തിരയുക

സ്നേഹപൂര്‍വ്വം പോള്‍ ഹ്യൂസണ്‍... സ്നേഹപൂര്‍വ്വം പോള്‍ ഹ്യൂസണ്‍... 

പാപ്പായെ കാണാന്‍ ‘റോക്ക്’ ഗായകന്‍ : പോള്‍ ഹ്യൂസണ്‍

ഐറിഷ് സംഗീതപ്രതിഭ പോള്‍ ഹ്യൂസണ്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആദരവോടെ ഒരു കലാകാരന്‍റെ നേര്‍ക്കാഴ്ച
സെപ്തംബര്‍ 19-Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരും 4 മണിക്കാണ് ലോകമെമ്പാടും റോക്ക് ആരാധകര്‍ “ബോനോ....” എന്നു വിളിക്കുന്ന വിഖ്യാത ഗായകന്‍ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ എത്തിയത്. ഹ്യൂസണ്‍ നല്ല ഗാനരചയിതാവും മനുഷ്യസ്നേഹിയുമാണ്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക് ബുധനാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഹ്യൂസന്‍റെ ആഗമനോദ്ദേശ്യം പാപ്പാ ഫ്രാന്‍സിസ് സ്ഥാപകനായുള്ള യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള വിദ്യാഭ്യാസ സഹായ സ്ഥാപനം, “സ്കോളാസ് ഒക്കുരേന്തെസി”നെ (Pontifical Scholas Occurrentes Foundation) സഹായിക്കുകയായിരുന്നു. അരമണിക്കൂറിലധം നീണ്ട പാപ്പായുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്കുശേഷം ഹ്യൂസണ്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിലെത്തി അഭിമുഖംനല്കി.

“ഇടിമിന്നലായിരുന്നു…” കൂടിക്കാഴ്ച
ഗായകന്‍ ഹ്യൂസനോടൊപ്പം, “സ്കോളാസ് ഒക്കുരേന്തെസ്” പ്രസ്ഥാനത്തിന്‍റെ ആഗോള ഡയറക്ടര്‍, ഹൊസ്സെ കൊറാലും വാര്‍ത്താസമ്മേളനത്തിന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ എത്തിയിരുന്നു. പാപ്പാ ഫ്രാന്‍സിസുമായുള്ള തന്‍റെ കൂടിക്കാഴ്ചയെ  റോക്ക് സംഗീതത്തിന്‍റെ ഭാഷയില്‍ ഹ്യൂസണ്‍ വിശേഷിപ്പിച്ചത്, ഒരു “ഇടിമിന്നലെ”ന്നായിരുന്നു  ( Lightning strike). വളരെ സുതാര്യമായും ഒഴുകുന്ന ഭാഷയിലും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഹ്യൂസണ്‍ സംസാരിച്ചു. പാവപ്പെട്ടവരുടെ ദാരിദ്ര്യമകറ്റാനും അവരെ സമൂഹത്തില്‍ അന്തസ്സുള്ളവരുമാക്കാന്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പ്രസ്താവിച്ചു. വിദ്യാഭ്യാസമില്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍  സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഹ്യൂസണ്‍ അഭിപ്രായപ്പെട്ടു. യുവജനങ്ങളുടെ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും നല്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ വിദ്യാഭ്യാസ പ്രവര്‍ത്തനത്തെയും പ്രസ്ഥാനത്തെയും ഏറെ നവമായ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും വീക്ഷണമെന്നും വിദ്യാഭ്യാസ വിപ്ലവമെന്നും ഹ്യൂസണ്‍ വിശേഷിപ്പിച്ചു.

പ്രകൃതിയും പ്രകൃതിവിരുദ്ധമായതും
പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് പാരിസ്ഥിതിക അവബോധം നല്കേണ്ടതിന്‍റെ ആവശ്യകതയാണ് കൂടിക്കാഴ്ചയില്‍ തന്നെ ഏറെ സ്പര്‍ശിച്ച മറ്റൊരു കാര്യമെന്ന് ഹ്യൂസണ്‍ പങ്കുവച്ചു. പരിസ്ഥിതി സംബന്ധിയായ പാപ്പായുടെ പ്രബോധനം അങ്ങേയ്ക്കു സ്തുതി! Laudato Si!-യുടെ കോപ്പി തനിക്കു പാപ്പാ സമ്മാനിച്ചതും ഹ്യൂസണ്‍ സന്തോഷത്തോടെ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.  സഭയിലുണ്ടായിട്ടുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംഭാഷണത്തില്‍ പൊന്തിവന്നു. സഭയില്‍ ഉയരുന്ന തിന്മകള്‍ പാപ്പാ ഫ്രാന്‍സിസിനെ ഏറെ വേദനിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രതിസന്ധികള്‍ ഏറെയുള്ള ഈ കാലഘട്ടത്തിന്‍റെ അനിതരസാധാരണനായ ഒരു മനുഷ്യനാണ് പാപ്പാ ഫ്രാന്‍സിസ് എന്ന് ഹ്യൂസണ്‍ വിശേഷിപ്പിച്ചു. 
സമയമുണ്ടായിരുന്നെങ്കില്‍ ഇവിടെ ഒരു സംഗീതപരിപാടി അവതരിപ്പിക്കാമായിരുന്നു എന്ന് നര്‍മ്മരസത്തില്‍ പറഞ്ഞുകൊണ്ടാണ് ഹ്യൂസണ്‍ പ്രസ്സ് ഓഫീസില്‍നിന്നും യാത്രപറഞ്ഞ്

ഗായകനെക്കുറിച്ച്...
U2 റോക്ക് ബാന്‍ഡിന്‍റെ മുഖ്യഗായകനാണ് പോള്‍ ഡേവിഡ് ഹ്യൂസണ്‍.നല്ല ശബ്ദം’ എന്നര്‍ത്ഥത്തില്‍ ബോനോ” (Buono vox) എന്നത് അദ്ദേഹത്തിന്‍രെ ഓമനപ്പേരാണ്. 1960-ല്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ ജനിച്ചു. കഷ്ടപ്പാടിലൂടെ പഠിച്ചു വളര്‍ന്നു. ജന്മനാകിട്ടിയ നല്ല ശബ്ദം പരിശീലിപ്പിച്ചെടുത്തു. അങ്ങനെ 1976-ല്‍ സ്ഥാപിച്ച U2 റോക്ക് ബാന്‍ഡിന്‍റെ മുഖ്യഗായകനായി. ഇന്ന് ലോകം അറിയുന്ന പോള്‍ ഹ്യൂസണ്‍ ഗായകന്‍ മാത്രമല്ല,  ഗാനരചയിതാവും സാമൂഹ്യസേവകനും നല്ല കുടുംബനാഥനുമാണ്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്‍രെ ഗാനങ്ങള്‍ തനിമയുള്ളവയാണ്. പിന്നെ അവതരണശൈലിയും പ്രത്യേകതയുള്ള ഭാവപ്രകടനങ്ങളും ഹ്യൂസന്‍റെ സംഗീതമുഹൂര്‍ത്തങ്ങളെ ജനപ്രിയമാക്കുന്നു. ധാരളം ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ അടിസ്ഥാനവിശ്വാസമായ ക്രിസ്തീയത കലര്‍ന്നവയാണ്. 22 ഗ്രാമി അവര്‍ഡുകള്‍ക്കൊപ്പം, ബ്രിട്ടന്‍റെയും (knighthood of the Queen) ഫ്രഞ്ച് സര്‍ക്കാരിന്‍റെയും (Ordre des Arts) സമുന്നത ബഹുമതികള്‍ നേടിയിട്ടുണ്ട്.  സാമൂഹികനീതിക്കായി നിലകൊള്ളുന്ന ഹ്യൂസന്‍, അത് തന്‍റെ ഗാനങ്ങളില്‍ ധാരാളം പ്രതിഫലിക്കുന്നു. സംഗീതത്തിന് പുറത്ത് ഒരു സ്വാകര്യകമ്പനിയുടെ (Elevation Partners Co) മാനേജിങ് ഡയറക്ടറുമാണ് ഹ്യൂസണ്‍. 
ഗായിക ആലിസോണ്‍ സ്റ്റീവാര്‍ടാണ് ഭാര്യ. 5 മക്കളുണ്ട്.

“സ്കോളസ് ഒക്കുരേന്തെസി”നെക്കുറിച്ച്...
അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായി സേവനംചെയ്യവേ കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി, പ്രത്യേകിച്ച് പാവപ്പെട്ടവരെ ജാതിമത വ്യത്യാസമില്ലാതെ സഹായിക്കാനായി പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടതാണ് “സ്കോളസ് ഒക്കുരേന്തെസ്”. “സ്കൂളുകളുടെ കൂട്ടായ്മ”യെന്നാണ് ലത്തീന്‍ ഭാഷയിലുള്ള പേരിന് അര്‍ത്ഥം. ഇന്ന് 127 രാജ്യങ്ങളില്‍ ശാഖകളുള്ള ഉപവിപ്രസ്ഥാനത്തെ പാപ്പാ ഫ്രാന്‍സിസ് പൊന്തിഫിക്കല്‍ സ്ഥാപനമായി 2016-ല്‍ ഉയര്‍ത്തി. അതിനിന്ന് റോമില്‍ ഓഫീസും തുറന്നിട്ടുണ്ട്. 2015-ല്‍ മെസ്സിയും മരഡോണയും ചേര്‍ന്നുള്ള അര്‍ജന്‍റീനയും, തോത്തിയും റൊബേര്‍തോ ബാജിയോയും കൂട്ടുകളിച്ച ഇറ്റലിയും തമ്മില്‍ റോമിലെ ഓളിംപിക് സ്റ്റേഡിയത്തില്‍ നടത്തിയ ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തോടെയാണ് “സ്കോളാസി”ന് ഇറ്റലിയില്‍ തുടക്കമിട്ടത്. സ്കോളാസിന് ഇപ്പോള്‍ ഇറ്റലിയില്‍ മാത്രം 25,000-ല്‍പ്പരം അംഗങ്ങളുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2018, 19:11