തിരയുക

Vatican News
പ്രകൃതി പ്രകൃതി 

ഭൂവിഭവങ്ങള്‍ സകലര്‍ക്കുമായി പങ്കുവയ്ക്കപ്പെടണം

സാങ്കേതിക വിദ്യകളേകുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രകൃതിവിഭവങ്ങളെ നല്ലരീതിയില്‍ വിനിയോഗിക്കുക

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മറ്റുള്ളവരെയും നമ്മുടെ ഗ്രഹത്തിന്‍റെ ഭാവിയെയും സംബന്ധിച്ച ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ടെന്ന് പാപ്പാ.

അനുവര്‍ഷം സെപ്റ്റബര്‍ 1 ന് സൃഷ്ടിയുടെ പരിപാലനത്തിനുവേണ്ടിയുള്ള ദിനം ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുത്ത വ്യവസായ സംരംഭകരുടെ നൂറോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച(01/09/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ജീവിതം ഈ ഉത്തരവാദിത്വത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പാപ്പാ ബലഹീനമായവെ പരിചരിക്കുന്നതിന്‍റെയും സമഗ്രമായ പരിസ്ഥിതി ശാസ്ത്രത്തിന്‍റെയും അത്യുദാത്തമായ മാതൃകയാണ് ഈ വിശുദ്ധന്‍ എന്ന് വ്യക്തമാക്കി.

ഓരോ വ്യക്തിയുമായും ഒരോ വസ്തുവുമായുമുള്ള ബന്ധം വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവുമായുള്ള കൂടിക്കാഴ്ചായിരുന്നുവെന്ന് പാപ്പാ പറ‍ഞ്ഞു.

പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യരുതെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ സമ്പദ്ഘടന മനുഷ്യന്‍റെ സേവനത്തിനുള്ളതായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

ഇന്ന് സാങ്കേതികവിദ്യകള്‍ നമുക്കേകുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിഭവങ്ങളെ നല്ലവണ്ണം വിനിയോഗിക്കുകയും അങ്ങനെ ദാരിദ്ര്യത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്ന നാടുകളെ സഹായിക്കുകയും നവീകരണത്തിന്‍റെയും നീണ്ടുനില്ക്കുന്നതും സമഗ്രവുമായ വികസനത്തിന്‍റെയും പാതയില്‍ പാദമൂന്നുകയും ചെയ്യാന്‍ പാപ്പാ പ്രചോദനം പകര്‍ന്നു.

ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ പിതാവിന്‍റെ മക്കളാണ് നമെല്ലാവരും എന്ന ബോധ്യത്തോടുകൂടി അനര്‍ഘങ്ങളായ ഭൂവിഭവങ്ങള്‍ എല്ലാവര്‍ക്കും പങ്കുവയ്ക്കാന്‍ കഴിയുന്നതിനുള്ള അവസ്ഥ സംജാതമാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു.  

01 September 2018, 13:32