തലമുറകളുടെ പരിപാടിയില്‍ തലമുറകളുടെ പരിപാടിയില്‍ 

“പാപ്പാ ഫ്രാന്‍ചേസ്കോ”യുടെ ചിന്തകള്‍ ചോദ്യോത്തരങ്ങളായി

സിനഡിനോട് അനുബന്ധിച്ച് റോമില്‍ സംഘടിപ്പിക്കപ്പെട്ട “തലമുറകളുടെ സംവാദം” പരിപാടിയില്‍നിന്നും അടര്‍ത്തി എടുത്തത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 23-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം റോമിലെ അഗസ്തീനിയന്‍ സമൂഹത്തിലെ ഓഡിറ്റോറിയത്തില്‍ സിനഡിനോടു അനുബന്ധിച്ചു നടത്തപ്പെട്ട “തലമുറകളുടെ സംവാദം”  Inter-generational Dialogue എന്ന പരിപാടിയില്‍ രാജ്യാന്തരതലത്തില്‍ തിരഞ്ഞെടുക്കുപ്പെട്ട വിവിധ പ്രായക്കാരുടെ ചോദ്യങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് തത്സമയം ഉത്തരംനല്കി.

ഫെദറിക്ക അങ്കോണയെന്ന ഇറ്റലിക്കാരി യുവതിയാണ് ‘വലിച്ചെറിയല്‍’ സംസ്ക്കാരത്തെക്കുറിച്ച് പാപ്പായോടു ചോദ്യം ഉന്നയിച്ചത്.
മത്സരത്തിന്‍റെ കമ്പോള സംസ്ക്കാരത്തിലാണ് നാം ജീവിക്കുന്നത്. അത് അപരനെ തള്ളിമാറ്റി മുന്നേറുന്ന പ്രക്രിയയാണ്. എന്നാല്‍ ഈ മാര്‍ക്കറ്റ് കെട്ടിച്ചമച്ചതാണ്, യാഥാര്‍ത്ഥ്യമല്ല. അത് പൊള്ളയാണ്. മാത്സര്യത്തിന്‍റെ വിലക്കയറ്റമുള്ളതാണത്. അപരനെ നശിപ്പിച്ചും തരംതാഴ്ത്തിയും വെട്ടിപ്പിടിക്കുന്ന ആഗോളമാത്സര്യത്തിന്‍റെ കമ്പോളമാണത്. ഉപയോഗമില്ലാത്തതും, നേട്ടവും വരുമാനമില്ലാത്തതും വലിച്ചെറിയുന്ന സംസ്ക്കാരമാണിത്.... അത് മനുഷ്യരായാല്‍പ്പോലും വലിച്ചെറിയപ്പെടുന്നു.  

ആരോഗ്യകരമായ മത്സരം വ്യക്തിയുടെ പക്വമാര്‍ജ്ജിക്കുന്ന പ്രക്രിയയുടെ ഭാഗമാണ്. അത് കൈ അഴുക്കാക്കി ജോലിചെയ്യുന്നതും അപരനെ ആശ്ലേഷിക്കുന്നതും, തുറവുള്ളതും പുഞ്ചിരിക്കുന്നതും നര്‍മ്മരസപ്രിയവും ആത്മവിശ്വാസം ഉള്ളതുമാണ്. അത് സേവനത്തിന്‍റെയും കൂട്ടായ്മയുടെയും പാതയാണ്. ഇവിടെ സേവനവും സാഹോദര്യവും യാഥാര്‍ത്ഥ്യമാകും. ഇതില്‍ തല്ക്കാല നേട്ടത്തെക്കാള്‍ പരമമായ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്കപ്പെടുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  

മക്കളെ എങ്ങനെ വിശ്വാസത്തില്‍ വളര്‍ത്താം?
മാള്‍ട്ടക്കാരായ നവൂദി ദമ്പതിമാരാണ് ഈ ചോദ്യം പാപ്പായോടു ഉന്നയിച്ചത്.
കുടുംബത്തില്‍ മുലപ്പാലിലൂടെ എന്നപോലെ മാതൃഭാഷയില്‍ പകര്‍ന്നു കൊടുക്കേണ്ടതാണ് വിശ്വാസം. ബൈബിളില്‍ പഴയനിയമം പറയുന്ന, മക്കബായരുടെ അമ്മ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്തിയത് മാതൃകയാണ്. പീഡനങ്ങളില്‍ അമ്മ അവരുടെ കൂടെനിന്നുകൊണ്ട്  ചുറ്റുമുള്ള അന്യഭാഷക്കാര്‍ അറിയാത്തവിധം മാതൃഭാഷയില്‍ പറഞ്ഞുകൊടുത്തത് വിശ്വാസത്തില്‍ ഉറച്ചുനില്ക്കണമെന്നും, പീഡനങ്ങളില്‍ പതറരുതെന്നുമായിരുന്നു (മക്കാബായരുടെ ഗ്രന്ഥം 1). അതിനാല്‍ കുടുംബങ്ങളാണ് വിശ്വാസത്തിന്‍റെ ആദ്യപാഠങ്ങള്‍ മക്കള്‍ക്കു നല്കേണ്ടത്. പലപ്പോഴും നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമാണ് വിശ്വാസത്തിന്‍റെ ബലപാഠങ്ങള്‍ തമ്മെ കാണിച്ചും പഠിപ്പിച്ചും തന്നിട്ടുള്ളത്. സ്വേച്ഛാശക്തികളുടെ മതപീഡനങ്ങളില്‍ പതറാതെ കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുന്നതും, കൂദാശകളിലേയ്ക്ക് അവരെ നയിക്കുന്നതും കൈപിടിച്ചുനടത്തുന്നതും കാരണവന്മാരാണ്.

ജീവിതത്തില്‍ ആവശ്യമായ ആത്മവിശ്വാസത്തെക്കുറിച്ചും, രാഷ്ട്രീയമല്ല മാനവികതയാണ് ഇന്ന് ആവശ്യം, ഇന്നിന്‍റെ മനുഷ്യത്വമില്ലായ്മ, ജീവിതത്തില്‍ മുതിര്‍ന്നവരെ ശ്രവിക്കേണ്ടതിന്‍റെ ആവശ്യം, ക്രൂരതയും മനുഷ്യാന്തസ്സും... എന്നിങ്ങനെയുള്ള വിഷയങ്ങള്‍ യുവാക്കളുടെയും പ്രായമായവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായി “തലമുറകളുടെ സംവാദം” പരിപാടിയില്‍ പാപ്പാ വിവരിച്ചു നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2018, 10:06