Vatican News
മെത്രാന്മാരുടെ 15-Ɔമത് സിന‍ഡിന്‍റെ ഉത്ഘാടന സമൂഹബലിയര്‍പ്പണം - വത്തിക്കാനിലെ ചത്വരം മെത്രാന്മാരുടെ 15-Ɔമത് സിന‍ഡിന്‍റെ ഉത്ഘാടന സമൂഹബലിയര്‍പ്പണം - വത്തിക്കാനിലെ ചത്വരം 

യുവജനങ്ങളെ സംബന്ധിച്ച സിനഡുസമ്മേളനത്തിന് തുടക്കമായി

ഒക്ടോബര്‍ 3, ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണത്തോടെയാണ് സിനഡിന് തുടക്കമായത്. സിന‍ഡു പിതാക്കാന്മാരും മറ്റു ദേശീയ സഭാ പ്രതിനിധികളും യുവജനപ്രതിനിധികളും ആയിരക്കണക്കിന് വിശ്വാസികളും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രത്യേക വേദിയില്‍ അര്‍പ്പിക്കപ്പെട്ട പാപ്പായുടെ ദിവ്യബലിയില്‍ ഭക്തിനിര്‍ഭരമായി പങ്കുചേര്‍ന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗോള സഭാ നവീകരണത്തിന്‍റെ ഭാഗമാണ് “യുവജനങ്ങളെ സംബന്ധിച്ച സിനഡുസമ്മേളനം 2018,” എന്ന് സിനഡ് കമ്മിഷന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പ്രസ്താവിച്ചു. ഒക്ടോബര്‍ 1-Ɔο തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഈ സിനിഡിനെ സഭാനവീകരണത്തിന്‍റെ ഭാഗമെന്നു വിശേഷിപ്പിച്ചത്.  

ഈ സിനഡും ഒരു സഭാനവീകരണ ശ്രമം
കുടുംബങ്ങളെക്കുറിച്ചുള്ള രണ്ടു സിനഡു സമ്മേളനങ്ങളുടെ പിന്‍തുടര്‍ച്ചായാണ്  ആഗോളസഭയിലെ മെത്രാന്മാരുടെ 15-Ɔമത് സിന‍ഡു സമ്മേളനമെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി ചൂണ്ടിക്കാട്ടി. സഭയുടെയും സമൂഹത്തിന്‍റെയും ഭാവിയായ യുവജനങ്ങളുടെ വളര്‍ച്ചയെയും രൂപീകരണത്തെയും സംബന്ധിച്ച സഭാപ്രവര്‍ത്തനങ്ങള്‍ കാലികമായി നവീകരിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമാണിത്. “യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും,” എന്ന പ്രതിപാദ്യവിഷയവുമായിട്ടാണ് ബുധനാഴ്ച ആരംഭിച്ച സിനഡ് ഒക്ടോബര്‍ 28-വരെ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

സിനഡിലെ ചര്‍ച്ചകളുടെ ബലതന്ത്രം
ദേശീയ പ്രാദേശിക സഭകളില്‍നിന്നും ആഗോളവ്യാപകമായി നടത്തിയിട്ടുള്ള അഭിപ്രായശേഖരണത്തിനും, സിനഡിനുമുന്നേ റോമില്‍ നടന്ന യുവജനങ്ങളുടെ ആഗോളപ്രതിനിധികളുടെ സമ്മേളനത്തിന്‍റെയും (Pre-synodal Meeting of Youth) അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം സിന‍ഡു കമ്മീഷന്‍ ചിട്ടപ്പെടുത്തി 2018 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖയെ (Instrumentum Laboris) ആധാരാമാക്കിയാണ് സിനഡിന്‍റെ അനുദിന ഗ്രൂപ്പു ചര്‍ച്ചകളും, പഠനങ്ങളും അഭിപ്രായരൂപീകരണവും, പൊതുസമ്മേളനവുമെല്ലാം വളരെ സമയബദ്ധമായും കൃത്യമായും പുരോഗമിക്കുന്നത്. ആമുഖം കൂടാതെ മൂന്ന് അദ്ധ്യായങ്ങളും ഉപാദ്ധ്യായങ്ങളും, അവസാനം ഒരു ചോദ്യാവലിയും ഉള്‍ക്കൊള്ളുന്ന ചെറുഗ്രന്ഥമാണ് ഈ പ്രവര്‍ത്തസഹായിയായ അടിസ്ഥാനരേഖ (Instrumentum Laboris).  

ഇനിയും പക്വമാര്‍ജ്ജിക്കാനുള്ള സഭയുടെ ശ്രമം
ലോകത്തെ എല്ലാ സഭാപ്രവിശ്യകളുടെയും വിവിധ റീത്തുകളുടെയും, കിഴക്കന്‍ സഭകളുടെയും, ഇതര ക്രൈസ്തവസഭാ പ്രതിനിധികളുടെയും വിദഗ്ദ്ധരുടെയും, ക്ഷണിക്കപ്പെട്ട അന്യമതസ്ഥരായ നിരീക്ഷകരുടെയും 300-ല്‍ അധികംപേരുള്ള സിനഡുസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ പാപ്പാ ഫ്രാന്‍സിസാണ്. സിനഡുസമ്മേളനം ആഗോളസഭയുടെ ദൃശ്യവും യഥാര്‍ത്ഥവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായൊരു കൂട്ടായ്മയാണ്. സഭയുടെ അസ്ത്വിത്ത്വപരമായ ഭൗമികയാത്രയില്‍ പക്വമാര്‍ജ്ജിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണിത്. മാനുഷികമായ ഈ പരിശ്രമത്തെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ക്രിസ്തുവിന്‍റെ സഭയെയും സമൂഹത്തെയും കാലത്തിനൊത്ത് നവീകരിക്കാന്‍ പോരുന്ന സജീവപങ്കാളത്തത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളമാണ് ഈ സിനഡുസമ്മേളനം.

സിനഡില്‍ പങ്കെടുക്കുന്നവര്‍
1)ദേശിയ സഭകളടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍,
2) സ്വയം ഭരണസംവിധാനമുള്ള കിഴക്കന്‍ സഭകളുടെ തലവന്മാരും അവരുടെ സിനഡു തിരഞ്ഞെടുക്കുന്ന മെത്രാന്മാരായ പ്രതിനിധികളും,
3) ആഗോള സഭയിലെ സന്ന്യാസസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍,
4) വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ തലവന്മാര്‍ (Roman Curia),
പാപ്പാ ഫ്രാന്‍സിസ് നേരിട്ടു തിരഞ്ഞെടുത്തു ക്ഷണിച്ചിട്ടുള്ളവര്‍,
5) യുവജനപ്രതിനിധികള്‍, ഇതര ക്രൈസ്തവസഭാ പ്രതിനിധികള്‍,
6) വിദഗ്ദ്ധര്‍, 7) നീക്ഷകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനഡുസമ്മേളനം
300-ല്‍ക്കൂടുതല്‍ പേരുള്ള കൂട്ടായ്മയാകുന്നത്.

വിവിധ ഭാഷാഗ്രൂപ്പുകള്‍
ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോളിഷ് എന്നിങ്ങളെ പ്രാധാന്യമുള്ള വന്‍ഭാഷാ ഗ്രൂപ്പുകളായി സിനഡ് അംഗങ്ങളെ തിരിച്ചാണ് ചര്‍ച്ചകളും അഭിപ്രായരൂപീകരണവും വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്നത്. സിനഡുഹാളില്‍ നടത്തപ്പെടുന്ന പൊതുസിന‍ഡു സമ്മേളനങ്ങള്‍ (Congregations) ഇറ്റിലിയന്‍ ഭാഷ ഉപയോഗിക്കുമെങ്കിലും പരിവര്‍ത്തനത്തിനുള്ള അത്യാധുനിക ശ്രാവ്യസംവിധാനങ്ങള്‍ സിനഡു ഹാളിലെ ഇരിപ്പിടങ്ങളില്‍ ലഭ്യമാണ്. കൂടിതെ ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള പ്രധാന ഭാഷകളില്‍ പ്രധാനപ്പെട്ട രേഖകളും പഠനവിഷയങ്ങളും ലഭ്യമാക്കിയിരിക്കും.

സിനഡുസമ്മേളനത്തിന് പ്രാര്‍ത്ഥനയോടെ ഭാവുകങ്ങള്‍ നേരാം! പ്രഥമ സമ്മേളനം ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.30-ന് പാപ്പാ ഫ്രാന‍്സിസിന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ചു.

03 October 2018, 17:18