തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥനയ്ക്ക് വന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ത്രികാലപ്രാര്‍ത്ഥനയ്ക്ക് വന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും  (ANSA)

കന്യകാനാഥയുടെ ഭവനം കുടുംബങ്ങള്‍ക്ക് ആത്മീയ തറവാട് !

സെപ്തംബര്‍ 9-Ɔο തിയതി ഞായറാഴ്ച മധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദേശം നല്കി. തുടര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരിങ്ങള്‍ക്ക് പാപ്പാ ആശംസകളും അഭിവാദ്യങ്ങളും അര്‍പ്പിച്ചു :

 - ഫാദര്‍ വില്യം നെല്ലിക്കല്‍ 

ലൊരേറ്റോയിലെ കന്യകാനാഥയെക്കുറിച്ച്...
ഇറ്റലിയില്‍ ലൊരേറ്റോയിലെ കന്യകാനാഥയുടെ ഭവനത്തിന്‍റെ (Loretto, the House of Virgin Mary) തീര്‍ത്ഥസ്ഥാനത്ത് ജനനത്തിരൂനാള്‍ സെപ്തംബര്‍ 8-ന് ആഘോഷിക്കപ്പെട്ടു. “മറിയത്തിന്‍റെ ഭവനം കുടുംബങ്ങള്‍ക്കു തറവാടാ”ണെന്ന ആത്മീയസന്ദേശവും പ്രത്യേകം ആ ദിനത്തില്‍ നല്കപ്പെടുന്നത് പാപ്പാ ജനങ്ങളെ അനുസ്മരിപ്പിച്ചു. കുടുംബങ്ങളുടെ നന്മയ്ക്കായി ഈ മേരിയന്‍ കേന്ദ്രത്തില്‍നിന്നും ചെയ്യുന്ന നല്ലകാര്യങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് അതിന്‍റെ ഫലപ്രാപ്തിയുണ്ടാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

ലൊരേറ്റോയിലെ പൊന്തിഫിക്കല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പുരാതനമായ ചെറിയ വീടിന്‍റെ ഭാഗങ്ങള്‍ പരിശുദ്ധ കന്യാനാഥയുടെ നസ്രത്തിലെ വീടിന്‍റേതാണെന്നും, അത് കുരിശുയുദ്ധ കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗ്ഗം കൊണ്ടുവരപ്പെട്ടതാണെന്നും പാരമ്പര്യം പഠിപ്പിക്കുന്നു. മാലാഖമാരാല്‍ സംവഹിക്കപ്പെട്ട് അത് ലൊരേറ്റോയില്‍ എത്തിയതാണെന്ന ഐതിഹ്യവും നിലവിലുണ്ട്. ഐതിഹ്യത്തിന്‍റെ ബലത്തിലാണ് ലൊരേറ്റോയിലെ കന്യകാനാഥയെ വിമാനയാത്രകരുടെയും പൈലറ്റുമാരുടെയും പ്രത്യേക സംരക്ഷകയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

ഫ്രാന്‍സിലെ വാഴ്ത്തപ്പെട്ട എതീംഗ്യ
ഞായറാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബേര്‍ഗില്‍ ദിവ്യരക്ഷകന്‍റെ സഹോദരിമാരുടെ സന്ന്യാസിനി സമൂഹത്തിന്‍റെ (foundress of the Sisters of the Most Holy Saviour) സ്ഥാപകയായ അല്‍ഫോന്‍സ മരീയ എതീംഗ്യയുടെ വാഴ്ത്ത്പ്പെട്ട പദപ്രഖ്യാപനം നടത്തപ്പെട്ട വിവരവും പാപ്പാ എടുത്തു പറഞ്ഞു. നിശ്ശബ്ദമായ സഹനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറിയ ഈ സ്ത്രീരത്നത്തിന്‍റെ ജീവിതത്തിനും ജീവിതസമര്‍പ്പണത്തിനും ദൈവത്തിന് നന്ദിപറയണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ശാരീരികവും മാനസികവുമായ വ്യഥകള്‍ അനുഭവിച്ചവര്‍ക്ക് സാന്ത്വനമായി തന്‍റെ ജീവന്‍ സമര്‍പ്പിച്ച ദൈവസ്നേഹത്തിന്‍റെ സാക്ഷിയായ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സ മരിയ എതീംഗ്യ നമുക്കെന്നും തുണയാവട്ടെ! എന്നു പാപ്പാ ആശംസിച്ചപ്പോള്‍, വാഴ്ത്തപ്പെട്ട എതീംഗ്യോടുള്ള ആദരസൂചകമായി ചത്വരത്തില്‍ തിങ്ങിനിന്നവര്‍ കരഘോഷം മുഴക്കി.

പൊതുവായ ആശംസകള്‍

റോമില്‍നിന്നും, ഇതര രാജ്യങ്ങളി‍ല്‍നിന്നും തീര്‍ത്ഥാടകരായി എത്തിയ കുടുംബങ്ങള്‍, ഇടവകസംഘങ്ങള്‍, സംഘടനകള്‍, എല്ലാവര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ നേര്‍ന്നു. ഇറ്റലിയിലെ കോമ രൂപയില്‍നിന്നു വന്ന വലിയ വിശ്വാസികളുടെ കൂട്ടത്തിനും, “സഭയുടെ പ്രേഷിതപ്രവര്‍ത്തന” പ്രസ്ഥാനത്തിന്‍റെ റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും,  പ്രവേലെ (Praevelle) രൂപതയില്‍ സ്ഥൈര്യലേപനം സ്വീകരിച്ച് വന്നിട്ടുള്ള യുവജനക്കൂട്ടത്തിനും അഭിനന്ദനങ്ങള്‍! എന്നിട്ട് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന്  അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി. ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് അഭ്യാര്‍ത്ഥിച്ചുകൊണ്ടുമാണ് ആശംസകള്‍ ഉപസംഹരിച്ചത്.

10 September 2018, 19:09