തിരയുക

Vatican News
പോള്‍ ആറാമന്‍ ഹാളില്‍ - യുവജനങ്ങള്‍ക്കൊപ്പം പോള്‍ ആറാമന്‍ ഹാളില്‍ - യുവജനങ്ങള്‍ക്കൊപ്പം  (AFP or licensors)

യുവജനങ്ങള്‍ ആശയപരമായ അധിനിവേശത്തിന് അടിമപ്പെടരുത്!

ഇറ്റലിയിലെ വിവിധരൂപതകളിലെയും സംഘടകളിലെയും യുവതീയുവാക്കളെ സിനഡു പിതാക്കന്മാര്‍ക്കൊപ്പം ഒക്ടോബര്‍ 6-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഒരു നേര്‍ക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണിത്. 10,000-ല്‍ അധികം യുവജനങ്ങള്‍ വിശാലമായ ഹാളില്‍ സമ്മേളിച്ചിരുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുവജനങ്ങളുടെ സാക്ഷ്യമേകലും പാട്ടും നൃത്തവും പങ്കുവയ്ക്കലും അടങ്ങിയ പരിപാടി സിനഡിന്‍റെ തിരക്കിട്ട ഒരു വാരത്തിന്‍റെ അന്ത്യത്തില്‍ ഏവര്‍ക്കും ഏറെ ഉന്മേഷവും സന്തോഷവും പകരുന്നതായിരുന്നു. യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും സംബന്ധിച്ച സിന‍ഡു സമ്മേളനത്തിന്‍റെ ഇടയില്‍ (3-28 ഒക്ടോബര്‍) അവരെ അഭിസംബോധനചെയ്യാന്‍ പാപ്പാ സമയം കണ്ടെത്തുക മാത്രമല്ല, ഏറെ ശുഷ്ക്കാന്തിയോടെ അവരോടു സംസാരിക്കുകയും ചെയ്തു.

അന്തസ്സ് അടിയറവയ്ക്കരുത്!
ദൈവം യുവജനങ്ങള്‍ക്കു നല്കിയിട്ടുള്ള അന്തസ്സ് അമൂല്യാണ്. അത് ആര്‍ക്കും പണയംവെയ്ക്കരുത്. നിങ്ങളെ മറ്റൊരാള്‍ കച്ചവടവസ്തുക്കളെപ്പോലെ വാങ്ങാനോ, വിലപേശാനോ ഇടയാക്കരുത്! നിങ്ങളെ വശീകരിച്ച് വഴിതെറ്റിക്കാനോ, ആശയങ്ങളുടെ അധിനിവേശത്തില്‍ കീഴ്പ്പെടുത്താനോ അനുവദിക്കരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഓരോ യുവാവും യുവതിയും ചിന്തിക്കണം, ഞാന്‍ അന്തസ്സും സ്വാതന്ത്ര്യവുമുള്ള വ്യക്തിയാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കായി വിലപേശാനോ, നിങ്ങളെ അടിമയാക്കാനോ ആരും തുനിയുകയില്ല. ക്രിസ്തു പഠിപ്പിക്കുന്നതും കാണിച്ചുതന്നിട്ടുള്ളതുമായ നന്മയുടെ സ്വാന്ത്ര്യത്തില്‍ നിങ്ങളെന്നും ചരിക്കുക!

മാധ്യമങ്ങളുടെ മിഥ്യാലോകം
നവസാങ്കേതികയുടെ ശൃംഖലകളില്‍ നിങ്ങള്‍ കണ്ണിചേരുന്നത് നല്ലതാണ്. എന്നാല്‍ വര്‍ണ്ണശഭളിമയുള്ള മാധ്യമശൃംഖകളില്‍ നിങ്ങള്‍ കുരുങ്ങിപ്പോകരുത്..., കടുങ്ങിപ്പോകതരുത്. നമ്മുടെ ആശയവിനിമയും മാധ്യമങ്ങളുടെ സാങ്കേതികത മൂകതയില്‍ അവസാനിക്കരുത്. ഫോണില്‍ സംസാരിക്കണം. കുടുംബത്തില്‍ ഭക്ഷണമേശയിലും അല്ലാതെയുമെല്ലാം സംസാരിക്കണം, ആശയങ്ങള്‍ കൈമാറണം. കുടുംബത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കണം, സംവദിക്കണം. അങ്ങനെ ചെറുപ്പക്കാര്‍ കുടുംബത്തിന്‍റെ ജീവനാകണം. യഥാര്‍ത്ഥമായ ബന്ധങ്ങള്‍ക്കും കൂട്ടായ്മയ്ക്കും നാം മാധ്യമങ്ങളെ പകരംവയ്ക്കരുത്. ആശയവിനിമയത്തില്‍ യാഥാര്‍ത്ഥ്യബോധം അനിവാര്യമാണ്. മാധ്യമങ്ങളുടെ മിഥ്യാലോകത്ത് നാം കുടുങ്ങിപ്പോകരുതെന്ന് എപ്പോഴും ഓര്‍ക്കണം.

കണ്ണാടിവിട്ട് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു തിരിയാം
യുവജനങ്ങള്‍ ജീവിതചക്രവാളങ്ങളെ ലക്ഷ്യംവച്ച് മുന്നേറേണ്ടവാരാണ്. കണ്ണാടിയില്‍ നോക്കി മതിമറുന്നപോകാതെ അനുദിനം ജീവിത ലക്ഷ്യപ്രാപ്തിക്കായി നിങ്ങള്‍ മുന്നോട്ടു ചരിക്കണം. ചെറുപ്പക്കാരായവര്‍ അലക്ഷ്യമായി കിടക്കയില്‍ക്കിടന്നു ടിവി കാണുന്നവരാകരുത്.
“24 വയസ്സില്‍ റിട്ടയര്‍മെന്‍റ്” എടുക്കുന്നവരാകരുത്! മറിച്ച് സ്ഥിരോത്സാഹത്തോടെ, സ്ഥിരതയോടെ, സയുക്തം ജീവിതലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കണം. കണ്ണാടിയിലെ മേക്കപ്പും സൗന്ദര്യവുമല്ല, യഥാര്‍ത്ഥമായ സൗന്ദര്യവും, നന്മയും സത്യവും നിങ്ങള്‍ അന്വേഷിക്കണം. അതു നിങ്ങള്‍ക്കു കണ്ടെത്താനാകും. ക്രിസ്തുവിന്‍റെ അഷ്ടഭാഗ്യങ്ങളില്‍ അവ നിങ്ങള്‍ക്കതു കണ്ടെത്താം.

വഴിപിഴച്ച രീതികള്‍ക്ക് കൂട്ടുനില്ക്കരുത്!
ലൗകായത്വം ആര്‍ക്കും ഇണങ്ങിയതല്ല, വൈദികമേല്ക്കോയ്മയെ നിങ്ങള്‍ അംഗീകരിക്കേണ്ട. പൗരോഹിത്യം ക്രിസ്തുവിന്‍റെ ശുശ്രൂഷയാണ് അത് നിങ്ങള്‍ക്ക് സുവിശേഷത്തിന്‍റെ കരുണയും സ്നേഹവും കാട്ടിത്തരും. അധികാരം സേവനമാണ്. സേവനത്തിലാണ് വൈദികര്‍ അവരുടെ കരുത്തുകാണിക്കേണ്ടത്. വൈദികര്‍ സുവിശേഷ സന്തോഷത്തിനും സ്നേഹത്തിനും സാക്ഷ്യമേകേണ്ടവരാണ്. സഭാമക്കളുടെയോ വൈദികരുടെയോ വഴിപിഴച്ച രീതികള്‍ക്ക് യുവജനങ്ങള്‍ കൂട്ടുനില്ക്കരുത്!

അഭയംതേടുന്നവര്‍ക്കു നേരെ വാതില്‍ അടയ്ക്കരുത്!
കുടിയേറ്റക്കാരെ ശത്രുക്കളായും, കുടിയേറ്റം തിന്മയും, അവര്‍ ഉപദ്രവകാരികളുമാണെന്നു മനോഭാവം വര്‍ദ്ധിച്ചുവരുന്നുണ്ട്. “ഞങ്ങളും ഞങ്ങളുടെ നാടും മതി…” എന്ന സങ്കുചിതമായ ജനകീയത നിഷേധാത്മകമാണ്. നാം ഇന്ന് ലോകത്തുള്ള സകലരെയും ആശ്ലേഷിക്കണം. ഭൂമി ദൈവം അന്യരെ സ്വാഗതംചെയ്യാനും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പിന്‍തുണയ്ക്കാനും സാധിക്കുന്ന പൊതുഭവനമായി മാറണം ഈ ഭൂമി.

ജീവിതത്തിന്‍റെ വേരുകള്‍ മറക്കരുത്!
സകലരെയും ആശ്ലേഷിക്കുന്ന യാഥാര്‍ത്ഥ്യബോധവും സ്ഥിരതയും വേണം യുവജനങ്ങള്‍ക്ക്..., പ്രത്യേകിച്ച് പ്രായമായവരെ ഉള്‍ക്കൊള്ളുകയും അവരുമായി സംവദിക്കുകയും ചെയ്യുന്ന ശീലം വളര്‍ത്തണം. അവര്‍ പകര്‍ന്നുതരുന്ന അറിവില്‍ വളരുക. ചെടിപുഷ്പ്പിക്കുന്നത് അടിയില്‍ വേരുള്ളതുകൊണ്ടാണ്. വേരു നാം കാണുന്നില്ല. ജീവിതത്തിന്‍റെ വേരുകള്‍ വേണം. നമ്മുടെ ജീവിതത്തിന്‍റെ വേരുകള്‍ മറന്നുപോകരുത്. കുടുംബം മാതാപിതാക്കള്‍, കാരണവന്മാര്‍, സഹോദരങ്ങള്‍... അവരുമായി കൈകോര്‍ത്തു നില്ക്കുക. കാരണം നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ ഇവരെല്ലാം നമ്മുടെ ജീവിതത്തിന്‍റെ വേരുകളാണ്. ആകയാല്‍ അടിയുറച്ച ബോധ്യങ്ങളിലും ധാരണകളിലും വളര്‍ന്നുവലുതാകാം!
ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് തന്‍റെ വാക്കുകള്‍ പാപ്പാ ഉപസംഹരിച്ചത്.

09 October 2018, 19:31