ത്യത്തില്‍ Sub tuum praesidium  “അങ്ങേ സംരക്ഷണയ്ക്കായ്…  എന്ന മരീയന്‍ പ്രാര്‍ത്ഥനചൊല്ലുകയും മുഖ്യദൂതനായ മിഖയേല്‍ മാലാഖയുടെ സംരക്ഷണ സഹായം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. പാപ്പാ സന്ദേശത്തില്‍ എടുത്തു പറയുന്നു.

പിശാചു ശക്തിയോടെയാണ് ആഞ്ഞടിക്കുന്നത്. സമ്മാനപ്പൊതിയുമായിട്ടാണ് പിശാചു വരുന്നത്. അതില്‍ എന്താണെന്ന് നമുക്ക് അറിയില്ല. അതിനാല്‍ ഒക്ടോബര്‍ മാസത്തിലെ എല്ലാദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. മാത്രമല്ല, ജപമാലയുടെ അന്ത്യത്തില്‍, “അങ്ങേ സംരക്ഷണയ്ക്കായ്…”. (Sub tuum praesidium) എന്ന പ്രാര്‍ത്ഥന ചൊല്ലുകയും മുഖ്യദൂതനായ മിഖയേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലി സഭയുടെ സംരക്ഷണയ്ക്കായ് പ്രാര്‍ത്ഥിക്കാം. സഭയെ ഭിന്നിപ്പിക്കാനുള്ള പിശാചിന്‍റെ ആക്രമണത്തെ അങ്ങനെ നമുക്ക് ചെറുക്കാമെന്നുള്ള വിശദീകരണത്തോടെയാണ് പാപ്പായുടെ ഈ മാസത്തെ, ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥന ഉപസംഹരിക്കപ്പെടുന്നത്.

പാപ്പായെ രാജിവെയ്പ്പിക്കാന്‍ ഒരു മെത്രാന്‍!
അഞ്ചുവര്‍ക്കാലം കവിഞ്ഞുനില്ക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാഭരണത്തിന്‍റെ ഈ ചരിത്രഘട്ടത്തില്‍ സഭാശുശ്രൂഷകരില്‍നിന്നും ഉണ്ടായിട്ടുള്ള ലൈംഗിക പീഡനക്കേസുകളുടെ വെളിച്ചത്തിലാണ് ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന എന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ തെറ്റുകാരെക്കൂടാതെ, ചില കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും പീഡക്കേസുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിനു വിധേയരായിട്ടുണ്ട്. ഈ അടുത്തകാലത്ത് പാപ്പാ ഫ്രാന്‍സിസ് പീഡനക്കേസുകാരെ തുണച്ചു എന്ന് വ്യാജാരോപണം ഉയര്‍ത്തി, രാജി ആവശ്യപ്പെട്ട് ലോകം മുഴുവനും വാര്‍ത്തയുണ്ടാക്കിയത് അമേരിക്കയില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചു, വരിമിച്ച ഇറ്റലിക്കാരനായ കാര്‍ളോ വിഗനോ എന്ന മെത്രാപ്പോലീത്തയാണ്. ഉചിതമായ മറുപടി അതിന് വത്തിക്കാന്‍ നല്കുകയുണ്ടായി. അങ്ങനെ തെറ്റുകള്‍ അംഗീകരിക്കുമ്പോഴും, സഭയ്ക്കെതിരെ ആഗോളതലത്തില്‍ ഉയര്‍ത്തപ്പെടുന്ന സംഘടിതമായ പടവാള്‍ മനസ്സിലാക്കി, തിന്മയെ അതിജീവിക്കണമെന്നും, തെറ്റുകള്‍ തിരുത്തി സഭ നവീകൃതയാകണമെന്നുതന്നെയാണ് പാപ്പാ അവശ്യപ്പെടുന്നത്. ആരോപിതരായ എല്ലാവരും കുറ്റക്കാരല്ല എന്ന വസ്തുതയും പലപ്പോഴും, വൈകിയെങ്കിലും തെളി‍ഞ്ഞിട്ടുള്ളതാണ്.  അതിനാല്‍ മുറവികളുടെ കുത്തൊഴിക്കിലോ, നിയമത്തിന്‍റെ രീതികളിലോ എന്നതിനെക്കാള്‍ സഭ സത്യത്തിന്‍റെ വഴിയെ മുന്നോട്ടു ചരിക്കുകതന്നെ ചെയ്യും.

ചെന്നായ്ക്കള്‍ ചിതറിക്കുന്ന അജഗണങ്ങള്‍
സഭാമക്കള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തും, ആഫ്രിക്കാഭൂഖണ്ഡത്തിലും ഏഷ്യയുടെ ചില രാജ്യങ്ങളിലും വിശ്വാസത്തെപ്രതി അകാരണമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ചെന്നായ് ചിതറിച്ച കുഞ്ഞാടുകളുടെ കഥ പോലെയാണ് ചൈന ഉപഭൂഖണ്ഡത്തിലെ സഭയുടെ അവസ്ഥ. എത്രയോ മെത്രാന്മാരാണ് അകാരണമായി തടങ്കലില്‍ കഴിയുന്നത്. കത്തോലിക്കര്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ ഭയന്നു കഴിയുന്നു. ഭീകരരുടെ കൈകളില്‍ കൊല്ലപ്പെട്ടവരെക്കൂടാതെ ഇനിയും തലടങ്കലില്‍ കഴിയുന്ന മെത്രാന്മാരും ക്രൈസ്തവരും സഭയാകുന്ന അമ്മയുടെ വേദനതന്നെയാണ്. അങ്ങനെ പീഡനങ്ങളുടെ നീറുന്ന ഓര്‍മ്മകളിലാണ് ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന സഭാമക്കോളോട്, പ്രത്യേകമായും ഈ ജപമാലമാസത്തില്‍ പാപ്പാ ഫ്രാന്‍സിസിസ് ആഹ്വാനംചെയ്യുന്നത്.

മറിയത്തിന്‍റെ ജപവഴികളിലൂടെ
ഈ മാസത്തെ പ്രാര്‍ത്ഥനിയോഗത്തിലെ ഘടകങ്ങള്‍ ഏറെ ശ്രദ്ധേയവും പ്രായോഗികവുമാണ്. ആദ്യം ദൈവമാതാവിന്‍റെ ജപമാലപ്രാര്‍ത്ഥനയാണ്. ദൈവിക കാരുണ്യത്തിന്‍റെയും ചരിത്രമാണ് ജപമാല. ഒരു ധ്യാനാത്മക പ്രാര്‍ത്ഥനയാണത്. മറിയത്തോടുകൂടെ ക്രിസ്തുവിനെ ഓര്‍ക്കുകയും ധ്യാനിക്കുകയുമാണ് ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നാം ക്രിസ്തുവിനെപ്പറ്റി മറിയത്തില്‍നിന്നും പഠിക്കുകയാണ്. മറിയത്തോടൊപ്പവും മറിയത്തെപ്പോലെയും നാം ക്രിസ്തുവിനോട് അടുക്കാനും അനുരൂപപ്പെടാനും ശ്രമിക്കാമെന്ന പ്രാര്‍ത്ഥനയാണ് ജപമാല. അതുപോലെ ജപമാലധ്യാനത്തിന് മാറ്റുകൂടാന്‍ കാരണം അത് സുവിശേഷ സംഗ്രഹമാകയാലാണ്. തങ്ങളില്‍ ദൈവകൃപ രൂപപ്പെടാന്‍ അനുവദിക്കുന്നവര്‍ക്ക് അതിനാല്‍ ജപമാല പ്രാര്‍ത്ഥന അവരുടെതന്നെ രക്ഷാകര ചരിത്രമായി മാറുന്നു. വ്യക്തിഗത രക്ഷയുടെ ധ്യാനമായി മാറുന്നു. മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ യഥാര്‍ത്ഥമാക്കിയ സംഭവങ്ങളാണ് ജപമാലയുടെ ഒരോ രഹസ്യങ്ങളില്‍ നാം ധ്യാനിക്കുന്നത്.

മറിയത്തിന്‍റെ ജപവഴികളിലൂടെ ക്രിസ്തുരഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍ മനുഷ്യന്‍റെ ജീവിത പരസരങ്ങളിലേയ്ക്കും ആവശ്യങ്ങളിലേയ്ക്കും ചൂഴ്ന്നിറങ്ങുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖകാന്തിയാണ് ജപമാലരഹസ്യങ്ങളില്‍ നാം ദര്‍ശിക്കുന്നത്. അത് ആഴ്ചയിലെ ഒരോ ദിവസവും വിവിധ രഹസ്യങ്ങളായി (സന്തോഷം, പ്രകാശം, ദുഃഖം, മഹിമ എന്നിങ്ങനെ...) മാറിമാറി വരുന്നു എന്നുള്ള പ്രത്യേകതകൂടി, ക്രിസ്തു രഹസ്യങ്ങളുടെയും, ദൈവത്തിന്‍റെ രക്ഷണീയ രഹസ്യങ്ങളുടെയും ജപമാലവഴിയുള്ള ധ്യാനത്തെ സമ്പന്നമാക്കുന്നു.

അഭയം തേടി വരുന്നമ്മേ!
സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ഈ മാസത്തെ പാപ്പായുടെ അഭ്യര്‍ത്ഥനയില്‍, വീണ്ടും ശ്രദ്ധേയമാകുന്ന സഭയുടെ വളരെ പരമ്പരാഗതമായ മേരിയന്‍ പ്രാര്‍ത്ഥനയാണ്. Sub tuum praesidium  അങ്ങേ സംരക്ഷണയ്ക്കായ്... ഞങ്ങള്‍ ഓടിവരുന്നൂ... എന്ന മരീയന്‍ പ്രാര്‍ത്ഥനയാണ്ക്രിസ്തുവര്‍ഷം 250-ല്‍ ഈജിപ്തില്‍ ഗവേഷകര്‍ കണ്ടെത്തിയ “പപ്പീരസ്”  താളിയില്‍നിന്നും ലഭിച്ച വളരെ പുരാതനവും ഹ്രസ്വവുമായ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയാണ് sub tuum praesidium, “അങ്ങേ സംരക്ഷണയ്ക്കായ് ഞങ്ങള്‍ ഓടിവരുന്നൂ, അമ്മേ!” എന്നത്.

അങ്ങേ സംരക്ഷണയ്ക്കായ് ഞങ്ങള്‍ ഓടിവരുന്നു,
ഓ, പരിശുദ്ധയായ ദൈവമാതാവേ!
ആവശ്യങ്ങളില്‍ ഞങ്ങളെ കൈവെടിയരുതേ!
അപകടങ്ങളില്‍നിന്നെല്ലാം കാത്തുരക്ഷിക്കണേ!
ഓ, ഭാഗ്യവതിയും മഹത്വപൂര്‍ണ്ണയുമായ
കന്യകാനാഥേ, ആമേന്‍.

ഈ പ്രാര്‍ത്ഥനയുടെ മൂലരചന ഗ്രീക്കുഭാഷയിലാണ്. അത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഇന്നും സഭയില്‍ ഗദ്യരൂപത്തിലും ഗാനരുപത്തിലും ഉപയോഗത്തിലുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസുവരെയ്ക്കും ലോകത്ത് എവിടെയും ഈ പ്രാര്‍ത്ഥന മരീയന്‍ ദിനങ്ങളിലെ പ്രത്യേക ഗീതമായും, യാമപ്രാര്‍ത്ഥനകളുടെ സമാപനഗീതമായും പതിവായി ലത്തീന്‍ഭാഷയില്‍ പാടുകയോ ചൊല്ലുകയോ ചെയ്തിരുന്നു. കുടുംബപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അതിന്‍റെ പരിഭാഷ ഇന്നും പലയിടങ്ങളിലും പ്രചാരത്തിലുണ്ട്.

ലത്തീന്‍ പ്രാര്‍ത്ഥനയുടെ മലയാള ഗാനരൂപം
ആരാധനക്രമം മലയാളത്തിലേയ്ക്ക് പരിഭാഷചെയ്ത സൂനഹദോസിനുശേഷമുള്ള കാലഘട്ടത്തില്‍ ഏകദേശം 1968-ല്‍ ലത്തീന്‍ ഭാഷാപണ്ഡിതനും കവിയുമായിരുന്ന ഫാദര്‍ ജോസഫ് മനക്കില്‍ ഈ പ്രാര്‍ത്ഥന മലയാളത്തില്‍ രചിച്ചത് കേരളത്തില്‍ ഇന്നും ഉപയോഗത്തിലുണ്ട്. ഈ ഗീതം ഈണംപകര്‍ന്നത് ജോബ്&ജോര്‍ജ്ജ് സംഗീതജോഡിയാണ്.  ഈ ഗാനത്തിന്‍റെ റെക്കോര്‍ഡി കൈവശം ഇല്ലാത്തതിനാല്‍ പാടുകയാണ്....

തേടിവരുന്നു നിന്‍ സുതരമ്മേ

രക്ഷദമാം നിന്‍ സങ്കേതം
ദൈവത്തിന്‍ പ്രിയജനനീ, ധന്യേ,
കന്യേ, മഹിതമനോജ്ഞേ!
നിറമിഴിയോടിവരണയുമ്പോള്‍
നിരസിക്കരുതേ യാചനകള്‍
ആപത്തുകളില്‍നിന്നിവരെ
പരിരക്ഷിക്കുക തായേ!

മാലാഖയുടെ മാദ്ധ്യസ്ഥം
സ്വര്‍ഗ്ഗീയ ദുതവൃന്ദത്തിന്‍റെയും തലവനായി മിഖായേല്‍ മാലാഖയെ സഭയുടെ ആരംഭകാലം മുതല്ക്കേ വണങ്ങിപ്പോരുന്നു. പുതിയനിയമ ഗ്രന്ഥത്തില്‍ പൗലോസ് അപ്പസ്തോലനും (തെസ. 4, 16)., ഹെബ്രായരുടെ ലേഖനവും മുഖ്യദൂതനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്, ഗബ്രയേല്‍ദൂതന്‍ മനുഷ്യാവതാര രഹസ്യം മറിയത്തിനു വെളിപ്പെടുത്തുന്നതും സമാന്തര സുവിശേഷങ്ങളില്‍ നാം വായിക്കുന്നു. അന്ത്യവിധിയെക്കുറിച്ചും ക്രിസ്തുവിന്‍റെ രണ്ടാം ആഗമനത്തെക്കുറിച്ചും പറയുമ്പോള്‍ മാലാഖമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സുവിശേഷങ്ങളില്‍ സുലഭമാണ്. ഡാനിയേലിന്‍റെ പുസ്തകം മിഖയേല്‍മാലഖയെക്കുറിച്ച് പ്രതിപാദിക്കുന്നു (10, 13-21). സഭാപിതാക്കന്മാരും അനേകായിരും സഭയുടെ വിശുദ്ധാത്മാക്കളും മാലാഖമാരുടെ മദ്ധ്യാസ്ഥം തേടിയിട്ടുള്ളതായി രേഖകളുണ്ട്, പ്രത്യേകിച്ച് മുഖദൂതന്‍ ഗബ്രിയേലിന്‍റെ മാദ്ധ്യസ്ഥം! ദൈവജനമായ ഇസ്രായേലിന്‍റെ മദ്ധ്യസ്ഥനായ മിഖായേലിനെ നവഇസ്രായേലായ സഭയും മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടാണ് പ്രതിസന്ധികളുടെ ഇക്കാലഘട്ടത്തില്‍ മിഖായേല്‍ മാലാഖയുടെ മാദ്ധ്യസ്ഥം പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഈ മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നത്.

കാവല്‍മാലാഖയോടുള്ള പ്രാര്‍ത്ഥന
ദൈവം തന്‍റെ കരുണയാല്‍ ഞങ്ങളുടെ സംരക്ഷകനായി നിയോഗിച്ച മിഖയേല്‍ മാലാഖയേ, ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ പ്രകാശിപ്പിക്കുകയും ശത്രുകരങ്ങളില്‍നിന്ന് സംരക്ഷിക്കുകയുംചെയ്യണമേ! അങ്ങേ കൃപയില്‍നിന്ന് ഒരിക്കലും പതറാതെ ജീവിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ! ആമേന്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2018, 17:40