തിരയുക

Vatican News

നമ്മുടെ സ്നേഹത്തിന് പാത്രീഭവിക്കുന്നത് ദൈവമോ അതോ സമ്പത്തോ?

ഹൃദയത്തിന് ഭാരമായവ ഉപേക്ഷിക്കുക , ഏക നന്മയായ യേശുവിന് ഇടം നല്കുന്നതിന് ഭൗതിക വസ്തുക്കളില്‍ നിന്നു ഹൃദയത്തെ വിമുക്തമാക്കുക, വസ്തുക്കളാല്‍ അടിഭാരമിടപ്പെട്ടവന് യേശുവിനെ പിന്‍ചെല്ലുക സാധ്യമല്ല- പാപ്പായുടെ വചനസമീക്ഷ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഈ ഞായറാഴ്ച(14/10/18) രാവിലെ ഏഴു വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ത്തു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരമായിരുന്നു വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മ വേദി. ഫ്രാന്‍സീസ് പാപ്പാ മുഖ്യകാര്‍മ്മികനായും സിനഡുപിതാക്കന്മാരും മറ്റനേകംവൈദികരും സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹദിവ്യബലിയില്‍ വിവധരാജ്യക്കാരായിരുന്ന എഴുപതിനായിരത്തോളം പേര്‍ പങ്കുകൊണ്ടു. പ്രപഞ്ചവും പ്രപഞ്ചത്തിലെ സൃഷ്ടികളും ദൈവമഹത്വം വാഴ്ത്തിപ്പാടുന്ന ഗീതം ഗായകസംഘം ആലപിക്കവെ പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങി.

പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കും റൂഹാക്ഷണപ്രാര്‍ത്ഥനയ്ക്കും ശേഷം വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു, പോള്‍ ആറാമന്‍ പാപ്പാ, നിണസാക്ഷിയായ ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ അര്‍നൂള്‍ഫൊ റൊമേരൊ ഗല്‍ദാമെസ്, ഫ്രാന്‍ചെസ്കൊ സ്പിനേല്ലി, വിന്‍ചേന്‍സൊ റൊമാനൊ, മരിയ കാതെറിന്‍ കാസ്പര്‍, യേശുവിന്‍റെ വിശുദ്ധ ത്രേസ്യായുടെ നസ്സറീയ ഇഗ്നാസിയ, നുണ്‍സിയൊ സുള്‍പ്രീസ്സിയൊ എന്നീ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കാന്‍ സഭയുടെ നാമത്തില്‍ ഫ്രാന്‍സീസ് പാപ്പായോട് അഭ്യര്‍ത്ഥിക്കുകയും ഈ ഏഴു വാഴ്‍ത്തപ്പെട്ടവരുടെയും ലഘു ജീവചരിത്രം വായിക്കുകയും ചെയ്തു. തദ്ദനന്തരം സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിക്കപ്പെട്ടു. അതിനുശേഷം പാപ്പാ ഏഴു വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

വിശുദ്ധപദപ്രഖ്യാപനാനന്തരം അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്ന ഗീതിയോടുകൂടി വിശുദ്ധകുര്‍ബ്ബാന തുടര്‍ന്നു. വചനശുശ്രൂഷാവേളയില്‍  വിശുദ്ധഗ്രന്ഥവായനകള്‍ക്കു ശേഷം പാപ്പാ വചനവിശകലനം നടത്തി. തദ്ദവസരത്തില്‍ വായിക്കപ്പെട്ട വേദപുസ്തകഭാഗങ്ങളില്‍, ദൈവവവചനം സജീവവും ഊര്‍ജ്ജസ്വലവും ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയുള്ളതുമാണ് എന്ന് ഉദ്ബോധിപ്പിക്കുന്ന ഹെബ്രായര്‍ക്കുള്ള ലേഖനം നാലാം അദ്ധ്യായത്തിലെ പന്ത്രണ്ടും പതിമൂന്നും വാക്യങ്ങളും നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണമെന്ന് ചോദിക്കുന്ന ധനികയുവാവുമായി യേശു നടത്തുന്ന സംഭാഷണമുള്‍ക്കൊള്ളുന്ന മര്‍ക്കോസിന്‍റെ  സുവിശേഷം പത്താം അദ്ധ്യായം 17-30 വരെയുള്ള വാക്യങ്ങളുമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

പാപ്പാ ഇപ്രകാരം പറഞ്ഞു:                     

പ്രഭാഷണ സംഗ്രഹം:

“ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവും മൂര്‍ച്ചയേറിയതു”മാണ് എന്ന് രണ്ടാമത്തെ വായന നമ്മോടു പറയുന്നു. അത് അങ്ങനെയാണ്: ദൈവത്തിന്‍റെ വചനം സത്യത്തിന്‍റെ ആകത്തുകയോ ആത്മീയോന്നതിക്കുതകുന്ന ആദ്ധ്യാത്മികവിവരണമോ മാത്രമല്ല, മറിച്ച്, ദൈവവചനം സജീവമാണ്, അത് ജീവിതത്തെ സ്പര്‍ശിക്കുന്നു, ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു. യേശുവെന്ന വ്യക്തിയാണ് ഇവിടെയുള്ളത്, ദൈവത്തിന്‍റെ ജീവസുറ്റ വചനമായ അവിടന്ന് നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുന്നു.

കര്‍ത്താവിന്‍റെ അടുത്തേക്കുള്ള "ഓട്ടം"

ഒരുവന്‍ കര്‍ത്താവിന്‍റെ പക്കലേക്ക് ഓടുന്നതായി മര്‍ക്കോസിന്‍റെ സുവിശേഷം പത്താം അദ്ധ്യായത്തിലെ പതിനേഴാമത്തെ വാക്യം സൂചിപ്പിക്കുന്നു. ആ വ്യക്തിയെ പോലെ  കര്‍ത്താവുമായി കൂടിക്കാഴ്ച നടത്താന്‍ സുവിശേഷം നമ്മെ, സവിശേഷമാംവിധം, ക്ഷണിക്കുകയാണ്. ആ മനുഷ്യനോടു നമുക്കു നമ്മെത്തന്നെ അനുരൂപരാക്കാന്‍ സാധിക്കും. ആ വ്യക്തി നമ്മെ ഓരോരുത്തരെയും പ്രതിനിധാനം ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നതിനാണ് സുവിശേഷം അയാളുടെ പേരു പറയാത്തതെന്നു കരുതാവുന്നതാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം എന്നാണ് അവന്‍ യേശുവിനോടു ചോദിക്കുന്നത്. നിത്യജീവനാണ്, പൂര്‍ണ്ണമായ ജീവിതമാണ് ആ മനുഷ്യന്‍ ആവശ്യപ്പെടുന്നത്. നമ്മിലാരാണ് ഇത് ആഗ്രഹിക്കാത്തത്? ഒരു കാര്യം നാം ശ്രദ്ധിക്കണം, അതായത്, ഒരു അവകാശം എ​ന്ന നിലയിലാണ്, നേടിയെടുക്കേണ്ട, സ്വന്തം ശക്തികളാല്‍ പിടിച്ചെടുക്കേണ്ട ഒന്നായിട്ടാണ് അവന്‍ അതു ചോദിക്കുന്നത്. വാസ്തവത്തില്‍ ആ മനുഷ്യന്‍ ഇതിനുവേണ്ടി ചെറുപ്പം മുതല്‍ തന്നെ കല്പനകള്‍ പാലിച്ചു, അതു ലഭിക്കുന്നതിന് മറ്റുകാര്യങ്ങള്‍ ചെയ്യാനും സന്നദ്ധനാണ്; അതുകൊണ്ടാണ് ചോദിക്കുന്നത് “നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം” എന്ന്.

ആത്മദാനമാകുന്ന സ്നേഹത്തിന്‍റെ കഥയോതുന്ന യേശു

യേശുവിന്‍റെ ഉത്തരം അവനെ ചിന്താക്കുഴപ്പത്തിലാക്കുന്നു. യേശു സ്നേഹപൂര്‍വ്വം  അവനെ കടാക്ഷിക്കുന്നു. അവന്‍റെ കാഴ്ചപ്പാടില്‍ ഒരു മാറ്റം വരുത്തുകയാണ് യേശു. സമ്മാനം നേടുന്നതിന് പാലിക്കപ്പെട്ട കല്പനകളില്‍ നിന്ന് സൗജന്യവും സമ്പൂര്‍ണ്ണവുമായ സ്നേഹത്തിലേക്കാണ് യേശു വീക്ഷണം തിരിച്ചുവിടുന്നത്. ആവശ്യവും വിതരണവും എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ആ മനുഷ്യന്‍ സംസാരിക്കുന്നത് എന്നാല്‍ യേശുവാകട്ടെ സ്നേഹത്തിന്‍റെ കഥയാണ് അവന്‍റെ മുന്നില്‍ വയ്ക്കുന്നത്. കല്പനകളുടെ പാലനത്തില്‍ നിന്ന് ആത്മദാനത്തിലേക്ക് കടക്കാന്‍, അവനവനു വേണ്ടി പരിശ്രമിക്കുന്നതില്‍ ദൈവവുമായി ഒന്നായിത്തീരുന്നതിന് യത്നിക്കാന്‍ യേശു അവനോട് ആവശ്യപ്പെടുന്നു. “മൂര്‍ച്ച”യേറിയ ഒരു ജീവിതമാണ് അവിടന്ന് അവന്‍റെ മുന്നില്‍ വയ്ക്കുന്നത്. യേശു പറയുന്നു “നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക.... പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മര്‍ക്കോസ് 10,21) യേശു നിന്നോടും പറയുന്നു: വന്ന് എന്നെ അനുഗമിക്കുക. വരുക: അതായത്, നിശ്ചലനായിരിക്കരുത്, എന്തെന്നാല്‍, യേശുവിനോടൊപ്പമായിരിക്കാന്‍ തിന്മകളൊന്നും ചെയ്യാതിരുന്നാല്‍ മാത്രം പോരാ. എന്നെ അനുഗമിക്കുക: അതായത്, നിനക്കു തോന്നുമ്പോള്‍ മാത്രം യേശുവിന്‍റെ പിന്നാലെ പോയാല്‍ പോരാ, പിന്നെയൊ, അനുദിനം അവിടത്തെ അന്വേഷിക്കണം, കല്പനകള്‍ പാലിക്കുന്നതിലും അല്പം ദാനം ചെയ്യുന്നതിലും കുറച്ചു പ്രാര്‍ത്ഥനചൊല്ലുന്നതിലും മാത്രം തൃപ്തിയടയരുത്. യേശുവില്‍ നീ എന്നും നിന്നെ സ്നേഹിക്കുന്ന ദൈവത്തെ കണ്ടെത്തുക, നിന്‍റെ  ജീവിതത്തിന്‍റെ പൊരുള്‍ കണ്ടെത്തുക, ആത്മദാനത്തിനുള്ള ശക്തി കണ്ടെത്തുക.

ഹൃദയത്തെ ഭാരപ്പെടുത്തുന്ന ലോകവസ്തുക്കള്‍

വീണ്ടും യേശു പറയുന്നു: നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. കര്‍ത്താവ് ദാരിദ്ര്യത്തെയും സമ്പന്നതയെയും കുറിച്ച് തത്ത്വങ്ങള്‍ പറയുകയല്ല, പ്രത്യുത, ജീവിതത്തിലേക്ക് നേരിട്ടു കടക്കുകയാണ്. ഹൃദയത്തിന് ഭാരമായവ ഉപേക്ഷിക്കാന്‍, ഏക നന്മയായ യേശുവിന് ഇടം നല്കുന്നതിന് ഭൗതിക വസ്തുക്കളില്‍ നിന്നു വിമുക്തനാകാന്‍ അവിടന്ന് നിന്നോട് ആവശ്യപ്പെടുന്നു. വസ്തുക്കളാല്‍ അടിഭാരമിടപ്പെട്ടവന് യേശുവിനെ പിന്‍ചെല്ലുക സാധ്യമല്ല. കാരണം, ഹൃദയം പദാര്‍ത്ഥങ്ങളാല്‍ നിറഞ്ഞാല്‍ അതില്‍ കര്‍ത്താവിന് ഇടം ഉണ്ടാകില്ല. അതുകൊണ്ടാണ് യേശു പറയുന്നത് സമ്പത്ത് അപകടമാണെന്ന്, അത് രക്ഷ പോലും ആയാസകരമാക്കി തീര്‍ക്കുന്നു. അത് ദൈവം കര്‍ക്കശനായതുകൊണ്ടല്ല. പ്രശ്നം നമ്മുടെ ഭാഗത്താണ്: നമ്മു‌ടെ അത്യധിക സമ്പത്തും, അമിതാഭിലാഷങ്ങളും നമ്മെ ശ്വാസം മുട്ടിക്കുന്നു, ഹൃദയത്തെ ഞെരുക്കുന്നു, സ്നേഹിക്കാന്‍ നമ്മെ അപ്രാപ്തരാക്കുന്നു. അതുകൊണ്ടാണ് പൗലോസപ്പസ്തോലന്‍ പറയുന്നത് “ധനമോഹമാണ് സകല തിന്മകളുടെയും അടിസ്ഥാന കാരണം എന്ന്. (1 തിമോത്തേയൊസ് 6,10) . അതു നാം കാണുകയും ചെയ്യുന്നുണ്ട്. എവിടെ ധനം കേന്ദ്രസ്ഥാനത്തു വരുന്നുവോ അവിടെ ദൈവത്തിന് ഇടമില്ല, മനുഷ്യനു പോലും സ്ഥാനമില്ല.

യേശുവിന്‍റെ മൗലിക സ്വഭാവം

യേശു മൗലികവാദിയാണ്. അവിടന്ന് എല്ലാം നല്കുന്നു, എല്ലാം ചോദിക്കുന്നു. അവിടന്ന് സമ്പൂര്‍ണ്ണ സ്നേഹം നല്കുകയും അവിഭക്ത ഹൃദയം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്നും അവിടന്ന് നമുക്ക് ജീവനുള്ള അപ്പമായി സ്വയം ദാനം ചെയ്യുന്നു. നാം അവിടത്തേക്ക് തിരിച്ചു നല്കേണ്ടത് അപ്പക്കഷ്ണങ്ങളാണോ? യേശു “സ്നേഹാംശത്തില്‍” തൃപ്തനാകുന്നില്ല. നാം അവിടത്തെ സ്നേഹിക്കേണ്ടത് ഇരുപതോ, അമ്പതോ, അറുപതോ ശതമാനം അല്ല. ഒന്നുകില്‍ പൂര്‍ണ്ണമായി അല്ലെങ്കില്‍ ഒട്ടുമില്ല.

സ്നേഹത്താല്‍ ആകര്‍ഷിതമാകുന്ന ഹൃദയം

പ്രിയസഹോദരീസഹോദരന്മാരേ, നമ്മുടെ ഹൃദയം കാന്തം പോലെയാണ്: സ്നേഹത്താല്‍ ആകര്‍ഷിക്കപ്പെടാന്‍ അത് സ്വയം അനുവദിക്കുന്നു. എന്നാല്‍ അതിന് ഒരു ഭാഗത്തു മാത്രമെ ഒട്ടിപ്പിടിക്കാനാകൂ. ഇവിടെ തിരഞ്ഞെടുപ്പു ആവശ്യമായി വരുന്നു- ഒന്നുകില്‍ ദൈവത്തെ സ്നേഹിക്കുക, അല്ലെങ്കില്‍, ലോകത്തിന്‍റെ സമ്പത്തിനെ സ്നേഹിക്കുക, ഒന്നുകില്‍ സ്നേഹത്തെ പ്രതി ജീവിക്കുക, അല്ലെങ്കില്‍, അവനവനുവേണ്ടി മാത്രം ജീവിക്കുക. നമ്മള്‍ ഏതു ഭാഗത്താണെന്ന് നമുക്ക് സ്വയം ചോദിക്കാം. ദൈവവുമായുള്ള നമ്മുടെ സ്നേഹത്തിന്‍റെ കഥയില്‍ നാം എവിടെയാണെന്ന് ആത്മശോധന ചെയ്യാം. നമ്മള്‍ ചില നിയമങ്ങള്‍ പാലിച്ചു സംതൃപ്തരാകുകയാണോ, അതോ യേശുവിനോടുള്ള സ്നേഹത്താല്‍ അവിടത്തേക്കായി എന്തെങ്കിലും ഉപേക്ഷിക്കാന്‍ സന്നദ്ധരായി നാം അവിടത്തെ അനുഗമിക്കുക്കയാണോ? ...

നമ്മെ കെട്ടിയിടുന്ന അധികാരവും ധനവും പദവിയും

കര്‍ത്താവിനോടുളള്ള സ്നേഹത്തെപ്രതി സമ്പത്തും പദവിയോടും അധികാരത്തോ‌ടുമുള്ള ആസക്തിയും സുവിശേഷപ്രഘോഷണത്തിനു അപര്യാപ്തമായ സംവിധാനങ്ങളും, പ്രേഷിതദൗത്യത്തെ തടയുന്ന ഭാരങ്ങളും ലോകവുമായി നമ്മെ ബന്ധിക്കുന്ന പാശങ്ങളും ഉപേക്ഷിക്കാന്‍ നമുക്കു സാധിക്കുന്നതിനു വേണ്ട കൃപ യാചിക്കാം. സ്നേഹത്തില്‍ ഒരു കുതിപ്പ് ഇല്ലാത്തപക്ഷം നമ്മുടെ ജീവിതവും സഭയും “സ്വാര്‍ത്ഥപരമായ ആത്മസന്തുഷ്ടി”യാല്‍ രോഗഗ്രസ്ഥമാകും.

സന്തോഷത്തിന്‍റെ പ്രസരണം

സുവിശേഷം പരാമര്‍ശിക്കുന്ന മനുഷ്യന്‍ “സങ്കടത്തോടെ തിരിച്ചു പോയി”. കാരണം അവന്‍ നിയമങ്ങളിലും സ്വന്തം സമ്പത്തിലും നങ്കൂരമിട്ടിരിക്കയായിരുന്നു, അവന്‍ ഹൃദയം നല്കിയിരുന്നില്ല. യേശുവുമായി കണ്ടുമുട്ടുകയും അവിടത്തെ സ്നേഹകടാക്ഷം ലഭിക്കുകയും ചെയ്തുവെങ്കിലും അവന്‍ സങ്കടത്തോടെയാണ് മടങ്ങിപ്പോകുന്നത്. പൂര്‍ണ്ണമല്ലാത്ത സ്നേഹത്തിന്‍റെ അടയാളമാണ് വിഷാദം. അത് മന്ദോഷ്ണമായ ഒരു ഹൃദയത്തിന്‍റെ അടയാളമാണ്. മറിച്ച്, ഭൗതികത‌യുടെ ഭാരമില്ലാത്ത സ്വതന്ത്ര ഹൃദയം കര്‍ത്താവിനെ സ്നേഹിക്കുന്നു, ഇന്ന് ഏറെ ആവശ്യമായിരിക്കുന്ന ആനന്ദം സദാ പരത്തുന്നു. വിശുദ്ധ പോള്‍ ആറാമന്‍ ഇങ്ങനെ കുറിച്ചു: ”നമ്മുടെ സമകാലീനര്‍ക്ക്,  അവരുടെ ദുരിതങ്ങള്‍ക്കു മദ്ധ്യേയാണ് ആനന്ദം അറിയുകയും ആനന്ദഗീതം കേള്‍ക്കുകയും ചെയ്യേണ്ട ആവശ്യമുള്ളത്”. പൂര്‍ണ്ണമായി യേശുവിനെ അനുഗമിക്കുന്നതിന്‍റെ സൗകുമാര്യത്തിനും സന്തോഷത്തിനും, ബുദ്ധിമുട്ടുകളിലും തെറ്റിദ്ധാരണകളുടെ മദ്ധ്യത്തിലും, പോള്‍ ആറാമന്‍ പാപ്പാ സാക്ഷ്യമേകി.

ഈ തിരുക്കര്‍മ്മ മദ്ധ്യേ നാം ശ്രവിച്ച ദൈവവചനം വിശുദ്ധപോള്‍ ആറാമന്‍ പാപ്പായും ഇതര വിശുദ്ധന്മാരും വിശുദ്ധകളും ഭിന്ന പശ്ചാത്തലങ്ങളില്‍ ഉദാസീനതയും കണക്കുകൂട്ടലുകളും ഇല്ലാതെ, സാഹസികതയോടും എല്ലാം ഉപേക്ഷിക്കാനുള്ള സന്നദ്ധതയോടും കൂടി ജീവിതത്തില്‍ പകര്‍ത്തിയത് അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വിചിന്തനം ഉപസംഹരിച്ചത്.

ഈ വചനസമീക്ഷയ്ക്കു ശേഷം വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്നു. ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് പാപ്പാ ത്രികാല പ്രാര്‍ത്ഥന നയിച്ചു.. പ്രാര്‍ത്ഥനയ്ക്ക് ആമുഖമായി നടത്തിയ ഹ്രസ്വ പ്രഭാഷണത്തില്‍ പാപ്പാ ഈ തിരുക്കര്‍മ്മത്തില്‍ പങ്കെ‌ടുത്ത വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധിസംഘങ്ങളെ അഭിവാദ്യം ചെയ്യുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ആംഗ്ലിക്കന്‍ സഭാസമൂഹത്തിന്‍റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് റോവന്‍ വില്ല്യംസിനെയും ആംഗ്ലിക്കന്‍ സഭയുടെ പ്രതിനിധിസംഘത്തെയും പാപ്പാ അഭിവാദ്യം ചെയ്തു.

14 October 2018, 13:00