ഫ്രാന്‍സീസ് പാപ്പാ ബെനഡിക്ടയിന്‍ സന്ന്യാസിനികള്‍ക്ക് വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചപ്പോള്‍, 08-09-18 ഫ്രാന്‍സീസ് പാപ്പാ ബെനഡിക്ടയിന്‍ സന്ന്യാസിനികള്‍ക്ക് വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചപ്പോള്‍, 08-09-18 

ബെനഡിക്ടയിന്‍ സന്ന്യാസിനികളുടെ അമൂല്യ സാക്ഷ്യം

ബെനഡിക്ടയിന്‍ സഹോദരികള്‍- ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ ആര്‍ദ്രതയുടെ സാക്ഷ്യമേകുന്നവര്‍, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബെനഡിക്ടയിന്‍ സന്ന്യാസിനികളുടെ സാക്ഷ്യം അമൂല്യമെന്ന് മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

ബെനഡിക്ടയിന്‍ സന്ന്യാസിനികളുടെ അന്താരാഷ്ട്ര സമിതിയുടെ യോഗത്തില്‍ സംബന്ധിക്കുന്ന നൂറ്റിയിരുപതോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (09/09/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ സമിതി റോമില്‍ ചേര്‍ന്നിരിക്കുന്ന ചര്‍ച്ചായോഗം “സകലരും ക്രിസ്തുവിനെപ്പോലെ സ്വീകരിക്കപ്പെടുന്നതിന്” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്നത് അുസ്മരിച്ച പാപ്പാ, ആവശ്യത്തിലിരിക്കുന്നവരുടെ കാര്യത്തില്‍ ദൈവത്തിന്‍റെ ആര്‍ദ്രതയുടെ ഉപകരണങ്ങളായിത്തീര്‍ന്നുകൊണ്ട് ഈ സന്ന്യാസിനികള്‍ സാക്ഷ്യമെന്ന അമൂല്യദാനം നല്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

ക്രിസ്തുവിന്‍റെ ആര്‍ദ്രതയും സഹാനുഭൂതിയും, കാരുണ്യവും, സ്വീകരിക്കാനുള്ള മനോഭാവും സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന അനേകര്‍ ഇന്ന് ലോകത്തിലുണ്ടെന്ന സംതൃപ്തിയും പാപ്പാ രേഖപ്പെടുത്തി.

ഭിന്ന മതപാരമ്പര്യങ്ങളിലുള്ളവരോടും ഈ സന്ന്യാസിനികള്‍ കാണിക്കുന്ന സ്വീകരണ മനോഭാവം ക്രൈസ്തവൈക്യ പ്രക്രിയയുടെയും മതാന്തര സംഭാഷണത്തിന്‍റെയും പുരോഗതിക്ക് സഹായകമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

ബെനഡിക്ടയിന്‍ സമൂഹത്തിന്‍റെ മുദ്രാവാക്യമായ “ഓറ ഏത്ത് ലബോറ”,  അഥവാ, “പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും" എന്നത് ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യത്തിന് ഊന്നല്‍ നല്കുന്നതിനെക്കുറിച്ചു സുചിപ്പിച്ച പാപ്പാ ബന്ഡിക്ടയിന്‍ സന്ന്യാസിനികളുടെ പ്രാ‍ര്‍ത്ഥനയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്നും തീര്‍ച്ചയായു അനര്‍ഘ സമ്മാനമാണെന്നും പറഞ്ഞു.

അതു പോലെതന്നെ പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തില്‍ ബെനഡിക്ടയിന്‍ സന്ന്യാസിനികള്‍ കാണിക്കുന്ന സവിശേഷ കരുതലും പാപ്പായുടെ പ്രശംസയ്ക്കും കൃതജ്ഞതയ്ക്കും പാത്രമായി.

ഈ സന്ന്യാസിനികളുടെ കൂട്ടായ ജീവിതം പരസ്പര സ്നേഹത്തിന്‍റെയും പരസ്പരാദരവിന്‍റെയും സാക്ഷ്യമാണ് നല്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2018, 13:27