തിരയുക

Vatican News
സിനഡുഹാളിലേയ്ക്ക്... സ്വിസ്ഗാര്‍ഡുമായൊരു കുശലം...! സിനഡുഹാളിലേയ്ക്ക്... സ്വിസ്ഗാര്‍ഡുമായൊരു കുശലം...!  (ANSA)

പത്രോസിന്‍റെ തോണിയിലെ പ്രത്യാശയുള്ള സഹയാത്രികര്‍

യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്ന ചരിത്രപ്രാധാന്യമാര്‍ന്ന സിനഡുസമ്മേളനത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് നല്കിയ ഏറെ പ്രായോഗികമായ ചിന്തകള്‍.
സിനഡ് - പാപ്പായുടെ ആമുഖപ്രഭാഷണം - ശബ്ദരേഖയോടെ

ഒക്ടോബര്‍ 3-‍Ɔο തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ സിനഡുഹാളില്‍ യുവജനങ്ങളെ സംബന്ധിച്ച സിനഡുസമ്മേളനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം നടത്തപ്പെടുകയുണ്ടായി. പരിശുദ്ധാത്മാവിന്‍റെ ഗീതത്തോടും സായാഹ്നപ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് സിനഡ് സമ്മേളനത്തെ അഭിസംബോധനചെയ്തു.

സഭയെ അമ്മയായി കാണുന്നവര്‍

യുവജനങ്ങളുടെ ലോകം ഏറെ വൈവിധ്യമാര്‍ന്നതും, ഇവിടെ ഈ സിനഡുഹാളില്‍ പൂര്‍ണ്ണായും ഉള്‍ക്കൊള്ളാനാവാത്തതുമാണ്. എങ്കിലും അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യം കുറച്ചെങ്കിലും ഇവിടെയുള്ളത് സന്തോഷകരവും പ്രത്യാശപൂര്‍ണ്ണവുമാണ്. സഭയുമായി സംവാദിക്കാനും അതിന്‍റെ ഭാഗമായിരിക്കാനും, സഭയെ അമ്മയെപ്പോലെ കാണാനുമുള്ള യുവജനങ്ങളുടെ നിശ്ചയം ഏറെ ശ്ലാഘനീയമാണ്. അതിന്‍റെ തരംഗങ്ങള്‍ സിനഡിനു മുന്നോടിയായുള്ള യുവജങ്ങളുടെ ആഗോള കൂട്ടായ്മയില്‍ മനസ്സിലാക്കിയതാണ്. ബലഹീതകള്‍ക്കും കുറവുകള്‍ക്കുമപ്പുറം ക്രിസ്തുവന്‍റെ സുവിശേഷം കാലികമായി പ്രസരിപ്പിക്കുന്ന സഭ തങ്ങള്‍ക്കു ചേക്കേറാവുന്ന കൂടും കുടുംബവുമാണെന്ന് യുവജനങ്ങള്‍ ​അംഗീകരിക്കുകയും ഇന്നും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.

പത്രോസിന്‍റെ തോണിയില്‍ പ്രത്യാശയോടെ കയറുന്നവര്‍
ലോകത്തിന്‍റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്ക്കെതിരെ ആഞ്ഞടിക്കുമ്പോഴും പത്രോസിന്‍റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും, അത് തങ്ങള്‍ക്ക് ഇടംനല്ക്കുമെന്നും, അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ട്. അതിനാല്‍ ജീവിതത്തിന്‍റെ തിരമാലകള്‍ക്കെതിരെ നീന്തിയാലും തുഴഞ്ഞാലും, ലോലമായ മൂല്യങ്ങളും, പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും തങ്ങളെ വഴിതെറ്റിക്കുമ്പോഴും കുടുംബം, വിശ്വസ്തത, വിശ്വാസം, സനേഹം, ത്യാഗം, സേവനം, നിത്യജീവന്‍ എന്നീ പതറാത്ത മൂല്യങ്ങളില്‍ മുറകെപ്പിടിച്ചു ജീവിക്കാനും ജീവിതത്തില്‍ മുന്നോട്ടുപോകാനും സഭ തങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെ യുവജനങ്ങള്‍ ഈ സിനഡിനെ ഉറ്റുനോക്കുകയാണ്.

വിമര്‍ശനം സത്യസന്ധമാവട്ടെ!
സത്യസന്ധവും സുതാര്യവുമായ വിമര്‍ശനം ക്രിയാത്മകവും സഹായകവുമാകാം, എന്നാല്‍ പിറുപിറുക്കല്‍ നിഷേധാത്മകമാണ്. പാഴായ പിറുപിറുക്കലുകള്‍ക്കും കിംവദന്തികള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും, മുന്‍വിധികള്‍ക്കും സിനഡില്‍ ഇടംനല്കരുത്. പങ്കുവയ്ക്കലിലൂടെയുള്ള കൂട്ടായ ജീവിതമാണ് സിനുഡ്. അതിനാല്‍ എല്ലാവരും എല്ലാവരോടും ധൈര്യത്തോടും സുതാര്യതയോടും, അതായത് സത്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും, ഉപവിയുടെയും സമഗ്രതയോടെ സംസാരിക്കാം.

കേള്‍ക്കാന്‍ എളിമവേണം!
സംസാരിക്കാനുള്ള ധൈര്യത്തോടൊപ്പം കേള്‍ക്കാനുള്ള എളിമയും ആവശ്യമാണ്. നമുക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും സംസാരിച്ചാല്‍ അത് കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കണം. കാരണം അവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ട്. ഇവിടെ സന്നിഹതരല്ലാത്ത ലോകത്തെ യുവജനങ്ങളുടെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും അവര്‍ക്ക് അവകാശവും ഉത്തരവാദിത്ത്വവുമുണ്ട്. അതുകൊണ്ട് പരസ്പരം ശ്രവിക്കാന്‍ തുറവു കാണിക്കേണ്ടതാണ്. കേള്‍ക്കാനുള്ള സന്നദ്ധതയാണ് സംവാദത്തിനു വഴിതുറക്കുന്നത്.

മാറ്റത്തിനുള്ള സന്നദ്ധത പക്വതയുടെ അടയാളം
സംവാദത്തിന്‍റെ പരിണിത ഫലമായിരിക്കും നവീനതയും മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയും. അതിനാല്‍ സിനഡ് സംവാദത്തിന്‍റെ ഒരു കളരിയാവണം, സംവാദം ക്ഷമയോടെ പഠിക്കുന്ന ഇടമാവട്ടെ അത്. സിനഡില്‍ പങ്കെടുക്കുന്നവരില്‍ പലരും സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള അഭിപ്രായങ്ങള്‍ ഒരുങ്ങി വന്നിട്ടുണ്ടാകും. എന്നാല്‍ പഠനത്തിന്‍റെ പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോള്‍ അവ വേണ്ടിവന്നാല്‍ മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ സന്നിഹിതരായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്.

സിനഡുസമ്മേളനം ഒരു വിവേചനപ്രക്രിയ
സിനഡുസമ്മേളനം സഭാജീവിതത്തിലെ വിവേചനത്തിന്‍റെ പ്രക്രിയയാണ്. അതിനാല്‍ തുറന്നു സംസാരിക്കുന്നതും, തുറവോടെ കേള്‍ക്കേണ്ടതും ഈ കൂട്ടായ്മയുടെ അടിസ്ഥാന സ്വഭാവമായിരിക്കണം. എന്നാല്‍ ഈ വിവേചിച്ചെടുക്കല്‍ വെറും ഒരു വിളംമ്പര സൂക്തമോ, സംഘാടക സാങ്കേതിക വൈദഗ്ദ്ധ്യ പ്രകടനമോ അല്ലെങ്കില്‍ പത്രോസിന്‍റെ പരമാധികാരത്തിന്‍റെ പ്രഹസനമോ അല്ല. മറിച്ച് ആന്തിരകതയില്‍ വേരൂന്നിയ ഒരു വിശ്വാസപ്രകരണമാണ്, വിശ്വാസപ്രഘോഷണമാണ്.

വിവേചനം സിനഡിന്‍റെ ബലതന്ത്രം
വിവേചിച്ചെടുക്കല്‍ (Discernment) സിനഡുസമ്മേളനത്തിന്‍റെ പ്രവര്‍ത്തനരീതിയും, ഒപ്പം നാം മുന്നില്‍ കാണുന്ന ലക്ഷ്യവുമാണ്. മനുഷ്യചരിത്രത്തില്‍ – ജീവിതത്തിന്‍റെ സംഭവവികാസങ്ങളിലും, നാം കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യുന്ന മനുഷ്യരിലും ദൈവം പ്രവര്‍ത്തിക്കുന്നുണ്ടെന്നതുമാണ് ഈ വിവേചന ശ്രമവും പദ്ധതിയും. ഇക്കാരണത്താല്‍ ദൈവാരൂപി പ്രചോദിപ്പിക്കുന്നവരാണ് പലപ്പോഴും മനുഷ്യമനസ്സുകള്‍ക്ക് ആഗ്രഹവും ഒരിക്കലും മുന്‍കൂട്ടി പറയാനാവാത്തതുമാണ്. വിവേചിച്ചെടുക്കല്‍ യാഥാര്‍ത്ഥ്യമാകുന്നത് – ഒരു സ്ഥലകാല സീമയിലാണ്. അതിനാല്‍ സിനഡ് സമ്മേളനങ്ങളില്‍... അംഗങ്ങളുടെ ഓരോ അഞ്ചുപേരുടെയും ഇടപെടലുകള്‍ അല്ലെങ്കില്‍ അഭിപ്രായപ്രകടനങ്ങള്‍  കഴിയുമ്പോള്‍ ഏതാനു മിനിറ്റുകളുടെ നിശ്ശബ്ദത പാലിക്കേണ്ടതാണ്. ശ്രവിച്ചതിന്‍റെ ശരിയായ അര്‍ത്ഥവും, അത് പല തലങ്ങളില്‍ ചിന്തിച്ച്, അതിന്‍റെ ശരിയായ അര്‍ത്ഥം, അതിനെ എല്ലാ തലത്തിലും ഹൃദയങ്ങളില്‍ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും ശ്രദ്ധേയമായവ, പ്രധാനപ്പെട്ടവ മനസ്സിലേറ്റാനുമുള്ള സമയമാണിത്. ഏകാഗ്രതയക്കും ആന്തരികതയ്ക്കുമുള്ള ഈ ശ്രമം ആശയങ്ങള്‍ വിവേചിച്ചറിയാനും വ്യാഖ്യാനിക്കാനും, നല്ലത് തിരഞ്ഞെടുക്കാനും സഹായകമാകും.

യുവജനങ്ങളുടെ സഹയാത്രികരാവണം
യുവജനങ്ങളെ ശ്രവിക്കുകയും അവരുടെ കൂടെനടക്കുകയും ചെയ്യുന്ന സഭയുടെ അടയാളമാവുന്നതും, ശ്രവിക്കാന്‍ സന്നദ്ധമാകുന്നതുമായ മനോഭാവം – വാക്കുകളില്‍ ഒതുക്കാവുന്നതല്ല. തങ്ങളെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാതെ സഭ എന്നും തങ്ങളെ പുറന്തള്ളുകയാണെന്ന് യുവജനങ്ങള്‍ ചിന്തിക്കുന്നതായി സിനഡിന്‍റെ തയ്യാറെടുപ്പുകളിലെ ചോദ്യാത്തരങ്ങളും അഭിപ്രായ പ്രകടനങ്ങളും വ്യക്തമാക്കുന്നുണ്ട്. ഉടനടി എല്ലാ ഉത്തരങ്ങളും നല്കാനായില്ലെങ്കിലും, യുവജനങ്ങളെ ശ്രവിക്കുകയും, വേണ്ടിവന്നാല്‍ കണ്ടുമുട്ടുന്നവരാല്‍ ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കുയും ചെയ്യുന്നൊരു വേദിയായി സഭയെ മനസ്സിലാക്കിക്കൊടുക്കാന്‍ സിനഡിന് ഉത്തരവാദിത്ത്വമുണ്ട്. അടഞ്ഞ മനസ്ഥിതിയുള്ള സഭ നവീനതയ്ക്കും നവീകരണത്തിനും തുറവില്ലാത്ത സഭയാണ്. അത് ദൈവത്തിന്‍റെ കാലികമായ വെളിപ്പെടുത്തലുകളോ, ഇടപെടലുകളോ തിരിച്ചറാന്‍പോലും തയ്യാറാവില്ല. അത് വിശ്വാസ്യതയുള്ള  ഒരു സഭയാവില്ല. അങ്ങനെയായാല്‍ അടുക്കേണ്ട യുവജനങ്ങള്‍ സഭയില്‍നിന്നും അകന്നുപോകും.

മുന്‍വിധികളും സ്ഥിരസങ്കല്പങ്ങളും
മുന്‍വിധികളും സ്ഥിരസങ്കല്പങ്ങളും മാറ്റിവയ്ക്കേണ്ടിവരും. വളരെ തുറന്ന മനസ്സും ഹൃദയവും സിനഡിന്‍റെ വിജയത്തിന് ആവശ്യമാണ്. കാരണം യുവജനങ്ങള്‍ നമ്മുടെ കൂടെയുള്ളവരല്ല, അവരുടെ ലോകം ഒരുവിധത്തില്‍ വിദൂരമാണെന്നു പറയാം. യുവജനങ്ങളും മുതിര്‍ന്നവരെ അകറ്റിനിറുത്തുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞുകൊണ്ടാണ്. ഇതു മാറ്റിയെടുക്കണമെങ്കില്‍ നാം തുറവുള്ള സംവാദത്തിനു തയ്യാറാവണം.

മേല്‍ക്കോയ്മയല്ല ശുശ്രൂഷയാണ് ആവശ്യം
വൈദിക മേല്‍ക്കോയ്മയുടെ ഭാവം, clericalism നാം കൈവെടിയണം. ഇതിനു കാരണം, കിട്ടിയ പൗരോഹിത്യം ശുശ്രൂഷയെന്നതിനെക്കാള്‍ ഭരിക്കാനുള്ള അധികാരമായി കാണുന്നതുകൊണ്ടാണ്. ഇത് നാം വെടിയേണ്ട അധികാരത്തിന്‍റെ സമുന്നത ഭാവമാണ്. അതിനായി നാം സ്വയംപര്യാപ്തതയുടെ മനോഭാവം ഉപേക്ഷിക്കണം. മറ്റുള്ളവരുടെ വിശിഷ്യ പ്രായമായവരുടെ കാരണവന്മാരുടെയും അഭിപ്രായങ്ങള്‍ മാനിക്കണം, ഒപ്പം പ്രാര്‍ത്ഥനയിലൂടെ ദൈവിക വെളിപാടും ആര്‍ജ്ജിച്ചെടുക്കണം. പ്രായമായൊരാള്‍ കൂടിയെല്ലെങ്കില്‍ ഇല്ലെങ്കില്‍ ഒരാളെ വാങ്ങണമെന്ന ഈജിപ്ഷ്യന്‍ പഴമൊഴി പാപ്പാ ഓര്‍മ്മയില്‍നിന്നു പങ്കുവച്ചു.

ദൈവികവാഗ്ദാനങ്ങളുടെ സമയമാണ് ഭാവി
നമ്മുടെ ഹൃദയങ്ങളെ ഈ സിന‍ഡ് ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഒത്തിരി പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മെ ഭാരപ്പെടുത്തുന്ന സമയമാണിത്. നമ്മെ സന്ദര്‍ശിക്കുന്ന ദൈവത്തെയും ദൈവസ്നേഹത്തെയും ഈ കൂട്ടായ്മയില്‍ തുറവോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാം - ഇതൊരു വിശ്വാസപ്രകരണമാക്കാം. ഭയപ്പെടേണ്ട കാര്യമല്ല ഭാവി, അത് ദൈവികവാഗ്ദാനങ്ങളുടെ സമയമാണ്. വരും തലമുറയെ സജീവമായ പ്രത്യാശയോടെ ഉള്‍ക്കൊള്ളണമെങ്കില്‍, ആത്മീയമായ കരുത്തും വിശ്വാസവുമുള്ളവര്‍ക്കേ അവരോടു കൈകോര്‍ത്തു ഭാവിയെ മുന്നോട്ടു നയിക്കാനും കരുപ്പിടിപ്പിക്കാനും സാധിക്കൂ (vat. II Council).

ദുര്‍വ്വിധിയുടെ പ്രവാചകരാകരുതേ...!
ദുര്‍വ്വിധിയുടെ പ്രവാചകന്മാരാകാതിരിക്കാം. പരാജയങ്ങളുടെയും പ്രശ്നങ്ങളുടെയും പട്ടിക എണ്ണി വിലപിക്കാതെ, നന്മയില്‍ പ്രത്യാശവയ്ക്കാം. സഭയുടെ തന്നെ മക്കള്‍ ഏല്പിക്കുന്ന മുറിവുകളുടെയും പാപങ്ങളുടെയും വേദനസഹിക്കുമ്പോഴും നിരാശരാകാതിരിക്കാം. ഭാവിയെക്കുറിച്ചു ചിന്തിക്കാം, അതിനായി സമയമൊരുക്കാം.

സിനഡ് ഒരു “ഡോക്യുമെന്‍റേഷ”നല്ല
സിനഡില്‍നിന്നും ഒരു ഡോക്യുമെന്‍റോ, ഒരു പ്രമാണരേഖയോ ഉണ്ടാക്കിയെടുക്കുകയല്ല ലക്ഷ്യം. അതു കുറച്ചുപേര്‍ മുഴുവനായി വായിക്കുകയും, അധികംപേര്‍ മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കാതെ, കുറച്ചു വായിച്ചും, അല്പം മനസ്സിലാക്കിയും വിമര്‍ശിക്കുകയുമാണ് പതിവ്. എന്നാല്‍ സിനഡു നിര്‍ദ്ദേശിക്കുന്ന പ്രായോഗികമായി നിവര്‍ത്തിക്കേണ്ട അജപാലന പരിപാടികള്‍ പാടെ അവഗണിക്കുകയും ചെയ്യും. ഇതു ശരിയല്ല! നവീനതയ്ക്കായുള്ള സ്വപ്നങ്ങള്‍ വിരിയിക്കാം. സിനഡിന്‍റെ നിര്‍ദ്ദേശങ്ങളെ ആധാരമാക്കി കര്‍മ്മപദ്ധതികള്‍ ഒരുക്കുക. മുറിവുകളുണക്കി, പ്രത്യാശ വളര്‍ത്തുക. യുവജനങ്ങള്‍ക്ക് ജീവിതത്തില്‍ ആത്മധൈര്യം പകരുക. ആരെയും ഒഴിവാക്കാതെ അവരുടെ കാഴ്ചപ്പാടുകളെ സുവിശേഷ സന്തോഷത്താല്‍ നിറയ്ക്കാം! അങ്ങനെ അവര്‍ ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസരായി ലോകത്തിന് സുവിശേഷമേകിയും, സുവിശേഷമായും ജീവിക്കാന്‍ ഇടയാവട്ടെ!

05 October 2018, 18:53