തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 03-09-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 03-09-18 

മൗനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ശക്തി-പാപ്പായുടെ വചനസമീക്ഷ

യേശുവിന്‍റെ മൗനം കുരിശിലൂടെ വിജയം വരിക്കുന്നു- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആക്ഷേപിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്നവരെ നേരിടുന്നതിനുള്ള ആയുധം മൗനവും പ്രാര്‍ത്ഥനയുമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ തന്‍റെ വാസയിടമായ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഈ തിങ്കളാഴ്ച (03/09/18) രാവിലെ പുനരാംരംഭിച്ച ദിവ്യപൂജാര്‍പ്പണ മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നസ്രത്തിലെ സിനഗോഗില്‍ പ്രവേശിച്ച യേശു ദൈവവചനം വായിക്കുകയും അതിന് വ്യാഖ്യാനം നല്കുകയും ചെയ്യുന്നതും അവസാനം കോപാകുലരായ ജനം അവിടത്തെ ഒരു കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടു പോയി തള്ളിയിടാന്‍ ശ്രമിക്കവെ അവിടന്ന അവരുടെ ഇടയിലൂടെ നടന്നു അവിടം വിട്ടു പോകുന്നതുമായ സംഭവം, ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 16-30 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

യേശു, നസ്രത്തിലെ സിനഗോഗില്‍, സാത്താനെ ജയിക്കുന്ന മൗനം

സിനഗോഗില്‍ എത്തിയ യേശു സ്വാഗതം ചെയ്യപ്പെടുന്നത് വലിയ ജിജ്ഞാസയോടെ, മറ്റി‌ടങ്ങളില്‍ അവിടന്ന് പ്രവര്‍ത്തിച്ച വലിയ ചെയ്തികള്‍ നേരിട്ടു കാണാനുള്ള കൗതുകത്തോടെയാണ്. പാപ്പാ തുടര്‍ന്നു- എന്നാല്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ സുതന്‍ ഉപയോഗിക്കുന്നത് “ദൈവത്തിന്‍റെ വചനം” മാത്രമാണ്. അത് അവിടത്തെ പതിവാണ്. സാത്താനെ ജയിക്കുന്നതിനും അതാണ് അവിടന്നു സ്വീകരിച്ചത്. അവി‌ടത്തെ വചനത്തില്‍ ആദ്യം അവര്‍ പ്രകടിപ്പിച്ച വിസ്മയം പിന്നീട് കോപമായി പരിണമിക്കുന്നു. എന്നാല്‍ യേശുവാകട്ടെ “കാട്ടു നായ്ക്കളെ”, ഹൃദയത്തില്‍ കാപട്യത്തെ വിതച്ച സാത്താനെ മൗനത്താല്‍ ജയിക്കുന്നു.

യേശുവിനെ പുറത്താക്കുന്ന "മൃഗീയത"

യേശുവിനെ നഗരത്തില്‍ നിന്നു പുറത്താക്കിയത് മനുഷ്യവ്യക്തികളായിരുന്നില്ല, “കാട്ടുനായ്ക്കളുടെ” കൂട്ടമായിരുന്നു. ചിന്തിക്കാന്‍ കഴിയാത്ത അവ ആക്രോശിക്കുകയായിരുന്നു. യേശു മൗനം പാലിച്ചു.... ഇതു തന്നെയാണ് ദു:ഖവെള്ളിയിലും സംഭവിക്കുന്നത്. ഒശാന ഞായറാഴ്ച യേശുവിന് ജയ് വിളിക്കുകയും, ദാവീദിന്‍റെ പുത്രന്‍ അനുഗ്രഹീതന്‍ എന്ന് ഉദ്ഘോഷിക്കുകയും ചെയ്ത ജനം അവനെ ക്രൂശിക്കൂ എന്നു പറയുന്നു. അവരില്‍ മാറ്റം സംഭവിച്ചു. സാത്താന്‍ അവരുടെ ഹൃദയങ്ങളില്‍ കള്ളം വിതച്ചു. യേശു മൗനം പാലിച്ചു.

കുരിശില്‍ വിജയം വരിക്കുന്ന മൗനം

യേശുവിന്‍റെ മൗനം കുരിശിലൂടെയാണ് വിജയം വരിക്കുന്നത്. കുടുബങ്ങളില്‍ രാഷ്ട്രീയത്തെയും കായികമത്സരങ്ങളെയും പണത്തെയും മറ്റു കാര്യങ്ങളെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ എത്രയോ തവണ ഉണ്ടാകുന്നു, അങ്ങനെ നശിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ എത്രയാണ്, അവിടെ സാത്താനാണ് ആ നാശം ആഗ്രഹിക്കുന്നത്. എന്നാല്‍ മൗനം പാലിക്കുക, കാരണം സത്യം ശാന്തമാണ്, അത് നിശബ്ദമാണ്, അത് ബഹളം വയ്ക്കുന്നില്ല. യേശുവിന്‍റെ ചെയ്തി അത്ര എളുപ്പമല്ല. എന്നാല്‍ ദൈവത്തിന്‍റെ  ശക്തിയില്‍ നങ്കൂരമിട്ടിരിക്കുന്ന ക്രൈസ്തവന് ഒരു ഔന്നത്യമുണ്ട്. സന്മനസ്സില്ലാത്തവരും, അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമുള്ളവരും ഭിന്നിപ്പിക്കാന്‍ നടക്കുന്നവരും കുടുംബത്തിലും നാശം മാത്രം തേടുന്നവരുമായവരുടെ മുന്നില്‍ മൗനം പാലിക്കുക, പ്രാര്‍ത്ഥിക്കുക.

ക്രിസ്ത്വാനുകരണ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക

നാം സംസാരിക്കേണ്ടത് എപ്പോഴാണ്, മൗനം പാലിക്കേണ്ടത് എപ്പോഴാണ് എന്ന് മനസ്സിലാക്കാനുള്ള അനുഗ്രഹം കര്‍ത്താവ് നമുക്കേകട്ടെ. അത് ജിവിതത്തിലെല്ലായിടത്തും, തൊഴിലിലും ഭവനത്തിലും സമൂഹത്തിലും, ജീവിതത്തില്‍ മുഴുവനും ഉണ്ടാകണം. അങ്ങനെ നമുക്ക് യേശുവിനെ കൂടുതല്‍ അുകരിക്കാന്‍ സാധിക്കും.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2018, 13:01