തിരയുക

യുവജനത്തെ ശ്രവിക്കാന്‍, അവരെ ദീപ്തരാക്കാന്‍ സഭ

മരണത്തിന്‍റെ കച്ചവടക്കാരുടെ കൈകളില്‍ യുവതയെ ഏല്പിച്ചു കൊടുക്കരുത്- യുവതയുടെ ഭാവി തെളിക്കാന്‍ സഭ അവര്‍ക്കൊപ്പമുണ്ട്-പാപ്പായുടെ വചനസമീക്ഷ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനത്തിന് തിരിതെളിഞ്ഞു.

ബുധനാഴ്ച (03/10/18) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ഫ്രാന്‍സീസ് പാപ്പാ മുഖ്യകാര്‍മ്മികനായും സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടുകൂടി ഈ മാസം 28 വരെ നീളുന്ന സിനഡുസമ്മേളനത്തിന് തുടക്കമായി.

സഭയുടെയും ലോകത്തിന്‍റെയും പ്രതീക്ഷയും നരകുലത്തിന്‍റെ ഭാവിയുമായ യുവതലമുറയുടെ കാര്യത്തില്‍ സഭയ്ക്കുള്ള ഔത്സുക്യത്തിന്‍റെ ആവിഷ്ക്കാരമെന്നോണം യുവജനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന ഈ സിനഡുസമ്മേളനത്തിന്‍റെ ചര്‍ച്ചാ പ്രമേയം “യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതാണ്.

സിനഡു സമ്മേളനത്തിന്‍റെ ഉദ്ഘ്ടാനദിവ്യബലിയില്‍ വിശുദ്ധ ഗ്രന്ഥഭാഗ പാരായണത്തെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ വചന സന്ദേശം നല്കി.

പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

യേശു ഏകുന്ന ഉറപ്പ്

“എന്‍റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അുസ്മരിപ്പിക്കുകയും ചെയ്യും” യോഹന്നാന്‍റെ സുവിശേഷം 14-Ↄ○ അദ്ധ്യായത്തിലെ ഇരുപത്തിയാറാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് തന്‍റെ   വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

ഇത്രയും ലളിതമായ വിധത്തിലാണ് യേശു സ്വശിഷ്യര്‍ക്ക് ഭരമേല്പിക്കപ്പെടാന്‍ പോകുന്ന പ്രേഷതദൗത്യത്തിനാകമാനം സഹായം ഉറപ്പേകുന്നത്. ശിഷ്യരുടെ ഹൃദയങ്ങളില്‍ ഗുരുവിന്‍റെ ഓര്‍മ്മ എന്നും സജീവവും കാലോചിതവും ആയി കാത്തുപരിപാലിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതില്‍ പ്രഥമന്‍ പരിശുദ്ധാരൂപി ആയിരിക്കും. സുവിശേഷത്തിന്‍റെ സമ്പുഷ്ടതയും സൗഷ്ഠവവും സന്തോഷത്തിന്‍റെയും നിരന്തര നവീനതയുടെയും ഉറവിടമാക്കിത്തീര്‍ക്കുന്നതും അവിടന്നാണ്.

പരിശുദ്ധ റൂഹായോടു പ്രാര്‍ത്ഥിക്കുക

ആകമാന സഭയെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഈ വേളയുടെ തുടക്കത്തില്‍, ദൈവ വചനത്തോടുള്ള ഐക്യത്തില്‍, നമുക്ക്, നമ്മുടെ ഹൃദയത്തെ ജ്വലിപ്പിച്ചിരുന്ന കര്‍ത്താവിന്‍റെ വചനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയുണര്‍ത്തുകയും അവയെ നമ്മില്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിന് നമ്മെ സഹായിക്കാന്‍, പരിശുദ്ധാരൂപിയോട് അവിരാമാം പ്രാര്‍ത്ഥിക്കാം. സുവിശേഷാത്മക തീക്ഷ്ണതയും ശുഷ്ക്കാന്തിയും യേശുവിനായുള്ള തീക്ഷ്ണതയും അഭിനിവേശവും ഉളവാക്കും. സ്വപ്നം കാണാനും പ്രത്യാശപുലര്‍ത്താനുമുള്ള കഴിവ്  നമ്മിലുണര്‍ത്താനും നവീകരിക്കാനും കഴിവുറ്റ ഒരു ഓര്‍മ്മ. എന്തെന്നാല്‍ നമുക്കറിയാം, മുതിര്‍ന്നവരോ, പ്രായംചെന്നവരോ ആയ നമ്മെപ്പോലെതന്നെ, പ്രവചിക്കാനും ദീര്‍ഘവീക്ഷണം പുലര്‍ത്താനും കഴിവുള്ളവരും അങ്ങനെ നാം നമ്മുടെ ഹൃദയങ്ങളില്‍ പേറുന്ന സ്വപ്നങ്ങളും പ്രത്യാശകളും പങ്കുവയ്ക്കാനും കഴിവുറ്റവരും ആണ് നമ്മുടെ യുവജനങ്ങള്‍ എന്ന്.

സിനഡുപിതാക്കന്മാര്‍ അഭിഷിക്തരാകട്ടെ...

പ്രവചനത്തിന്‍റെയും ദര്‍ശനത്തിന്‍റെയും ദാനത്താല്‍ യുവജനങ്ങളെ അഭിഷേകം ചെയ്യാന്‍ കഴിയത്തക്കവിധം സിനഡുപിതാക്കന്മാര്‍ സ്വപ്നങ്ങളുടെയും പ്രത്യാശയുടെയും ദാനങ്ങളാല്‍ അഭിഷിക്തരാകുന്നതിനുവേണ്ടി പരിശുദ്ധാരൂപിയുടെ അനുഗ്രഹം നമുക്ക് പ്രാര്‍ത്ഥിക്കാം. ദുരന്തങ്ങളുടെയും വിപത്തുകളുടെയും നമ്മുടെ പരിമിതികളുടെയും പ്രമാദങ്ങളുടെയും പാപങ്ങളുടെയും പ്രവാചകന്മാരാല്‍ തലമുറകള്‍തോറും വീര്‍പ്പുമുട്ടിക്കപ്പെടുകയും ഞെരുക്കപ്പെടുകയും ചെയ്യുന്നതിനനുവദിക്കാത്തതും ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതിനും പരിശുദ്ധാരൂപിയുടെ വഴികള്‍ വിവേചിച്ചറിയുന്നതിനും ഇടം കണ്ടെത്താന്‍ കഴിയുന്നതുമായ കര്‍മ്മനിരതവും സജീവവും ഫലദായകവുമായ ഓര്‍മ്മയായിരിക്കാനുള്ള അനുഗ്രഹം ലഭിക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം. പരിശുദ്ധാരൂപിയുടെ സ്വരം വിധേയത്വത്തോടെ ശ്രവിക്കുന്ന ഈ ഒരു മനോഭാവത്തോടുകൂടിയാണ് നാം ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്ന് നടാടേ...

ഇന്ന്, ആദ്യമായിട്ടാണ്, ചൈനാഭൂഖണ്ഡത്തില്‍ നിന്നുള്ള രണ്ടും മെത്രാന്മാര്‍ നമ്മുടെ കുടെ ഇവിടെ സന്നിഹിതരായിരിക്കുന്നത്. നമുക്ക് അവര്‍ക്ക് ഊഷ്മള സ്വാഗതമോതാം. മെത്രാന്മാരുടെ സംഘത്തിന് പത്രോസിന്‍റെ   പിന്‍ഗാമിയോടുള്ള കൂട്ടായ്മ ഇവരുടെ സാന്നിധ്യത്താല്‍ ഉപരിദൃശ്യമായി.

പ്രത്യാശയില്‍ ഒന്നായി

പ്രത്യാശയില്‍ ഒന്നുചേര്‍ന്ന് നാം സഭാപരമായ പുതിയൊരു സമാഗമം ആരംഭിക്കയാണ്. സീമകളെ വിസ്തൃതമാക്കാനും ഹൃദയത്തെ വിശാലമാക്കാനും ഇന്ന് മരവിപ്പിക്കുകയും യുവജനത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്തുകയും ദൂരെയകറ്റുകയും അവരെ മോശമായ അവസ്ഥകളിലേക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്ന ഘടനകളെ രൂപാന്തരപ്പെടുത്താനും കഴിവുറ്റ ഒരു സമാഗമമാണിത്.

പ്രത്യാശ നമ്മെ ആഹ്വാനം ചെയ്യുന്നു, നമ്മെ ചലിപ്പിക്കുന്നു, “എന്നും അങ്ങനെയാണ് ചെയ്തിരുന്നത്” എന്ന യാഥാസ്ഥിതികത്വത്തെ ഭേദിക്കുന്നു, യുവജനങ്ങളെയും അവരുടെ അവസ്ഥകളെയും നേരിട്ടു നോക്കുന്നതിന് എഴുന്നേല്‍ക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു.

നമ്മുടെ യുവജനങ്ങള്‍ പെട്ടുപോകാന്‍ സാധ്യതയുള്ള സന്ദിഗ്ദതയുടെയും പുറന്തള്ളലിന്‍റെയും അക്രമത്തിന്‍റെയും അവസ്ഥകളെ തകിടംമറിക്കുന്നതിനായി പരിശ്രമിക്കാന്‍ ഈ പ്രത്യാശ നമ്മെ ആഹ്വാനം ചെയ്യുന്നു.

യുവത നമ്മോടാവശ്യപ്പെടുന്നത്.....

വര്‍ത്തമാന കാലത്തെ നേരിടാന്‍ കൂടുതല്‍ അര്‍പ്പണബുദ്ധിയോടെ പരിശ്രമിക്കാനും അന്തസ്സാര്‍ന്ന ഒരു ജീവിതം നയിക്കുന്നതിനു പ്രതിബന്ധങ്ങളയാവയ്ക്കെതിരെ പ്രവര്‍ത്തിക്കാനും തങ്ങളോടൊപ്പം ചേരാന്‍,  ഗതകാലത്തെടുത്ത നിരവധിയായ തീരുമാനങ്ങളു‌ടെ ഫലമായി രൂപപ്പെടുത്തപ്പെട്ട യുവജനങ്ങള്‍ ഇന്നു നമ്മെ വിളിക്കുന്നു. രചനാത്മകമായ പ്രതിജ്ഞാബദ്ധതയും, ബുദ്ധിപൂര്‍വ്വകവും സോത്സാഹപരവും പ്രത്യാശാഭരതിവുമായ ബലതന്ത്രവും അവര്‍ നമ്മോടു ആവശ്യപ്പെടുന്നു, അവര്‍ നമ്മില്‍ നിന്ന് അവകാശപ്പെടുന്നു. തങ്ങളു‍ടെ ജീവിതത്തെ അടിച്ചമര്‍ത്തുകയും വീക്ഷണത്തെ അന്ധകാരത്തിലാഴ്ത്തുകയും ചെയ്യുന്ന നിരവധിയായ മരണത്തിന്‍റെ കച്ചവടക്കാരുടെ കൈകളില്‍ തങ്ങളെ ഏല്പിക്കരുതെന്ന് യുവജനം നമ്മോടു പറയുന്നു.

കനവ് കാണുകയെന്ന ദാനം...

ഒത്തൊരുമിച്ചു സ്വപ്നം കാണാന്‍ കര്‍ത്താവ് സഭയ്ക്ക് ഇന്നേകുന്ന കഴിവ് ഒരു ദാനം എന്ന നിലയില്‍ ഒരു തനതായ മനോഭാവം വളര്‍ത്തിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഒന്നാം വായനയില്‍ പൗലോസപ്പസ്തോലന്‍ അത് ആവിഷ്ക്കരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “ ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍ പോരാ, മറിച്ച്, മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം” (വിശുദ്ധ പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം 2:4) അതിന് ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതി കൂടുതല്‍ ഉയരങ്ങളിലേക്കു നോക്കേണ്ടത് ആവശ്യമാണ്. ആകയാല്‍, കര്‍ത്താവ് സ്വന്തം സഭയോട് ആവശ്യപ്പെടുന്നത് എന്താണ് എന്ന് വിവേചിച്ചറിയുന്നതിന്  ഈ ചൈതന്യത്തോടുകൂടി നമുക്ക് പരസ്പരം ശ്രവിക്കാന്‍ പരിശ്രമിക്കാം. അപ്രധാനമായത് പ്രാധാനവും പ്രാധാന്യമുള്ളത് അപ്രധാനവുംമായിത്തീരുന്ന സ്വയം പരിരക്ഷയുടെയും സ്വകേന്ദ്രീകരണത്തിന്‍റെയും യുക്തി പ്രബലപ്പെടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് ഇവിടെ ആവശ്യമാണ്. സുവിശേഷത്തോടും നമുക്കു ഏല്പ്പിക്കപ്പെട്ട ജനത്തോടുമുള്ള സ്നേഹം  നമ്മുടെ നോട്ടം കൂടുതല്‍ വിശാലമാക്കാനും എല്ലാവര്‍ക്കും ഉപകാരപ്രദമായ മഹാനന്മയില്‍ ദൃഷ്ടിപതിക്കാന്‍ നമ്മെ ക്ഷണിക്കുന്ന ദൗത്യം വിസ്മരിക്കാതിരിക്കാനും നമ്മോടു ആവശ്യപ്പെടുന്നു. ഈ മനോഭാവത്തിന്‍റെ അഭാവത്തില്‍ നമ്മുടെ എല്ലാ യത്നങ്ങളും വ്യര്‍ത്ഥമാകും.

മുന്‍വിധികളും ഉപാധികളുമില്ലാത്ത കാതോര്‍ക്കല്‍

ആത്മാര്‍ത്ഥവും പ്രാര്‍ത്ഥനാനിര്‍ഭരവും മുന്‍വിധികളും ഉപാധികളും ഇല്ലാത്തതുമമായ ശ്രവണമെന്ന ദാനം നമ്മെ ദൈവജനം ജീവിക്കുന്ന വിഭിന്നങ്ങളായ അവസ്ഥകളുമായുള്ള കൂട്ടായ്മയിലേക്കു പ്രവേശിക്കാന്‍ പ്രാപ്തരാക്കും.

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ സമയം നമുക്കു പരിശുദ്ധ കന്യാകാമറിയത്തിന്‍റെ സംരക്ഷണത്തിന് സമര്‍പ്പിക്കാം. പ്രവാചകസ്വഭാവത്തോടെ നിരന്തരം മുന്നേറുന്നതിന് യുവജനത്തിന് തുണയേകാനും പ്രചോദനം പകരാനും ഔത്സുക്യത്തോടും നമ്മുടെ സ്വപ്നങ്ങളോടും പ്രത്യാശകളോടും കൂടി നമുക്ക് സാധിക്കേണ്ടതിന് പരിശുദ്ധാരൂപിയുടെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ.

തന്‍റെ വചനസമീക്ഷയുടെ അവസാനഭാഗത്ത് ഫ്രാന്‍സീസ് പാപ്പാ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സമാപനത്തില്‍ പോള്‍ ആറാമന്‍ പാപ്പാ യുവജനത്തിനു നല്കിയ സന്ദേശത്തിലെ ഏതാനും വരികള്‍ ഉദ്ധരിച്ചു.

സഭ യുവജനത്തിനായി

“നാലു വര്‍ഷക്കാലമായി സഭ സ്വന്തം ഛായയ്ക്ക് യുവത്വം പകരാന്‍ പിരശ്രമിച്ചുവരുന്നു. അത് തന്‍റെ സ്ഥാപകനായ, ജീവക്കുന്ന മഹാനായ ഒരുവനായ, നിത്യം യുവത്വം പുലര്‍ത്തുന്ന ക്രിസ്തുവിന്‍റെ പദ്ധതിയോട് ഉപരിയുചിതം പ്രത്യുത്തരിക്കുന്നതിനാണ്. ജീവിതത്തിന്‍റെ  ഈ അനിവാര്യ പുനപരിശോധനയുടെ വേളയില്‍ സഭ നിങ്ങളിലേക്കു തിരിയുന്നു. ഭാവിയെയും നിങ്ങളുടെ ഭാവിയെയും പ്രബുദ്ധമാക്കുന്ന വെളിച്ചം പരത്തുന്നതിന്, നിങ്ങളുടെ ദീപം തെളിക്കുന്നതിന് സഭ സൂനഹദോസു വഴി വരുന്നു. നിങ്ങള്‍ യുവജനത്തിനു വേണ്ടിയാണ് അവള്‍ വരുന്നത്. നിങ്ങള്‍ കെട്ടിപ്പടുക്കാന്‍ പോകുന്ന സമൂഹത്തില്‍ വ്യക്തികളുടെ ഔന്നത്യവും സ്വാതന്ത്ര്യവും അവകാശങ്ങളും ആദരിക്കപ്പെടണം എന്നതില്‍ സഭയ്ക്ക് ഔത്സുക്യമുണ്ട്.... സ്വാര്‍ത്ഥതയ്ക്കെതിരെ പോരാടുക, യുദ്ധങ്ങള്‍ക്കും  അനന്തരഫലങ്ങളായ വേദനാജനകമായ ദുരിതങ്ങളുടെ പ്രവാഹത്തിനും കാരണമാകുന്ന അക്രമത്തിനും വിദ്വേഷത്തിനുമുള്ള പ്രവണതകളെ ചെറുക്കുക. വിശാലമനസ്ക്കരും ശുദ്ധരും ആദരവും ആത്മാര്‍ത്ഥതയും ഉള്ളവരും ആയിരിക്കുക. ഇന്നത്തെക്കാള്‍ മെച്ചപ്പെട്ട ഒരു ലോകം അത്യുത്സാഹത്തോടെ പടുത്തുയര്‍ത്തുക.

പാപ്പാ തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത് ഇപ്രകാരമാണ്:

പ്രിയ സിനഡുപിതാക്കന്മാരേ, സഭ ആത്മവിശ്വാസത്തോടും സ്നേഹത്തോടും കൂടെ നിങ്ങളെ നോക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2018, 13:00