Cerca

Vatican News
സിനഡിലെ ആമുഖപ്രഭാഷണം സിനഡിലെ ആമുഖപ്രഭാഷണം  (ANSA)

ക്രൂരമായ കൊടുങ്കാറ്റിലും പത്രോസിന്‍റെ നൗക മുങ്ങുകയില്ല!

ഒക്ടോബര്‍ 3-Ɔο തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ സിനഡുഹാളില്‍ ചേര്‍ന്ന യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിന്‍റെ പ്രഥമയോഗത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രായോഗിക ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിമര്‍ശനം സത്യസന്ധമാവട്ടെ!
സത്യസന്ധവും സുതാര്യവുമായ വിമര്‍ശനം ക്രിയാത്മകവും സഹായകവുമാകാം,
എന്നാല്‍ പിറുപിറുക്കല്‍ നിഷേധാത്മകമാണ്. പാഴായ പിറുപിറുക്കലുകള്‍ക്കും കിംവദന്തികള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും, മുന്‍വിധികള്‍ക്കും സിനഡില്‍ ഇടംനല്കരുത്. പങ്കുവയ്ക്കലിലൂടെയുള്ള കൂട്ടായ ജീവിതമാണ് സിനുഡ്. അതിനാല്‍ എല്ലാവരോടും ധൈര്യത്തോടും സുതാര്യതയോടും, അതായത് സത്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും, ഉപവിയുടെയും സമഗ്രതയോടെ സംസാരിക്കാം.

സംസാരിക്കാന്‍ ധൈര്യം കേള്‍ക്കാന്‍ എളിമ
സംസാരിക്കാനുള്ള ധൈര്യത്തോടൊപ്പം കേള്‍ക്കാനുള്ള എളിമയും ആവശ്യമാണ്. നമുക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും സംസാരിച്ചാല്‍ അത് കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കണം. കാരണം അവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ട്. ഇവിടെ സന്നിഹതരല്ലാത്ത ലോകത്തെ യുവജനങ്ങളുടെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും അവര്‍ക്ക് അവകാശവും ഉത്തരവാദിത്ത്വവുമുണ്ട്. അതുകൊണ്ട് പരസ്പരം ശ്രവിക്കാന്‍ തുറവു കാണിക്കേണ്ടതാണ്. കേള്‍ക്കാനുള്ള സന്നദ്ധതയാണ് സംവാദത്തിനു വഴിതുറക്കുന്നത്.

മാറ്റത്തിനുള്ള സന്നദ്ധത പക്വതയുടെ അടയാളം
സംവാദത്തിന്‍റെ പരിണിത ഫലമായിരിക്കും നവീനതയും മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയും. അതിനാല്‍ സിനഡ് സംവാദത്തിന്‍റെ ഒരു കളരിയാവണം, സംവാദം ക്ഷമയോടെ പഠിക്കുന്ന ഇടമാവട്ടെ അത്. സിനഡില്‍ പങ്കെടുക്കുന്നവരില്‍ പലരും സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള അഭിപ്രായങ്ങള്‍ ഒരുങ്ങി വന്നിട്ടുണ്ടാകും. എന്നാല്‍ പഠനത്തിന്‍റെ പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോള്‍ അവ വേണ്ടിവന്നാല്‍ മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ സന്നിഹിതരായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്.

സഭയെ അമ്മയായി കാണുന്നവര്‍
യുവജനങ്ങളുടെ ലോകം ഏറെ വൈവിധ്യമാര്‍ന്നതും, ഇവിടെ ഈ സിനഡുഹാളില്‍ പൂര്‍ണ്ണായും ഉള്‍ക്കൊള്ളാനാവാത്തതുമാണ്. എങ്കിലും അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യം കുറച്ചെങ്കിലും ഇവിടെയുള്ളത് സന്തോഷകരവും പ്രത്യാശപൂര്‍ണ്ണവുമാണ്. സഭയുമായി സംവാദിക്കാനും അതിന്‍റെ ഭാഗമായിരിക്കാനും, സഭയെ അമ്മയെപ്പോലെ കാണാനുമുള്ള യുവജനങ്ങളുടെ നിശ്ചയം ഏറെ ശ്ലാഘനീയമാണ്. അതിന്‍റെ തരംഗങ്ങള്‍ താന്‍ സിനഡിനു മുന്നോടിയായുള്ള യുവജങ്ങളുടെ ആഗോള കൂട്ടായ്മയില്‍ മനസ്സിലാക്കിയതാണ്. ബലഹീതകള്‍ക്കും കുറവുകള്‍ക്കുമപ്പുറം ക്രിസ്തുവന്‍റെ സുവിശേഷം കാലികമായി പ്രസരിപ്പിക്കുന്ന സഭ തങ്ങള്‍ക്കു ചേക്കേറാവുന്ന കൂടും കുടുംബവുമാണെന്ന് യുവജനങ്ങള്‍ ​അംഗീകരിക്കുകയും ഇന്നും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.

പത്രോസിന്‍റെ തോണിയില്‍ പ്രത്യാശയോടെ കയറുന്നവര്‍
ലോകത്തിന്‍റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്ക്കെതിരെ ആഞ്ഞടിക്കുമ്പോഴും പത്രോസിന്‍റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും, അത് തങ്ങള്‍ക്ക് ഇടംനല്ക്കുമെന്നും, അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ട്. അതിനാല്‍ ജീവിതത്തിന്‍റെ തിരമാലകള്‍ക്കെതിരെ നീന്തിയാലും തുഴഞ്ഞാലും, ലോലമായ മൂല്യങ്ങളും, പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും തങ്ങളെ വഴിതെറ്റിക്കുമ്പോഴും കുടുംബം, വിശ്വസ്തത, വിശ്വാസം, സനേഹം, ത്യാഗം, സേവനം, നിത്യജീവന്‍ എന്നീ പതറാത്ത മൂല്യങ്ങളില്‍ മുറകെപ്പിടിച്ചു ജീവിക്കാനും ജീവിതത്തില്‍ മുന്നോട്ടുപോകാനും സഭ തങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെ യുവജനങ്ങള്‍ ഈ സിനഡിനെ ഉറ്റുനോക്കുന്നത്….

04 October 2018, 19:02