തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ വചനസന്ദേശം നല്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 10-09-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ വചനസന്ദേശം നല്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 10-09-18 

സമഗ്രമായി രൂപാന്തരപ്പെടുത്തുന്ന സുവിശേഷത്തിന്‍റെ പുതുമ

ലോകത്തിന്‍റെ പുതുമകളുമായി സന്ധിയരുത്; സുവിശേഷത്തില്‍ വെള്ളം ചേര്‍ക്കരുത്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുവിശേഷത്തിന്‍റെ പുതുമയും ലോകത്തിന്‍റെ പുതുമയും തമ്മിലുള്ള അന്തരം മാര്‍പ്പാപ്പാ എടുത്തുകാട്ടുന്നു.

വത്തിക്കാനില്‍ തന്‍റെ വാസയിടമായ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, ഈ തിങ്കളാഴ്ച (10/09/18) രാവിലെ ദിവ്യപൂജാര്‍പ്പണ മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സമഗ്ര രൂപാന്തരീകരണമേകുന്ന പുതുമ 

സുവിശേഷം മനുഷ്യനെ സമഗ്രമായി രൂപാന്തരപ്പെടുത്തുന്നു, അതായത്, ആത്മാവിലും ശരീരത്തിലും രൂപാന്തരപ്പെടുത്തുന്നു, അനുദിന ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നു, അത് കാപട്യം അനുവദിച്ചുകൊ‌ടുക്കില്ല എന്ന് പാപ്പാ വിശദീകരിച്ചു.

സുവിശേഷത്തിന്‍റെ പുതുമ പൂര്‍ണ്ണമാണ്, കാരണം അതു നമ്മെ മുഴുവനും ഉള്‍ക്കൊള്ളുകയും അകമെനിന്നു ബാഹ്യതലത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു- പാപ്പാ പറഞ്ഞു.

വിജാതീയരുടെ ഇടയില്‍പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നു കേള്‍ക്കുന്നുവെന്ന് പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാരോടു പറയുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അവര്‍ക്ക്  സുവിശേഷത്തിന്‍റെ സമഗ്രമായ പുതുമ എന്താണെന്ന് മനസ്സിലായില്ലെന്ന് വിശദീകരിച്ചു.

സുവിശേഷത്തിന്‍റെ പുതുമ

സുവിശേഷത്തിന്‍റെ നവീനത ഒരാശയമല്ല, വീജാതീയരുടെ ശീലങ്ങള്‍ക്കനുസരിച്ചുള്ള ജീവിതമല്ല. മറിച്ച് ക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ്, അത് നമ്മുടെ ജീവിതത്തില്‍ സഹായകനായി അയക്കപ്പെട്ട അരൂപിയാണ് – ക്രൈസ്തവര്‍ "പുതുമകളുടെ"യല്ല "പുതുമ"യുടെ മനുഷ്യരാണ്-പാപ്പാ ഉദ്ബോധിപ്പിച്ചു.

എന്നാല്‍ നിരവധിയാളുകള്‍ "പുതുമകളുടെ" ക്രൈസ്തവികത ജീവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഈ പുതുമകള്‍ ലോകം നല്കുന്നവയാണെന്നും ആകയാല്‍ ഭൗതികങ്ങളാണെന്നും അവ സമഗ്രമായ അഭിനവത്വത്തെ അംഗീകരിക്കുന്നില്ലെന്നും പാപ്പാ പറഞ്ഞു.

മന്ദോഷ്ണരും അസാന്മാര്‍ഗ്ഗിഗതയില്‍ ചരിക്കുന്നവരും, ഔപചാരികതയിലാഴ്ന്നവരും കാപട്യം പുലര്‍ത്തുന്നവരുമായവരെ പൗലോസപ്പസ്തോലന്‍ അപലപിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ യേശുവിന്‍റെ വിളി പുതുമയിലേക്കുള്ള വിളിയാണെന്ന് ഓര്‍മ്മിപ്പിച്ചു.

നാം പാപികളാണ്, ബലഹീനരാണ് എന്ന അവബോധം പുലര്‍ത്തിയാല്‍ യേശു മാപ്പരുളുമെന്നും കാരണം പാപങ്ങള്‍ പൊറുക്കുന്നതിനാണ് യേശു ലോകത്തിലേക്ക് ആഗതനായത് എന്ന് ഏറ്റു പറയുക സുവിശേഷത്തിന്‍റെ പുതുമയുടെ ഘടമകാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നിണസാക്ഷത്വം-ക്രിസ്തുമാര്‍ഗ്ഗം

എന്നാല്‍ യേശുവിനെ അനുഗമിക്കുന്നവന്‍റെ പാത രക്തസാക്ഷിത്വത്തിന്‍റെതാണെന്ന് പാപ്പാ, സാബത്തുദിനത്തില്‍ രോഗശാന്തിയേകുന്ന യേശുവിന്‍റനെ കുറ്റക്കാരനാക്കാന്‍ ഫരിസേയരും നിയമജ്ഞരും ശ്രമിക്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 6-11 വരെയുള്ള വാക്യങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു വിശദീകരിച്ചു.

ഈ നിണസാക്ഷിത്വമെന്നത് എന്നും നിഷ്ഠൂരമരണം ആയിരിക്കണമെന്നില്ല, അനുദിന ജീവിതം തന്നെയാകാമെന്നും പാപ്പാ പറഞ്ഞു.

ലോകമേകുന്ന പുതുമകളുമായി സന്ധിചെയ്യുകയും സുവിശേഷ പ്രഘോഷണത്തില്‍ വെള്ളം ചേര്‍ക്കുകുയും ചെയ്യരുതെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2018, 13:07