തിരയുക

Vatican News
നവവിശുദ്ധര്‍ - വത്തിക്കാന്‍ നവവിശുദ്ധര്‍ - വത്തിക്കാന്‍  (AFP or licensors)

സഭയിലെ ഏഴു നവവിശുദ്ധരുടെ ജീവിതരേഖകള്‍

ഒക്ടോബര്‍ 14-‍ Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ 7 വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്. ആഗോള സഭാദ്ധ്യക്ഷനായിരുന്ന പോള്‍ ആറാമന്‍ പാപ്പാ, രക്തസാക്ഷിയായ ഓസ്ക്കര്‍ റൊമേരോ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശുദ്ധാത്മാക്കളുടെ ഹ്രസ്വജീവചരിത്രം താഴെ ചേര്‍ക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഏഴു പുണ്യാത്മാക്കള്‍ - ശബ്ദരേഖ

രത്ക്കാലത്തിന്‍റെ ചെറുതണുപ്പും തെളിഞ്ഞാകാശവും സന്തോഷം പകരുന്നതായിരുന്നു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ ആഗോളസഭയിലെ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി. യുവജനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ആബാലവൃന്ദം ജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സഭയുടെ 7 വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധിയുടെ അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തി.

വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ 1897-1978. 

1. 1964-ല്‍ ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി.  പാപ്പാ മൊന്തീനി എന്നും അറിയപ്പെട്ട പോള്‍ ആറാമന്‍ വടക്കെ ഇറ്റലിക്കാരാനാണ്. ബ്രേഷ്യ എന്ന നഗരത്തില്‍ 1897 സെപ്തംബര്‍ 26-‍Ɔο തിയതി ജൊവാന്നി ബത്തീസ്താ മൊന്തീനി ജനിച്ചു. ബ്രേഷ്യ-കൊണ്‍ചേസ്യോ രൂപതാ സെമിനാരിയിലും പിന്നീട് റോമിലും പഠിച്ച് 1920 മെയ് 29-ന് മൊന്തീനി വൈദികപട്ടം സ്വീകരിച്ചു. ഒരു പതിറ്റാണ്ടിലധികം സ്വന്തം രൂപതയില്‍ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായ ഫാദര്‍ ജൊവാന്നി മൊന്തീനി 1937-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശിയായി നിയമിതനായി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ആക്രമണം ഭയന്ന് കുടിയേറി ഇറ്റലിയിലെത്തിയ യഹൂദര്‍ക്ക് അഭയംനല്കുന്നതില്‍ മോണ്‍സീഞ്ഞോര്‍ മൊന്തീനി മുന്‍പന്തിയില്‍നിന്നു. തുടര്‍ന്ന് അദ്ദേഹം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ പൊതുകാര്യദര്‍ശിയുടെ പകരക്കാരനായി (substitute for Internal Affairs) നിയമിക്കപ്പെട്ടു. 1954-ല്‍ മോണ്‍സീ‍ഞ്ഞോര്‍ മൊന്തീനി മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. 

1958-ല്‍ വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ ആര്‍ച്ചുബിഷപ്പ് മൊന്തീനിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് തുടക്കമിട്ട വിശുദ്ധ ജോണ്‍  23-Ɔമന്‍ പാപ്പാ തുടങ്ങിവച്ച സൂനഹദോസിലെ സഭാനവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഭാഗ്യമുണ്ടായത് കര്‍ദ്ദിനാള്‍ മൊന്തീനിക്കാണ്. 1963 ജൂണ്‍ 3-Ɔο തിയതി ജോണ്‍ 23-‍Ɔമന്‍ പാപ്പാ കാലംചെയ്തതോടെ, മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ മൊന്തീനി പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള സഭാസേവനത്തില്‍ പാപ്പാ മൊന്തീനിയെ കാലാതീതനാക്കിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ കാര്യക്ഷമമായ നടത്തിപ്പും പൂര്‍ത്തീകരണവുമായിരുന്നു. സഭയുടെ ജാലകങ്ങള്‍ അങ്ങനെ ആധുനിക ലോകത്തിനായി തുറക്കപ്പെട്ടു. കൂടാതെ ചരിത്രത്തില്‍ ആദ്യമായി പത്രോസിന്‍റെ പിന്‍ഗാമി നടത്തിയ രാജ്യാന്തര അപ്പസ്തോലിക സന്ദര്‍ശനങ്ങളും, ഇതര സഭകളോടുള്ള അടുത്ത സംവാദത്തിന്‍റെ രീതികളും, സര്‍വ്വോപരി അന്യമതങ്ങളോടുപോലും സംവാദത്തിന്‍റെയും തുറവിന്‍റെയും മനോഭാവം പ്രകടമാക്കിയ നടപടിക്രമങ്ങളും പ്രബോധനങ്ങളുംകൊണ്ട്  പാപ്പാ മൊന്തീനി സഭാചരിത്രത്തില്‍ ഒളിമങ്ങാത്ത വ്യക്തിത്വമായി വിരാജിക്കുന്നു.
ഹ്രസ്വകാല ശാരീരികാലസ്യങ്ങളെ തുടര്‍ന്ന് 1978 ആഗസ്റ്റ് 6-ന് പോള്‍ ആറാമന്‍ പാപ്പാ വത്തിക്കാന്‍റെ വിശ്രമസങ്കേതമായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ അന്ത്യവിശ്രമംകൊണ്ടു.  2014-ല്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ മുന്‍ഗാമിയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

വിശുദ്ധനായ രക്തസാക്ഷി ഓസ്കര്‍ റൊമേരോ 1917-1980.
2. എല്‍ സാല്‍വദോറിലെ രക്തസാക്ഷി. ഒരു ലാറ്റിനമേരിക്കന്‍ പുത്രനാണ്. അദ്ദേഹം എല്‍ സാല്‍വദോറിലെ സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരിക്കവെയാണ് വിശ്വാസത്തെപ്രതിയും പാവങ്ങളായ തദ്ദേശീയ ജനതയ്ക്കുവേണ്ടിയും രക്തസാക്ഷിത്വം വരിച്ചത്. 1977-മുതലാണ് അദ്ദേഹം സാന്‍ സാല്‍വദോറിന്‍റെ മെത്രാപ്പോലിത്തയായത്. ഒരു അഭ്യന്തര വിപ്ലവത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍, അന്നുണ്ടായ കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട പാവപ്പെട്ടവരെയും വിശിഷ്യാ തദ്ദേശീയ ജനങ്ങളെയും വിശ്വാസസമൂഹത്തേയും ആര്‍ച്ചുബിഷപ്പ് റൊമേരോ പിന്‍തുണ്യ്ക്കുകയും രാജ്യത്തെ വിമതരുടെ നടപടിക്രമങ്ങളെ അപലപിക്കുകയും ചെയ്തു. റൊമേരോയുടെ വിശ്വാസബോധ്യങ്ങളും പാവങ്ങള്‍ക്കും എളിയവര്‍ക്കുമായുള്ള ജീവിതസമര്‍പ്പണവും ഒരു രാഷ്ട്രീയപക്ഷം ചേരലിനോ പിന്‍തുണയ്ക്കലിനോ സ്ഥാനമാനങ്ങള്‍ക്കോ അതീതമായിരുന്നു. അദ്ദേഹം നീതിക്കും സത്യത്തിനുംവേണ്ടി പാവങ്ങളുടെ പക്ഷംചേര്‍ന്നു. 1980 മാര്‍ച്ച് 24- Ɔο തിയതി ഒരു ഞായറാഴ്ചയായിരുന്നു. തന്‍റെ ഭദ്രാസന ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കവെ രാജ്യത്തെ കലാപകാരികളുടെ വെടിയേറ്റ് ആ ധ്യന്യാത്മാവ് ബലിവേദിയില്‍ മരിച്ചുവീണു. 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി. ക്രിസ്തുവിനുവേണ്ടിയുള്ള ജീവിതതിരഞ്ഞെടുപ്പില്‍ എല്ലാം ഉപേക്ഷിച്ച് കുരിശിന്‍റെ പാതയില്‍ അജഗണങ്ങള്‍ക്കായി ജീവന്‍ ഹോമിച്ച ഒരു നല്ല ക്രൈസ്തവന്‍റെയും അജപാലകന്‍റെയും മാതൃകയാണ് രക്തസാക്ഷിയായ ഓസ്ക്കര്‍ റൊമേരോ!

വിശുദ്ധ ഫാന്‍സിസ് സ്പിനേലി 1853-1913.
3. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകര്‍ എന്ന സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനും ഇറ്റലിക്കാരന്‍ ഇടവക വൈദികനും.  1853 ഏപ്രില്‍ 14-‍Ɔο തിയതി ഇറ്റലിയിലെ മിലാനില്‍ ജനിച്ചു. രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് 1875-ല്‍ വൈദികനായി. അജപാലന ശുശ്രൂഷയ്ക്കിടയില്‍ പരിശുദ്ധദിവ്യകാരുണ്യത്തിലെ യേശുവിനായി സമര്‍പ്പിതരായ ഈ സന്ന്യാസിനീ സമൂഹത്തിന് (Adoration Sisters of Jesus in the Blessed Sacrament) റോമാനഗരം കേന്ദ്രീകരിച്ച് തുടക്കമിട്ടു. സ്പിനേലി സ്ഥാപകനും ഡയറക്ടറുമായിരിക്കെ, പ്രസ്ഥാനത്തിന് നേതൃത്വം നല്കുകയും സ്പിനേലിയെ തുണയ്ക്കുകയുംചെയ്ത സമര്‍പ്പിതയായിരുന്നു ക്യാതറീന്‍ കമന്‍സോളി, പിന്നീട് അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ക്യാതറീന്‍ കമന്‍സോളി. 1913, ഫെബ്രുവരി 6-ന് ഈ നല്ല ഇടവക വൈദികന്‍ കാലംചെയ്തു. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 1992-ല്‍ സ്പിനേലിയെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തി.

വിശുദ്ധ വിന്‍ചേന്‍സോ റൊമാനോ 1751-1831.
4. ഇറ്റലിക്കാരനായ രൂപതാവൈദികന്‍.   നേപ്പിള്‍സ് സ്വദേശിയാണ്. തോറെ ദെല്‍ ഗ്രേക്കോയില്‍ 1751 ജൂണ്‍ 3-ന് ജനിച്ചു. രൂപതാസെമിനാരിയില്‍ പഠിച്ച് 1775-ല്‍ വൈദികനായി. അദ്ദേഹത്തിന്‍റെ അജപാലന ശുശ്രൂഷയുടെ തനിമയായിരുന്നു ഗ്രാമങ്ങളിലെ പാവങ്ങളോടുള്ള പ്രതിബദ്ധതയും കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസവും. 1794 ജൂണ്‍ 15 വേസൂവിയോ അഗ്നിപര്‍വ്വതത്തില്‍നിന്നും ക്രൂരമായി പൊട്ടിയൊഴുകിയ ലാവയില്‍ തോറെ ദി റോക്കാ ഗ്രാമത്തെ ആകമാനം വന്തുനീറി നശിപ്പിച്ചു. കെടുതിയില്‍നിന്നും അവശേഷിച്ചവര്‍ക്ക് തുടര്‍ന്നുണ്ടായ സമുദ്ധാരണ​ പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക ശക്തിയും ആത്മീയ പിന്‍തുണയും ഫാദര്‍ വിന്‍ചേന്‍സോ റൊമേരോ ആയിരുന്നു. 1831 ഡിസംബര്‍ 20-ന് തോറെ ദി ഗ്രേക്കോ ഗ്രാമത്തിന്‍റെ ആത്മീയവിളക്ക്, നല്ല വൈദികന്‍, വിന്‍ചേന്‍സോ റൊമേരോ പൊലിഞ്ഞുപോയി!   1963-ല്‍ പോള്‍ ആറാമന്‍ പാപ്പാ ഫാദര്‍ വിന്‍ചേന്‍സോ റൊമേരോയെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തി.

വിശുദ്ധയായ ക്യാതറീന്‍ കാസ്പര്‍ 1820-1898. 
5. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും കന്യകയും. ജര്‍മ്മന്‍കാരിയാണ് മരിയ ക്യതറീന്‍ കാസ്പര്‍. 1820 മെയ് 26-ന് ഡേണ്‍ബാഹ് എന്ന സ്ഥലത്തു ജനിച്ചു. ഏറെ മനക്കരുത്തുള്ളതും പരോന്മുഖവുമായ വ്യക്തിത്വമായിരുന്നു ക്യാതറീന്‍ കാസ്പറുടേത്. ഉപജീവനത്തിനായി ബാല്യംമുതല്ക്കേ കരിങ്കല്‍ മടയില്‍ ജോലിചെയ്തു. ജീവിതത്തിന്‍റെ വിനീതാവ്സഥയിലും കഷ്ടപ്പാടിലും സമൂഹത്തിലെ എളിയവരെ പരിചിക്കാനുള്ള ഒരു സന്ന്യാസ സ്ഥാപനം തുടങ്ങണമെന്ന ചിന്ത മനസ്സിലുണര്‍ന്നു. 1848-ല്‍ ഈശോയുടെ എളിയ ദാസികള്‍ (The Handmaids of Jesus Christ) എന്ന സ്ത്രീകളുടെ സഖ്യത്തിന് രൂപംനല്കി.  പട്ടണപ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവങ്ങള്‍ക്ക് അക്കാലത്ത് ഈ സ്ഥാപനം തുണയായി. വത്തിക്കാന്‍റെ അനുമതി ലഭിച്ചതില്‍പ്പിന്നെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ഇന്ത്യയിലേയ്ക്കും വ്യാപിപ്പിച്ചു. 1898 ഫെ്ബ്രുവരി 2-ന് ക്യാതറീന്‍ കാസ്പര്‍ ലോകത്തുനിന്നും യാത്രയായി.  പോള്‍ ആറാമന്‍ പാപ്പായാണ് പാവങ്ങളുടെയും പരിത്യക്തരുടെയും ഈ പ്രേഷിതയെ 1978-ല്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്.

വിശുദ്ധ നസറീയ ഇഗ്നാസിയ  1889-1943.
6. സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ നസറീയ ഇഗ്നാസിയ. ഈ വിശുദ്ധ  സ്പെയിന്‍കാരിയാണ്. 1889 ജനുവരി 10-നായിരുന്നു ജനനം. പിന്നീട് കുടുംബം മെക്സിക്കോയിലേയ്ക്ക് കുടിയേറി. പ്രായമായവരെ പരിചിരിക്കുന്ന സന്ന്യാസിനീ സമൂഹത്തില്‍ 1908-ല്‍ ചേരുന്നു പ്രവര്‍ത്തിച്ചു. 1911-ല്‍ വ്രതവാഗ്ദാനം കഴിഞ്ഞ് ബൊളീവിയിലെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി നിയമിതയായി. സാമൂഹികചുറ്റുപാടുകള്‍ മനസ്സിലാക്കി പാവപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും തുണയ്ക്കുന്നതിന് ക്രൂശിതനായ ക്രിസ്തുവിന്‍റെ പ്രേഷിതകളുടെ ഒരു നവമിഷണറി സമൂഹത്തിന് (The Missionaries of the Crucified Christ) നസറീയ രൂപംനല്കി. സ്പെയിനിലെയും ബൊളീവിയയിലെയും അഭ്യന്തരകലാപ കാലത്ത് (1936-39) തന്‍റെ ജീവന്‍ പണയപ്പെടുത്തിയും നസറീയ ഇഗ്നാസിയ പാവങ്ങളുടെ രക്ഷയ്ക്കായി ഇറങ്ങിത്തിരിച്ചു.  1942-ല്‍ സ്പെയിനില്‍നിന്നും അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസിലേയ്ക്ക് മാറിത്താമസിച്ചുകൊണ്ട് പുതിയ പ്രേഷിത ജോലികളില്‍ വ്യാപൃതയായെങ്കിലും 1943 ജൂലൈ  6-ന് പാവങ്ങളുടെ പ്രേഷിത കാലംപൂകി.  1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് നസറിയ ഇഗ്നാസിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത്.

വിശുദ്ധ നൂണ്‍ഷ്യോ സുള്‍പ്രീസിയോ 1817-1836.
7. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ  ഇറ്റലിയിലെ പെസ്ക്കാര സ്വദേശിയാണ്. 1817 ഏപ്രില്‍ 13-ന് പെസ്കൊ-സാന്‍സൊനേസ്ക്കോ-യില്‍ ജനിച്ചു. മാതാപിതാക്കള്‍ നഷ്ടമായ സുള്‍പ്രീസിയോ അനാഥത്വത്തിന്‍റെ കയ്പേറിയ സാഹചര്യങ്ങളില്‍ വളര്‍ന്നു. മുത്തശ്ശി, അമ്മയുടെ അമ്മ അവനെ വളര്‍ത്തി. ദാരിദ്ര്യത്തിലായിരുന്നെങ്കിലും സുള്‍പ്രീസിയോയെ മുത്തശ്ശി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു, പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബ്ബാനയോടും ദൈവമാതാവിനോടുമുള്ള ഭക്തി സുള്‍പ്രീസിയോയില്‍ അങ്ങനെ നാമ്പെടുത്തു.  മുത്തശ്ശിയുടെ കാലാന്ത്യത്തില്‍ സുള്‍പ്രീസിയോയെ തന്‍റെ കൊല്ലപ്പണി ശാലയിലേയ്ക്ക് അമ്മാവനാണ് കൂട്ടിക്കൊണ്ടുപോയത്. കൊല്ലന്‍റെ ആലയിലെ ജീവിതവും അമ്മാവന്‍റെ പരുക്കന്‍ വളര്‍ത്തലും ശിക്ഷണവും കഠിനമായിരുന്നു. അവിടെ സുള്‍പ്രിസിയോ ഒരു രോഗിയായി. ക്ലേശകരാമയിരുന്ന അദ്ധ്വാനവും മോശമായ പരിചരണവും മൂര്‍ച്ഛിച്ച് അവന്‍ പൂര്‍ണ്ണരോഗിയായി. അസ്ഥിയുടെ ക്ഷയമായി രോഗം തിരിച്ചറിഞ്ഞപ്പോള്‍ അമ്മാവന്‍ സുള്‍പ്രീസിയോയെ കൈവിട്ടു. നേപ്പിള്‍സിലെ ഒരു ആതുരാലയം സുള്‍പ്രീസിയോയ്ക്ക് അഭയംനല്കി. അവിടെ അവന്‍ ഏറെ ആഗ്രഹിച്ച ആദ്യദിവ്യകാരുണ്യം അവസാനമായി സ്വീകരിച്ച് 1836 മെയ് 5-ന് സുള്‍പ്രീസിയോ സന്തോഷവാനായി പ്രാണന്‍വെടിഞ്ഞു.

1890-ല്‍ ലിയോ 13-Ɔമന്‍ പാപ്പാ അവന്‍റെ വീരോചിതമായ ക്രൈസ്തവ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് സുള്‍പ്രീസിയോയെ യുവജനങ്ങള്‍ക്ക് മാതൃകയായി ചൂണ്ടിക്കാട്ടി. 1963 ഡിസംബര്‍ 1-ന് പോള്‍ ആറാമന്‍ പാപ്പാ നൂണ്‍ഷ്യോ സുള്‍പ്രീസിയോയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

നിത്യത തേടുന്നവരും പ്രാപിച്ചവരും
നിത്യത തേടുന്നവരാണ് ക്രിസ്തുവിന്‍റെ പക്കലെത്തുന്നത് (മര്‍ക്കോസ് 10,17), ധനികനായ യുവാവിനെപ്പോലെ...! നിയമപാലിച്ചതുകൊണ്ടായില്ല. നിയമത്തിന്‍റെ പിടിവിട്ട്... നന്മചെയ്യാനും അങ്ങനെ നിയമം പ്രാവര്‍ത്തികമാക്കാനും തയ്യാറാവണം. സമ്പത്ത് പങ്കിട്ടു പാവങ്ങള്‍ക്ക് കൊടുത്തും സഹോദരങ്ങള്‍ക്കു നന്മചെയ്തും ജീവിച്ചാല്‍ നിത്യതയുടെ പാതയിലേയ്ക്ക് തിരിയാനാകുമെന്നും, നിത്യതയില്‍ എത്തിച്ചേരാമെന്നും സഭയുടെ പുണ്യാത്മാക്കള്‍ പഠിപ്പിക്കുന്നു. നവവിശുദ്ധന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ!

14 October 2018, 19:17