Vatican News
സിന‍ഡിന്‍റെ  സമാപന സമ്മേളനത്തില്‍ പാപ്പാ നന്ദി പറ‍ഞ്ഞു സിന‍ഡിന്‍റെ സമാപന സമ്മേളനത്തില്‍ പാപ്പാ നന്ദി പറ‍ഞ്ഞു  (AFP or licensors)

“പുണ്യവതിയായ സഭമാതാവിന് പാപികളായ കുറെ മക്കള്‍…!”

ഒക്ടോബര്‍ 27-‍Ɔο തിയതി ശനിയാഴ്ച യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനുഡു സമ്മേളനത്തിന്‍റെ അവസാനത്തെ പൊതുയോഗത്തില്‍ പാപ്പാ ഫ്രാന്‍സിസ് തത്സമയം നടത്തിയ കൃതജ്ഞത പ്രഭാഷണത്തിലെ ശ്രദ്ധേയമായ ചിന്തകള്‍ :

- ഫാദര്‍‍ വില്യം നെല്ലിക്കല്‍ 

സഭാമാതാവും മക്കളും
ഏറെ പുരാതനവും സ്ഥായിയുമായ സഭയുടെ വിശേഷണമാണ് “സഭാമാതാവ്”.   സഭാമക്കള്‍ പാപികളും ബലഹീനരുമാണെങ്കിലും അമ്മയായ സഭ വിശുദ്ധയാണ്. അമ്മ മലീമസമാക്കപ്പെടുന്നില്ല, എന്നാല്‍ മക്കള്‍ പാപത്തില്‍ വീഴുന്നുണ്ട്. ഇന്നും, എക്കാലത്ത് എന്നപോലെയും സഭാമാതാവിന് എതിരെ ആഞ്ഞടിക്കുന്ന പൈശാചിക ശക്തികളെ മക്കള്‍ ചെറുക്കേണ്ടതുണ്ട്.

ആഞ്ഞടിക്കുന്ന ‘പൈശാചിക ശക്തികള്‍’
സാത്താന്‍ ഭൂമി മുഴുവന്‍ പരതുന്നത് ആരെയെങ്കിലും കുറ്റുംചുമത്താനാണ് (ജോബിന്‍റെ പുസ്തകം അ ദ്ധ്യായം 1). പൈശാചിക ശക്തികള്‍ പണ്ടെന്നപോലെ ഇന്നും സഭയ്ക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. ശക്തമായ ആരോപണങ്ങളുമായിട്ടാണ് സാത്താന്‍ ഇന്ന് തലപൊക്കുന്നത്. സിനഡു സമ്മേളനത്തിന്‍റെ പ്രസിഡന്‍റും, കാല്‍ഡിയന്‍ സഭയുടെ പാത്രിയര്‍ക്കിസുമായ കര്‍ദ്ദിനാള്‍ ലൂയി റഫായേല്‍ സാക്കോ പ്രഥന്‍ ഇറാക്കിലെയും കിഴക്കന്‍ സഭകളിലെയും പീഡന കഥകള്‍ സിനഡില്‍ പങ്കുവയ്ക്കുകയുണ്ടായി. കാരണമുണ്ടായിട്ടല്ല ആയിരങ്ങളെ കൊന്നൊടുക്കിയതും നാടുകടത്തിയതും. അതുപോലെ ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും സഭ പീഡിപ്പിക്കപ്പെടുന്നുണ്ട്. സഭയെ മലീമസമാക്കാന്‍ നിരന്തരമായി ആരോപണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. എന്നാല്‍ സഭയായ അമ്മ മലീമസമാക്കപ്പെടുന്നില്ല. മക്കളായ നമ്മിലെ കുറുവുകളും ബലഹീനതകളും നമുക്ക് ഏറ്റുപറയാം, തിരുത്താം! പിശാചിന്‍റെ പ്രലോഭനങ്ങള്‍ക്ക് മക്കള്‍ വീണുപോയാലും, എഴുന്നേറ്റ് അമ്മയെ സംരക്ഷിക്കാന്‍ മക്കള്‍ക്ക് കടമയുണ്ട്.

പ്രാ‍ര്‍ത്ഥന ആയുധമാക്കാം!
വലിയ ആക്ഷേപകനും അധിക്ഷേപകനുമായ പിശാചില്‍നിന്നും അവന്‍റെ ശക്തികളില്‍നിന്നും അമ്മയായ സഭയെ നമുക്കു സംരക്ഷിക്കാം. പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയുമാണ് അമ്മയെ നാം സംരക്ഷിക്കേണ്ടത്. ജപമാലമാസത്തിലെന്നപോലെ, ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥ്യം എന്നും പ്രത്യേകമായി പ്രാര്‍ത്ഥിച്ചും, മുഖ്യാദൂതനായ മിഖായേല്‍ മാലാഖയുടെ മാദ്ധ്യസ്ഥ്യം തേടിയും സഭയാകുന്ന അമ്മയെ പീഡനങ്ങളില്‍നിന്നു കാത്തുപാലിക്കാമെന്ന്  പാപ്പാ സിനഡുസമ്മേളനത്തിലെ ഓരോരുത്തരോടും, പ്രത്യേകിച്ച് യുവജനങ്ങളോടും ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു.

സഭയുടെ സിനഡു പാര്‍ളിമെന്‍റല്ല
 സിനഡിനെക്കുറിച്ച് രണ്ടു ചെറിയ കാര്യങ്ങള്‍ പറയാനുണ്ടെന്നു തുടര്‍ന്ന് പറഞ്ഞ പാപ്പാ ഫ്രാന്‍സിസ്, അവ ഓരോന്നായി അവതരിപ്പിച്ചു:
ആദ്യമായി, സഭയുടെ സിനഡുസമ്മേളനം ഒരു പാര്‍ലിമെന്‍റ് അല്ല. ഇത് ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണല്ലോ! ജനപ്രതിനിധി സഭ അല്ല സിനഡ്. ഇത് സഭാമക്കളുടെ കൂട്ടായ്മയില്‍ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ സംരക്ഷികത മേഖലയാണ്. അതിനാല്‍ ഇവിടെ നാം നല്കുന്ന അറിവും വിവരങ്ങളും, പേരുകളും വാക്കുകളും പൊതുവായ നിര്‍ദ്ദേശങ്ങളാണ്. അവയിലൂടെ പരിശുദ്ധാത്മാവു നമ്മില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതിനുള്ള തുറവ് സഭാമക്കള്‍ക്ക് ഉണ്ടാവുകയും വേണം.
 
ഫലപ്രാപ്തി ദൈവാത്മാവിന്‍റെ പ്രചോദനങ്ങള്‍
രണ്ടാമതായി സിനഡിന്‍റെ ഫലപ്രാപ്തിയെന്നു പറയുന്നത് ഒരു പ്രമാണരേഖയല്ല (not the document). പ്രബോധനങ്ങളും പ്രമാണരേഖകളും നമുക്ക് ധാരാളമുണ്ട്. ‘ഡോക്യുമെന്‍റി’ന് അല്ലെങ്കില്‍ പ്രമാണരേഖയ്ക്ക് എന്ത് പ്രസക്തിയുണ്ടെന്ന് നാം വിലയിരുത്തേണ്ടതാണ്. ഇനിയും നമുക്ക് അത് അറിഞ്ഞുകൂട... എന്ന് പാപ്പാ ആശ്ചര്യപൂര്‍വ്വം പ്രസ്താവിച്ചു. മാനുഷികമായി നാം പഠിച്ചും, പ്രവര്‍ത്തിച്ചും, അഭിപ്രായപ്രകടനങ്ങള്‍ നടത്തിയും ഉണ്ടാക്കിയതാണത്. സിനഡു കമ്മിഷന്‍ അവ ശേഖരിച്ചു, ക്രോഡീകരിച്ചെടുക്കുകയാണ്. സിനഡിന്‍റെ ഈ അദ്ധ്വാനഫലം നമ്മില്‍ വളര്‍ത്തേണ്ടതും, നമ്മില്‍ പ്രവര്‍ത്തിച്ച് ഫലവത്താക്കേണ്ടതും ദൈവാരൂപിയാണ്. നമ്മുടെ ഹൃദയങ്ങളില്‍ സിനഡിന്‍റെ പ്രബോധനങ്ങള്‍ ഇനിയും തെളിയിക്കേണ്ടതും, പ്രചോദിപ്പിച്ച് ഫലവത്താക്കേണ്ടതും പരിശുദ്ധാത്മാവാണ്. അരൂപിയുടെ പ്രചോദനങ്ങളുടെ സ്വീകര്‍ത്താക്കളാണു നാം. ആദ്യത്തെ സ്വീകര്‍ത്താക്കളും പ്രബോധകരുമാണ് സിനഡ് അംഗങ്ങള്‍. അതിനാല്‍ ദൈവാത്മാവിന്‍റെ വെളിച്ചത്തിനായി നാം പ്രാര്‍ത്ഥിച്ചുകൊണ്ട് സിനഡിന്‍റെ പ്രബോധനങ്ങള്‍ പഠിക്കേണ്ടതാണ്. അപ്പോള്‍ ഇവിടെ, നാം സിനഡില്‍ ചെയ്ത കാര്യങ്ങള്‍ ഇനിയും ഓരോരുത്തരുടെയും രാജ്യങ്ങള്‍ക്കും സാമൂഹ്യപരിസരങ്ങള്‍ക്കും അനുസൃതമാംവിധം ദൈവാരൂപി അത് വ്യക്തമാക്കിത്തരും, വെളിപ്പെടുത്തിത്തരും. സിനഡിനെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത പരിശുദ്ധാത്മാവ് സഭയെയും സഭയുടെ ഈ നവമായ കാല്‍വയ്പിനെയും ഇനിയും പ്രചോദിപ്പിക്കുകയും പ്രശോഭിപ്പിക്കുകയും ചെയ്യട്ടെ!

സ്നേഹപൂര്‍വ്വം നന്ദി!
എല്ലാവര്‍ക്കും നന്ദിപറയേണ്ടതുണ്ട്, എന്നു പ്രസ്താവിച്ച പാപ്പാ, ആദ്യം സിനഡു കമ്മിഷന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി, സെക്രട്ടറി ബിഷപ്പ് ഫാബിയോ ഫബീന്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രസിഡന്‍റുമാര്‍, രേഖീകരണം നടത്തുന്നവര്‍, പ്രത്യേക സെക്രട്ടറിമാരും അവരുടെ പത്രാധിപരുമെല്ലാം സിനഡന്‍റെ പ്രാമാണരേഖ സമയനിഷ്ഠമായി തയ്യാറാക്കുന്നതില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സിനഡിലെ നിരീക്ഷകരായ രാജ്യാന്തരതലത്തിലുള്ള യുവജനപ്രതിനിധികള്‍ക്കും പ്രത്യേകം നന്ദി! അവര്‍ ഈ സമ്മേളനത്തിനും ജീവന്‍ പകര്‍ന്നവരാണ്! അവരുടെ സംഗീതവും ശബ്ദവും സ്നേഹസാന്നിദ്ധ്യമായിരുന്നു. എല്ലാവര്‍ക്കും നന്ദി!!

30 October 2018, 11:07