Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 19-09-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 19-09-18  (ANSA)

മാതാപിതാക്കളെ നിന്ദിക്കരുത്- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

മാതാപിതാക്കളെ ആദരിക്കല്‍: സമര്‍പ്പണത്തെയും വാത്സല്യത്തെയും കരുതലിനെയും ആവിഷ്ക്കരിക്കുന്ന സമൂര്‍ത്തമായ പ്രവൃത്തികളിലൂടെയും അവരുടെ പ്രാധാന്യം അംഗീകരിക്കലാണ്. ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ചയും (19/09/18) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വവിവധരാജ്യങ്ങളില്‍ നിന്നായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. രണ്ടു ദിവസമായി റോമില്‍ വെയിലും  ഇടയക്ക് മഴയും, കാര്‍മേഘാവൃതമായ അന്തരീക്ഷവും മൂലം അസ്ഥിര കാലാവസ്ഥയാണെങ്കിലും 13000 ത്തിലേറേപ്പേര്‍ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു. പതിവുപോലെ പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലെത്തിയപ്പോള്‍ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകുയം ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

കുട്ടികളേ കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. 2 നിങ്ങള്‍ക്ക് നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.3 വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ. 4 പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍”. (എഫേസോസുകാര്‍ക്കുള്ള ലേഖനം 6:1-4)  

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തുകല്പനകളെ അധികരിച്ച് താന്‍ ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പര തു‌ടര്‍ന്നു. മാതാപിതാക്കളെ ബഹുമാനിക്കുക എന്ന നാലാമത്തെ കല്പന വിശകലനം ചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണ സംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

മാതാപിതാക്കളോടുള്ള ബഹുമാനത്തിന്‍റെ വിവക്ഷ

“പത്തു വചനങ്ങളെ” അധികരിച്ചുള്ള വിചിന്തനത്തില്‍ ഇന്നു നാം എത്തിയിരിക്കുന്നത് മാതാപിതാക്കളെക്കുറിച്ചുള്ള കല്പനയിലാണ്. മാതാപിതാക്കള്‍ക്കര്‍ഹമായ ആദരവിനെക്കുറിച്ചാണ് അതു പറയുന്നത്. എന്താണ് ഈ ബഹുമാനം? ബഹുമാനം എന്നതിന്‍റെ ഹീബ്രുപദം ദ്യോതിപ്പിക്കുന്നത്  മഹത്വം, മൂല്യം, അക്ഷാരര്‍ത്ഥത്തില്‍ ഒരു വസ്തുവിന്‍റെ ഭാരം, സാന്ദ്രത എന്നൊക്കെയാണ്. ഇത് ബാഹ്യരൂപങ്ങളെയല്ല, പ്രത്യുത, സത്യത്തെ സംബന്ധിച്ചതാണ്. ദൈവത്തെ പൂജിക്കുകയെന്നാല്‍, തിരുലിഖിതങ്ങളില്‍, ദൈവത്തിന്‍റെ  സത്യത്തെ തിരിച്ചറിയാലാണ്, അവിടത്തെ സാന്നിധ്യം മനസ്സിലാക്കുകയാണ്. അത് ആരാധനാനുഷ്ഠാനങ്ങളില്‍ ആവിഷ്കൃതമാകുന്നു, സര്‍വ്വോപരി, സ്വന്തം അസ്തിത്വത്തില്‍ ദൈവത്തിന് ഉചിതമായ ഇടം നല്കുന്നതിനെ അതു ദ്യോതിപ്പിക്കുന്നു. ആകയാല്‍ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയെന്നാല്‍, സമര്‍പ്പണത്തെയും വാത്സല്യത്തെയും കരുതലിനെയും ആവിഷ്ക്കരിക്കുന്ന സമൂര്‍ത്തമായ പ്രവൃത്തികളിലൂടെയും അവരുടെ പ്രാധാന്യം അംഗീകരിക്കുകയാണ്.

നാലാമത്തെ കല്പനയുടെ സവിശേഷത

നാലാമത്തെതായ ഈ കല്പനയ്ക്ക് തനതായ ഒരു സവിശേഷതയുണ്ട്: അതില്‍ ഒരു അനന്തരഫലം ഉള്‍ക്കൊള്ളുന്നുണ്ട്. വാസ്തവത്തില്‍ ഈ കല്പനയില്‍ പറയുന്നതിങ്ങനെയാണ്: “ നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്‍റെ ദൈവമായ കര്‍ത്താവു തരുന്ന നാട്ടില്‍ നിനക്ക് നന്മയുണ്ടാകനും വേണ്ടി അവിടന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5,16)

മാതാപിതാക്കളെ ബഹുമാനിക്കുന്നത് സന്തോഷകരമായ സുദീര്‍ഘ ജീവിതം പ്രദാനം ചെയ്യും. മാതാപിതാക്കളുമായുള്ള ബന്ധത്തെ സംബന്ധിച്ചു മാത്രമാണ് “ആനന്ദം” എന്ന വാക്ക് പത്തുപ്രമാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

"ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം"

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ അറിവ് പ്രഖ്യാപിക്കുന്നത് മാനുഷിക ശാസ്ത്രങ്ങള്‍ ഇക്കഴിഞ്ഞ ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെകാലം കൊണ്ടു മാത്രം തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ്. അതായത്, ശൈശവത്തില്‍ പതിഞ്ഞവയാണ് ഒരുവന്‍റെ ജീവിതത്തെ മുഴുവന്‍ മുദ്രിതമാക്കുക. ഒരുവന്‍ ആരോഗ്യകരവും സന്തുലിതവുമായ ഒരന്തരീക്ഷത്തിലാണോ വളര്‍ന്നതെന്ന് മനസ്സിലാക്കുക, പലപ്പോഴും, വളരെ എളുപ്പമാണ്. അതുപോലെ തന്നെ, പരിത്യക്തതയുടെയൊ അതിക്രമത്തിന്‍റെയൊ ചുറ്റുപാടില്‍ നിന്നാണൊ ഒരു വ്യക്തി വരുന്നതെന്നും മനസ്സിലാക്കാന്‍ സാധിക്കും. വാസ്തവത്തില്‍ ശൈശവം മായിച്ചുകളയാനാവാത്ത മഷിപോലെയാണ്. സ്വന്തം ഉറവി‌ടങ്ങളുടെ മുറിവുകള്‍ മറച്ചുവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചാല്‍ത്തന്നെയും, അവരുടെ അഭിരുചികളിലും പെരുമാറ്റ രീതികളിലും അതു പ്രകടമാകും.

നമ്മെ ലോകത്തിലേക്കാനയിച്ചവരെ ആദരിക്കു

നാലാം പ്രമാണം, ഉപരിയായി, മറ്റൊന്നുകൂടി സൂചിപ്പിക്കുന്നുണ്ട്.  അത് മാതാപിതാക്കളുടെ നന്മയെപ്പറ്റി പ്രതിപാദിക്കുന്നില്ല, മാതാപിതാക്കള്‍ പരിപൂര്‍ണ്ണരായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ല. മാതാപിതാക്കളുടെ യോഗ്യതയെ പരിഗണിക്കാതെ അത് മക്കളുടെ ഒരു പ്രവര്‍ത്തിയെപ്പറ്റി പരാമര്‍ശിക്കുന്നു, അസാധാരണവും വിമോചനദായകവുമായ ഒരു കാര്യമാണ് അതു പറയുന്നത്. മാതാപിതാക്കളില്‍ എല്ലാവരും നല്ലവരല്ലെങ്കില്‍പ്പോലും എല്ലാവരുടെയും ശൈശവകാലം പ്രശാന്തമല്ലെങ്കില്‍ത്തന്നെയും, എല്ലാ മക്കള്‍ക്കും ആനന്ദമനുഭവിക്കാന്‍ സാധിക്കും. കാരണം പൂര്‍ണ്ണവും സന്തോഷകരവുമായ ജീവിത പ്രാപ്തി ആശ്രയിച്ചിരിക്കുന്നത് ലോകത്തിലേക്കു നമ്മെ എത്തിച്ചവര്‍ക്കേകുന്ന ഉചിതമായ അംഗീകാരത്തിലാണ്.

വേദനാപൂര്‍ണ്ണമായ ബാല്യത്തിനു ശേഷം പ്രകാശപൂര്‍ണ്ണമായ ജീവിതം നയിച്ച നിരവധി വിശുദ്ധര്‍, നിരവധി ക്രൈസ്തവരുണ്ട്. അടുത്ത മാസം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന വാഴ്‍ത്തപ്പെട്ട സുള്‍പ്രീത്സിയൊയെക്കുറിച്ചൊന്നു ചിന്തിക്കാം. കടുത്ത വേദനകള്‍ ശാന്തമായ ഹൃദയത്തോടെ സ്വീകരിച്ച് പത്തൊമ്പതാമത്തെ വയസ്സില്‍ മരണമടഞ്ഞ  ഇറ്റലിയിലെ നാപ്പൊളിക്കാരനായ ആ യുവാവ് ഒരിക്കലും മാതാപിതാക്കളെ തള്ളിപ്പറഞ്ഞില്ല. അതു പോലെതന്നെ അടുക്കും ചിട്ടയുമില്ലാത്ത ഒരു ശൈശവം പിന്നിട്ട വിശുദ്ധ കമില്ലൊ ദെ ലേല്ലിസും പിന്നീട് സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ഒരു ജീവിതം കെട്ടിപ്പടുത്തു.

യഥാര്‍ത്ഥ പ്രഹേളിക ഏതെന്ന തിരിച്ചറിവ്

യഥാര്‍ത്ഥ സമസ്യ എന്തുകൊണ്ട എന്നതല്ല ആര്‍ക്കുവേണ്ടി എന്നതാണ്, ആര്‍ക്കുവേണ്ടിയാണ് എനിക്ക് ഇതു സംഭവിച്ചത് എന്നതാണ് എന്ന് ദൈവകൃപയാല്‍ നാം തിരിച്ചറിയുമ്പോള്‍  നമ്മു‌ടെ മുറിവുകള്‍ കഴിവുകളായി പരിണമിച്ചു തുടങ്ങും. ഇവിടെ സകലവും തകിടം മറിയുന്നു, സര്‍വ്വവും അനര്‍ഘങ്ങളായിത്തീരുന്നു, സകലവും രചനാത്മകങ്ങളായി ഭവിക്കുന്നു. ദു:ഖകരവും വേദനാപൂര്‍ണ്ണവുമായിരിക്കാം  എന്‍റെ അനുഭവം. എന്നാല്‍ സ്നേഹത്തിന്‍റെ  വെളിച്ചത്തില്‍ അത് മറ്റുള്ളവര്‍ക്ക് ആരോഗ്യത്തിന്‍റെ ഉറവിടമായി ഭാവിക്കും. അപ്പോള്‍ നമുക്ക് വളര്‍ച്ചയെത്തിയ മക്കളുടെതായ സ്വാതന്ത്ര്യത്തോടുകൂടി മാതാപിതാക്കളെ ആദരിക്കുന്നതിന് തുടക്കംകുറിക്കാന്‍ സാധിക്കും, അവരുടെ കുറവുകളോടുകൂടിത്തന്നെ കാരുണ്യപൂര്‍വ്വം അവരെ സ്വീകരിക്കാന്‍ കഴിയും. മാതാപിതാക്കളെ ആദരിക്കുക, നമുക്ക് ജീവനേകിയവരാണ് അവര്‍. നീ മാതാപിതാക്കളില്‍ നിന്നു അകന്നു നില്ക്കുന്നവനാണെങ്കില്‍ അവരുടെ പക്കലേക്കു തിരിച്ചു പോകാന്‍ ശ്രമിക്കുക, തിരിച്ചു പോകുക, ഒരു പക്ഷേ അവര്‍ വൃദ്ധരായിരിക്കും... എന്നാല്‍ അവര്‍ നിനക്ക് ജന്മം തന്നവരാണ്. മതാപിതാക്കളെ അസഭ്യം പറയുന്നവര്‍ നമുക്കിടയിലുണ്ടാകാം. ഒരിക്കലും അപരന്‍റെ മാതാപിതാക്കളെ നിന്ദിക്കരുത്. മാതാവിനെയും പിതാവിനെയും ഒരിക്കലും, ഒരിക്കലും  നിന്ദിക്കരുത്. നിങ്ങള്‍ മനസ്സുകൊണ്ട് ഈ തീരുമാനം എടുക്കുക. മാതാപിതാക്കള്‍ ജീവന്‍ പ്രദാനം ചെയ്തവരാണ്. അവര്‍ ഒരിക്കലും അവഹേളിക്കപ്പെടരുത്.

വിസ്മയകരമായ ഈ ജീവന്‍ നമുക്ക് നല്കപ്പട്ടതാണ് അടിച്ചേല്പിക്കപ്പെട്ടതല്ല: ക്രിസ്തുവില്‍ പുനര്‍ജനിക്കുകയെന്നത് സ്വതന്ത്രമായി സ്വീകരിക്കേണ്ട ഒരു അനുഗ്രഹമാണ്, നമ്മുടെ മാമ്മോദീസാവഴി നല്കപ്പെട്ട നിധിയാണ്

 പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഈ മാസം 22ന് ശനിയാഴ്ച (22/09/18) റൊമേനിയയിലെ നെയാപ്റ്റില്‍ വച്ച് അന്താല്‍ വെറോണിക്ക എന്ന നിണസാക്ഷി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നത് പാപ്പാ അുസ്മരിച്ചു.1958 ല്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വെറോണിക്ക് ഫ്രാന്‍സിസ്ക്കന്‍ അല്മായ സഹോദരി ആയിരുന്നു.

ദൈവത്തോടും സഹോദരങ്ങളോടുമുള്ള യഥാര്‍ത്ഥ സ്നേഹത്തെ പ്രതി സ്വജീവന്‍ ബലിയായി നല്കി സാക്ഷ്യമേകിയ ആ ധീരവനിതയെ ലഭിച്ചതിന് ദൈവത്തിന് നന്ദിയര്‍പ്പിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

19 September 2018, 12:54