തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, വചനസമീക്ഷ 11-09-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, വചനസമീക്ഷ 11-09-18  (Vatican Media)

ആരാണ് മെത്രാന്‍?

പര്‍വ്വതാരോഹകനെ പോലെ ഉയരങ്ങള്‍ തേടേണ്ടവനല്ല, ശക്തരിലും ഉന്നതരിലും അഭയം പ്രാപിക്കേണ്ടവനല്ല, പ്രത്യുത ജനങ്ങളുടെ കൂടെ ആയിരിക്കേണ്ടവനാണ് മെത്രാന്‍- ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന‍ുണ്ടായിരിക്കേണ്ട സവിശേഷതകള്‍

മെത്രാന്‍ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരിക്കുകയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന അവബോധം താഴ്മയോടെ പുലര്‍ത്തുകയും ജനങ്ങളോടുകൂടെ ആയിരിക്കുകയും ചെയ്യണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (11/09/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 6,12-19 വരെയുള്ള വാക്യങ്ങള്‍, യേശു മലമുകളില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതിനു ശേഷം 12 പേരെ തിരഞ്ഞെടുക്കുന്നതും രോഗികള്‍ക്ക് രോഗശാന്തി നല്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഭാഗം, പാപ്പായുടെ ചിന്തകള്‍ക്ക് അവലംബം.

മെത്രാഭിഷേകത്തിന്‍റെ ദശവത്സരം പിന്നിടുന്നവര്‍ക്കുള്ള നവീകരണ പരിപാടി, പ്രേഷിതപ്രവര്‍ത്തന മേഖലകളിലെ രൂപതാദ്ധ്യക്ഷന്മാര്‍ക്കുള്ള പരിശീലന പരിപാടി, മെത്രാന്മാരുടെ സംഘത്തിനു കീഴില്‍ വരുന്ന പുതിയ മെത്രാന്മാര്‍ക്കുള്ള പരിശീലന പരിപാടി എന്നിവ ഈ ദിനങ്ങളില്‍ റോമില്‍ സംഘടിപ്പിക്കപ്പെട്ട  പശ്ചാത്തലത്തിലാണ് പാപ്പാ തന്‍റെ വിചിന്തനം മെത്രാന്മാന്മാരില്‍ കേന്ദ്രീകരിച്ചത്.

പ്രാര്‍ത്ഥനയുടെ മനുഷ്യന്‍

മെത്രാനുണ്ടായിരിക്കേണ്ട മൗലികഭാവങ്ങളില്‍ പ്രഥമ സ്ഥാനം പ്രാര്‍ത്ഥനയ്ക്കാണെന്ന് വ്യക്തമാക്കിയ പാപ്പാ ഏറ്റം മോശമായ നിമിഷങ്ങളില്‍ മെത്രാന് സാന്ത്വനം പ്രാര്‍ത്ഥനയിലൂടെയാണ് ലഭിക്കുകയെന്നും യേശു തനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്, എല്ലാ മെത്രാന്മാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നറിയുകയാണ് ആ ആശ്വാസമെന്നും പാപ്പാ വിശദീകരിച്ചു.

അതേസമയം മെത്രാനാകട്ടെ അവനവനു വേണ്ടിയും ദൈവജനത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും അത് മെത്രാന്‍റെ പ്രഥമ ദൗത്യമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അജപാലന പദ്ധതികള്‍ തയ്യാറാക്കുകയാണ് എന്നല്ല, മറിച്ച്, പ്രാര്‍ത്ഥനയും വചനപ്രഘോഷണവും ആണ് തങ്ങളുടെ കടമ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് എന്ന് പാപ്പാ അനുസ്മരിച്ചു.

ഉന്നതസ്ഥാനങ്ങള്‍ ആയിരിക്കരുത് ലക്ഷ്യം

അതു പോലെ തന്നെ താന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് എന്ന അവബോധം മെത്രാനുണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ മെത്രാന്‍ ഒരു ഉദ്യോഗസ്ഥനെ പോലെ സ്ഥാനലബ്ധിതേടി മുന്നേറേണ്ടവനല്ലെന്നു പര്‍വ്വതാരോഹകന്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുന്നത് ഉദാഹരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.

മറിച്ച്, മെത്രാന്‍ ജനത്തിന്‍റെ കൂടെ ആയിരിക്കേണ്ടവനാണെന്ന് പാപ്പാ പറഞ്ഞു.

താന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന അവബോധം വിനയത്തോടുകൂടി പുലര്‍ത്തുമ്പോള്‍, അത്, മെത്രാനെ, കര്‍ത്താവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുകയും അങ്ങനെ മെത്രാന്‍ പാപബോധമുള്ളവനായി പരിണമിക്കുകയും എളിമയുള്ളവനായിത്തീരുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

മെതാന്‍, ശക്തരിലും ഉന്നതരിലും അഭയം തേടുന്നവനായിരിക്കരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുറ്റാരോപകനായ ദുഷ്ടാരൂപിക്കെതിരായ പരിച

ഇന്ന് മഹാ കുറ്റാരോപകനായ ദുഷ്ടാരൂപി ആരുടെമേലാണ് കുറ്റം ചാര്‍ത്തേണ്ടതെന്ന് അന്വേഷിച്ചു നടക്കുകയാണെന്നും ആകയാല്‍ ആ ദോഷാരോപകനെതിരെ മെത്രാനുള്ള ശക്തി  പ്രാ‍ര്‍ത്ഥനയും താന്‍ തിരഞ്ഞെടുക്കപ്പെട്ടവാനണെന്ന എളിയ മനോഭാവവും ദൈവജനത്തിന്‍റെ ചാരെ ആയിരിക്കലുമാണെന്ന് പാപ്പാ പറഞ്ഞു.

തനിക്കും കപ്പേളയില്‍ സന്നിഹിതരായവരും ലോകമെമ്പാടുമുള്ളവരുമായ മെത്രാന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

11 September 2018, 13:09