ഫ്രാന്‍സീസ് പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുന്നു,  വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ദിവ്യപൂജാര്‍പ്പണവേളയില്‍, 04-09-18 ഫ്രാന്‍സീസ് പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ദിവ്യപൂജാര്‍പ്പണവേളയില്‍, 04-09-18 

ചിത്തത്തില്‍ നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടം

ദൈവാരൂപിക്ക് ഇടം നല്കുന്നതിനും ലോകത്തിന്‍റെ അരൂപിയെ തുരത്തുന്നതിനും ക്രിസ്തീയജീവിതത്തില്‍ പോരാട്ടം , ആത്മീയ അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനുദിന ജീവതത്തില്‍ നാം ചിന്തിക്കുകയും ശ്രവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലെല്ലാം രണ്ടു രീതികള്‍, രണ്ടു അരൂപികളുടെ സ്വാധീനം ഉണ്ടാകുന്നതിനെക്കുറിച്ച് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (04/09/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍, പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ദൈവത്തിന്‍റെ  ആത്മാവിനെയും ലോകത്തിന്‍റെ ആത്മാവിനെയും കുറിച്ച് പരാമര്‍ശിക്കുന്ന രണ്ടാം അദ്ധ്യായം 10 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ ചിന്തകള്‍ക്ക് അവലംബം.

ക്രിസ്തുവിന്‍റെ ചിന്തയുള്ളവരാകാനുള്ള വഴി പൗലോസപ്പസ്തോലന്‍ കോറിന്തോസുകാരെ പഠിപ്പിക്കുകയാണെന്ന് അനുസ്മരിക്കുന്ന പാപ്പാ പരിശുദ്ധാരൂപി നമ്മെ യേശുവിനെ അറിയുന്നതിലേക്കു നയിക്കുമെന്ന് ഉദ്ബോധിപ്പിക്കുന്നു.

മാനവചിത്തം യുദ്ധാങ്കണം

മനുഷ്യഹൃദയം ഒരു യുദ്ധക്കളം പോലെയാണെന്നും  അവിടെ രണ്ടുതരം അരൂപികളെ, അതായത്, സല്‍പ്രവര്‍ത്തികളിലേക്കും ഉപവിയിലേക്കും സാഹോദര്യത്തിലേക്കും നയിക്കുന്ന ദൈവാരൂപിയെയും പൊങ്ങച്ചത്തിലേക്കും ഔദ്ധത്യത്തിലേക്കും ജല്‍പനങ്ങളിലേക്കും നമ്മെ തള്ളയിടുന്ന ലോകത്തിന്‍റെ അരൂപിയെയും നേരിടേണ്ടിവരുന്നുവെന്നും പാപ്പാ വിശദികരിച്ചു.

പോരാട്ടവും ആത്മപരിശോധനയും

ദൈവാരൂപിക്ക് ഇടം നല്കുന്നതിനും ലോകത്തിന്‍റെ അരൂപിയെ തുരത്തുന്നതിനും ക്രിസ്തീയജീവിതത്തില്‍ പോരാട്ടം അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിച്ചു.

ആത്മശോധയുടെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഹൃദയത്തില്‍ എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ലെങ്കില്‍  നാം, വേദപുസ്തകം വ്യക്തമാക്കുന്നതുപോലെ, ഒന്നും ഗ്രഹിക്കാന്‍ കഴിയാത്ത മൃഗങ്ങള്‍ക്കു തുല്യരാകും എന്ന് പാപ്പാ പറഞ്ഞു.

ആകയാല്‍ ഈ ആദ്ധ്യാത്മിക പോരാട്ടത്തില്‍, അരൂപിയുടെ ഈ യുദ്ധത്തില്‍ നാം യേശുവിനെ പോലെ വിജയികളാകണമെന്നും വ്യര്‍ത്ഥതയും ഔദ്ധത്യവും പ്രബലപ്പെട്ടോ, അതോ, ദൈവപുത്രനെ അനുകരിക്കുന്നതില്‍ വിജയിച്ചോ എന്ന് അനുദിനം ദിനാന്ത്യത്തില്‍ ക്രൈസ്തവന്‍ ആത്മശോധനചെയ്യണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 September 2018, 12:47