തിരയുക

Vatican News
കുടിജലത്തിനായി കിണറ്റിന്‍ കരയില്‍ കുടിജലത്തിനായി കിണറ്റിന്‍ കരയില്‍  (AFP or licensors)

ജലം സ്വകാര്യവത്ക്കരിക്കപ്പെടരുത്-പാപ്പാ

കുടിജലം നിഷേധിക്കല്‍ ജീവനുള്ള അവകാശം നിഷേധിക്കല്‍, ജലം സാര്‍വ്വത്രിക മനുഷ്യാവകാശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൃഷ്ടിയുടെ സംരക്ഷണം

സൃഷ്ടിയെ ഉത്തരവാദിത്വത്തോടുകൂടെ പരിപാലിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്ന് മാര്‍പ്പാപ്പാ.

നാലാണ്ടുകളായി കത്തോലിക്കാ സഭ അനുവര്‍ഷം സെപ്റ്റംബര്‍ 1 ന് ആചരിക്കുന്ന സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ചു ഫ്രാന്‍സീസ് പാപ്പാ ഈ പ്രാര്‍ത്ഥനാ ദിനമായ ശനിയാഴ്ച (01/09/18) പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

ആഗോളതലത്തിലും, ചില പ്രത്യേകയിടങ്ങളിലും പരിസ്ഥിതിയുടെ അവസ്ഥ തൃപ്തികരമായി കാണാനാവില്ലയെന്ന് പാപ്പാ സന്ദേശത്തില്‍ പറയുന്നു.

ആകയാല്‍ നരകുലവും സൃഷ്ടിയും തമ്മില്‍ നവീകൃതവും ആരോഗ്യകരവുമായ ഒരു ബന്ധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

അമൂല്യ ജലം- ഒരവകാശം

ലളിതവും എന്നാല്‍ വിലയേറിയതുമായ ഒരു ഘടകമായ ജലത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാദിനത്തില്‍  താന്‍ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന പാപ്പാ  അനേകര്‍ക്ക് ശുദ്ധ ജലം ലഭിക്കാത്ത അവസ്ഥ ഇന്നുള്ളതിനെക്കുറിച്ചു സൂചിപ്പിക്കുന്നു.

ശുദ്ധമായ കുടിജലം സത്താപരവും മൗലികവും സാര്‍വ്വത്രികവുമായ മനുഷ്യാവകാശമാണെന്നും അത് മനുഷ്യവ്യക്തിയുടെ അതിജീവനത്തിന് നിര്‍ണ്ണായകവും ഇതര മനുഷ്യാവകാശങ്ങളുടെ അഭ്യസനത്തിനുള്ള വ്യവസ്ഥയും ആണെന്നും പാപ്പാ ഉദബോധിപ്പിക്കുന്നു.

ജലം നമ്മുടെ ഉത്ഭവത്തെക്കുറിച്ചു ധ്യാനിക്കാന്‍ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

അനര്‍ഘമായ ഈ വിഭവം കാത്തുസൂക്ഷിക്കുകയെന്നത് അനിഷേധ്യമായ ഉത്തരവാദിത്വവും യഥാര്‍ത്ഥ വെല്ലുവിളിയും ആണെന്ന് പാപ്പാ പറയുന്നു.

ജലം ജനങ്ങള്‍ തമ്മിലുള്ള വിഭജനത്തിന്‍റെ അടയാളമാകാതിരിക്കുന്നതിനും മാനവസമൂഹത്തിന്‍റെ സമാഗമത്തിന്‍റെ അടയാളമാകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാനും പാപ്പാ ക്ഷണിക്കുന്നു.

കുടിജലം കിട്ടാത്ത പാവപ്പെട്ടവരോടു സാമൂഹ്യമായ ഗൗരവതരമായ ഒരു ബാദ്ധ്യതയുണ്ടെന്നും, കുടിജലം നിഷേധിക്കുകയെന്നാല്‍ അവരുടെ അലംഘനീയ ഔന്നത്യത്തില്‍ രൂഢമൂലമായിരിക്കുന്ന ജീവനുള്ള അവകാശം നിഷേധിക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ജലവിഭവം സ്വകാര്യവത്ക്കരിക്കരുത്

കുടിജലത്തിനുള്ള അവകാശം നിഷേധിക്കുന്ന തരത്തില്‍ ജലമെന്ന പ്രകൃതി വിഭവം സ്വകാര്യവത്ക്കരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനകില്ലെന്നും പാപ്പാ വ്യക്തമാക്കുന്നു.

2015 ആഗസ്റ്റ് 10 നാണ് ഫ്രാന്‍സീസ് പാപ്പാ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോകദിനാചരണം ഏര്‍പ്പെടുത്തിയത്.

കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ്‍ ദിമിത്രിയോസ് പ്രകൃതിയുടെ പരിപാലനത്തിനായി 1989 ല്‍ തുടങ്ങിവച്ച പ്രാര്‍ത്ഥനാദിനത്തിലും സെപ്റ്റംബര്‍ 1 മുതല്‍ ഫ്രാന്‍സീസ് അസീസ്സിയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ 4 വരെ നീളുന്ന “ സൃഷ്ടി ഋതു” ആചരണത്തിലും കത്തോലിക്കാസഭയുടെ ഭാഗഭാഗിത്വം എന്ന നിലയില്‍ ആണ് പാപ്പാ ഈ പ്രാര്‍ത്ഥനാദിനത്തിന് തുടക്കം കുറിച്ചത്.

01 September 2018, 13:16