തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ പൊലീസ് വിഭാഗത്തിന്‍റെ ദേശീയ സംഘടനയിലെ അംഗങ്ങളുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ 29-09-18 ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ പൊലീസ് വിഭാഗത്തിന്‍റെ ദേശീയ സംഘടനയിലെ അംഗങ്ങളുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ 29-09-18 

പൊതുനന്മയുടെ അടിസ്ഥാനം: നീതിബോധം, സുരക്ഷിതത്വം, ആദരവ്

പൊലിസ് വിഭാഗം പങ്കുവയ്ക്കലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സന്ദേശം സംവേദനം ചെയ്യുന്നുണ്ടെന്ന് മാര്‍പ്പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമൂഹത്തിന്‍റെ പൊതുനന്മയുടെ സാക്ഷാത്ക്കാരത്തിന് നീതിബോധം ആദരവ് സുരക്ഷിതത്വം എന്നീ മൗലികഘടകങ്ങള്‍ അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ ദേശീയ പൊലീസ് സമിതിയുടെ 7000 ത്തോളം പ്രതിനിധികളെ ശനിയാഴ്ച (29/09/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നീതിബോധം ആദരവ് സുരക്ഷിതത്വം എന്നിവയുടേതായ ഒരു സംസ്കൃതി എങ്ങും വ്യാപിക്കുന്നതിന് എല്ലാ പൗരന്മാരേയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന വലിയൊരു കുടുംബമാണ് ഈ സംഘടനയെന്ന്, പൊലീസ് വിഭാഗത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരെയും ഈ ജോലിയില്‍ നിന്ന് വിരമിച്ചവരെയും ഈ സംഘടന ഒന്നിച്ചുകൊണ്ടുവരുന്നത് അനുസ്മരിച്ചുകൊണ്ട്, പാപ്പാ വിശേഷിപ്പിച്ചു.

ഒരു സമൂഹത്തിന്‍റെ സുസ്ഥതി, വാസ്തവത്തില്‍, ഭൂരിഭാഗത്തിന്‍റെയും ക്ഷേമമോ, അല്ലെങ്കില്‍, മിക്കവരുടെയും അവകാശം ആദരിക്കപ്പെടുന്നതോ അല്ലയെന്ന് വിശദീകരിച്ച പാപ്പാ വ്യക്തികളുടെ സമൂഹത്തിന്‍റെ മൊത്തത്തിലുള്ള നന്മയാണ് അതെന്ന് ഉദ്ബോധിപ്പിച്ചു.

ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനിക്കുന്നുവെന്ന, പൗലോസപ്പസ്തോലന്‍ കോറിന്തോസ്സുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിലെ, വാക്കുകള്‍ ഇതിന് ഉപോല്‍ബലകമായി പാപ്പാ ഉദ്ധരിച്ചു.  

നീതിബോധവും സുരക്ഷിതത്വവും ഇല്ലാതെയാകുമ്പോള്‍ അതിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നത്, പ്രഥമതഃ, ഏറ്റം വേധ്യരാണെന്നും, കാരണം, അവര്‍ പ്രതിരോധോപാധികള്‍ ഇല്ലാത്തവരും സ്വയം സംരക്ഷിക്കാന്‍ കഴിയാത്തവരും ആണെന്നും അനീതികളുടെ എല്ലാ രൂപങ്ങളും, വാസ്തവത്തില്‍, പ്രഹരിക്കുന്നത് പാവപ്പെട്ടവരെയാണെന്നും പാപ്പാ പറഞ്ഞു.

യുദ്ധം,. ദാരിദ്ര്യം തുടങ്ങിയവമൂലം സ്വന്തം നാടുവിട്ടു പോകാന്‍ നിര്‍ബ്ബന്ധിതരാകുകയും  പുതിയൊരു ചുറ്റുപാടില്‍ പൂജ്യത്തില്‍ നിന്നു ജീവിതം തുടങ്ങേണ്ടിവരികയും ചെയ്യുന്നവരും, പാര്‍പ്പിട രഹിതരും, തൊഴില്‍ രഹിതരും, കുടുംബത്തെ പരിപാലിക്കാന്‍ കഴിയാതെ വരുന്നവരും, പ്രാന്തവല്‍കൃതരും, രോഗികളും അനീതികളുടെയും, ചൂഷണങ്ങളുടെയും ഇരകളുമെല്ലാം സമൂഹത്തില്‍ ഭിന്നരീതികളിലുള്ള “ചെറിയവര്‍” ആണെന്ന് പാപ്പാ വിശദീകരിച്ചു.

കുറ്റകൃത്യങ്ങള്‍ക്കും, തട്ടിപ്പുകള്‍ക്കും, ഭീഷണിപ്പെടുത്തലുകള്‍ക്കുമൊക്കെ എതിരായി പോരാടുമ്പോള്‍ പൊലീസ് “ചെറിയവരുടെ” ചാരെ ആയിരിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.  

പൊലിസ് വിഭാഗം പങ്കുവയ്ക്കലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സന്ദേശം സംവേദനം ചെയ്യുന്നുണ്ടെന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ അവരുടെ പലപ്പോഴും നിശബ്ദമായ ആ പ്രവര്‍ത്തനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

29 September 2018, 13:20