Vatican News
ഫ്രാന്‍സീസ് പാപ്പാ മിഷന്‍ പ്രദേശങ്ങളിലെ മെത്രാന്മാരെ സംബോധന ചെയ്യുന്നു, വത്തിക്കാന്‍ 08-09-18 ഫ്രാന്‍സീസ് പാപ്പാ മിഷന്‍ പ്രദേശങ്ങളിലെ മെത്രാന്മാരെ സംബോധന ചെയ്യുന്നു, വത്തിക്കാന്‍ 08-09-18  (Vatican Media)

മെത്രാന്‍ ക്രിസ്തുവിനോട് അനുരൂപനായിരിക്കേണ്ടവന്‍

മെത്രാന്‍ കാര്യാലയത്തിലിരുന്നു ഭരണം നടത്തേണ്ടവനല്ല, ജനത്തിനിടയില്‍ ആയിരിക്കേണ്ടവനും പ്രാര്‍ത്ഥനയുടെയും, പ്രഘോഷണത്തിന്‍റെയും ഒരുമയുടെയും മനുഷ്യനുമായിരിക്കണം, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്‍ ഇടയനും പുരോഹിതനുമായ ക്രിസതുവിനോട് അനുരൂപനാണെന്ന് മാര്‍പ്പാപ്പാ.

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘം പ്രേഷിതമേഖലകളിലെ മെത്രാന്മാര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ദ്വിവാര്‍ഷിക ചര്‍ച്ചായോഗത്തില്‍ പങ്കെടുക്കുന്ന കൊല്ലം മെത്രാന്‍ പോള്‍ ആന്‍റണി മുല്ലശ്ശേരിയുള്‍പ്പടെ 34 രാജ്യക്കാരായ 70 ല്‍പ്പരം മെത്രാന്മാരെ ശനിയാഴ്ച വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

റോമിലെ സെന്‍റ് പോള്‍സ് കോളേജില്‍ സെപ്റ്റംബര്‍ 3 ന് ആരംഭിച്ച ഈ ചര്‍ച്ചായോഗം 15 വരെ നീളും.(03-15/09/18). ആഫ്രിക്കയിലെ 17ഉം ഏഷ്യയിലെ 8ഉം, ഓഷ്യാനയിലെ 6ഉം ലത്തീനമേരിക്കയിലെ 3 ഉം രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരാണ് ഇതില്‍ സംബന്ധിക്കുന്നത്.

മെത്രാനില്‍ തെളിയേണ്ടുന്ന സവിശേഷതകള്‍

നല്ലിടയന്‍റെ സ്വഭാവമുള്ളവനായിരിക്കാനും പൗരോഹിത്യത്തിന്‍റെ സത്ത, അതായത്, ജീവയാഗ സന്നദ്ധത, സ്വന്തമാക്കാനും വിളിക്കപ്പെട്ടവനാണ് മെത്രാന്‍ എന്ന് പാപ്പാ വിശദീകരിച്ചു.

ഒരു വ്യവസായശാലയുടെ അധികാരിയെന്ന പോലെ കാര്യലയത്തില്‍ ഇരിക്കേണ്ടവനല്ല മറിച്ച് ജനത്തിനിടയില്‍ ആയിരിക്കേണ്ടവനാണ് മെത്രാനെന്ന് പാപ്പാ പറഞ്ഞു.

ഒരു മെത്രാനില്‍ തെളിഞ്ഞു നില്ക്കേണ്ട കാതലായ മൂന്നു കാര്യങ്ങളെക്കുറിച്ചും പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു. അതായത് മെത്രാന്‍ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരിക്കണം, പ്രഘോഷണത്തിന്‍റെ മനുഷ്യനായിരിക്കണം, കൂട്ടായ്മയുടെ മനുഷ്യനായിരിക്കണം.

അപ്പസ്തോലന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍ അപ്പസ്തോലന്മാരെപ്പോലെ തന്നെ യേശുവിനോടൊപ്പം ആയിരിക്കാന്‍ മെത്രാന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും  അങ്ങനെ കര്‍ത്താവിന് സ്വയം സമര്‍പ്പിക്കാനും അവിടുത്തേക്ക് ഭരമേല്‍പ്പിക്കാനും സക്രാരിക്കുമുന്നില്‍ നിന്ന് പഠിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

മെത്രാനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ഒരു ഭക്താഭ്യാസമല്ല പ്രത്യുത ആവശ്യമാണ് എന്ന് പാപ്പാ ഓര്‍മ്മിച്ചു.

“പോയി സുവിശേഷം പ്രഘോഷിക്കുക” എന്ന ക്രിസ്തുനാഥന്‍റെ കല്പന, അപ്പസ്തോലന്മാരുടെ പിന്‍ഗാമിയെന്ന നിലയില്‍ തനിക്കുള്ളതാണെന്ന അവബോധം മെത്രാന്‍ പുലര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു.

യേശു സ്നേഹത്തെപ്രതി സ്വയം താഴ്ത്തിയതു പോലെ ദൈവത്തിന്‍റെ സ്നേഹത്തിന് താഴ്മയോടെ സാക്ഷ്യമേകുകയാണ് ഈ പ്രഘോഷണത്തിന്‍റെ ശൈലിയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഒരു മെത്രാന് സകല സിദ്ധികളും ഒരുമിച്ച് ഉണ്ടായിരിക്കുക സാധ്യമല്ല എന്നാല്‍ ഒരുമയുടെ സിദ്ധി ഉണ്ടായിരിക്കാന്‍ മെത്രാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

ഗായകസംഘത്തില്‍ നിന്ന് വേറിട്ടു നില്ക്കുന്ന ഏകാന്തഗായകനാകനെപ്പോലെയാകരുത് മെത്രാനെന്ന് പാപ്പാ പറഞ്ഞു.

മറ്റുള്ളവരെ ശ്രവിക്കാന്‍ ക്ഷമയുള്ളവനുമായിരിക്കേണ്ട മെത്രാന്‍, എളിയവരുടെ വിശ്വാസത്തിലൂടെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന പരിശുദ്ധാരൂപിയുടെ സ്വരത്തിന് ചെവികൊടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വൈദിക മേധാവിത്വം

സഭയുടെ അധികാരത്തിന്‍റെ വികലരൂപമായ വൈദികമേധാവിത്വത്തിനെതിരെ ജാഗ്രതപാലിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ലൈംഗിക പീഢനം, അധികാര ദുര്‍വിനിയോഗം തുടങ്ങിയവയിലൂടെ പ്രകടമായിരിക്കുന്ന ഈ വൈദിക മോധാവിത്വം കൂട്ടായ്മയെ കാര്‍ന്നുതിന്നുമെന്നു പറഞ്ഞു.

കുടുംബം, വൈദികപരിശീലന വേദികളായ സെമിനാരികള്‍ എന്നിവയിലും, യുവജനങ്ങളിലും, പാവപ്പെട്ടവരിലും പ്രത്യേക ശ്രദ്ധയുണ്ടാകേണ്ടതിന്‍റെ   ആവശ്യകതയെക്കുറിച്ചും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പാവപ്പെട്ടവരെ സ്നേഹിക്കുകയെന്നാല്‍ ദാരിദ്ര്യത്തിന്‍റെ സകല രൂപങ്ങള്‍ക്കും, ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ദാരിദ്ര്യങ്ങള്‍ക്കും എതിരായി പോരാടുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

08 September 2018, 14:03